തനിവയനാടൻ ഭാഷയിൽ കുട്ടികൾ ‘ആവശ്യം’ പറഞ്ഞു; അവർ ഒരുപാട് പുതിയ വാക്കുകൾ പഠിപ്പിച്ചെന്ന് അധ്യാപിക

HIGHLIGHTS
  • ജോലിസ്ഥലത്തെ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കാം
  • അനുഭവക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് അയയ്ക്കുക
Manorama Online Career Work Experience Series K. Bindu Memoir
Photo Credit : Sunny Studio / Shutterstock.com
SHARE

ലോകത്തിന്റെ ഏതു കോണിൽച്ചെന്നാലും പരിചയക്കാരുള്ള ഒരു കൂട്ടർ അധ്യാപകരാണെന്നു പൊതുവേ പറയാറുണ്ട്. ഏത് അപരിചിതമായ അന്തരീക്ഷത്തിലും ‘ടീച്ചറേ’ വിളിയുമായി വിദ്യാർഥികൾ ഓടിവരുന്ന അനുഭവം പല അധ്യാപകർക്കും പങ്കുവയ്ക്കാനും ഉണ്ടാകും. കരിയറിന്റെ ആദ്യകാലത്ത് വിദ്യാർഥികളിൽ നിന്നുണ്ടായ രസകരങ്ങളായ ചില അനുഭവങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയാണ് അധ്യാപികയായ കെ. ബിന്ദു. തനി വയനാടൻ ഭാഷയിൽ അവർ ആവശ്യപ്പെട്ട ഒരു കാര്യം തനിക്ക് മനസ്സിലാകാതിരുന്നതിനെക്കുറിച്ചുള്ള അനുഭവം ബിന്ദു പങ്കുവയ്ക്കുന്നതിങ്ങനെ...

വയനാട് ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ധാരാളം ഒഴിവുകളുണ്ടെന്നും അതുകൊണ്ട് അവിടെ വന്ന് പിഎസ്‌സി പരീക്ഷ എഴുതിയാൽ വേഗം ജോലി കിട്ടുമെന്നുമുള്ള എന്ന വിശ്വാസത്തിലാണ് അച്ഛൻ എനിക്കു വേണ്ടി വയനാട് ജില്ലയിലേക്ക് അപേക്ഷ അയച്ചത്. അങ്ങനെ പിഎസ്‌സി പരീക്ഷ എഴുതാൻ വേണ്ടിയാണ് ആദ്യമായി വയനാട്ടിൽ വന്നത്. 30 വർഷം മുൻപാണ്. ഏകദേശം ഒരു വർഷമൊക്കെ കഴിഞ്ഞാണ് പിഎസ്‌സിയുടെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട എന്നെ ഇന്റർവ്യൂവിന് വിളിക്കുന്നത്. തലസ്ഥാന ജില്ലയിൽ ജനിച്ചു വളർന്ന എനിക്ക് വയനാടൻ കാലാവസ്ഥ, ഭക്ഷണം, ഭാഷ, ആളുകളുടെ പെരുമാറ്റം ഒക്കെ വളരെയേറെ വ്യത്യസ്തമായാണ് അനുഭവപ്പെട്ടത്. ഇതൊക്കെത്തന്നെയാവാം ഒരു പക്ഷേ എന്റെ ബാക്കി ജീവിത കാലം മുഴുവൻ ഇവിടെത്തന്നെ ജീവിക്കാൻ എനിക്ക് പ്രേരണയായത്.

1993 ലാണ് ജോലിക്കുള്ള അപ്പോയിൻമെന്റ് ഓർഡറുമായി വീണ്ടും വയനാട്ടിലെത്തിയത്. ഹോസ്റ്റലിൽ താമസിച്ചാണ് ഏകദേശം 25 കി.മീ. അകലെയുള്ള സ്കൂളിലേക്ക് പൊയ്ക്കൊണ്ടിരുന്നത്. ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നൊരു യു.പി. സ്കൂളായിരുന്നു അത്. ആദ്യ ദിവസം തന്നെ ഉണ്ടായ ഒരനുഭവം അന്നെന്നെ വല്ലാതെ കുഴപ്പിച്ചെങ്കിലും ഇന്ന് അതോർക്കുമ്പോൾ ചിരി വരും. ജൂണിലെ നല്ല മഴയുള്ള ഒരു ദിവസമായിരുന്നു അത്. എനിക്ക് പരിചയമുള്ള മഴയിൽനിന്ന് വ്യത്യസ്തമായിരുന്നു വയനാട്ടിലെ മഴക്കാലം. ചന്നംപിന്നം നിർത്താതെ പെയ്യുന്ന മഴ. കൊടും തണുപ്പും.

ആദ്യത്തെ പീരീഡ് മൂന്നാം ക്ലാസിലേക്കാണ് പോയത്. അമ്പതോളം കുട്ടികൾ ഒരു ക്ലാസ്സ് മുറിയിൽ തിങ്ങിയിരിക്കുന്നു. കലപില സംസാരിക്കുന്നുമുണ്ട്. നിഷ്കളങ്കരായ, ഓമനത്തമുള്ള കുഞ്ഞുങ്ങൾ. ആദ്യമായി ചെന്നതുകൊണ്ട് കുട്ടികളെയൊക്കെ പരിചയപ്പെടാം എന്നു കരുതി റജിസ്റ്ററെടുത്ത് പേര് വിളിക്കാൻ തുടങ്ങി. മിക്കവരുടെയും പേരിനൊപ്പം വീട്ടുപേരുകളുമുണ്ട്. നഫീസ പപ്പടം, ഹാരിസ് എണ്ണകുടിയൻ ഇങ്ങനെ രസകരമായ പേരുകൾ എനിക്കു പുതിയൊരു അനുഭവമായിരുന്നു. അപ്പോഴാണ് രണ്ടാമത്തെ ബഞ്ചിലിരുന്ന ഒരു മൊഞ്ചത്തി ‘‘ടീച്ചറേ പാത്തണം’’ എന്നു വിളിച്ചു പറഞ്ഞത്. അടുത്തിരുന്ന മറ്റൊരു കുട്ടിയെ ചൂണ്ടി ‘‘ഓളുക്കും പാത്തണം’’ എന്നും ആ കുട്ടി പറഞ്ഞു. പിന്നാലെ പലരും പാത്തണം പാത്തണം എന്നു പറയാൻ തുടങ്ങി. ആദ്യമായി കേൾക്കുന്ന വാക്കാണ്. കുറേ സമയത്തിനു ശേഷമാണ് മൂത്രമൊഴിക്കാനാണ് കുട്ടികൾ ‘‘പാത്തണം’’എന്ന് പറയുന്നതെന്ന് എനിക്ക് മനസ്സിലായത്. 3 വർഷത്തോളം ആ സ്കൂളിൽ പഠിപ്പിച്ച എനിക്ക് ആ മക്കളിൽനിന്ന് ഒരുപാട് പുതിയ വാക്കുകളും പാഠങ്ങളും പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്.

Manorama Online Career Work Experience Series K. Bindu Memoir
കെ. ബിന്ദു

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Work Experience Series - K. Bindu Memoir

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA