ADVERTISEMENT

ഏതു ജോലിയിലും വിജയിക്കണമെങ്കിൽ സഹപ്രവർത്തകർ തമ്മിലുള്ള ആശയവിനിമയം മികച്ചതാവണം.  അന്യനാട്ടിൽ ജോലി തേടുമ്പോൾ ആ നാട്ടിലെ  ഭാഷയിൽ വേണ്ട നൈപുണ്യമില്ലെങ്കിൽ ദൈനംദിന പ്രവർത്തനങ്ങളെ തുടക്കത്തിൽ ബാധിച്ചേക്കാം. താഴ്ന്ന ക്ലാസുകളിൽ ഹിന്ദി പഠിച്ചവർ പോലും കോളജിലെത്തുമ്പോൾ സെക്കൻഡ് ലാംഗ്വേജായി ഹിന്ദിയോട് ബൈ പറഞ്ഞ് മറ്റേതെങ്കിലും ഭാഷ തിരഞ്ഞെടുക്കും.  ഇംഗ്ലിഷ് പോലെ, രാഷ്ട്രഭാഷയായ ഹിന്ദിയിലും നൈപുണ്യം നേടിയാൽ ഉത്തേരന്ത്യയിൽ ജോലി തേടുമ്പോൾ ഗുണം ചെയ്യുമെന്ന് ഔറംഗബാദിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പി.വി. ഷാജു. വർഷങ്ങൾക്കിപ്പുറവും മറക്കാത്ത ഒരു ചിരിയോർമ്മ ഷാജു പങ്കുവയ്ക്കുന്നു. 

ബിരുദം കഴിഞ്ഞ് ടൈപ്പ് റൈറ്റിങിലെയും ഷോർട് ഹാൻഡിലെയും ഹയറും ലോവറും പാസ്സായി നാട്ടിൽ ജോലി നോക്കിയിട്ട് രക്ഷയില്ലാതെ വന്നു. ഉത്തർപ്രദേശിൽ ജോലി ചെയ്തിരുന്ന അമ്മാവന്റെ  ക്ഷണമെത്തിയതോടെ അവിടേക്കു തിരിച്ചു.  വീടു വിട്ടുള്ള യാത്ര പുതിയൊരനുഭവമായിരുന്നു. കടുത്ത ചൂടുളള കാലാവസ്ഥ. തുടക്കത്തിൽ ചില്ലറ ആരോഗ്യ പ്രശ്നങ്ങൾ. പക്ഷേ എങ്ങനയെങ്കിലും ജോലി നേടണമെന്നതായിരുന്ന ലക്ഷ്യം. 

പത്രത്തിൽ കാണുന്ന ഒഴിവുകളിലേക്ക് അപേക്ഷ മാരത്തോണായി അയച്ചു. ഒന്നിനും മറുപടി ലഭിക്കാതെയായപ്പോൾ ശരിക്കും മടുത്തു. പക്ഷേ അമ്മവാനും കുടുംബവും വേണ്ട പ്രോത്സാഹനം തന്നിരുന്നു.  നിരന്തര പരിശ്രമത്തിനൊടു വിൽ ഒരു കമ്പനിയിൽ നിന്നും താത്കാലിക ഒഴിവിൽ ജോലി കിട്ടി. പുറത്തിറങ്ങിയാൽ ഭാഷയാണ് പ്രശ്നം. 

ഇംഗ്ലിഷ് ഒഴുക്കോടെ സംസാരിക്കാൻ കഴിയുമായിരുന്നില്ല. ഹിന്ദിയുടെ കാര്യം പറയേണ്ട, അക്ഷരം പോലും കൂട്ടിവായിക്കനറിയാത്ത അവസ്ഥ. ഹേ...ഹാം..ഹോ....ഹൈ...എന്നൊക്കെ പോലും പറയുന്നതു തെറ്റും.  ആരെങ്കിലും ചോദിച്ചാൽ മുജേ...മാലും നഹീീീീ...എന്ന് പറഞ്ഞ് മുങ്ങുകയല്ലാതെ മറ്റ് മാർഗമില്ല. പോസ്റ്റ് കാർഡിലെ വിലാസം നോക്കി അങ്ങനെ ഒരുവിധം ജോലി സ്ഥലത്തെത്തി. 

work-experience-series-shaju-p-v-memoir-article-image-representative-shutter-stock-two-manorama-online-career
Representative Image. Photo Credit : TeodorLazarev / Shutterstock.com

ലീവ് വേക്കൻസിയായതിനാൽ അഭിമുഖം  വലിയ സംഭവമായിരുന്നില്ല.  വിവിധ ഡിപ്പാർട്ട്മെന്റുകളിലേക്ക് കുറച്ച് മലയാളികളും അഭിമുഖത്തിനുണ്ടായിരുന്നു. പലർക്കും താത്ക്കാലിക അടിസ്ഥാനത്തിൽ ജോലി ലഭിച്ചു.  നാടു വിട്ടു വന്നതിന്റെ സങ്കടമെല്ലാം സൗഹൃദക്കൂട്ടായ്മയിൽ അലിഞ്ഞു പോയി. വൈസ് പ്രസിഡന്റിന്റെ ഒാഫിസിലായിരുന്നു എന്റെ ആദ്യ നിയമനം. കുറച്ച് നാളുകൾ കഴിഞ്ഞു. കുറേ കഷ്ടപ്പെട്ടിട്ടാണെങ്കിലും ഹിന്ദിയും ഇംഗ്ലിഷും ഒഴുക്കോടെ കൈകാര്യം ചെയ്യാൻ കഴിഞ്ഞു. 

