ADVERTISEMENT

കാട്ടിലെ ചെറുമരങ്ങൾ  ദൈവത്തോടു പരാതി പറഞ്ഞു: വൻമരങ്ങൾ പടർന്നുപന്തലിച്ചു നിൽക്കുന്നതിനാൽ ഞങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല.  സൂര്യപ്രകാശം ലഭിക്കാത്തതുകൊണ്ടു വളരാനും സാധിക്കുന്നില്ല. ഞങ്ങൾ എന്നും ചെറുതായിത്തന്നെ നിൽക്കുന്നു. പിറ്റേന്നുതന്നെ ദൈവം വന്മരങ്ങളെയെല്ലാം അപ്രത്യക്ഷമാക്കി. അതിശക്തമായ മഴയും വെയിലുമേറ്റു ചെറുമരങ്ങൾ തളരാൻ തുടങ്ങി. അവർ ദൈവത്തോടു വീണ്ടും പറഞ്ഞു: ഞങ്ങൾക്കു തെറ്റുപറ്റി. ദയവുചെയ്ത് വൻമരങ്ങൾ പുനഃസ്ഥാപിക്കുക. അവയ്ക്കിടയിലൂടെ ഞങ്ങൾ വളർന്നുകൊള്ളാം. 

 

ഒന്നും പരസ്പരവിരുദ്ധമല്ല; എല്ലാം പരസ്പരപൂരകങ്ങളാണ്. തന്റെ കഴിവുകൊണ്ടും തനിമകൊണ്ടും മാത്രം വളരുന്ന ഒന്നും ഉണ്ടാകില്ല. ഓരോന്നും മറ്റൊന്നിനെ സാധൂകരിക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്. പൊതുക്രമീകരണ ത്തിൽ നിൽക്കുമ്പോൾ ഒന്നിനും മറ്റൊന്നിന്റെ വില മനസ്സിലാകില്ല. അതിപ്രധാനമെന്നു തോന്നുന്നവയ്ക്കും അപ്രധാനമെന്നു തോന്നുന്നവയ്ക്കും ഒരേ കൂട്ടുത്തരവാദിത്തം മാത്രമാകും ഉണ്ടാകുക. നിസ്സാരമെന്നു കരുതുന്നവ അപ്രത്യക്ഷമാകുമ്പോഴറിയാം അവയുടെ സാന്നിധ്യം എത്ര ഗൗരവതരമായിരുന്നു എന്ന്.  

 

ഓരോന്നിനും അതിന്റേതായ പ്രാധാന്യമുണ്ട്.  വ്യത്യസ്തത കൊണ്ടും വൈശിഷ്ട്യംകൊണ്ടും ഓരോന്നും തങ്ങളുടെ ആവാസവ്യവസ്ഥയെ ക്രമീകരിക്കുന്നുമുണ്ട്.  മാനംമുട്ടെ വളരുന്നവയും മണ്ണോടു ചേർന്നു നിൽക്കുന്നവയുമുണ്ട്. രാത്രി പൂക്കുന്നവയും പകൽ പൂവിടുന്നവയുമുണ്ട്. പച്ചനിറമുള്ളവയും മഞ്ഞ നിറമുള്ളവയുമുണ്ട്. തൊട്ടാൽ വാടുന്നവയും തൊട്ടാലുണരുന്നവയുമില്ലേ. അനുയോജ്യമായതേത്, അപ്രസക്തമായതേത് എന്ന് എന്തിന്റെയടിസ്ഥാനത്തിൽ വിലയിരുത്തും? 

 

ഇഷ്ടമുള്ളവയുടെ ആധിക്യവും ഇഷ്ടമില്ലാത്തവയുടെ അഭാവവും എല്ലാവരുമാഗ്രഹിച്ചാൽ വംശനാശം സംഭവിക്കാത്ത ആരെങ്കിലുമുണ്ടാകുമോ? തനിക്കൊപ്പം വളരുന്നവയ്ക്കെല്ലാം തന്റെ വളർച്ചയിൽ ആധികാരികമായ പങ്കുണ്ട് എന്ന തിരിച്ചറിവുണ്ടെങ്കിൽ ആരും ആരെയും അവഗണിക്കില്ല.

 

Content Summary : How to deal with neglect

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com