ADVERTISEMENT

ഉപരിപഠനത്തിനു വേണ്ടിയുള്ള പ്രവേശനത്തിനായി സർവകലാശാലകളും കോളജുകളും അപേക്ഷ ക്ഷണിച്ചു തുടങ്ങി. ജീവിതത്തിന്റെ ടേണിങ് പോയിന്റ് എന്നു വിശേഷിപ്പിക്കാവുന്ന ഈ ഘട്ടത്തിൽ എടുക്കുന്ന ഏതു തീരുമാനവും  നിർണായകമാണ്. കരിയറും ഭാവി ജീവിതവും വഴിമാറാൻ പോകുന്ന ആ തീരുമാനം എടുക്കുന്നതിനു സഹായിക്കാനായി 5 വിദഗ്ധർ സംസാരിക്കുന്നു 

 

റാങ്കിങ് ശ്രദ്ധിക്കാം 

career-indian-historian-rajan-gurukkal
ഡോ. രാജൻ ഗുരുക്കൾ വൈസ് ചെയർമാൻ, കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽ

 

കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ (നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക് – എൻഐആർഎഫ്) മുന്നിൽ നിൽക്കുന്ന സ്ഥാപനങ്ങളും സർവകലാശാലകളും തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.  മുൻ വർഷങ്ങളിൽ റാങ്കിങ്ങിൽ മുന്നിൽ വന്ന സ്ഥാപനങ്ങളും പരിഗണിക്കാം. നൽകുന്ന വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, ഗവേഷണത്തിനു നൽകുന്ന പ്രാധാന്യം, അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള റേഷ്യോ, പഠിച്ചിറങ്ങുന്നവർക്കു ജോലി ലഭിക്കുന്നുണ്ടോ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ വിലയിരുത്തിയാണ് റാങ്കിങ് നൽകുന്നത്. ജോലി പരിചയം കരിയറിൽ പ്രധാനപ്പെട്ട കാര്യമായതിനാൽ ബിടെക് പോലുള്ള പ്രഫഷനൽ കോഴ്സുകൾ പഠിക്കുമ്പോൾ,  പരമാവധി ക്യാംപസ് പ്ലേസ്മെന്റ് നൽകുന്ന സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നതാണു നല്ലത്.

 

ആർജിക്കുന്ന കഴിവുകൾ പ്രധാനം 

 

career-prof-m-p-rammohan
പ്രഫ. എം.പി.രാംമോഹൻ.

ഡോ. രാജൻ ഗുരുക്കൾ വൈസ് ചെയർമാൻ, കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽ 

 

ഹ്യുമാനിറ്റീസ് വിഷയങ്ങളോട് മലയാളികൾക്കു പലപ്പോഴും നെഗറ്റീവ് ചിന്താഗതിയാണ്. എന്നാൽ, ഡൽഹി പോലുള്ള സ്ഥലങ്ങളിൽ ഏറ്റവും ഡിമാൻഡ് ഈ വിഷയങ്ങൾക്കാണ്. പരമ്പരാഗത ഹ്യുമാനിറ്റീസ് വിഷയങ്ങൾക്കു പുറമേ, കംപ്യൂട്ടേഷനൽ സ്റ്റാറ്റിസ്റ്റിക്സ്, ഡേറ്റാ അനലറ്റിക്സ്, രാജ്യാന്തര നിയമം, ഇന്റർനാഷനൽ റിലേഷൻസ്, പബ്ലിക് പോളിസി, സോഷ്യൽവർക്ക്, സൈക്കോളജി, ആന്ത്രപ്പോളജി, ആർക്കിയോളജി, മ്യൂസിയോളജി, ജ്യോഗ്രഫി, എൻവയൺമെന്റൽ സയൻസ്, വിദേശ ഭാഷകൾ, ഇൻഫർമേഷൻ സയൻസ് തുടങ്ങിയ വിഷയങ്ങൾ നല്ല കരിയർ സാധ്യതയുള്ള വിഷയങ്ങളാണ്. സോഷ്യൽ വർക്ക് പോലുള്ള പ്രഫഷനൽ ഡിഗ്രികൾക്കു വിദേശത്തും നല്ല സാധ്യതകളുണ്ട്. 