ഹിന്ദിക്കാരനായ  ബോസ് കർക്കശകാരനായിരുന്നു. വിദേശത്ത് നിന്നും ക്ലയന്റുകൾ സ്ഥിരം ഒാഫിസിൽ വരും.  എപ്പോഴും തിരക്കായിരുന്നു. അങ്ങനെ ജോലി തുടങ്ങി. കമ്പി വാചകം പോലെ ചുരുക്കം വാക്കുകളിലാണ് നിർദേശങ്ങൾ നൽകിയിരുന്നത്. ആദ്യ കാലത്ത് ഞാൻ ശരിക്കും ചുറ്റി പോയിരുന്നു. ഷോർട്ട് ഹാൻഡും ടൈപ്പ് റൈറ്റിങ്ങുമായിരുന്നു എന്റെ പ്ലസ്. 

പീന്നിട് ബോസ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കിയപ്പോൾ കാര്യങ്ങൾ എളുപ്പമായി. നേരത്തെ സൂചിപ്പിച്ചത് പോലെ ഞങ്ങളുടെ കമ്പനിയിൽ വിവിധ തസ്തികളിലായി ധാരാളം മലയാളികൾ ജോലി ചെയ്തിരുന്നു. അങ്ങനെയൊരു  കഥാപാത്രമാണ് നമ്മുടെ കഥയിലെ ഹീറോ. കക്ഷിയ്ക്ക് ഹിന്ദിയും ഇംഗ്ലിഷും വലിയ വശമില്ലെങ്കിലും മറ്റൊരു ഡിപ്പാർട്ട്മെന്റിലെ മാനേജറുടെ അസിസ്റ്റന്റായിട്ടായിരുന്നു നിയമനം. 

പതിവിലും തിരക്കുള്ള ദിവസം വൈസ് പ്രസിഡന്റായ എന്റെ ബോസ് അടുത്ത ഡിപ്പാർട്ട്മെന്റിലെ മാനേജറോട് അദ്ദേഹത്തിന്റെ അസിസ്റ്റന്റിനെ എന്നെ സഹായിക്കാൻ വിട്ടുതരണമെന്ന് ഫോണിലൂടെ വിളിച്ചു പറഞ്ഞു. എന്റെ ബോസിന്റെ വിളി വന്നതും ജൂനിയർ മാനേജർ നമ്മുടെ കഥാപാത്രത്തോട് ഞങ്ങളുടെ ബോസിനെ കാണുവാൻ നിർദേശിച്ചു. ഇനിയാണ് ട്വിസ്റ്റ് ! മാനേജർ ഹിന്ദിയിൽ അവനോടു പറഞ്ഞ കാര്യം അവനു മനസ്സിലായത് വൈസ് പ്രസിഡന്റ് ആയ എന്റെ ബോസിനെ, മാനേജർ ആയ അവന്റെ ബോസ് വിളിക്കുന്നു എന്നാണ് !

അവൻ അതു പറയാൻ മീറ്റിങ് നടക്കുന്ന ഞങ്ങളുടെ മുറിയിലേക്ക് എത്തിനോക്കി. അവനെ കണ്ട് അകത്തേക്ക് വിളിച്ചപ്പോൾ അവൻ വാതിൽ അടച്ചു ഓടിപ്പോയി. വീണ്ടും വന്നപ്പോൾ ഞാൻ പുറത്തു ചെന്നു.  അവൻ വിവരം എന്നോട് പറഞ്ഞു. എന്തായാലും ഞാൻ തക്ക സമയത്തു ഇടപെട്ടതിനാൽ ഓഫിസിൽ വലിയൊരു ‘ഈഗോ ദുരന്തം’ ഒഴിവായി. 

‘ഹിന്ദി തീരെ വശമില്ലല്ലേ....’ എന്ന് ഞാൻ ചോദിച്ചതിന് ‘ഇല്ല’ എന്നതായിരുന്നു സത്യസന്ധമായുള്ള അവന്റെ മറുപടി.

ഹിന്ദി അറിയാത്ത ഒരാൾ എങ്ങനെ ജോലി നോക്കുന്നുവെന്നത് എന്റെ ആകാംക്ഷ വർധിപ്പിച്ചു.

‘ഹിന്ദി അറിയാത്ത നീ എങ്ങനെയാണ് മാനേജറോട് സംസാരിക്കുന്നത്?’ അവൻ പറഞ്ഞു ‘ഇംഗ്ലിഷിൽ..’

ഞാൻ  ഞെട്ടിപ്പോയി!.  

അതിനു ശേഷം അവൻ പറഞ്ഞു : ‘ഈ ഒാഫിസിൽ ആർക്കും ഇംഗ്ലിഷ് ശരിക്കും അറിയില്ല. എന്റെ ഇംഗ്ലീഷ് ആർക്കും മനസ്സിലാകുന്നില്ല...’

ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ അവനോടൊപ്പം ജോലിയിൽ മുഴുകി.

കുറച്ചു നാളുകൾക്ക് ശേഷം ഞങ്ങളുടെ കമ്പനിയിലെ ജോലി മതിയാക്കി അവൻ നാട്ടിലേക്ക് മടങ്ങി. 

പിന്നീട് വർഷങ്ങൾക്കു ശേഷം ഞാനറിഞ്ഞത് കക്ഷി കെഎസ്ഇബിയിൽ ജോലി നേടി സുഖമായി ജീവിക്കുന്നു എന്നാണ്.

ഇനി പറയൂ....നാം ഹിന്ദിയെ പേടിക്കണോ അതോ ഇംഗ്ലിഷിനെയോ?

ഈ അനുഭവക്കുറിപ്പ് എന്റെ പ്രിയ സുഹൃത്ത് വായിക്കുന്നുണ്ടായിരിക്കുമോ?

work-experience-series-shaju-p-v-memoir-author-image
പി.വി. ഷാജു

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Work Experience Series - Shaju. P.V. Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com