മറ്റുള്ളവരുടെ വളർച്ചയിൽ അസഹിഷ്ണുത കാട്ടുന്നവരാണോ?; താരതമ്യപ്പെടുത്തലും അനുകരണവും നിർത്താൻ പഠിക്കാം

HIGHLIGHTS
  • എന്താണോ നമുക്കു സംതൃപ്തി പകരുന്നത്, അതാണു നമ്മുടെ ശൈലി.
  • സ്വന്തം ശൈലി പരമാവധി ഉപയോഗപ്പെടുത്തുമ്പോൾ പഠിപ്പും പരീക്ഷയും അനായാസമാകും.
professional-jelousy
Representative Image. Photo Credit: Antonio Guillem /Shutterstock
SHARE

ഈയിടെ ഒരു മുൻകാല സംഗീതസംവിധായകൻ എന്നെക്കാണാൻ വന്നു. സിനിമയ്ക്കും നാടകത്തിനും കുറേ ലളിതഗാനങ്ങൾക്കും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. അനേകം കലാകാരൻമാരെപ്പോലെ, കോവിഡ് കാരണം ഈ സംഗീതസംവിധായകനും ജോലിയില്ലാതായി. കരുതൽപണം കലാകാരനു വിധിച്ചിട്ടുള്ളതല്ലല്ലോ! 

പുതിയ ചില പദ്ധതികളെക്കുറിച്ചു ചർച്ച ചെയ്യാനാണ് അദ്ദേഹം വന്നത്, പക്ഷേ, പുതിയ ആശയങ്ങൾ ചർച്ച ചെയ്യുന്നതിനേക്കാൾ സമയം മറ്റു സംഗീതസംവിധായകരുമായി താരതമ്യം ചെയ്യാനാണ് അദ്ദേഹം ചെലവിട്ടത്. തന്നേക്കാളും പ്രതിഭ കുറഞ്ഞവരും ‘ഇന്നലെ വന്ന പിള്ളേരും’ അവിഹിതമാർഗങ്ങളിലൂടെ പരിപാടികളും പണവും അവാർഡുമൊക്കെ സംഘടിപ്പിക്കുന്നു. വിധി തന്നോട് അനീതി കാണിച്ചു എന്നാണ് അദ്ദേഹത്തിന്റെ പരിദേവനം. എത്ര തിരക്കിട്ട ജോലിയും വരുമാനവും കിട്ടിയാലും ഈ സംഗീതസംവിധായകൻ സന്തുഷ്ടനാവില്ല. കാരണം, അപ്പോഴും അദ്ദേഹം മറ്റൊരാൾക്കു തന്നേക്കാൾ എത്ര അവസരങ്ങൾ കൂടുതൽ കിട്ടി എന്നു താരതമ്യം ചെയ്തുകൊണ്ടേയിരിക്കും.  

നമുക്കെല്ലാമുണ്ട് ഈ ‘രോഗം’. ക്ലാസിൽ ഒരു വിദ്യാർഥിയെ അധ്യാപകർ പ്രശംസിച്ചാൽ ചില കുട്ടികൾക്കു തോന്നും, ‘അവനെന്താ കൊമ്പുണ്ടോ?’. ആ കുട്ടി അത് അർഹിക്കുന്നെണ്ടന്നും അതുകൊണ്ടാണ് അധ്യാപകൻ പ്രശംസിച്ചതെന്നും വിചാരിച്ചാൽ മാത്രം മതി, അസഹിഷ്ണുത മാറാൻ. ചിലർ പരീക്ഷയ്ക്കു മുൻപുള്ള ദിവസങ്ങളിൽ വലിയ പഠിത്തമായിരിക്കും. മറ്റു ചിലർ നേരത്തേ പഠിച്ച ശേഷം ‘കൂൾ’ ആയി നടക്കും. മറ്റൊരാളുടെ ശൈലി അനുകരിക്കാൻ ശ്രമിച്ചാൽ തികഞ്ഞ നിരാശയിലേ കലാശിക്കൂ. 

