എത്ര ധൈര്യമുളളവരാണെങ്കിലും ജോലിസ്ഥലത്ത് അസമയത്ത് അസ്വഭാവികമായി ശബ്ദം കേട്ടാൽ ഉള്ളൊന്ന് നടുങ്ങും. ചില സംഭവങ്ങൾ നേരിട്ട് കണ്ടെന്നും അനുഭവിച്ചെന്നും നാട്ടുകാർ കൂടി പറയുമ്പോൾ ‘പ്രേതബാധ’ കഥയ്ക്ക് പുതിയ മാനം ലഭിക്കും. വയനാട്ടിൽ അസിസ്റ്റന്റ് സർജനായി ജോലി നോക്കിയിരുന്ന കാലത്തെ അനുഭവം പങ്കുവയ്ക്കുകയാണ് ഡോ. അനീസ് കല്ലട വടക്കയിൽ.
അഞ്ചു വർഷം മുൻപ് നടന്ന അനുഭവമാണ്. പിജി പഠനം കഴിഞ്ഞ് ആദ്യമായി സർക്കാർ സർവീസിൽ ജോലി കിട്ടിയത് അപ്പപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു. വയനാട് ജില്ലയുടെ അതിർത്തി പ്രദേശമായ തിരുനെല്ലി പഞ്ചായത്തിൽ നാലുഭാഗവും കാടിനാൽ ചുറ്റപ്പെട്ട വശ്യസുന്ദരമായ പ്രദേശമാണ് അപ്പപ്പാറ. ആദിവാസി ജനവിഭാഗങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ ചെറിയ പ്രാഥമിക ആരോഗ്യ കേന്ദ്രം. കിടത്തി ചികിത്സയും അത്യാവശ്യം അത്യാഹിത ചികിത്സയും നൽകിയിരുന്നു. ഞാനവിടെ ജോലി തുടങ്ങി ഒരു വർഷം ആയപ്പോഴേക്കും അവിടെയുണ്ടായിരുന്ന മെഡിക്കൽ ഓഫിസർ പഠനാവശ്യത്തിനായി അവധിയിൽ പോയി. പിന്നീട് എനിക്കായിരുന്നു ആശുപത്രിയുടെ ചുമതല. അങ്ങനെ നാല് രോഗികളെ പതിവായി കിടത്തി ചികിത്സിച്ചു കൊണ്ടിരിക്കുമ്പോഴാണ് വലിയൊരു പ്രശ്നം നേരിട്ടത്. കുറച്ച് നാളായി ആരും കിടപ്പു ചികിത്സയ്ക്ക് തയ്യാറാവുന്നില്ല. കാര്യം തിരക്കിയപ്പോൾ ആരിൽ നിന്നും വ്യക്തമായ ഉത്തരം ലഭിക്കുന്നതുമില്ല. എനിക്കും കൂടെ ജോലി ചെയ്യുന്നവർക്കും രോഗികളുടെ ‘നിസഹരണ രോഗത്തിന്റെ’ കാരണം കിട്ടിയില്ല. അവസാനം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി സ്ഥിരം വരാറുള്ള രോഗിയോട് കാര്യം തിരക്കി. ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നീട് രഹസ്യമായി പ്രശ്നം ചെവിയിൽ പറഞ്ഞു – പ്രേതബാധ !
പണ്ട് ചികിൽസ തേടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയ യുവതി മരിച്ചു. ഗതികിട്ടാതെ മരിച്ച യുവതിയുടെ പ്രേതം അർദ്ധരാത്രിയിൽ ആശുപത്രിയിൽ വരാറുണ്ടത്രേ. പ്രേതത്തിന്റെ വലിയ കൈകൾ ജനാലയ്ക്കരികിൽ കണ്ട ഒരുപാട് രോഗികൾ പിന്നീട് എന്നോട് സാക്ഷ്യം പറയുകയും ചെയ്തു. ഇത് കൂടി കേട്ടതും എനിക്ക് ആകെ ആശയക്കുഴപ്പമായി. അങ്ങനെ രോഗികൾ ഇല്ലാതെ വാർഡ് കുറച്ച് നാൾ അടച്ചിട്ടു. നേരെ താഴെ കോർട്ട്വേസിലായിരുന്നു എന്റെ താമസം. ഒരു ഞായറാഴ്ച അടുത്ത ടൗണായ കാട്ടിക്കുളത്തു നിന്ന് ഒരാവശ്യം കഴിഞ്ഞ് രാത്രി വൈകി സ്ഥലത്തെത്തിയപ്പോൾ ഞാനും കണ്ടു ആ ഞെട്ടിക്കുന്ന കാഴ്ച – വലിയ രണ്ട് കൈകൾ ! ജനലിനടുത്ത് കൂടി നീങ്ങി പെട്ടെന്ന് അപ്രത്യക്ഷമാകുന്ന രണ്ട് വലിയ കൈകൾ. രോഗി പറഞ്ഞ പ്രേതബാധ നേരിട്ട് കണ്ടപ്പോൾ ധൈര്യം ചോർന്ന് പോയി. എന്തും വരട്ടെ എന്ന് കരുതി വാർഡിന്റെ അടുത്ത് പതുങ്ങി നിന്നു. അങ്ങനെ പ്രേതത്തെ ഞാൻ നേരിട്ട് കണ്ടു – മൂന്ന് കുട്ടികൾ !
ഒരുതരം റബറും ബ്ലേഡും ഉപയോഗിച്ച് പ്രാവിനെ പിടിക്കാൻ കെട്ടിടത്തിന്റെ മുകളിൽ കുട്ടികളുടെ നിഴൽ അപ്പുറത്തെ വാർഡിന്റെ ജനലിൽ പതിക്കുന്നുണ്ട്. അതാണ് രോഗികൾ പറയുന്ന പ്രേതം ! കുട്ടികളെ അപ്പോൾ തന്നെ ഒാടിച്ച് വിട്ടെങ്കിലും ആ നാട്ടിലെ നിഷ്കളങ്കരായ മനുഷ്യരുടെ മനസ്സിൽ നിന്നും ‘പ്രേതത്തെ ഒഴിക്കാൻ’ എനിക്ക് കുറെ നാൾ വേണ്ടി വന്നു.

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും
Content Summary : Career Work Experience Series - Dr. Anees K. V Memoir