ADVERTISEMENT

കേരളത്തിലെ ഡിഎൽഎഡ് അധ്യാപക പരിശീലനത്തിന് ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം. പഴയ ടിടിസി/ഡിഎഡ് പേരുമാറ്റിയതാണ് 2–വർഷ D.El.Ed (ഡിപ്ലോമ ഇൻ എലമെന്ററി ‌എജ്യുക്കേഷൻ ). സർക്കാർ / എയ്ഡഡ്, എൽപി/ യുപി അധ്യാപക ജോലിക്കുള്ള യോഗ്യത നൽകുന്ന കോഴ്സ് ആണിത്. അപേക്ഷാ മാതൃകയടക്കമുള്ള വിജ്ഞാപനം www.education.kerala.gov.in എന്ന സൈറ്റിലുണ്ട്.

 

യോഗ്യത

 

50% മാർക്കോടെ 3 ചാൻസിനകം പ്ലസ്ടു ജയിച്ചിരിക്കണം. സേ പരീക്ഷയും ചാൻസായി കരുതും. പിന്നാക്ക വിഭാഗക്കാർക്ക് 45% മാർക്ക് മതി പട്ടികവിഭാഗക്കാർക്കു മാർക്കിന്റെയും ചാൻസിന്റെയും പരിമിതിയില്ല. 2022 ജൂലൈ ഒന്നിന് 17–33 വയസ്സ്. പിന്നാക്ക/പട്ടിക വിഭാഗക്കാർക്കു യഥാക്രമം 36/38 വരെയാകാം. വിമുക്തഭടന്മാർക്കു സൈനിക സേവനകാലം ഇളവായി കിട്ടും. സയൻസ്, ഹ്യുമാനിറ്റിസ്, കൊമേഴ്സ് വിഭാഗക്കാർക്ക് 40:40:20 ക്രമത്തിൽ സീറ്റുകൾ വകയിരുത്തിയിരിക്കുന്നു. വിവിധ സംവരണ സീറ്റുകളുണ്ട്. ന്യൂനപക്ഷ/മാനേജ്മെന്റ്/ സർവീസ് ക്വോട്ട, തമിഴ് ടീച്ചേഴ്സ് എന്നിവ സംബന്ധിച്ച നിബന്ധനകൾക്ക് സൈറ്റിലെ വിജ്ഞാപനങ്ങൾ നോക്കാം.

 

അപേക്ഷിക്കേണ്ട വിധം

 

വിജ്ഞാപനത്തോടൊപ്പമുള്ള മാതൃകയിൽ അപേക്ഷ തയാറാക്കി, 5 രൂപയുടെ കോർട്ട്ഫീ സ്റ്റാംപ് പതിച്ച്, സർട്ടിഫിക്കറ്റ് പകർപ്പുകൾ സഹിതം, താൽപര്യമുള്ള റവന്യു ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ഓഗസ്റ്റ് 16ന് അകം സമർപ്പിക്കണം. 5 രൂപ ട്രഷറിയിൽ അടയ്ക്കുകയുമാകാം. പട്ടികവിഭാഗക്കാർ സ്റ്റാംപ് ഒട്ടിക്കേണ്ടതില്ല. ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കരുത്. ഉപഡയറക്ടർമാരുടെ വിലാസവും ഫോൺ നമ്പറും വിജ്ഞാപനത്തിലുണ്ട്. മാനേജ്മെന്റ് ക്വോട്ടയിലെ പ്രവേശനത്തിനു ബന്ധപ്പെട്ട ടീച്ചർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർക്ക് അപേക്ഷ നൽകി, അതിന്റെ പകർപ്പ് ഉപഡയറക്ടർക്ക് അയച്ചുകൊടുക്കണം. സ്കൂളുകളുടെയും സീറ്റുകളുടെയും പട്ടിക വിജ്ഞാപനങ്ങളിലുണ്ട്, ക്ലാസുകൾ സെപ്റ്റംബർ ഒന്നിനു തുടങ്ങും.

സർക്കാർ/എയ്ഡഡ് വിഭാഗങ്ങളിൽ ആകെ 101 ട്രെയ്നിങ് സ്കൂളുകളുണ്ട്. 100 സ്വാശ്രയ സ്കൂളുകളിലെ പ്രവേശനം സംബന്ധിച്ച പ്രത്യേക വിജ്ഞാപനവും സൈറ്റിലുണ്ട്. ഇവയിൽ പകുതി ‌മാനേജ്മെന്റ് സീറ്റുകളും പകുതി ഓപ്പൺ മെറിറ്റ് സീറ്റുകളുമാണ്. മറ്റു വ്യവസ്ഥകളിലും സർക്കാർ/എയ്ഡഡ് സ്കൂളുകളിലേതുമായി വ്യത്യാസങ്ങളുണ്ട്.

ഇവയ്ക്കു പുറമേ, ഹിന്ദി, സംസ്കൃതം, ഉറുദു, അറബി, ഡിപ്പാർട്മെന്റ് ക്വോട്ട എന്നിവയിലെ അധ്യാപക പരിശീലനം സംബന്ധിച്ച് വെവ്വേറെ വിജ്ഞാപനങ്ങളും സൈറ്റിലുണ്ട്. എല്ലാ വിഭാഗങ്ങളിലും അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഓഗസ്റ്റ് 16 തന്നെ.

 

ബിഎഡ് ഡിപ്പാർട്മെന്റ് ക്വോട്ട

 

തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, തലശ്ശേരി സർക്കാർ ട്രെയ്നിങ് കോളജുകളിലെ 2–വർഷ ബിഎഡ് കോഴ്സിലെ ഡിപ്പാർട്മെന്റ് ക്വോട്ട സീറ്റുകളിൽ പ്രവേശനത്തിന് അർഹതയുള്ള അധ്യാപക/അധ്യാപകേതര വിഭാഗക്കാർ നിർദിഷ്ട ഫോമിൽ തയാറാക്കിയ അപേക്ഷ, ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാർ വഴി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിൽ ഓഗസ്റ്റ് 16ന് അകം എത്തിക്കണം. വിശദ വിജ്ഞാപനം www.education.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.

 

Content Summary : Apply for Kerala DElEd Admissions 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com