ADVERTISEMENT

അമേരിക്കയടക്കം പല വിദേശരാജ്യങ്ങളിലെയും സർവകലാശാലകൾ അണ്ടർ ഗ്രാജുവേറ്റ് പ്രവേശനത്തിനു സാറ്റ്–സ്കോർ (SAT-SCORE) ഉപയോഗിച്ചുവരുന്നു. ഹയർ സെക്കൻഡറിയിലെ മാർക്കും സാറ്റ്–സ്കോറും ചേർത്തു പരിശോധിക്കുമ്പോൾ, അണ്ടർ ഗ്രാജുവേറ്റ് പഠനത്തിലെ വിജയസാധ്യത വിലയിരുത്താനുളള വിശ്വാസയോഗ്യമായ സൂചകം ലഭിക്കുന്നു. നീതിപൂർവമായ പ്രവേശനം ഉറപ്പാക്കാനാണു സർവകലാശാലകൾ സാറ്റ്–സ്കോറിനെ ആശ്രയിക്കുന്നത്. ഇന്ത്യയടക്കം പല രാജ്യങ്ങളിലും പരീക്ഷയിൽ അത്യുദാരമായി ലഭിക്കുന്ന മാർക്കുകളുടെ വിശ്വാസ്യത ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്നില്ല. 

 

സ്കോറിന് സ്കോളർഷിപ് 

ഇന്ത്യൻ വിദ്യാർഥികൾക്കു വിദേശപഠനത്തിനു പോകാൻ സൗകര്യം ഇവിടുത്തെ ബാച്‌ലർ ബിരുദം നേടിക്കഴിഞ്ഞാണ്. പക്ഷേ, ചില രക്ഷിതാക്കൾ പ്ലസ് ടു കഴിഞ്ഞ കുട്ടികളെ വിദേശപഠനത്തിനു നിയോഗിക്കാറുണ്ട്. ചെലവേറിയ ഈ മാർഗം സ്വീകരിക്കുന്നവർ ‘സാറ്റ്’ സംബന്ധിച്ച  വിവരങ്ങൾ നിശ്ചയമായും അറിഞ്ഞിരിക്കണം. ഗൾഫ് മലയാളികളിൽ പലരും ഈ രീതി സ്വീകരിച്ചുവരുന്നു. 

 

ഇന്ത്യയിലെ പല സർവകലാശാലകളും സാറ്റ് സ്കോർ പരിഗണിക്കുന്നുണ്ട്. ഇതിന്റെ വിവരങ്ങൾക്ക് https://international.collegeboard.org/students/sat/acceptance-india. ലാഭേച്ഛ കൂടാതെ 1900 മുതൽ പ്രവർത്തിച്ചുവരുന്ന കോളജ് ബോർഡാണ് സാറ്റ് നടത്തുന്നത് (www.collegeboard.com). 6,000 വിദ്യാലയങ്ങൾ ഇതുമായ സഹകരിക്കുന്നു. ആഗോളതലത്തിൽ വർഷം തോറും 70 ലക്ഷത്തോളം കുട്ടികൾ സാറ്റിനു തയാറെടുക്കുന്നു. സാറ്റ് ഫീസിന്റെ വിവരങ്ങൾ കോളജ് ബോർഡിന്റെ സൈറ്റിലുണ്ട്. ഇന്ത്യയിൽ താമസിക്കുന്ന കുട്ടികൾക്ക് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഗണ്യമായ ഫീസിളവു കിട്ടും. 

 

11ലും 12ലും പഠിക്കുന്നവർക്കു ഡിസ്കൗണ്ട് വൗച്ചറിന് അപേക്ഷിക്കാം. വാർഷികകുടുംബവരുമാനം 8 ലക്ഷം രൂപയിൽ കുറവായവർക്ക് 90% ഡിസ്കൗണ്ട് കിട്ടും. 8 മുതൽ 15 വരെ ലക്ഷം രൂപയെങ്കിൽ ഡിസ്കൗണ്ട് 50%. ടെസ്റ്റിൽ 1300 സ്കോർ എങ്കിലും നേടുന്നവർക്ക് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ സർവകലാശാലകളിൽ ‘മെറിറ്റ്–കം–നീഡ്’ സ്കോളർഷിപ്പിന് അർഹത ലഭിക്കും. സാറ്റുമായി സഹകരിക്കുന്ന സർവകലാശാലകളിലാണ് ഈ സൗജന്യമുള്ളത്. 

