ADVERTISEMENT

കേൾവിശക്തിയില്ലാത്ത ഭർത്താവിനു ചികിൽസ തേടിയെത്തിയ ഭാര്യ നടത്തിയ കൗതുകകരമായ അഭ്യർഥനയെപ്പറ്റിയാണ് ചേർത്തല താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. പ്രവീൺ മറുവഞ്ചേരി പറയുന്നത്. ഡോക്ടർ പറയുന്നു:

‘‘സാറേ, പട്ടി കടിച്ചതിന്റെ മൂന്നാമത്തെ ഡോസ് കുത്തിവയ്പ്പ് എടുക്കാനാണ്’’

ജനറൽ ഒപിയിൽ നീട്ടിപ്പിടിച്ച ഒപി ടിക്കറ്റുമായി ഒരു സ്ത്രീ കയറി വന്നു. നാൽപത്തഞ്ച് വയസ്സ് പ്രായം തോന്നും. ഞാൻ ഒപി ടിക്കറ്റ് വാങ്ങി റജിസ്റ്ററിൽ എഴുതാൻ തുടങ്ങി. 

‘‘പുരുഷോത്തമൻ 50 വയസ്സ്’’. എഴുതിത്തുടങ്ങിയപ്പോഴാണ് അത് ശ്രദ്ധിച്ചത്.

‘‘ആരാ രോഗി? ഇത് നിങ്ങളുടെ ഒപി ടിക്കറ്റല്ലല്ലോ’’

റജിസ്റ്ററിൽനിന്ന് മുഖമുയർത്തി നോക്കുമ്പോഴുണ്ട് രോഗിയുടെ സ്റ്റൂളിൽ ഒരു അൻപത്, അൻപത്തഞ്ച് വയസ്സ് പ്രായമുള്ള പുരുഷനിരിക്കുന്നു.

‘‘നിങ്ങളാണോ പുരുഷോത്തമൻ?’’ ചോദ്യം കേട്ട് അദ്ദേഹം മിഴിച്ചിരുന്നു.

‘‘അതേ സാറേ, എന്റെ ഭർത്താവാണ്. ചെവി കേൾക്കില്ല’’. സമീപത്തു നിന്ന സ്ത്രീയുടെ മറുപടി കേട്ടപ്പോഴാണ് അദ്ദേഹം ചോദ്യം ‘കേട്ടില്ല’ എന്ന് മനസ്സിലായത്.

‘‘ഇദ്ദേഹത്തിന് എഴുത്തും വായനയുമറിയുമോ?’’

ബധിരതയുള്ള ചില രോഗികൾ വിവരങ്ങൾ എഴുതി കാണിക്കാറുണ്ട്.  സമയമെടുക്കുമെങ്കിലും ബധിരരായ രോഗികളോടും ആശയവിനിമയം അസാധ്യമല്ല എന്നത് അനുഭവമുള്ള കാര്യമാണ്.

‘‘ഇല്ല സാറേ. എഴുത്തും വായനയും ഒന്നുമറിയില്ല. ജൻമനാ ഉള്ള പ്രശ്നമാണ്’’ ഭാര്യയുടെ മറുപടി എന്റെ പ്രതീക്ഷ തകർത്തു.

‘‘പിന്നെ നിങ്ങൾ എങ്ങനെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കും?’’

ഭാര്യ വഴി വിവരങ്ങൾ തിരക്കാനുള്ള തയാറെടുപ്പിലായിരുന്നു ഞാൻ.

‘‘ആംഗ്യം കാണിച്ചാൽ മനസ്സിലാവും. ഇതിപ്പോ പട്ടി കടിച്ച വിവരം തന്നെ മൂന്നു ദിവസം കഴിഞ്ഞിട്ടാ അറിയണതേ’’

‘‘പട്ടി കടിച്ചത് കണ്ടില്ലേ. അങ്ങേർക്കറിയാമായിരുന്നില്ലേ’’. എനിക്ക് ആശയക്കുഴപ്പമായി.

