ADVERTISEMENT

ആശുപത്രികളുമായി അടുത്തു പ്രവർത്തിക്കുന്നവരാണ് മെഡിക്കൽ റെപ്രസന്ററ്റീവുകൾ. ഡോക്ടർമാർക്കു പുതിയ മരുന്നുകൾ പരിചയപ്പെടുത്തുകയാണ് മെഡിക്കൽ റെപ്രസന്ററ്റീവുമാരുടെ ജോലി. ഡോക്ടർമാരെ സന്ദർശിക്കാൻ ചെല്ലുമ്പോഴുണ്ടാകുന്ന അനുഭവങ്ങൾ പലപ്പോഴും ചിരിയ്ക്കും ചിന്തയ്ക്കും വക നൽകാറുണ്ട്. തിരക്കേറിയ കൺസൽറ്റിങ് മുറിയിൽ മെഡിക്കൽ റെപ്രസന്ററ്റീവുമാർ ഡോക്ടറെ കാണാൻ എത്തിയാൽ രോഗികൾ പോലും ദേഷ്യപ്പെട്ടേക്കാം. അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് വയനാട് മാനന്തവാടിയിൽനിന്നുള്ള സി. ഹാഫിസ്.

 

മെഡിക്കൽ റെപ്രസന്ററ്റീവായി ജോലി തുടങ്ങിയ ആദ്യനാളുകളിൽ സ്വദേശമായ വയനാട് ജില്ലയും കർണാടകത്തിലെ ചില ജില്ലകളുമായിരുന്നു എന്റെ പ്രവർത്തനമേഖല. സംഭവം നടക്കുന്നത് കുടകിലെ കുട്ട എന്ന പ്രദേശത്തായിരുന്നു. ആ പ്രദേശം കാപ്പിത്തോട്ടങ്ങളുടെ നാടാണ്. വൻകിട കാപ്പി എസ്റ്റേറ്റുകളും തൊഴിലാളികളും ചെറിയൊരു ബസ് സ്റ്റാൻഡും അതിനു സമീപത്തായി ഒരു ഫാർമസിയുണ്ട്, ഭാഷ കന്നഡയാണെങ്കിലും എല്ലാവരും കന്നഡ കലർത്തിയുള്ള മലയാളം സംസാരിക്കും. ആ ഫാർമസിയിൽ അന്വേഷിച്ചപ്പോൾ തൊട്ടടുത്ത് ഹോസ്പിറ്റലുണ്ടന്നറിയാൻ കഴിഞ്ഞു.

 

നേരെ ഹോസ്പിറ്റൽ ലക്ഷ്യമാക്കി വച്ചു പിടിച്ചു. കവാടത്തിൽ വലിയ ബോർഡ്. പക്ഷേ വായിക്കാനാവില്ല. കാരണം കന്നഡ ഭാഷയിലാണ്. വിശാലമായതും പരന്നു കിടക്കുന്നതുമായ കെട്ടിടങ്ങൾ. കാണാൻ വലിയ സൗന്ദര്യമില്ലാത്ത പഴക്കം ചെന്ന കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് വൃത്തിക്കുറവൊന്നുമില്ല, കുറച്ച് ദൂരം നടന്ന് കെട്ടിടത്തിനുള്ളിലെത്തിയപ്പോൾ ആളുകൾ ഒപി ടിക്കറ്റെടുക്കാൻ ക്യൂ നിൽക്കുന്നു. അറിയാവുന്ന കന്നഡ ഭാഷയിൽ ഡോക്ടർ എവിടെയെന്ന് നഴ്സിനോട് ചോദിച്ചപ്പോൾ  ഇടനാഴി ചൂണ്ടിക്കാണിച്ചു. പ്രതീക്ഷയോടെ നടന്നപ്പോൾ കുറച്ചകലെ ഒരു ബോർഡ് കണ്ടു. പക്ഷേ വായിക്കാനാവില്ല കാരണം കന്നഡ ഭാഷ. 

