ആദ്യ വിദേശയാത്രയിൽ ഏതെങ്കിലും തരത്തിലുള്ള അബദ്ധം പറ്റാത്തവർ വിരളമായിരിക്കും. പ്രത്യേകിച്ച് തനിച്ചുള്ള യാത്രകളിൽ. ജോലി സംബന്ധമായ ആദ്യ വിദേശയാത്രയിൽ സംഭവിച്ച വലിയൊരു അബദ്ധത്തിന്റെ കഥയാണ് നിപുൺ വർമ പങ്കുവയ്ക്കുന്നത്. റൂം കീയിലെ നമ്പർ പരഞ്ഞപ്പോൾ മാറിപ്പോയതിനെത്തുടർന്നുണ്ടായ അബദ്ധത്തിൽനിന്ന് ജീവനും മാനവും കഷ്ടപ്പെട്ടു രക്ഷിച്ച കഥ നിപുൺ പങ്കുവയ്ക്കുന്നതിങ്ങനെ...
‘‘കോളടിച്ചല്ലോ. ദുബായിക്ക് പോകുവാ അല്ലേ? ഭാഗ്യവാൻ’’. കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകയുടെ വാക്കുകളിൽ കുശുമ്പിന്റെ അന്തർധാര സജീവമായിരുന്നു. അവരെ കുറ്റം പറയാൻ പറ്റില്ല. വർഷങ്ങളായി അതേ കമ്പനിയിൽ ജോലി ചെയ്യുന്ന അവർക്കു കിട്ടാത്ത യോഗം ആണ് പുതുമുഖമായ എനിക്ക് കിട്ടിയത്. നമ്മുടെ കമ്പനി ഉണ്ടാക്കിയ പേ റോൾ സോഫ്റ്റ്‌വെയർ ദുബായിൽ ഉള്ള ക്ലയന്റ് ഓഫിസിൽ പോയി സെറ്റപ്പ് ആക്കുക. അവിടെയുള്ള അറബികളെ അതുപയോഗിക്കാൻ പഠിപ്പിക്കുക. ഇത്രയുമായിരുന്നു എന്നിൽ നിക്ഷിപ്തമായ കർത്തവ്യം. ഇടതടവില്ലാതെ പൊട്ട ഗ്രാമറിൽ ലോക്കൽ ഇംഗ്ലിഷിൽ തള്ളാനുള്ള വൈഭവം ആയിരുന്നു എനിക്കു നറുക്കു വീഴാൻ കാരണം.
ആദ്യമായി വിമാനത്തിൽ കയറുന്നു. ആദ്യ വിദേശ യാത്ര. അതും കമ്പനിച്ചെലവിൽ. നാട്ടിൽ എനിക്കൊരു മിനി നായക പരിവേഷത്തിന് ഇതൊക്കെത്തന്നെ ധാരാളമായിരുന്നു. ആകെ ആവേശം കയറിയ ഞാൻ കോട്ടും സൂട്ടും വാങ്ങി യാത്രയ്ക്ക് തയാറായി. രാജകീയമായി ദുബായ് നഗരത്തിൽ ലാൻഡ് ചെയ്തു. എന്റെ പേര് എഴുതിയ ബോർഡുമായി നിന്ന ഡ്രൈവറെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കണമെന്ന് തോന്നി. പഞ്ചനക്ഷത്ര ഹോട്ടലിലെ റൂം കൂടി ആയതോടെ എനിക്കെന്നോടു തന്നെ ബഹുമാനം വച്ചടി വച്ചടി കേറി. മുറിക്കു താക്കോലിന് പകരം കാർഡ് കിട്ടിയപ്പോ ഒരു മിനിറ്റ് വായും പൊളിച്ചു നിന്നെങ്കിലും പെട്ടെന്ന് തന്നെ ഞാൻ സംയമനം വീണ്ടെടുത്തു.
‘‘ശാസ്ത്രത്തിന്റെ ഒരു വളർച്ചയേ’’ എന്നൊരു ആത്മഗതത്തോടെ മണിക്കുട്ടന്റെ (ബെൽ ബോയ്) പിന്നാലെ ഞാൻ റൂമിലേക്ക് ചെന്നു. കാർഡ് കാണിച്ചതും പച്ച വെളിച്ചം കത്തി പീ പീ എന്ന ശബ്ദവുമായി വാതിൽ തുറന്നു.