മറ്റുള്ളവരുടെ നല്ല ശീലങ്ങൾ മനസ്സിലാക്കേണ്ട എന്നല്ല പറഞ്ഞതിനർഥം. മറ്റുള്ളവരിൽനിന്നു സ്വീകാര്യമായതും നമ്മുടെ വ്യക്തിത്വത്തിന്  ഇണങ്ങുന്നതുമായ ശീലങ്ങൾ മാത്രം പകർത്താൻ ശ്രമിക്കുക. സ്വന്തം ശൈലി കണ്ടെത്തുക. എന്താണോ നമുക്കു സംതൃപ്തി പകരുന്നത്, അതാണു നമ്മുടെ ശൈലി. അതു പരമാവധി ഉപയോഗപ്പെടുത്തുമ്പോൾ പഠിപ്പും പരീക്ഷയും അനായാസമായിത്തീരും. താരതമ്യപ്പെടുത്തലും അനുകരണവും നമ്മുടെ വിലപ്പെട്ട സമയം അപഹരിക്കുകയും നിരാശയും പരാജയബോധവും സമ്മാനിക്കുകയും മാത്രമേ ചെയ്യുന്നുള്ളൂ. 

unhealthy-competition-and-comparison-leads-to-failure
Representative Image. Photo Credit: pathdoc/Shutterstock

എല്ലാ താരതമ്യങ്ങളും അനാവശ്യവും അപൂർണവുമാണ്. രണ്ടു വ്യക്തികൾ ഒരിക്കലും തുല്യരല്ല. തുല്യതയുണ്ടെങ്കിലേ താരതമ്യത്തിന് അർഥമുള്ളൂ. ഈ ലോകത്തെ 794 കോടി ജനങ്ങളിൽ നമ്മളെപ്പോലെ മറ്റൊരാൾ എങ്ങുമില്ല. താരതമ്യം ചെയ്യാൻ സാധിക്കാത്തവിധം ആളുകൾ വ്യത്യസ്തരാണ്. അതുകൊണ്ടാണല്ലോ വിരലടയാളം മനസ്സിലാക്കി കേസുകൾ തെളിയിക്കുന്നത്. ഒരാളുടെ വിരലുകളിലെ നേർത്ത ഡിസൈൻപോലും അയാൾക്കു മാത്രമുള്ളതാണ്. ഒരാൾ നടക്കുന്നത്, സംസാരിക്കുന്നത്, ചിരിക്കുന്നത്, ഭക്ഷണം കഴിക്കുന്നത് എല്ലാം അയാൾക്കു മാത്രം സ്വന്തമായ ശൈലിയിലാണ്. 

പ്രകൃതി നമ്മളെ അനന്യരായി (unique), അതുല്യരായി സൃഷ്ടിച്ചിരിക്കെ, നമ്മൾ സകലരോടും സ്വയം താരതമ്യം ചെയ്തു വെറുതെ അപകർഷബോധം വരുത്തി വയ്ക്കുന്നു. ആ അപകർഷബോധവും സ്വന്തം വ്യക്തിത്വത്തിലും കഴിവിലുമുള്ള വിശ്വാസമില്ലായ്‌മയും പരാജയത്തിലേക്കുള്ള പാസ്പോർട്ട്‌ ആയി മാറുന്നു. നമുക്കു നമ്മളാകാനേ കഴിയൂ. അതാണു ജീവിതം നൽകുന്ന അവസരം. ആ തിരിച്ചറിവിൽ വിജയത്തിലേക്കുള്ള വഴി തുറന്നു കിടക്കുന്നു. 

ഓർക്കേണ്ടവ: അനന്യത, താരതമ്യത്തിന്റെ വ്യർഥത, അവനവാനാവുന്നതിലെ കൃതാർഥത. 

Content Summary : Unhealthy Competition and comparison leads to failure

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA