ADVERTISEMENT

കര–നാവിക–വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരായി സേവനം അനുഷ്‌ഠിക്കാൻ പരിശീലനം നൽകുന്ന എൻഡിഎ പരീക്ഷയ്ക്ക് പ്ലസ്‌ടു ജയിച്ചവർക്ക് അപേക്ഷിക്കാം. പെൺകുട്ടികൾക്കും അപേക്ഷിക്കാം. പുണെയ്‌ക്കു സമീപമുള്ള ഖഡക്‌വാസലയിൽ മികച്ച അടിസ്‌ഥാനസൗകര്യങ്ങളോടെ രാജ്യരക്ഷാ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നാഷനൽ ഡിഫൻസ് അക്കാദമിയിലെയും കണ്ണൂർ ഏഴിമലയിലെ നേവൽ അക്കാദമിയിലെയും പരിശീലനത്തിനായി കെഡറ്റുകളെ തിരഞ്ഞെടുക്കുന്നതിനുള്ള യുപിഎസ്‌സി പരീക്ഷ സെപ്റ്റംബർ 4ന് ദേശീയതലത്തിൽ നടത്തും. 

 

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, െബംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി എന്നിവയും പരീക്ഷാകേന്ദ്രങ്ങളിൽ പെടും. അപേക്ഷ കിട്ടുന്ന മുറയ്ക്ക് കേന്ദ്രം അലോട്ട് ചെയ്യും. ആകെ 400 സീറ്റുണ്ട്. എൻഡിഎയിൽ ആർമി 208 (ഇതിൽ 10 വനിതകൾ), നേവി 42 (3 വനിതകൾ), എയർഫോഴ്‌സ് 120 (6 വനിതകൾ). ഏഴിമലയിലെ നേവൽ അക്കാദമിയിൽ 30 (ആൺകുട്ടികൾ മാത്രം). എയർ ഫോഴ്സ് ഫ്ലൈയിങ്ങിൽ 2 സീറ്റ് വനിതകൾക്ക്.

 

നാവിക സേനയിലോ വ്യോമ സേനയിലോ എത്തിച്ചേരണമെങ്കിൽ പ്ലസ്‌ടുവിന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവ പഠിച്ചിരിക്കണം. ഐച്ഛിക വിഷയങ്ങൾ ഏതു തന്നെയായാലും കരസേനയിലേക്കു പരിഗണിക്കും. 12ലെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 2023 ജൂൺ 24ന് അകം സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. ജനന ത്തീയതി 2004 ജനുവരി 2നു മുൻപോ 2007 ജനുവരി ഒന്നിനു ശേഷമോ ആയിക്കൂടാ.

 

അവിവാഹിതരായിരിക്കണം, മികച്ച ആരോഗ്യം നിർബന്ധം. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ വിശദമായ വൈദ്യ പരിശോധനയുണ്ട്. നിർദിഷ്‌ട ശാരീരികയോഗ്യതയും ഉണ്ടായിരിക്കണം. എഴുത്തുപരീക്ഷയിലെ പ്രകടനം ആധാരമാക്കി അപേക്ഷകരെ റാങ്ക് ചെയ്‌ത് ‘എസ്‌എസ്‌ബി ഇന്റർവ്യൂ’വിനു ക്ഷണിക്കും. സർവീസസ് സിലക്‌ഷൻ ബോർഡ് ഇന്റർവ്യൂ കേവലം മുഖാമുഖ സംവാദമല്ല. 5 ദിവസത്തോളം നീണ്ടുനിൽക്കുന്ന സമഗ്രവ്യക്‌തിത്വ പരിശോധനയാണ്. 