‘‘അതല്ല പ്രശ്നം. ഇങ്ങേര് പറയില്ലല്ലോ. ഇങ്ങേർക്ക് ഒരു കടയിൽ പൊറോട്ട അടിക്കലാണ് പണി. സൈക്കിളിലാണ് പോകുന്നത്. ചിലപ്പോൾ ഉരുണ്ട് പിരണ്ട് വീഴാറുണ്ട്. കാലിലെ മുറിവ് കണ്ടപ്പോൾ ഞാൻ വിചാരിച്ചു വീണതാണെന്ന്. പിന്നെ പല്ലിന്റെ പാടുകണ്ട് സംശയം തോന്നി കൂടെ ജോലി ചെയ്യുന്നവരോട് ചോദിച്ചപ്പോഴാണ് വിവരമറിയുന്നത്. ഞാൻ പിന്നെ ആംഗ്യം കാണിച്ച് ചോദിച്ചപ്പോഴാണ് വിവരം മനസ്സിലായത്. ഹോട്ടലിന്റെ പുറകിൽ വേസ്റ്റ് തിന്നാൻ പട്ടികൾ വരാറുണ്ട്. അതിലൊന്ന് കാലിൽ കടിച്ചിടുണ്ട്. ഉടനെ ഇവിടെ വന്ന് കുത്തിവയ്പ്പുമെടുത്തു. തെരുവ് നായയാണ്. കടി ആഴത്തിലുള്ളതും ഡ്യൂട്ടി ഡോക്ടർ നിർദേശിച്ചതു പോലെ അന്നു തന്നെ മെഡി.കോളേജിൽ ചെന്ന് കുത്തിവച്ചു. മുറിവ് ഉണങ്ങുന്നുണ്ടോ സാറേ?’’

വിവരങ്ങളെല്ലാം ഒറ്റയടിക്ക് പറഞ്ഞു നിർത്തി  സ്നേഹമയിയായ ആ ഭാര്യ ആശങ്കയോടെ ചോദിച്ചു. ഞാൻ മുറിവ് പരിശോധിച്ച് മരുന്നും വാക്സിന്റെ അടുത്ത ഡോസും എഴുതിക്കൊടുത്ത് പുരുഷോത്തമന്റെ പുറത്തു തട്ടി. ഓക്കേ എന്നാംഗ്യം കാണിച്ച് എഴുന്നേൽപ്പിച്ച് വിട്ടു.

അടുത്ത രോഗിയെ വിളിക്കുമ്പോൾ ഇൻജക്‌ഷൻ മുറിയിലേക്ക്  പുരുഷോത്തമനെ നയിച്ച ഭാര്യ തിരിച്ച് വന്ന് ഒരു സ്വകാര്യം.

‘‘അതേയ് സാറേ, അങ്ങേരോട് കള്ളു കുടിക്കരുതെന്ന് പറയണം. ദിവസവും കുടിക്കും. കുടിച്ചാൽ മരുന്നിന് ഫലമില്ലായെന്ന് പറഞ്ഞാ മതി. ഞാൻ വിളിക്കാം’’. അവർ ധൃതിപ്പെട്ട് ഇൻജക്‌ഷൻ റൂമിലേക്ക് നടന്നു തുടങ്ങിയ ഭർത്താവിനെ വിളിക്കാൻ പിന്നാലെ പോവാനൊരുങ്ങി.

സാധാരാണ പേവിഷബാധയ്ക്കുള്ള പ്രതിരോധ കുത്തിവെയ്പ്പെടുക്കാൻ എഴുതിയാൽ നാരങ്ങ, കുമ്പളങ്ങ, അച്ചാർ ഇത്യാദി സാധനങ്ങൾക്ക് പഥ്യമുണ്ടോ എന്ന രോഗിയുടെ ചോദ്യവും ഒരു പഥ്യവുമില്ല, മദ്യപാനം വേണ്ട എന്ന മറുപടിയും പതിവുള്ളതാണ്. ഈ രോഗിയോട് സംവദിക്കുവാൻ പരിമിതിയുള്ളതുകൊണ്ടാണ് ആ ഭാഗം വിട്ടു പോയത്.