 

സാറ്റിന്റെ ഘടന ,ഘടകം, സമയം (മിനിറ്റ്) ചോദ്യം

Reading 65 52

Writing & 

Language 35 44

Math 80 58

Total 180 154 

 

സങ്കീർണ ഘടകങ്ങൾ  

 

∙Reading: വിവിധ വിഷയങ്ങളിലെ സങ്കീർണവിവരണങ്ങൾ വായിച്ചു വേണ്ടവിധം മനസ്സിലാക്കി യുക്തിപൂർവം വിലയിരുത്താൻ കഴിയണം.

∙Writing & Language: തെറ്റുകളുള്ള ടെക്സ്റ്റ് വായിച്ച് വ്യാകരണവും ചിഹ്നനവും (കുത്ത്, കോമ മുതലായവ) തിരുത്തി ശരിയാക്കി, ഭംഗിയായി എഡിറ്റ് ചെയ്യണം. സങ്കീർണാശയങ്ങൾ, അനാവശ്യ ആവർത്തനം മുതലായവ മനഃപൂർവം ടെക്സ്റ്റിൽ വരുത്തിയിട്ടുള്ളതു തിരിച്ചറിഞ്ഞ് ശരിയാക്കണം.

∙Math: വെറുതേ 12ലെ കണക്കിലെ ചോദ്യങ്ങൾ ആവർത്തിക്കുകയായിരിക്കില്ല സാറ്റിൽ. ഓൾജിബ്രയ്ക്കു മുൻതൂക്കം കാണും. വിശ

കലനശേഷി പരിശോധിക്കും. ലീനിയർ ഇക്വേഷൻസ് പെട്ടെന്നു നിർധാരണം ചെയ്യാൻ കഴിയണം. അനുപാതം, ഡേറ്റ അനലിസിസ്, പ്ലസ് ടുവിനപ്പുറമുള്ള ചില പാഠങ്ങൾ, ഗ്രാഫിക്സ് എന്നിവയ്ക്കു പുറമേ ഹൈസ്കൂൾ മാത്തമാറ്റിക്സ് ചോദ്യങ്ങളും പ്രതീക്ഷിക്കാം. കാൽക്യുലേറ്റർ ഉപയോഗിക്കാവുന്നതും അല്ലാത്തതുമായ ഭാഗങ്ങളുണ്ട്. ഉപയോഗിക്കാവുന്ന ഭാഗത്ത് (55 മിനിറ്റ്, 38 ചോദ്യം) ആ ഉപയോഗം കാര്യക്ഷമമാക്കാനുള്ള ശേഷിയും വിലയിരുത്തും. കാൽക്യുലേറ്ററില്ലാത്ത ഭാഗത്ത് 25 മിനിറ്റ്, 20 ചോദ്യം.

സാറ്റ് എഴുതുന്നവരിൽ താൽപര്യമുള്ളവർക്ക് ആവശ്യമെങ്കിൽ പങ്കെടുക്കാവുന്ന ‘എസ്സേ’, ‘സാറ്റ് സബ്ജക്റ്റ് ടെസ്റ്റ്’ എന്നീ ഭാഗങ്ങളുമുണ്ടായിരുന്നു. 2021 ജൂണിൽ ഇവ നിർത്തലാക്കി. പഴയ രീതിയിൽ അവയ്ക്ക് അപേക്ഷിക്കാൻ കഴിയില്ല.