 

മുറിയുടെ വാതിൽക്കലെത്തി അകത്തേക്ക് നോക്കിയപ്പോൾ മങ്ങിയ ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ ഡോക്ടർ ഒരു രോഗിയെ പരിശോധിക്കുന്നത് കണ്ടു. ഡോക്ടർ തലയുയർത്തി എന്നെ നോക്കി പുഞ്ചിരിച്ചു. പരിശോധനയ്ക്കു ശേഷം പെട്ടെന്നു പുറത്തേക്ക് വന്ന് എന്നോടദ്ദേഹം കന്നഡത്തിൽ കുറച്ച് കാര്യങ്ങൾ ചോദിച്ചു, സത്യത്തിൽ എനിക്കൊന്നും മനസ്സിലായില്ല.  കൈ കൊണ്ട് അകത്തേക്ക് ആംഗ്യം കാണിച്ചു കൊണ്ട് എന്നെ അദ്ദേഹത്തിന്റെ പരിശോധന മുറിയിലേക്ക്  ക്ഷണിച്ചു, 

 

ഡോക്ടറുടെ പെരുമാറ്റം കണ്ടപ്പോൾ എനിക്കു ശരിക്കും സന്തോഷം തോന്നി. മെഡിക്കൽ റെപ്രസന്ററ്റീവുമാർക്ക് ഇത്രയും ഹൃദ്യമായ സ്വീകരണമോ?

 

ഡോക്ടർ എന്നോട് വിനയത്തോടെ ഇരിക്കാൻ പറഞ്ഞു. കന്നഡ ഭാഷയിൽ കുറച്ച് എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. 

 

Manorama Online Career Work Experience Series Hafis C Memoir
സി. ഹാഫിസ്

അദ്ദേഹത്തിന്റെ നിഷ്കളങ്കമായ പെരുമാറ്റത്തിൽ ഞാൻ ആ സത്യം പറഞ്ഞു – സർ... ഞാനൊരു മെഡിക്കൽ റെപ്രസന്റീറ്റിവാണ്.

 

ഇത് കേട്ടതും ഡോക്ടറുടെ മുഖഭാവം മാറി. ഡോക്ടർ പ്രതീക്ഷയോടെ കാത്തിരുന്ന ആൾ ഞാനെല്ലന്ന് അദ്ദേഹം അറിഞ്ഞത് അദ്ദേഹത്തിന്റെ ചമ്മിയ മുഖത്തുനിന്ന് ഞാൻ വായിച്ചെടുത്തു,

 

ഡോക്ടർ ഇനി എങ്ങനെ എന്നോട് പെരുമാറുമെന്ന ചിന്തയിൽ എന്റെ ശരീരം മൊത്തം വിയർക്കാൻ തുടങ്ങി. 

 

വലിയൊരു ഗെറ്റ് ഒൗട്ട്.... എന്ന് പ്രതീക്ഷിച്ച എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം എന്നോട് നല്ല രീതിയിൽ പെരുമാറുകയും മെഡിസിൻ ഫാർമസിയിൽ ലഭ്യമാണെങ്കിൽ പ്രിസ്ക്രൈബ് ചെയ്യാമെന്ന ഉറപ്പും നൽകി. ഇക്കാര്യങ്ങൾ സംസാരിച്ച് കഴിയുമ്പോഴേക്കും ഡോക്ടർ പ്രതീക്ഷയോടെ കാത്തിരുന്നയാൾ വാതിൽക്കൽ എത്തിയിരുന്നു. ആ ഹോസ്പിറ്റലിൽ പുതിയതായി ജോലി ചെയ്യാനെത്തിയ ഒരു ഡോക്ടറായിരുന്നു അദ്ദേഹം.

 

ഞങ്ങൾ രണ്ടു പേരും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് അദ്ദേഹത്തെ കാണാനെത്തിയത് അതാണ് ആശയക്കുഴപ്പത്തിനിടയാക്കിയതെന്ന് എനിക്ക് മനസ്സിലായി. അപ്പോഴാണ് മനസ്സിലായത് അതൊരു സർക്കാർ ആശുപത്രിയായിരുന്നുവെന്ന്. അവിടെ മരുന്ന് വിൽക്കാൻ പോയ എന്നെ പിടിച്ച് കർണാടക  പൊലീസിനെ ഏൽപ്പിക്കാതിരുന്നത് ഭാഗ്യം !

 

ജോലിയുടെ ഭാഗമായി എവിടെയും മടിയില്ലാതെ കയറിച്ചെല്ലാനുള്ള ആത്മവിശ്വാസം ആ സംഭവത്തോടെ നേടിയെടുക്കാനായി. ഈ സംഭവം കരിയറിൽ മറക്കാനാവാത്ത ഒരു അനുഭവമാണ്.

 

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Career Work Experience Series - Hafis. C Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com