‘‘ഓ അത് ഞാൻ പറയാൻ വിട്ടു പോയി. പറഞ്ഞേക്കാം’’. ഉടനെ ഞാനേറ്റു. പിന്നെയാണ് ഓർത്തത് ബധിരനായ ആളോട് എങ്ങനെ പറയും?

‘‘സാറ് കുപ്പി കുടിക്കണപോലെ കാണിച്ചിട്ട്, പാടില്ല എന്ന ആംഗ്യം കാണിച്ചാൽ മതി’’

പുരുഷോത്തമന്റെ ഭാര്യ എനിക്ക് ആംഗ്യ ഭാഷയുടെ ഒരു മിനി ക്ലാസ് തന്നെ നൽകിയിട്ട് ഭർത്താവിനെയും കൂട്ടി വന്നു. ഞാൻ കുപ്പിയുടെ ആംഗ്യവും പാടില്ല എന്ന ആംഗ്യവും കാണിച്ച് തുടങ്ങിയപ്പോഴേ പുരുഷോത്തമൻ ചുമൽ കുലുക്കി, തല നിഷേധഭാവത്തിൽ ആട്ടി. കുപ്പിയോ ഞാനോ ഏയ് ഞാനത്തരക്കാരനല്ല എന്ന ഭാവത്തിലിരുപ്പായി.

എന്താ സന്തോഷായില്ലേ എന്ന മട്ടിൽ ഞാൻ അയാളുടെ ഭാര്യയുടെ മുഖത്ത് നോക്കുമ്പോൾ അവരുണ്ട് ഭർത്താവിനെ തട്ടി വിളിച്ച്, കുപ്പിയുടെ ആംഗ്യവും ചർദ്ദിക്കുന്ന പോലെയും വയറുരുണ്ട് കയറുന്ന പോലെയും മറ്റും പരവേശമഭിനയിച്ച് തകർക്കുകയാണ്.

പുരുഷോത്തമൻ കണ്ണും മിഴിച്ച് നോക്കിയിരിപ്പുണ്ട്. എല്ലാം കഴിഞ്ഞ് ഭാര്യ കൈ ഉയർത്തി കുപ്പിയുടെ അടയാളം കാണിച്ചപ്പോഴേ പുരുഷോത്തമൻ, ഏയ് ഇല്ലില്ല ,ഞാനൊരിക്കലും തൊടില്ല, നീയാണേ സത്യം എന്ന ഭാവത്തിൽ തലയും ചുമലും കുലുക്കി.

പുരുഷോത്തമന്റെ ഭാര്യ സന്തോഷത്തോടെ എന്നെ നോക്കിയ ശേഷം ഭർത്താവിന്റെ കൈ പിടിച്ച് ഇൻജക്‌ഷൻ റൂമിലേക്ക് നടന്നു. പുരുഷോത്തമന്റെ മുഖത്ത് ഒരു കള്ളച്ചിരി മിന്നിമറഞ്ഞതായി എനിക്കൊരു തോന്നൽ. 

‘തോന്നലല്ല ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രമേ കണ്ടുള്ളൂ’ എന്നു മനസ്സ് മന്ത്രിച്ചു. അപ്പോഴേക്കും അടുത്ത രോഗി സ്റ്റൂളിൽ സ്ഥാനം പിടിച്ചിരുന്നു.

work-experience-series-dr-praveen-maruvanchery-memoir-author-image
ഡോ. പ്രവീൺ മറുവഞ്ചേരി

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Work Experience Series - Dr. Praveen Maruvanchery Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com