ADVERTISEMENT

ധനകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അറിയാം സുരക്ഷയുടെ വില. ഒരു ചെറിയ പിഴവിനു പോലും വലിയ വില കൊടുക്കേണ്ടി വരും. സെക്യൂരിറ്റി ജീവനക്കാർ, സിസി ടിവി, സൈറൺ അങ്ങനെ സുരക്ഷാ മുൻകരുതലുകൾ ഏതൊരു ധനകാര്യ സ്ഥാപനവും ഉറപ്പ് വരുത്തും. അത്യാഹിത സമയങ്ങളിൽ പ്രവർത്തിക്കുന്ന സൈറൺ ‘അസമയത്ത്’ കൂവിയാൽ എന്താകും സ്ഥിതി? അങ്ങനെയൊരു അനുഭവകഥ പറയുകയാണ് വി.എസ്.ഹരീഷ്. 

 

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കാലം. അന്നൊക്കെ ഞാൻ ഒരു കാര്യവുമില്ലാതെ നേരത്തേ ഓഫിസിൽ പോകും. എട്ടരയ്ക്ക് മുൻപ് പഞ്ച് ചെയ്താൽ മതി. എങ്കിലും ഞാൻ ഏഴേമുക്കാൽ ആവുമ്പോഴേക്കും ഓഫിസിൽ എത്തും. ഞാൻ ചെന്ന് വിളിക്കുമ്പോഴാണ് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് സെക്യൂരിറ്റി ചേട്ടൻ എണീക്കുന്നത്. (സ്ഥിരമായി ഉറങ്ങുന്ന വ്യക്തിയാണെന്ന് ഒരിക്കലും ധരിക്കരുതേ)

 

‘‘ഇത്ര നേരത്തേ കെട്ടിയെടുക്കുന്നതെന്തിന്?...’’എന്നൊരു ചോദ്യം ഉറക്കപ്പിച്ചുള്ള മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു.

 

ഓഫിസിൽ കയറിയാൽ ആദ്യം കംപ്യൂട്ടർ ഓണാക്കി ഞാനങ്ങ് പഞ്ച് ചെയ്യും. എട്ടര കഴിഞ്ഞ് ഒരു സെക്കന്‍ഡ് വൈകിയാൽ പണിയാണ്. സ്‌കൂളിൽ താമസിച്ചു ചെന്നാൽ ക്ലാസ് ടീച്ചറേ ചോദിക്കൂ പക്ഷേ ഇവിടെ മേലാധികാരികൾ മാരത്തൺ പോലെ വിളിക്കും.  അങ്ങനെ പഞ്ചൊക്കെ ചെയ്ത് കഴിഞ്ഞ് കംപ്യൂട്ടറിൽ ഗെയിം കളിച്ചു കൊണ്ടിരിക്കുമ്പോൾ ശല്യപ്പെടുത്താനായി സെക്യൂരിറ്റി ചേട്ടൻ അവതരിച്ചു.

 

‘‘സാറേ പഞ്ച് ചെയ്യണ്ടേ?...’’

 

പുള്ളിക്കാരൻ യുണിഫോം ഒക്കെ മാറ്റി വീട്ടിൽ പോകാൻ റെഡി ആയിട്ട് നിൽപ്പാണ്. ഡേ ഡ്യൂട്ടിക്കുള്ള സെക്യൂരിറ്റി വന്ന് പഞ്ച് ഇൻ ചെയ്തിട്ടേ നൈറ്റ്‌ ഡ്യൂട്ടിയുള്ള സെക്യൂരിറ്റിയെ പഞ്ച് ഔട്ട് ആക്കാൻ പറ്റൂ എന്ന് നൂറു പ്രാവശ്യം പറഞ്ഞു കൊടുത്തിട്ടുള്ളതാണ്. എന്നിട്ടും എന്നും ഇതു തന്നെ പരിപാടി. നൂറ്റിയൊന്നാമത്തെ തവണയും (നോട്ടൗട്ട്) ഞാൻ പുള്ളിയെ കാര്യം പറഞ്ഞു മനസ്സിലാക്കി. പതിവു പോലെ പിറുപിറുത്ത് കൊണ്ട് പുള്ളി പോയി.

 

ഗെയിം കളിക്കാനുള്ള മൂഡ് പോയി. അപ്പോഴാണ് സുന്ദരൻ റജിസ്റ്റർ അപ്പുറത്ത് വെറുതെ ഇരിക്കുന്നത് ശ്രദ്ധിച്ചത്. വേറെ പണിയൊന്നുമില്ലാത്തതു കൊണ്ട് അതെടുത്ത് മറിച്ച് നോക്കി. ഒന്ന് പൊക്കി കംപ്യൂട്ടറിന് സൈഡിലേക്ക് ഒരിടൽ ! 

