ADVERTISEMENT

ആ നാട്ടിൽ മാത്രം ആളുകൾ തമ്മിൽ വിദ്വേഷമോ കലഹമോ ഇല്ല. അയൽനാട്ടുകാർക്കെല്ലാം അദ്ഭുതമായി. അവർ അവിടുത്തെ രാജാവിനോടു ചോദിച്ചു: ഇതെങ്ങനെ സംഭവിക്കുന്നു? അദ്ദേഹം പറഞ്ഞു: ഞങ്ങൾക്കിവിടെ ഒരു ഗുരുവുണ്ട്. രണ്ടുപേർ തമ്മിൽ വഴക്കുണ്ടായാൽ അദ്ദേഹം ഒന്നാമത്തെയാളിന്റെ അടുത്തുചെന്നു പറയും, നിന്റെ സഹോദരൻ വളരെ വിഷമിച്ചാണു നടക്കുന്നത്. അവനു നിന്നോടു സംസാരിക്കണമെന്നുണ്ട്. പിന്നീട് രണ്ടാമത്തെയാളിന്റെ അടുത്തെത്തി പറയും. നിന്നോടു തർക്കിക്കേണ്ടിവന്നതിൽ നിന്റെ സഹോദരനു ബുദ്ധിമുട്ടുണ്ട്. അവൻ ദുഃഖിതനാണ്. പിറ്റേദിവസം അവർ കണ്ടുമുട്ടുമ്പോൾ തമ്മിൽ ആലിംഗനം ചെയ്യും. 

 

എന്തു വിതറുന്നു എന്നതാണ് എന്തു മുളയ്ക്കുന്നു എന്നതിന്റെ അടിസ്ഥാനം. വിഷവിത്ത് വിതച്ചാൽ അനാരോഗ്യ കരമായതു മാത്രമേ വിടരൂ. നല്ലതു വിതറിയാൽ നന്മ പടരും. അസുഖകരമായതെല്ലാം അതിവേഗം പരക്കുകയും ആളപായം സൃഷ്ടിക്കുകയും ചെയ്യും. വിശുദ്ധമായതെന്തെങ്കിലും പടർന്നുപന്തലിക്കണമെങ്കിൽ ആരുടെയെങ്കിലുമൊക്കെ അതിതീവ്രശ്രമം അതിനു പിന്നിലുണ്ടാകണം. 

 

കലഹങ്ങൾ ഉണ്ടാക്കുന്നവരല്ല, അവ ഏറ്റെടുത്തു പ്രചരിപ്പിക്കുന്നവരാണ് കലാപങ്ങളായി അവയെ രൂപാന്തരപ്പെടുത്തുന്നത്. കാഴ്ചക്കാരും കേൾവിക്കാരും പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ എല്ലാ സ്പർധയും അവ തുടങ്ങിയിടത്ത് അവസാനിക്കും. ആളുകൾ ചുമലിലേറ്റുന്ന പ്രശ്നങ്ങൾ അവയുടെ ആരംഭകാരണങ്ങളിൽനിന്നു ബഹുദൂരം വ്യതിചലിച്ചായിരിക്കും സഞ്ചരിക്കുക. നല്ലതു പറഞ്ഞുപരത്താൻ ആർക്കാണു താൽപര്യം. അവയിൽ വൈകാരികാനുഭൂതിയുടെ ഘടകങ്ങളില്ല, കൂട്ടിച്ചേർക്കലിന്റെ സാധ്യതകളില്ല, അപരനാശത്തിന്റെ സുഖാനുഭൂതികളില്ല. അപരാധത്തിന്റെ വിത്തിനുള്ളിൽ ഇവയെല്ലാം ഒളിഞ്ഞിരിപ്പുണ്ട്.

 

രണ്ടുതരത്തിൽ ജീവിക്കാം: പ്രശ്നങ്ങളുടെ കാരണക്കാരനായും അതിന്റെ അന്തകനായും. ഓരോ കലഹവും പുതിയ കൂടിച്ചേരലിന്റെയോ ചെറിയ തെറ്റിദ്ധാരണയുടെയോ സ്വന്തം ഈഗോ സംരക്ഷണത്തിന്റെയോ ബാക്കിപത്രമാണ്. ചെറിയ ലേപനങ്ങളിലൂടെ പരിഹാരവും കണ്ടെത്താം. പ്രശ്നങ്ങൾ വളർത്താനാഗ്രഹിക്കുന്നവരുടെ പക്കൽ മുറിവുണ്ടാക്കാനുള്ള ആയുധവും പ്രശ്നങ്ങൾ തീർക്കാൻ ശ്രമിക്കുന്നവരുടെ കയ്യിൽ മുറിവുണക്കാനുള്ള ഔഷധവുമുണ്ടാകും.

 

Content Summary : How to Deal With Rumors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com