ADVERTISEMENT

ജോലിസ്ഥലങ്ങളിൽ പൊതുവിടങ്ങളിൽ ഒക്കെ വാക്കു തർക്കങ്ങൾ ഉണ്ടാകാറുണ്ട്. ചില തർക്കങ്ങൾ ആജീവനാന്ത ശത്രുതയിലേക്കും നയിക്കാറുണ്ട്. എതിരെ വരുന്ന എല്ലാവരും യഥാർഥത്തിൽ എതിർക്കപ്പെടേണ്ടവരാണോ എന്ന് മനസ്സിരുത്തി ഒന്നു ചിന്തിക്കുന്നത് നല്ലതാണ്. ചില കാര്യങ്ങളോട് പ്രതികരിക്കാതിരിക്കുന്നതാണ് ജീവിതത്തിൽ എടുക്കാവുന്ന ഏറ്റവും ഉചിതമായ തീരുമാനം.

 

സമാനസവിശേഷതകളുള്ളവരോടുള്ള എതിർപ്പ് വളർച്ചോന്മുഖവും വിഭിന്നവിഭാഗത്തിൽപ്പെടുന്നവരോടുള്ള എതിർപ്പ് നാശോന്മുഖവുമായിരിക്കും. മത്സരങ്ങളിൽ ചിലതെങ്കിലും സംഹാരശേഷിയുള്ളവയായിരിക്കും. എതിരാളികളെ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ആ എതിരാളി നശീകരണശേഷിയുള്ള ആളാണോ പുനരുജ്ജീവന ശേഷിയുള്ള ആളാണോ, ഈ മത്സരത്തിൽ ജയിച്ചാൽ എനിക്കെന്തു ലഭിക്കും, ജയിക്കുമ്പോഴുള്ള ലാഭത്തെക്കാൾ വലുതായിരിക്കുമോ ജയിക്കാൻവേണ്ടി വരുത്തുന്ന നഷ്ടങ്ങൾ, ഏറ്റുമുട്ടാതെ അദ്ദേഹത്തെ അവഗണിച്ചാൽ എന്തു സംഭവിക്കും. 

 

എല്ലാവരോടും മത്സരിക്കേണ്ടതില്ല. വാശിയും വൈരാഗ്യവും ഉടലെടുക്കുമ്പോൾ നിബന്ധനകൾക്കു വിധേയം എന്നൊരു അടിക്കുറിപ്പ് അത്തരം നിഷേധവികാരങ്ങളുടെ ചുവട്ടിൽ എഴുതുന്നതു നല്ലതാണ്.  എതിരെ വരുന്നവരെല്ലാം എതിരാളികളാകണമെന്നില്ല. അവരിൽ പലരും തങ്ങളുടെ സ്ഥിരവഴികളിലൂടെ യാത്ര ചെയ്യുന്നതാകും. ആ സഞ്ചാരപഥത്തിൽ അറിയാതെ എത്തിപ്പോയതുകൊണ്ടു നമ്മൾക്കു പരുക്കേറ്റതാകും. കടലിനു കരയോടെന്തു വിരോധം. ചില കാര്യങ്ങളോടു മത്സരിക്കരുത്. മദമിളകിയ ആനയോട്, അലറി വീശുന്ന കാറ്റിനോട്, കുത്തിയൊഴുകുന്ന പുഴയോട്. പ്രതിക്രിയയെക്കാൾ പ്രാധാന്യം പ്രായോഗിക ബുദ്ധിക്കാണ്. കലിതുള്ളുന്നവരുടെ അതിവൈകാരികതയ്ക്കു വിവേകമാണു മറുപടി. 

 

Content Summary : How to Deal With Enemies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com