 

സാറ്റ് റജിസ്ട്രേഷൻ 

ആഗോളതലത്തിൽ വർഷംതോറും അഞ്ചോ ആറോ പ്രാവശ്യം സാറ്റ് നടത്തും. ജനറൽ ടെസ്റ്റിനും സബ്ജക്റ്റ് ടെസ്റ്റിനും വ്യത്യസ്ത തീയതികളാണ്. തീയതികൾ കോളജ് ബോർഡ് വെബ് സൈറ്റിൽ മുൻകൂട്ടി വരും. റജിസ്ട്രേഷനുള്ള നടപടിക്രമം, മാതൃകാ ചോദ്യക്കടലാസ്, ഓൺലൈൻ പ്രാക്ടീസ് ടെസ്റ്റ് മുതലായവ സമഗ്രമായി സൈറ്റിലുള്ളത് ശ്രദ്ധിച്ചു പഠിച്ച് യഥാസമയം റജിസ്റ്റർ ചെയ്തു തയാറെടുക്കുക.

കൊച്ചി, കോഴിക്കോട്, കോയമ്പത്തൂർ, ഈറോഡ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, കൊൽക്കത്ത, ഡൽഹി, ഊട്ടി. കൊടൈക്കനാൽ തുടങ്ങി ഇന്ത്യയിൽ ധാരാളം പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാകും. പക്ഷേ, എല്ലാ തീയതികളിലും എല്ലാ കേന്ദ്രങ്ങളിലും പരീക്ഷ കാണില്ല. റജിസ്ട്രേഷൻ തീയതിയും കേന്ദ്രവും ഒരുമിച്ചാണ് തിരഞ്ഞെടുക്കേണ്ടത്.

 

സ്കോർ വിലയിരുത്തൽ 

ടെസ്റ്റ് എഴുതിയവർക്കു നിർദിഷ്ട തീയതി മുതൽ സൈറ്റിൽ കയറി സ്കോർ അറിയാം. ചേരാൻ ഉദ്ദേശിക്കുന്ന നാലു സ്ഥാപനങ്ങളിലേക്ക് കോളജ് ബോർഡ് സൗജന്യമായി സ്കോർ അയച്ചുകൊടുക്കും. ഇതിനായി ടെസ്റ്റിനു മുൻപു ടെസ്റ്റ് അപേക്ഷ സമർപ്പിക്കാം. സ്കോർ നിങ്ങൾ അറിഞ്ഞശേഷം സ്ഥാപനങ്ങളിലേക്ക് അയയ്ക്കാൻ ഫീസ് അടയ്ക്കണം. ടെസ്റ്റ് എഴുതുന്ന കുട്ടികളുടെ സ്ഥിരം ചോദ്യമുണ്ട്–‘എത്രയാണു നല്ല സ്കോർ?’. ഇതിന് ഒറ്റ വാക്കിൽ മറുപടി പറയാനാവില്ല. 400–1600 സ്കെയിലിലാണു സാറ്റ് സ്കോർ. രണ്ടു ഭാഗങ്ങളുള്ളതിൽ മാത്‌സിന് 200–800, റീഡിങ്ങിനും റൈറ്റിങ്ങിനും ചേർത്ത് 200–800 എന്ന ക്രമത്തിൽ. പെർസൈന്റൈൽ സ്കോർ നിങ്ങളെ അറിയിക്കും. (പെർസൈന്റൈൽ: 72–ാമത്തെ പെർസന്റൈലെന്നു പറഞ്ഞാൽ, ടെസ്റ്റെഴുതിയവരിൽ 72% പേരെക്കാൾ മെച്ചമാണു നിങ്ങൾ എന്നു മനസ്സിലാക്കാം.) സാധാരണമായി മീൻ സ്കോർ 1025–1075 റേഞ്ചിലായിരിക്കും. ശരാശരി സ്കോർ നേടുന്ന കൂടുതൽ കുട്ടികൾ ആ റേഞ്ചിൽ വരും. ഇത് എല്ലായ്പ്പോഴും കൃത്യമായിരിക്കില്ല. 1300നു മുകളിലുള്ളതു നല്ല സ്കോറെന്നു കരുതാം. ‍ചേരാൻ ഉദ്ദേശിക്കുന്ന സ്ഥാപനമനുസരിച്ചു പ്രവേശനം കിട്ടുന്നവരുടെ മിനിമം സ്കോറും മാറിവരും. 

 

Content Summary : Is the SAT mandatory for all students wishing to study Abroad?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com