 

നിയമം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഇപ്പോൾ ബിഎ / എംഎ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ ലഭ്യമാണ്. ഇവയിൽ മിക്കതിനും ദേശീയ പ്രവേശന പരീക്ഷ വഴിയാണു പ്രവേശനം. മികച്ച നിലവാരം പുലർത്തുന്ന ചില സ്ഥാപനങ്ങൾ സ്വന്തം പ്രവേശന പരീക്ഷ വഴിയും പ്രവേശനം നടത്തുന്നു. കേന്ദ്ര– സംസ്ഥാന സർവകലാശാലാ ക്യാംപസുകളിൽ പഠിക്കാൻ അവസരം ലഭിച്ചാൽ അത് നല്ല അനുഭവമാകും. 

 

റോയ് ജോർജ്
റോയ് ജോർജ്, പ്രസിഡന്റ്, ട്രെയിൻഡ് നഴ്സസ്, അസോസിയേഷൻ ഓഫ് ഇന്ത്യ

യഥാർഥത്തിൽ ഏതു വിഷയം പഠിക്കുന്നു എന്നതല്ല എന്തൊക്കെ കഴിവുകൾ നേടുന്നു എന്നതാണു പ്രധാനം. ഒരു വിഷയം പഠിക്കുമ്പോൾ നന്നായി മനസ്സിലാക്കാനും അറിവു പ്രയോഗിക്കാനും വിമർശിക്കാനും ക്രിയാത്മകമായി ചിന്തിക്കാനും സാധിക്കണം. അങ്ങനെയുള്ളവർക്കാണ് ഇന്നത്തെ തൊഴിലുകളിൽ 80 ശതമാനവും. പ്രഫഷനൽ പ്രോഗ്രാമുകളിൽപോലും ബിരുദവും ബിരുദാനന്തര ബിരുദവും നേടുന്നവർക്ക് ഇങ്ങനെയുള്ള കഴിവുകൾ വികസിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ നല്ല തൊഴിൽ ലഭിക്കുകയോ ലഭിച്ചാൽത്തന്നെ അതിൽ ശോഭിക്കാനോ സാധിക്കില്ല. 

 

രാഷ്ട്രീയ പാർട്ടികളിൽ‌ പോലും അവസരം

 

പ്രഫ. എം.പി.രാംമോഹൻ. ചെയർപഴ്സൻ, അഡ്മിഷൻസ്, ഐഐഎം അഹമ്മദാബാദ് 

 

കൊമേഴ്സ്, മാനേജ്മെന്റ് മേഖലയിലെ എല്ലാ കോഴ്സുകൾക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. ചാർട്ടേഡ് അക്കൗണ്ടിങ് ഫിനാൻസ് മേഖലയിൽ പ്രായോഗികമായ പരിചയം നൽകുമ്പോൾ എംബിഎ  പ്രശ്നപരിഹാരത്തിനുള്ള ശേഷികൾക്കു മുൻതൂക്കം നൽകുന്നു. രാഷ്ട്രീയ പാർട്ടികൾ പോലും തിരഞ്ഞെടുപ്പ് കാലങ്ങളിൽ എംബിഎ ബിരുദധാരികളുടെ സേവനം തേടുന്ന കാലമാണിത്. 

ഡോ. കുഞ്ചെറിയ പി. ഐസക്.
ഡോ. കുഞ്ചെറിയ പി. ഐസക്, കേരള സാങ്കേതിക സർവകലാശാല സ്ഥാപക വിസി

 

നിരന്തരമായി പരിശ്രമിക്കാനുള്ള മനസ്സിനൊപ്പം സമൂഹത്തെക്കുറിച്ചും സമ്പദ് വ്യവസ്ഥയെക്കുറിച്ചുമുള്ള അവബോധം, ടീമായി പ്രവർത്തിക്കാനുള്ള കഴിവ് എന്നിവയുണ്ടെങ്കിൽ ഈ മേഖലയിൽ ശോഭിക്കാം.  മാനേജിങ് റോളുകൾ, അക്കൗണ്ടിങ്, റിസ്ക് അനാലിസിസ്, ബാങ്കിങ്, ഫിനാൻസ്, സ്റ്റോക് മാർക്കറ്റ്, കൺസൽട്ടിങ്, എഫ്എംജിസി (ഫാസ്റ്റ് മൂവിങ് കൺസ്യുമർ ഗുഡ്സ്) എന്നിങ്ങനെ വിവിധ മേഖലകളിലേക്കു തിരിയാനുള്ള അവസരങ്ങൾ കൊമേഴ്സ് വിദ്യാർഥികൾക്കു ലഭിക്കുന്നു. 