 

കായികവും മാനസികവുമായ വിവിധ ശേഷികളും അഭിരുചികളും വിദഗ്ധർ വിലയിരുത്തി, സൈനിക സേവനത്തിന് അർഹതയുള്ളവരെ തിരഞ്ഞെടുക്കുന്നു. മെറിറ്റ് മാത്രമാണ് മാനദണ്ഡം. ജാതിസംവരണമില്ല. ആദ്യമായി ഇന്റർവ്യൂവിന് ഹാജരാകുന്നവർക്ക് യാത്രച്ചെലവു ലഭിക്കും. വ്യോമസേനയിലെ ഫ്ലയിങ് ബ്രാഞ്ചിൽ ചേരേണ്ടവർ പൈലറ്റ്–അഭിരുചി നിർണയിക്കുന്ന ‘കംപ്യൂട്ടറൈസ്ഡ് പൈലറ്റ് സിലക്‌ഷൻ സിസ്റ്റം’ (CPSS) കൂടെ ജയിക്കണം.

 

എൻഡിഎയിലെ പഠനച്ചെലവ് മുഴുവൻ സർക്കാർ വഹിക്കും. താമസം, ഭക്ഷണം, യൂണിഫോം, ചികിത്സ, പുസ്‌തകങ്ങൾ മുതലായവ സൗജന്യം. വസ്‌ത്രങ്ങൾ, പോക്കറ്റ് അലവൻസ് മുതലായവയ്‌ക്ക് വിദ്യാർഥികൾ തുടക്കത്തിൽ 29,338 രൂപ കെട്ടിവയ്‌ക്കണം. വസ്ത്രങ്ങൾക്കും മറ്റുമായി അടയ്ക്കേണ്ട തുക പിന്നീട് അറിയിക്കും. മുൻപ് ഇത് 30,000 രൂപയായിരുന്നു. 

 

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കെല്ലാം കേരളസർക്കാരിന്റെ 2 ലക്ഷം രൂപ സ്കോളർഷിപ്പ് കിട്ടും. 2023 ജൂലൈ 2 മൂതൽ 3 വർഷം എൻഡിഎയിൽ പ്രാഥമിക പരിശീലനമുണ്ട്. ഇതു പൂർത്തിയാക്കുമ്പോഴോ തുടർന്ന് പ്രീ–കമ്മിഷൻ ട്രെയിനിങ് വേളയിലോ ജവാഹർലാൽ നെഹ്​റു സർവകലാശാലയിലെ ബിടെക് / ബിഎസ്‌സി / ബിഎ ബിരുദം ലഭിക്കും. 

 

പാസിങ് ഔട്ട് കഴിഞ്ഞ് ആർമി, നേവി, എയർഫോഴ്‌സ് വിഭാഗക്കാരെ സമഗ്ര പരിശീലനത്തിനായി ഡെറാഡൂൺ/ എഴിമല/ഹൈദരബാദ് കേന്ദ്രങ്ങളിലേക്ക് അയയ്‌ക്കും. ആർമിക്കാർക്ക് ഒരു വർഷത്തിനു ശേഷം ലഫ്‌റ്റനന്റ് റാങ്കിൽ സ്‌ഥിരം കമ്മിഷൻ ലഭിക്കും. നേവിക്കാർക്ക് എഴിമലയിൽ ഒരു വർഷത്തെ ട്രെയിനിങ്ങിനു ശേഷം സബ് ലഫ്‌റ്റനന്റ് ആകാം. എയർ ഫോഴ്‌സുകാർക്ക് ആകട്ടെ, ഒന്നര വർഷക്കാലം പറക്കാൻ പഠിക്കാം. ഒരു വർഷത്തെ പരിശീലനം കഴിയുമ്പോൾ ഫ്ലയിങ് ഓഫിസർ റാങ്കിൽ കമ്മിഷൻ ലഭിക്കും.

 

നേവൽ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 4 വർഷം കണ്ണൂരിനടുത്തുള്ള ഏഴിമലയിലെ പരിശീലനത്തിനു ശേഷം ബിടെക്ക് കിട്ടും. സമഗ്ര പരിശീലന കാലത്ത് സ്‌റ്റൈപ്പൻഡുണ്ട്. തുടർന്ന് കമ്മിഷൻഡ് ഓഫിസറാകുന്നതോടെ ആകർഷകമായ വേതനത്തിനു പുറമേ നിരവധി ആനൂകൂല്യങ്ങളും ലഭിക്കും.

