ADVERTISEMENT

സ്കൂളിലെ ആദ്യദിനങ്ങൾ ഒരുപാട് കുട്ടിക്കരച്ചിലുകളുടെ ദിനങ്ങളും കൂടിയാകാറുണ്ട്. എന്നാൽ ഓർമയുറച്ച കാലം മുതൽ സ്കൂളിൽ പോവാൻ കൊതിച്ച ഒരു കുട്ടിയുടെ കഥ കേട്ടാലോ. അഭിനേത്രിയും വ്ലോഗറുമായ ഡിംപിൾ റോസ് ആണ് സ്കൂളിന്റെ ആദ്യദിനങ്ങൾ കരയാതെ ആവേശത്തോടെ ആഘോഷിച്ച ആ മിടുക്കിക്കുട്ടി. പുത്തൻ മണങ്ങളുടെ അകമ്പടിയോടെ ഓരോ സ്കൂൾതുറപ്പുകാലവും ആഘോഷമാക്കിയ കുട്ടിക്കാലത്തെക്കുറിച്ചും ഇനി താൻ കാണാൻ കൊതിക്കുന്നത് കുഞ്ഞു പാച്ചുവിന്റെ ആദ്യ സ്കൂൾ ദിനങ്ങളാണെന്ന പ്രതീക്ഷ പങ്കുവച്ചും ഡിംപിൾ സ്കൂൾ ഓർമകൾ പങ്കുവയ്ക്കുന്നതിങ്ങനെ... 

 

കരയുന്ന കുട്ടികൾക്കിടയിലെ കരയാത്ത കുട്ടി

 

Shool Days
ഡിംപിളിന്റെ സ്കൂൾ ദിനങ്ങളിലെ ചിത്രം

ചിറ്റാറ്റുകരയിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലാണ് ഞാൻ പഠിച്ചത്. എനിക്ക് സ്കൂളിൽ പോകാൻ വളരെയിഷ്ടമായിരുന്നു. എന്നേക്കാൾ ഏഴു വയസ്സിനു മുതിർന്നതാണ് എന്റെ സഹോദരൻ ഡോൺ. ചേട്ടൻ ദിവസവും രാവിലെ സ്കൂളിൽ പോകുന്നതൊക്കെ കാണുമ്പോൾ എനിക്കും സ്കൂളിൽ പോകാൻ വല്ലാതെ കൊതി തോന്നിയിരുന്നു. അങ്ങനെ കാത്തുകാത്തിരുന്ന എന്റെ സ്കൂളിലെ ആദ്യദിനമെത്തി. ഞാൻ രാവിലെ ചിരിച്ചു കളിച്ച് മമ്മിക്ക് റ്റാറ്റയൊക്കെ കൊടുത്ത് വളരെ സന്തോഷത്തോടെയാണ് വീട്ടിൽ നിന്നിറങ്ങിയത്. പക്ഷേ സ്കൂളിൽ ചെന്നപ്പോൾ ചുറ്റിലും ആകെ കരച്ചിലും ബഹളവും. സ്കൂളിലെ ആദ്യദിനങ്ങളിൽ കുട്ടികളൊക്കെ കരഞ്ഞു നിലവിളിച്ചായിരിക്കുമല്ലോ സ്കൂളിലേക്ക് വരുക. ക്ലാസിലുള്ള മറ്റു കുട്ടികൾ കരയുമ്പോൾ എന്തിനാണിവരിങ്ങനെ കരയുന്നതെന്നൊക്കെ ആലോചിച്ചിട്ടുണ്ട്. ചില കുട്ടികൾ ജനൽക്കമ്പികളിൽ പിടിച്ച് പുറത്തേക്കു നോക്കിക്കരയുകയും ചിലരൊക്കെ ക്ലാസിൽ നിന്ന് ഓടിപ്പോകാൻ ശ്രമിക്കുകയുമൊക്കെ ചെയ്യുന്നതുകണ്ട് ഞാൻ നോക്കി നിന്നിട്ടുണ്ട്. ഒടുവിൽ ആരും ഓടിപ്പോകാതിരിക്കാൻ ടീച്ചർ വന്ന് വാതിലടച്ചിടുമായിരുന്നു.

School Days
ഡിംപിളിന്റെ സ്കൂൾ ദിനങ്ങളിലെ ചിത്രം

 

പുത്തൻ മണങ്ങളുടെ ആഘോഷക്കാലം

 

എല്ലാവർഷവും സ്കൂൾ തുറക്കുന്ന ആദ്യദിനം ഞാൻ വളരെ ആവേശത്തിലായിരിക്കും. ഓരോ വർഷത്തെയും ഏറ്റവും ലേറ്റസ്റ്റ് ബാഗും കുടയും ടിഫിൻ ബോക്സുമൊക്കെയാണ് ഡാഡിയും മമ്മിയും വാങ്ങിത്തരുക. അതു സ്കൂളിൽ കൊണ്ടുപോകാനുള്ള ആഗ്രഹംകൊണ്ട് സ്കൂൾ തുറക്കുന്ന ദിവസത്തിനായി കാത്തിരിക്കും. ഒന്നാം ക്ലാസ് മുതൽ 12–ാം ക്ലാസ് വരെ ആ എക്സൈറ്റ്മെന്റ് എനിക്കുണ്ടായിരുന്നു. ഇപ്പോൾ പക്ഷേ വല്ലാത്തൊരു നഷ്ടബോധം തോന്നാറുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ എങ്ങനെയെങ്കിലും പഠിത്തമൊക്കെക്കഴിഞ്ഞ് ഒന്നു സ്വസ്ഥമായാൽ മതിയെന്ന ചിന്തയായിരിക്കുമല്ലോ നമുക്ക്. പക്ഷേ ഇപ്പോഴാണ് ജീവിതത്തിലെ സുവർണ്ണ ദിനങ്ങളായിരുന്നു കടന്നു പോയത് എന്ന തിരിച്ചറിവുണ്ടാകുന്നത്. സ്കൂളും കുട്ടിക്കാലവും പ്രിയപ്പെട്ട അധ്യാപകരുമൊക്കെ ജീവിതത്തിലെ ഏറ്റവും നല്ലകാലത്തിന്റെ ഓർമകളായി എന്നും മനസ്സിലുണ്ടാകും.

 

കാത്തിരിക്കുന്നത് പാച്ചുവിന്റെ ആദ്യ സ്കൂൾദിനം കാണാൻ

 

ഇനി ഞാൻ കാത്തിരിക്കുന്ന ഒരു ആദ്യ സ്കൂൾ ദിനം എന്റെ മകന്റേതാണ്. അവനിപ്പോൾ ഒരു വയസ്സാകാൻ പോകുന്നതേയുള്ളൂ. ഇപ്പോൾ സ്കൂളുകളിൽ നടക്കുന്ന പ്രവേശനോത്സവങ്ങളൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഈ വർഷം ആദ്യമായി സ്കൂളിൽ ചേർന്ന എല്ലാ കുഞ്ഞുങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. 

 

Content Summary : Actress Dimple Rose Talks About Her School Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com