ADVERTISEMENT

പല സ്വഭാവമുള്ളവർ ഒരുമിച്ചു ജോലി ചെയ്യുമ്പോൾ പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. പക്ഷേ നയപരമായി പെരുമാറിയാൽ ഇടഞ്ഞു നിൽക്കുന്ന കൊമ്പനെപ്പോലും ഉറ്റചങ്ങാതിയാക്കാം എന്നു മനസ്സിലാക്കിയ അനുഭവം പങ്കുവയ്ക്കുകയാണ് ഐടി മേഖലയിൽ ജോലി ചെയ്യുന്ന സുരേഷ് നമ്പ്രാത്ത്. കരിയർ മാറ്റത്തിന്റെ കാലത്ത് ജോലിയിൽ ഏറെ വെല്ലുവിളി ഉയർത്തിയ ആളെ നന്നായി മനസ്സിലാക്കി കാലക്രമേണ അദ്ദേഹത്തെ ഉറ്റസുഹൃത്താക്കി മാറ്റിയ അനുഭവം സുരേഷ് പങ്കുവയ്ക്കുന്നതിങ്ങനെ...

1995 ൽ നാട്ടിൽനിന്നു ബെംഗളൂരുവിലേക്കു ജീവിതം പറിച്ചുനട്ടശേഷം 2004 വരെയും ഐടി മേഖലയിലുള്ള ഇന്ത്യൻ കമ്പനികളിൽ മാത്രമായിരുന്നു എന്റെ ശ്രദ്ധ. അതിനുശേഷം ഈ ട്രെൻഡ് ഒന്നു മാറ്റിപ്പിടിക്കാൻ തീരുമാനിച്ചു. പിന്നെ ഞാൻ ജോയിൻ ചെയ്ത കമ്പനിയുടെ ക്ലയന്റ്സ് എല്ലാവരും വിദേശത്ത് വേരുകളുള്ളവരായിരുന്നു. 2006 ൽ ഒരു യുഎസ് കമ്പനിയുടെയുടെ ഇന്ത്യൻ വിഭാഗം (offshoring) സെറ്റപ്പ് ചെയ്യുന്നതിനുള്ള ചുക്കാൻ പിടിക്കൽ ആയിരുന്നു എന്റെ കർമം.

ചെലവു ചുരുക്കുന്നത്തിന്റെ ഭാഗമായ ഈ യജ്ഞത്തെ പ്രോത്സാഹിപ്പിക്കാൻ അവിടെയുള്ള മിഡിൽ ലെവൽ മാനേജ്മെന്റ് ഒരുക്കമായിരുന്നില്ല. പ്രത്യക്ഷമായി ഇതിനെ എതിർക്കാതെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുന്നതിൽ മാത്രമായിരുന്നു അവരുടെ ഫോക്കസ്. ആഴ്ച തോറുമുള്ള ഭരണതല (governance ) മീറ്റിങ്ങിൽ ഇത് ഒരു പ്രശ്നമായി മാറാൻ തുടങ്ങി. ഇന്ത്യയിലേക്കു മൂവ് ചെയ്യുന്നത് ശരിയായ നടപടിയല്ലെന്ന് സ്ഥാപിക്കാൻ അവരും നമ്മുടെ കഴിവും സമർപ്പണവും ഉപഭോക്തൃ ശ്രദ്ധയുമെല്ലാം വേൾഡ് ക്ലാസാണെന്ന് പ്രൂവ് ചെയ്യാൻ ഞാനും ശ്രമിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ ഇതൊരു ശരിയായ നടപടിയല്ലെന്ന് എനിക്ക് തോന്നി. ഈ കുറ്റം പറച്ചിലുകളും കണ്ടെത്തലുകളും കമ്പനിയെ എവിടെയും എത്തിക്കില്ല എന്നുള്ള ഒരു ബോധം എനിക്ക് വന്നു. എന്നെ ഏറ്റവും കടന്നാക്രമിച്ചു കൊണ്ടിരുന്നത് പീറ്റ് എന്ന വ്യക്തി ആയിരുന്നു. അയാൾ പറയുന്നതിന് താളം തുള്ളുകയായിരുന്നു മറ്റുള്ള യുഎസ് മാനേജർമാർ.