 

എംബിഎ പഠനത്തിനു തിരഞ്ഞെടുക്കാവുന്ന ഒട്ടേറെ മികച്ച സ്ഥാപനങ്ങൾ  മുന്നിലുണ്ട്. ഐഐഎം, സേവ്യേഴ്സ്, ഐഐടി, കേന്ദ്ര സർവകലാശാലകൾ, കുസാറ്റ് പോലുള്ള സംസ്ഥാന സർവകലാശാലകൾ എന്നിവ അവയിൽ ചിലതാണ്. എംബിഎ പ്രവേശനത്തിനു CAT പരീക്ഷയാണു പ്രധാനപ്പെട്ടത്. 

XAT, MAT എന്നീ പ്രവേശന പരീക്ഷകളും നടക്കുന്നുണ്ട്. സർവകലാശാലകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും അവരവരുടേതായ പ്രവേശന പരീക്ഷകളുമുണ്ട്. കുസാറ്റിൽ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റുണ്ട്. സർവകലാശാലകളിൽ അവരുടെ പ്രവേശന പരീക്ഷകളും നടക്കുന്നു. 

ഡോ. സാബു തോമസ്
ഡോ. സാബു തോമസ് വൈസ് ചാൻസലർ, എംജി സർവകലാശാല

 

തൊഴിൽപരിചയം  ഇല്ലാത്തവർക്കും അവസരം 

 

റോയ് ജോർജ്, പ്രസിഡന്റ്,  ട്രെയിൻഡ് നഴ്സസ്, അസോസിയേഷൻ ഓഫ് ഇന്ത്യ

 

ഏതു രാജ്യത്തും ജോലിസാധ്യതയുള്ള പ്രഫഷനാണ് നഴ്സിങ്. യുകെയിൽ 4 വർഷമായി ധാരാളം ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നു. എക്സ്പീരിയൻസ് ഇല്ലാത്തവരെപ്പോലും എടുക്കാൻ രാജ്യങ്ങൾ തയാറാകുന്നുണ്ട്. ആതുര സേവന മനോഭാവമുള്ളവർക്കാണ് ഈ ജോലികൾ കൂടുതൽ ഇണങ്ങുക. 

 

പ്ലസ്ടു മാർക്ക് അടിസ്ഥാനപ്പെടുത്തി ഏകജാലകം വഴിയാണ് കേരളത്തിൽ നഴ്സിങ് കോളജ് പ്രവേശനം. എൽബിഎസിന് ആണ് ഓൺലൈൻ പ്രവേശന ന‍ടപടികളുടെ ചുമതല. സ്വാശ്രയ കോളജുകളിലെ 50% സീറ്റുകളിലേക്കും ഇതുവഴിയാണു പ്രവേശനം. മാനേജ്മെന്റ് ക്വോട്ടയിലേക്കു ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷൻ, പ്രൈവറ്റ് നഴ്സിങ് മാനേജ്മെന്റ് അസോസിയേഷൻ എന്നിവരും അതല്ലാത്തവർ അവരുടെ കോളജുകളിലേക്കു സ്വന്തം നിലയ്ക്കുമാണു പ്രവേശനം നടത്തുന്നത്. കഴിഞ്ഞദിവസം അപേക്ഷ ക്ഷണിച്ചു. 