റൂം നമ്പർ 701 ലേക്ക് ഞാൻ വലതു കാൽ വച്ച് കയറി. ആ പഞ്ചനക്ഷത്ര മുറി സത്യത്തിൽ എന്നെക്കൊണ്ട് നക്ഷത്രമെണ്ണിച്ചു. ഏതു സ്വിച്ചിൽ ഞെക്കിയാൽ എന്തു വരും എന്ന് കണ്ടുപിടിക്കാൻ തന്നെ കുറേ നേരമെടുത്തു. ഒടുവിൽ ഒരു വിധം സെറ്റ് ആയി എന്ന് തോന്നിയപ്പോ അൽപ്പം ആത്മവിശ്വാസം കേറി അങ്ങ് തലയ്ക്കു പിടിച്ചു. നല്ല തണുപ്പുള്ള സമയം ആയതുകൊണ്ട് പുറത്തൊക്കെ നടന്നു വരാം എന്നു വിചാരിച്ചു ഞാൻ വേഷം മാറി ജാക്കറ്റും വലിച്ചു കയറ്റി പുറത്തേക്കിറങ്ങി. കാർഡ് റിസപ്ഷനിൽ ഇരുന്ന സുന്ദര കളേബരന്റെ കയ്യിൽ കൊടുത്തേൽപ്പിച്ചു.
കുറച്ചു നേരം തെക്കോട്ടും വടക്കോട്ടും നടന്ന് ഏതോ ചൈനീസ് റസ്റ്ററന്റ് കണ്ടു പിടിച്ചു കുറെ നൂഡിൽസും വിഴുങ്ങി ഞാൻ തിരിച്ചെത്തി. റിസപ്ഷനിൽ ചെന്നപ്പോ നമ്മുടെ സുന്ദരൻ അവിടെ കൂടെ ഉള്ള സുന്ദരിയുമായി അൽപം പഞ്ചാരയുടെ ‘കിറ്റ്’ വിതരണം നടത്തിക്കൊണ്ടിരിക്കുകയാണ്. സ്വർഗത്തിലെ കട്ടുറുമ്പായി ഞാൻ ഇടിച്ചു കേറി റൂം നമ്പർ 501 ന്റെ കീ ചോദിച്ചു. മുഖത്തു ഒരു ചിരിയും മനസ്സിൽ എനിക്കായി ഒരു തെറിയും കനിഞ്ഞു നൽകി നമ്മുടെ സുന്ദരൻ കീ എടുത്തു തന്നു. പെട്ടെന്ന് എന്നെ പറഞ്ഞു വിട്ടിട്ട് അദ്ദേഹം ഷുഗർ ഫാക്ടറിയുടെ ഷട്ടർ വീണ്ടും തുറന്നു. ലിഫ്റ്റിൽ കയറി അഞ്ചാം നിലയിൽ എത്തി ഞാൻ റൂമിനു വെളിയിൽ ചെന്ന് കാർഡ് എടുത്തു ജാടയിൽ വീശി. പീ പീ ശബ്ദവും പച്ച ലൈറ്റും കത്തിച്ച് വാതിൽ എന്നെ സ്വാഗതം ചെയ്തു. മൂളിപ്പാട്ടും പാടി ഞാൻ നേരെ അകത്തേക്ക് കേറി.
‘‘സ്വർഗ്ഗത്തിലോ ഞാൻ സ്വപ്നത്തിലോ’’ പാട്ടു മൂളിക്കൊണ്ടു ഞാൻ എന്റെ വിദേശ വസ്ത്രങ്ങൾ താത്കാലികമായി ബഹിഷ്കരിക്കാൻ ആരംഭിച്ചു. പരിപാടി ഏകദേശം പൂർണതയിൽ എത്തുന്നതിനു തൊട്ടു മുമ്പ് എനിക്കൊരു പന്തികേട് മണത്തു. കട്ടിലിനു മുകളിൽ കുറേ പുതിയ തുണികൾ. അതും പള പളാ മിന്നുന്ന ഒരു ലോഡ് തുണികൾ. മുറിയിൽ മൊത്തത്തിൽ ഒരു മുന്തിയ പെർഫ്യൂമിന്റെ ഗന്ധം. മൂലയിൽ ഒരു പരിചയവുമില്ലാത്ത രണ്ടു ഗമണ്ടൻ പെട്ടികൾ. തലയ്ക്കു അടി കിട്ടിയ പോലെ പെട്ടെന്നു ഒരു മന്ദത. ഉള്ളിൽ ഒരു ടിപ്പർ ലോഡ് ഉരുണ്ടു കേറ്റം.
എന്റെ റൂം 701 അല്ലായിരുന്നോ? 501 എവിടുന്നു വന്നു. ചൈനീസ് നൂഡിൽസ് കഴിച്ചപ്പോൾ കിട്ടിയ ബില്ലിലെ തുക ഇന്ത്യൻ റുപ്പീയിൽ കണക്കു കൂട്ടിയപ്പോൾ കിട്ടിയ തുക മനസ്സിൽ ഇട്ടു കൊണ്ട് വന്ന എനിക്ക് കിട്ടിയ പണി. 501 രൂപ ഹോട്ടലിൽ എത്തിയപ്പോൾ റൂം നമ്പർ 501 ആയി. ഇപ്പോൾ ഞാൻ നിൽക്കുന്നത് ഏതോ സുന്ദരിയുടെ മുറിയിലാണ്. ഇവിടെ വച്ചെങ്ങാനും ഞാൻ പിടിയിലായാൽ. ദൈവമേ തലയില്ലാതെ എന്നെ കാണാൻ എന്തൊരു വൃത്തികേടായിരിക്കും.