  

 പ്രവേശനപ്പരീക്ഷ ഘടന

 

യുപിഎസ്‌സി പരീക്ഷയിൽ ഒബ്ജെക്ടിവ് ചോദ്യങ്ങളുള്ള 2 പേപ്പറുകൾ. ഓരോന്നും രണ്ടര മണിക്കൂർ. മാത്തമാറ്റിക്‌സ് 300 മാർക്ക്, ജനറൽ എബിലിറ്റി 600 മാർക്ക്. തെറ്റിനു മാർക്കു കുറയ്ക്കും. മാത്തമാറ്റിക്‌സ് പേപ്പറിൽ ഓൾജിബ്ര, മട്രിക്സ്, ഡിറ്റർമിനന്റ്‌സ്, ട്രിഗണോമെട്രി,ടൂ ആൻഡ് ത്രീ ഡൈമെൻഷനൽ അനലിറ്റിക്കൽ ജ്യോമെട്രി, ഡിഫറൻഷ്യൽ / ഇന്റഗ്രൽ കാൽക്കുലസ്, ഡിഫൻഷ്യൽ ഇക്വേഷൻസ്, വെക്‌റ്റർ ഓൾജിബ്ര, സ്‌റ്റാറ്റിസ്‌റ്റിക്‌സ് & പ്രോബബിലിറ്റി എന്നിവ അടങ്ങിയിരിക്കും. ജനറൽ സ്‌റ്റഡീസ് പേപ്പറിൽ ജനറൽ ഇംഗ്ലിഷ്, പൊതുവിജ്‌ഞാനം എന്നിവയാണ്.

പൊതുവിജ്‌ഞാനത്തിൽ പല വിഷയങ്ങളും ഉണ്ടായിരിക്കും: ഫിസിക്‌സ്, കെമിസ്‌ട്രി, ജനറൽ സയൻസ്, ചരിത്രം, സ്വാതന്ത്ര്യസമരം, ഭൂമിശാസ്‌ത്രം, ആനുകാലിക സംഭവങ്ങൾ എന്നിങ്ങനെ.

 

വിശദമായ സിലബസും മുൻചോദ്യങ്ങളും ഉപയോഗിച്ച് പരിശീലനം നടത്തുന്നതു പ്രധാനം. പരീക്ഷയിൽ മാത്തമാറ്റിക്കൽ ടേബിൾസോ കാൽക്കുലേറ്ററോ അനുവദിക്കില്ല. തുടർന്നുള്ള 900 മാർക്കുള്ള എസ്‌എസ്‌ബി ഇന്റർവ്യൂ. ഇതിനു വെറുംകയ്യോടെ പോയാൽ വിജയസാധ്യത കുറയും. അതെപ്പറ്റി ആഴത്തിൽ മനസ്സിലാക്കി, പ്രായോഗിക പരിശീലനം നേടി പോകണം. എഴുത്തുപരീക്ഷയുടെ സിലബസ് യൂപിഎസ്‌സി വിജ്‌ഞാപനത്തിലുണ്ട്.

 

അപേക്ഷ

അപേക്ഷ ജൂൺ 7ന് വൈകിട്ട് 6 വരെ www.upsconline.nic.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. ഫീസ് 100 രൂപ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതു ശാഖയിലും അടയ്‌ക്കാം. ഓൺലൈൻ രീതിയുമാകാം. പട്ടികവിഭാഗക്കാർ, വനിതകൾ, നിർദിഷ്ട സൈനികരുടെ കുട്ടികൾ എന്നിവർ അപേക്ഷാഫീ നൽകേണ്ടതില്ല. ചേരാൻ താൽപര്യമുള്ള സർവീസുകളുടെ മുൻഗണനാക്രമം അപേക്ഷയിൽ കാണിക്കണം. സൈറ്റിലെ നിർദേശങ്ങൾ പാലിക്കണം.  www.upsc.gov.in എന്ന സൈറ്റിലെ Examination – Active Examinations ലിങ്കിൽ വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനമുണ്ട്. സംശയപരിഹാരത്തിന് ഫോൺ: 011-23385271.

 

Content Summary : UPSC NDA II Notification 2022 Out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com