ബിഎസ്‌സി മെഡിക്കൽ ലാബ് ടെക്നോളജി, ബാച്‌ലർ ഓഫ് ഫിസിയോതെറപ്പി, ബാച്‌ലർ ഓഫ് ഓഡിയോളജി, ബാച്‌ലർ ഓഫ് റേഡിയോളജി ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, കാർഡ‍ിയോ വാസ്കുലർ ടെക്നോളജി തുടങ്ങിയ കോഴ്സുകളാണ് പാരാ മെഡിക്കൽ കോഴ്സിൽ വരുന്നത്. അഡ്മിഷൻ നടപടികൾ നഴ്സിങ്ങിന്റേതു പോലെത്തന്നെ.

 

 ഒട്ടേറെ സർട്ടിഫിക്കറ്റ് കോഴ്സുകൾ ലഭ്യമാണെങ്കിലും 4 വർഷത്തെ ഡിഗ്രി പഠിക്കുന്നതാണു കൂടുതൽ നല്ലത്. ബിവോക് പോലുള്ള കോഴ്സുകൾക്കു കേരള സർക്കാരിന്റെയും പിഎസ്‌സിയുടെയും അംഗീകാരമില്ല എന്നതും ഓർമിക്കണം. ഗൾഫ് രാജ്യങ്ങളിലാണു പാരാമെഡിക്കൽ കോഴ്സിനു കൂടുതൽ സാധ്യതകളുള്ളത്. വളരെക്കുറച്ചു സ്ഥാപനങ്ങളിൽ മാത്രമാണ് കോഴ്സ് ഉള്ളൂ എന്നതിനാൽ ജോലി ലഭിക്കാൻ എളുപ്പമാണ്.  

പ്ലസ്ടു തലത്തിലൽ ഫിസിക്സ്, ബയോളജി, കെമിസ്ട്രി, ഇംഗ്ലിഷ് എന്നീ വിഷയങ്ങളിലെ മാർക്കാണ് നഴ്സിങ്ങിനും പാരാമെഡിക്കൽ കോഴ്സുകൾക്കും പരിഗണിക്കുന്നത്. 

 

അഭിരുചി ശ്രദ്ധിക്കണം 

 

ഡോ. കുഞ്ചെറിയ പി. ഐസക്,  കേരള സാങ്കേതിക സർവകലാശാല സ്ഥാപക വിസി 

 

ബിടെക് ബിരുദമാണ് ടെക്നോളജി കോഴ്സുകളിലേക്കുള്ള പ്രഥമ പടി. കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി, ഐഐടി പാലക്കാട്, ഐഐഎസ്ടി തിരുവനന്തപുരം, എൻഐടി പാലക്കാട്, കൊച്ചി ശാസ്ത്ര സാങ്കേതിക യൂണിവേഴ്സിറ്റി (കുസാറ്റ്) തുടങ്ങിയ സ്ഥാപനങ്ങളും സർവകലാശാലകളുമാണ് ഇവിടെ ബിടെക് ഓഫർ ചെയ്യുന്നത്. ഇതിൽ ഐഐടി, എൻഐടി, ഐഐഎസ്ടി എന്നിവിടങ്ങളിലേക്ക് ജെഇഇ പരീക്ഷയും കെടിയുവിലേക്കു കേരള എൻജിനീയറിങ് എൻട്രൻസും മറ്റുള്ളവയിലേക്ക് അവർ നടത്തുന്ന പ്രവേശന പരീക്ഷകളും പാസാകണം. ‌ 

എൻജിനീയറിങ് കോളജുകൾ കൂണുപോലെ മുളച്ചു പൊന്തിയിട്ടുള്ളതിനാൽ ഏറ്റവും മികച്ച സ്ഥാപനങ്ങൾ കണ്ടെത്തി അവിടെ പ്രവേശനം നേടാൻ ശ്രമിക്കണം. അതിന് എൻഐആർഎഫ് റാങ്കിങ് പോലുള്ളവ സഹായിക്കും. 

