ADVERTISEMENT

രണ്ടു പേർ തങ്ങളുടെ ഗുരുക്കന്മാരുടെ അദ്ഭുതപ്രവർത്തന ശേഷിയെക്കുറിച്ചു സംസാരിക്കുകയാണ്. ഒന്നാമൻ പറഞ്ഞു: എന്റെ ഗുരു വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ അതിശക്തമായ കാറ്റും മഴയും ഉണ്ടായി. കൂരിരുട്ടും പരന്നു. ഗുരു കയ്യുയർത്തിയപ്പോൾ വാഹനം ഓടുന്ന വഴിയിൽ മാത്രം പ്രകാശവും തെളിമയുള്ള ആകാശവും. ഇരുവശത്തും കാറ്റും മഴയും ഇരുട്ടും. രണ്ടാമൻ പറഞ്ഞു: ഇതൊന്നും അദ്ഭുതമല്ല. എന്റെ ഗുരു ഒരു വെള്ളിയാഴ്ച വിമാനത്തിൽ കയറാൻ പോകുകയാണ്. രാത്രി പന്ത്രണ്ടു മണിക്കാണു വിമാനം. നഗരത്തിലെ തിരക്കുകാരണം വൈകിയാണു വാഹനമെത്തിയത്. ഉടൻ ഗുരു കൈ ഉയർത്തി. അദ്ഭുതം, എയർപോർട്ടിൽ മാത്രം വെള്ളിയാഴ്ച.

 

പ്രതിഛായാ നിർമാണത്തിലേർപ്പെട്ടിരിക്കുന്നവരുടെ അലങ്കാരപ്പണികളാണു മികവുള്ളവരുടെപോലും മാറ്റുകുറയ്ക്കുന്നത്. വ്യക്തികൾക്കും അവരുടെ പ്രവൃത്തികൾക്കും അതതിന്റേതായ നൈസർഗികതയും സ്വഭാവസവിശേഷതയുമുണ്ട്. അതിനപ്പുറത്തേക്കുള്ള പർവതീകരിക്കൽ എന്തിന്റെയും തനിമ നശിപ്പിക്കുകയേയുള്ളൂ. ഇല്ലാത്തവ ഉണ്ടെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവയുടെയെല്ലാം ഉള്ള് പൊള്ളയായിരിക്കും. തനതായ പ്രത്യേകതയുള്ളവർ സഹജവും പ്രയത്നംകൊണ്ട് നേടിയതുമായ മികവുകളിലൂടെ കഴിവു തെളിയിക്കും. അല്ലാത്തവർ പൊങ്ങച്ചങ്ങളിലൂടെ തങ്ങളുടെ പെരുമ നിലനിർത്തും. പ്രശസ്തി ലക്ഷ്യമായാൽ പിന്നെ ചിന്തകളും പ്രവൃത്തികളും നിയോഗങ്ങളിലേക്കാകില്ല; ജനസമ്മതിയിലേക്കാകും. 

 

സ്വന്തം താൽപര്യങ്ങൾക്കനുസരിച്ചു പെരുമാറുന്നതിനു പകരം മറ്റുള്ളവരുടെ ഇഷ്ടങ്ങളിലൂടെയാകും അവരുടെ യാത്ര. സ്ഥായിയായ പ്രവർത്തനങ്ങളോ നിലപാടുകളോ അവർക്കുണ്ടാകില്ല. തത്സമയ പ്രസിദ്ധിക്കുവേണ്ട ചെപ്പടിവിദ്യകളിലായിരിക്കും അവരുടെ ശ്രദ്ധ. ആൾക്കൂട്ടങ്ങളിലും ആരാധകരിലും മതിമറക്കുന്ന അവർ അഭിരുചികളെ അവഗണിക്കും. അറിവും അനുഭവവുമുള്ള കാര്യങ്ങൾ ആരും കാണാതെ ആത്മസംതൃപ്തിയോടെ ചെയ്യുന്നതല്ലേ പ്രശംസാപത്രങ്ങൾക്കുവേണ്ടി പുരമുകളിൽ കയറിനിന്ന് കാര്യങ്ങൾ ചെയ്യുന്നതിനെക്കാൾ ഭംഗി. 

 

Content Summary : The Problem with Overpraising

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com