ബഹിഷ്‌കരിച്ച വസ്ത്രങ്ങൾ നിമിഷ നേരം കൊണ്ട് പൂർവാശ്രമം പ്രാപിച്ചു. സോഡാക്കുപ്പിയുടെ അടപ്പു പോലെ ‘‘ടപ്പ്’’ ശബ്ദവുമായി ഞാൻ പുറത്തേക്കു തെറിച്ചു. ഓടി ലിഫ്റ്റിൽ കയറി നേരെ ഏഴാമത്തെ നിലയിൽ ചെന്നു. 701 ന്റെ മുന്നിൽ ചെന്ന് കാർഡ് വീശി. പോടാ ഊവ്വേ, എന്ന് പറഞ്ഞു കൊണ്ട് വാതിൽ ചുവന്ന വെളിച്ചം കാണിച്ചു മുഖം വീർപ്പിച്ചു. വാതിൽ തുറക്കില്ല. എങ്ങനെ തുറക്കും. സുന്ദരൻ എനിക്ക് തന്നത് 501 സെറ്റ് ചെയ്ത കാർഡ് ആണല്ലോ. ഇനി എന്തു ചെയ്യും. സുന്ദരൻ സഹായിക്കാതെ മുറി തുറക്കാനും പറ്റില്ല. സുന്ദരനോട് ഇത് എങ്ങനെ പറയും? എങ്ങനെ പറയാതിരിക്കും?
ഒടുവിൽ ഗത്യന്തരമില്ലാതെ റിസപ്ഷനിൽ ചെന്നു കയറി. സുന്ദരന്റെ സുന്ദരിയെ ഇപ്പോൾ കാണാനില്ല. ഞാൻ പതുക്കെ സൈഡിൽ ചെന്ന് പരുങ്ങി നിന്നു. സുന്ദരൻ എന്റെ നേരെ നോക്കി ‘‘ഹൗ ക്യാൻ ഐ ഹെൽപ് യു സർ?’’ എന്ന് അറബി ആക്‌സെന്റിൽ ഉള്ള ആംഗലേയത്തിൽ ചോദിച്ചു. ഞാൻ കുറെക്കൂടി അടുത്ത് ചെന്ന് അറിയാവുന്ന ആംഗലേയത്തിൽ കാര്യം അവതരിപ്പിച്ചു. സുന്ദരന്റെ മുഖം ചുവന്നു തുടുത്തു. ചെറുതായി വിറയ്ക്കാനും തുടങ്ങി. അപ്പോഴാണ് എനിക്കു കത്തിയത്. പണിയായാൽ ഞാൻ മാത്രമല്ല അവനും അകത്താകും. സുന്ദരിക്ക് പഞ്ചാര വാരിക്കോരി കൊടുക്കുന്നതിന്റെ തിരക്കിൽ മുന്നും പിന്നും നോക്കാതെ എനിക്ക് കീ തന്ന അവൻ സത്യത്തിൽ എന്റെ കൂട്ടുപ്രതിയാണ്. ആ തിരിച്ചറിവിന്റെ ആശ്വാസത്തിൽ എനിക്കവനെ കെട്ടിപ്പിടിക്കാൻ തോന്നി. അവനാകട്ടെ എന്നെ കൊല്ലാനും തോന്നിക്കാണണം.
‘‘ഡോണ്ട് ടെൽ ദിസ് റ്റു എനി വൺ. ഐ വിൽ ലൂസ് മൈ ജോബ്. പ്ലീസ്’’. എന്നു പറഞ്ഞ് അവൻ 701 സെറ്റ് ആക്കി കീ എനിക്ക് തരുമ്പോൾ അവന്റെ കൈ കിലു കിലാ വിറയ്ക്കുണ്ടായിരുന്നു. എന്നാലും സഹപ്രവർത്തകയുടെ പ്രാക്കിന് ഇത്രേം ശക്തിയുണ്ടെന്ന് വിചാരിച്ചില്ല. അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ കാരണവന്മാരുടെ സുകൃതം. അല്ലെങ്കിൽ ഞാനും സുന്ദരനും ഏതെങ്കിലും അറബി ജയിലിൽ കിടന്നു ഖുദാ ഗവാ ആയേനെ. പിന്നീടങ്ങോട്ട് ഒരു പാട് അബദ്ധങ്ങൾ ക്ലയന്റ് ഓഫിസിൽ ഉണ്ടായെങ്കിലും അങ്ങോട്ട് കയറുന്നതിനു മുന്നേ തന്നെ പണി മേടിച്ച ഈ സംഭവം തന്നെ ഉള്ളതിൽ കളർ ഐറ്റം.

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും
Content Summary : Career Work Experience Series - Nipun Varma Memoir