 

ജോബ് മാർക്കറ്റിനെ അടിസ്ഥാനമാക്കിയാണ് പലരും മെയിൻ തിരഞ്ഞെടുക്കുന്നത്. ഇതോടൊപ്പം അഭിരുചി കൂടി പരിഗണിക്കണം. ഗണിതത്തിൽ താൽപര്യമുള്ളവർക്കാണു കോഴ്സ് കൂടുതൽ അനുയോജ്യം. ഡിജിറ്റൽ വിപ്ലവത്തിന്റെ കാലമായതിനാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് എന്നിവ വരുന്ന കംപ്യൂട്ടർ സയൻസ് പ്രോഗ്രാമിനാണ് ഇപ്പോൾ കൂടുതൽ പേരും പ്രാധാന്യം നൽകുന്നത്. എൻജിനീയറിങ്ങിനു ശേഷം എംബിഎ പോലുള്ള കോഴ്സുകളെടുത്തു വഴിമാറിപ്പോകുന്നവരുണ്ട്. എന്നാൽ  പ്രഫഷനൽ കോഴ്സ് പഠിക്കുന്നതു കൊണ്ടുള്ള പ്രയോജനം ലഭിക്കണമെങ്കിൽ അതുമായി ബന്ധപ്പെട്ട കരിയർ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. 

 

ഇന്റർ ഡിസിപ്ലിനറി പഠനത്തിന്റെ കാലം 

 

ഡോ. സാബു തോമസ് വൈസ് ചാൻസലർ, എംജി സർവകലാശാല 

 

സയൻസ് വിഷയങ്ങളിലെ പഠനം തുറന്നിടുന്നതു വലിയ അവസരങ്ങളാണ്. റിസർച് ആൻഡ് ഡവലപ്മെന്റിലും പ്രൊ‍‍ഡക്‌ഷനിലും സയൻസ് വിദ്യാർഥികൾക്കു പ്രധാന ജോലി സാധ്യത. പരമ്പരാഗത ജോലിസാധ്യതയ്ക്കു പുറമേ സാങ്കേതിക മേഖലകളിലും ധാരാളം സാധ്യതകൾ ഇപ്പോൾ സയൻസ് വിദ്യാർഥികൾക്കുണ്ട്. എംജി അടക്കമുള്ള യൂണിവേഴ്സിറ്റികളിൽ 5 വർഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് ബിഎസ് – എംഎസ് പ്രോഗ്രാമുകൾ ഇപ്പോഴുണ്ട്. സാധാരണ ബിഎസ്‌സി കോഴ്സുകളിൽ നിന്നു വ്യത്യസ്തമായി ഗവേഷണാധിഷ്ഠിത പഠനമാണ് ഇത്തരം പ്രോഗ്രാമുകൾ മുന്നോട്ടുവയ്ക്കുന്നത്. സയൻസ് പഠിക്കുന്ന കുട്ടികൾക്കു സോഷ്യൽ സയൻസ് കൂടി പഠിക്കാൻ കഴിയുന്ന ഇന്റർഡിസിപ്ലിനറി അപ്രോച്ചാണ് ഇവയുടെ മറ്റൊരു പ്രത്യേകത. എൻട്രൻസ് വഴിയാണു കോഴ്സുകളിൽ പ്രവേശനം. 

ഐഐടി, ഐഐഎസ്‌സി, ഐസർ, എൻഐടി, ജെഎൻയു തുടങ്ങിയ സ്ഥാപനങ്ങൾക്കൊപ്പം കേന്ദ്ര– സംസ്ഥാന സർവകലാശാലാ ക്യാംപസുകളും ഗവേഷണാധിഷ്ഠിത സയൻസ് പഠനത്തിന്റെ വലിയ സാധ്യത തുറന്നിടുന്നു. പ്ലസ്ടുവിന് സയൻസ് പഠിച്ചു ഗവേഷണ മേഖലകളിലേക്കു പോകാൻ താൽപര്യമില്ലാത്തവർക്കു സാങ്കേതിക വിദ്യാഭ്യാസ രംഗത്തേക്കു മാറാം. പോളി ടെക്നിക്, ഐടിഐ പഠനത്തിലേക്കും മറ്റുള്ളവർക്കു മാറാം. ആ മേഖലയിലും മിടുക്കരെ നമുക്ക് ആവശ്യമാണ്. പഠനത്തിനു ശേഷം പുതിയ ആശയങ്ങളുമായി വിദ്യാർഥികൾ അതു സ്റ്റാർട്ടപ്പാക്കി മാറ്റണം. 

 

Content Summary : Career Experts Talks About Best Courses After 12th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com