ഇയാളെ എങ്ങനെയെങ്കിലും കറക്കിയെടുത്താലേ നമുക്കൊരു ടീംവർക്കിലൂടെ കമ്പനിയെ ശരിയായ ദിശയിലേക്ക് മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ എന്നുള്ള എന്റെ തീരുമാനം അതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി. അതിന്റെ ആദ്യ പടിയായി പീറ്റുമായി ഒരു മീറ്റിങ്ങ് (one on one meeting) ഒരുക്കി. അദ്ദേഹത്തെ ഉൾക്കൊള്ളുക, അദ്ദേഹം പറഞ്ഞതിലെ പൊരുൾ എടുക്കുക എന്നതു കൂടാതെ ഒരു വ്യക്തിബന്ധം, സൗഹൃദം സ്ഥാപിക്കാൻ ആയിരുന്നു എന്റെ ശ്രമം.

20 വർഷമായി ഇതേ കമ്പനിയിൽ ഡൊമൈൻ നോളജും എക്സ്പീരിയൻസുമുള്ള ആളുകളെയാണ് ജൂനിയർ എൻജിനീയർമാരെ വച്ച് റിപ്ലേസ് ചെയ്തത്. കൂടാതെ അവരുടെ ജോലി ഇന്ത്യയിലേക്ക് പറിച്ചു നടുന്നതിനുള്ള വിഷമവും ഈ സ്പർദ്ധയ്ക്ക് ആക്കം കൂട്ടിയിരുന്നു. ആദ്യത്തെ കുറേ ദിവസങ്ങൾ ഞാനദ്ദേഹത്തെ കേൾക്കുകയായിരുന്നു. അതുൾക്കൊണ്ടുകൊണ്ട് എങ്ങനെ സംയുക്തമായി ഒരു ടീം ആയി മുന്നോട്ടു പോകാം എന്ന ആശയവും ഞാൻ ചിട്ടപ്പെടുത്തി.

പോകപ്പോകെ ഞങ്ങളുടെ മീറ്റിങ്ങ് സൗഹൃദം, കൾച്ചറൽ എക്സ്ചേഞ്ച്, കുടുംബകാര്യങ്ങൾ എന്നുള്ള ഒരു തലത്തിലേക്ക് മാറി. അതു മാത്രം മതിയായിരുന്നു അദ്ദേഹത്തിന് ഇന്ത്യയെ ഉൾക്കൊള്ളാനും മനസ്സിലാക്കുവാനും. ഒരു ഗ്ലോബൽ ഡെലിവറി മോഡൽ എങ്ങനെ കെട്ടിപ്പടുക്കാം എന്നും ഒരു ടീം ആയി എങ്ങനെ മുന്നോട്ടു പോകണം എന്നുള്ള ധാരണയും അതിനകം വന്നു കഴിഞ്ഞിരുന്നു.

ചെറിയ ചെറിയ പ്രശ്നങ്ങൾ രണ്ടുവശങ്ങളിലും ഉണ്ടായിരുന്നെങ്കിലും അതിനെ പെരുപ്പിച്ചു കാട്ടുന്ന നടപടി അവസാനിപ്പിക്കുക എന്നുള്ള സ്ട്രാറ്റജി റാപ്പോ ബിൽഡിങ് മുഖേന ശരിയാക്കാൻ സാധിച്ചു. ഒരു സക്സസ് ഫുൾ offshoring എൻഗേജ്മെന്റിന് അന്ന് അവിടെ തുടക്കം കുറിക്കപ്പെട്ടു. അതിനുശേഷം പീറ്റിൽനിന്ന് മികച്ച പിന്തുണയാണ് ലഭിച്ചത്. ഞാൻ യുഎസിൽ യാത്ര ചെയ്ത സമയത്ത് അദ്ദേഹത്തിന്റെ ആഥിത്യം അനുഭവിക്കാനും എനിക്ക് സാധിച്ചു. അതൊരു ശാശ്വത സൗഹൃദത്തിന്റെ തുടക്കമായിരുന്നു. അദ്ദേഹത്തിന്റെ വിരമിക്കലിനു ശേഷവും അതു തുടരുന്നു.

career-channel-work-experience-series-suresh-nambrath-memoir-author-image
സുരേഷ് നമ്പ്രാത്ത്

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Guru Work Experience Series - Suresh Nambrath Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com