 

വൊഓഓ  വോം വോം.... എന്ന നിലവിളി ശബ്ദം.

 

സൈറൺ മുഴങ്ങാൻ തുടങ്ങി. ഞാൻ ചാടി എണീറ്റു. വല്ല കള്ളന്മാരും തോക്കുമായിട്ട് വന്നാൽ സ്റ്റാഫിന് ഇരുന്നയിടത്തുനിന്ന് അനങ്ങാതെ സൈറൺ ഓൺ ആക്കാനുള്ള സ്വിച്ച് കൗണ്ടറിന്റെ ഓരോ കാലിലും ഉണ്ടായിരുന്നു. അതിലൊന്നിന് എന്തോ ലൂസ് കണക്ഷൻ ഉണ്ടായിരുന്നു. ആ സ്വിച്ച് ഉള്ള ഭാഗത്ത് ആണ് ഞാൻ റജിസ്റ്റർ ഇട്ടത്. സാധാരണ തടിയൻ ക്യാഷ് റജിസ്റ്റർ ഇടുമ്പോഴാണ് സൈറൺ ഓൺ ആകുന്നത്. എന്റെ കഷ്ടകാലത്തിന് പീക്കിരി റജിസ്റ്റർ ഇട്ടപ്പോൾ ഓൺ ആയി.

 

പ്രശ്നം എന്തെന്നാൽ നിലവിളി അവസാനിക്കണമെങ്കിൽ കോഡ് അടിച്ചു കൊടുക്കണം. അത് മാനേജർക്കും അസിസ്റ്റന്റ് ബ്രാഞ്ച് ഹെഡിനുമേ അറിയാവൂ. എന്റെ കഷടകാലത്തിന് അന്നേ ദിവസം ഈ നിലവിളി നിർത്താൻ ആരും ഒാഫിസിൽ ഇല്ല. സൈറൺ കേട്ട് സെക്യൂരിറ്റി ചേട്ടൻ ഓടി വന്നു. 

 

‘‘എന്താ സാറേ?...’’

 

ചെവിക്കല്ല് പൊട്ടുന്ന ശബ്ദം കേട്ടിട്ടും സംശയം.

 

‘‘ഒന്നും ഇല്ല ചേട്ടാ കൈ തട്ടി ഓൺ ആയതാണ്....’’

 

ഈ സാധനം ഒരു നിശ്ചിത സമയത്തിനപ്പുറം അടിച്ചാൽ ഹെഡ് ഓഫിസിൽനിന്നും സെക്യൂരിറ്റി സിസ്റ്റം വെച്ച കമ്പനിയുടെ ബെംഗളൂരു ഓഫിസിൽനിന്നുമൊക്കെ ഉടനെ വിളി വരും. ബെംഗളൂരുവിൽനിന്ന് വിളിക്കുമ്പോൾ ഇംഗ്ലിഷിൽ കടു വറക്കണം. എനിക്കാണെങ്കിൽ ഇംഗ്ലിഷിൽ അടുപ്പത്ത് വയ്ക്കാൻ പോലും അറിയില്ല. അതുകൊണ്ട് എത്രയും വേഗം ഈ നിലവിളി അവസാനിപ്പിക്കണം.

 

Manorama Online Career Work Experience Series Hareesh V.S Memoir
വി.എസ്.ഹരീഷ്

ഞാൻ വേഗം മാനേജരെ മൊബൈലിൽ വിളിച്ചു. പുള്ളി ഫോൺ എടുത്തു.

 

‘‘ഹലോ സാറേ, കൈ തട്ടി സൈറൺ ഓണായി. ആ കോഡൊന്ന് പറഞ്ഞു തരോ....’’

 

ഞാൻ എന്നെക്കൊണ്ട് പറ്റുന്ന പോലെ തൊള്ള കീറി പറഞ്ഞു.

 

കുറേ ഹലോയും ‘‘ശരി ഹരീഷേ. കുഴപ്പമില്ല...’’ എന്നൊരു ഡയലോഗും പറഞ്ഞ് അങ്ങേര് ഫോൺ വെച്ചു.

 

കുഴപ്പമില്ലെന്നാ?  എന്ത് കുഴപ്പമില്ലെന്ന്? ഞാൻ വീണ്ടും അങ്ങേരെ വിളിച്ചു. പുള്ളി ഫോൺ എടുത്തില്ല.

 

വോം വോം നിലവിളി ട്യൂൺ മാറിയൊക്കെ പാടാൻ തുടങ്ങി. ഞാൻ വേഗം പുറത്തിറങ്ങി. ഞങ്ങളുടെ ഓഫിസ് രണ്ടാം നിലയിൽ ആണ്. അസിസ്റ്റന്റ് ബ്രാഞ്ച് ഹെഡിനെ വിളിക്കാൻ വേണ്ടി കൈവരിയുടെ അടുത്ത് എത്തിയപ്പോഴാണ്  ഞാൻ ആ കാഴ്ച കണ്ടത്.

 

താഴെ റോഡിൽ മുഴുവൻ ‘കഥ പറയുമ്പോൾ’ സിനിമയിൽ മമ്മൂട്ടിയെ കാണാൻ ജനം തടിച്ചു കൂടിയത് പോലെ ഒരാൾക്കൂട്ടം. സൈറൺ കേട്ട് എന്താ സംഭവമെന്ന് നോക്കി നിൽക്കുന്നതാണ്. ഒറ്റയെണ്ണത്തിന് കേറി വരാൻ തോന്നിയില്ല. ഞാൻ സിനിമ നടനെപ്പോലെ കൈ ഉയർത്തി കാണിച്ചു. എന്നിട്ട് ഒന്നും ഇല്ല, ഇപ്പൊ നിൽക്കും എന്ന് ആംഗ്യം കാണിച്ചു.

 

ഞാൻ വേഗം അസിസ്റ്റന്റ് ബ്രാഞ്ച് ഹെഡിനെ വിളിച്ചു. പുള്ളി വേഗം കോഡ് പറഞ്ഞു തന്നു. ഞാൻ ഓടി ഓഫീസിനകത്ത് കയറി കോഡ് അടിച്ചു. നിലവിളി നിന്നു. 

 

എന്തൊരാശ്വാസം. അപ്പോഴേക്കും ഡേ ഡ്യൂട്ടിക്കുള്ള സെക്യൂരിറ്റി വന്നു.

 

രണ്ട് പേർക്കും പഞ്ച് ചെയ്തു കൊടുത്തു. ഫോട്ടോ പഞ്ചിങ്. സാധാരണ അടൂർ ഗോപാലകൃഷ്ണന്റെ കഥാപാത്രങ്ങളെപ്പോലെ ഉള്ള ഫോട്ടോ ആണ് കിട്ടുന്നത്. പക്ഷേ ഇത്തവണ വിനോദയാത്രയിൽ മുകേഷിനെ ഓഫിസ് സംഭവം ഓർമിപ്പിക്കുന്ന ദിലീപിന്റെ ഭാവമായിരുന്നു രണ്ടിനും. 

 

പഞ്ച് ചെയ്തു കൊടുത്തിട്ട് ഞാൻ കൗണ്ടറിൽനിന്നു രണ്ടടി മാറി മാനേജർ വരും മുൻപ് ഹെഡ് ഓഫിസിൽനിന്ന് വിളിച്ചാലും ബെംഗളൂരുവിൽനിന്ന് വിളിക്കല്ലേ എന്ന് പ്രാർഥിച്ച് ഇരുന്നു. 

 

അസിസ്റ്റന്റ് ബ്രാഞ്ച് ഹെഡും ഹൗസ് കീപ്പിങ് സ്റ്റാഫും ഒക്കെ വന്നു. ഞാൻ കാര്യങ്ങൾ വിശദീകരിച്ചു. കുറേ കഴിഞ്ഞപ്പോൾ മാനേജരും എത്തി.

 

ഹൗസ് കീപ്പിങ് ചേച്ചി എനിക്കു പറ്റിയ അബദ്ധം മാനേജരോട് വിശദമായി പറഞ്ഞു കൊടുത്തു. കൂടെ ഒരു ചോദ്യവും – ‘‘സാറെന്താ ഹരീഷ് ചോദിച്ചിട്ട് കോഡ് പറഞ്ഞു കൊടുക്കാതിരുന്നത്?...’’

 

‘‘അയ്യോ എനിക്ക് ഹരീഷ് പറഞ്ഞത് മനസ്സിലായില്ല. സൈറൺ കേട്ടപ്പോൾ ഞാൻ വിചാരിച്ചു ഹരീഷിനെ ആംബുലൻസിൽ ഹോസ്പിറ്റലിൽ കൊണ്ടു പോകുകയാണ്, ഇന്ന് വരില്ലെന്നു പറയാൻ വിളിച്ചതാണെന്ന്...’’ !

 

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Career Work Experience Series - Hareesh .V.S Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com