ADVERTISEMENT

ഓർമയുറയ്ക്കും മുൻപേ ഉമ്മയെ നഷ്ടപ്പെട്ട തനിക്ക് ഒരു അമ്മയുടെ സ്നേഹവാത്സല്യങ്ങൾ നൽകിയ അധ്യാപികയെക്കുറിച്ചാണ് ‘ഗുരുസ്മൃതി’ എന്ന പംക്തിയിൽ പാടൂർ സ്വദേശി സൈനുദ്ദീൻ ഓർമിക്കുന്നത്. സ്കൂളിൽ ചേരേണ്ട പ്രായമായില്ലെങ്കിലും തനിക്ക് ഒന്നാം ക്ലാസിൽ ഒരിടം തന്നുകൊണ്ട് സ്നേഹച്ചൂടിൽ ചേർത്തു പിടിച്ച ലക്ഷ്മിക്കുട്ടി എന്ന അധ്യാപികയെക്കുറിച്ച് സൈനുദ്ദീൻ പറയുന്നു:

 

പാടൂര്‍ ജിഎംയുപി സ്കൂളിൽ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. വയസ്സ് നാലേ ഉള്ളൂവെങ്കിലും ഒന്നാം ക്ലാസിൽ ഇരിക്കാൻ എന്നെ അനുവദിച്ചതിന് ഒരു കാരണമുണ്ട്. അതു വഴിയേ പറയാം. അന്നുണ്ടായിരുന്ന ലക്ഷ്മിക്കുട്ടി ടീച്ചർ കുട്ടികളുടെ അടുത്തു വന്ന് സ്ലേറ്റിൽ എഴുതിയ കാര്യങ്ങൾ വായിച്ചു നോക്കി ചോക്കു കൊണ്ട് സ്ലേറ്റിൽ വലിയ ഒപ്പിട്ടു തരുമായിരുന്നു. അതു കാണുമ്പോൾ ഞങ്ങൾ കുട്ടികൾക്കൊക്കെ  ഭയങ്കര സന്തോഷമായിരുന്നു. എന്റെ സ്ലേറ്റ് നോക്കി ടീച്ചർ പറയും ‘‘നന്നായി എഴുതിയല്ലോ സൈനൂ’’. പക്ഷേ പരീക്ഷയായപ്പോഴാണ് ഞാൻ ആ സത്യം അറിഞ്ഞത്. നാലു വയസ്സു മാത്രമുള്ള എന്നെ ഔദ്യോഗികമായി സ്കൂളിൽ ചേർത്തിരുന്നില്ല. അതുകൊണ്ടു തന്നെ പരീക്ഷയെഴുതാനും കഴിയില്ല. പരീക്ഷ എഴുതാൻ സാധിക്കാത്ത സങ്കടം കാരണം ഞാൻ വാവിട്ടു കരഞ്ഞു. അപ്പോഴും ലക്ഷ്മിക്കുട്ടി ടീച്ചർ എന്നെ സമാധാനിപ്പിക്കാനെത്തി. ‘‘അതിനെന്താ സൈനൂ, നിന്നെ ഞങ്ങൾ അടുത്ത വർഷം സ്കൂളിൽ ചേർക്കില്ലേ?’’

 

സ്കൂളിനോട് ചേര്‍ന്നുള്ള വെല്ലിപ്പയുടെ വീട്ടിലാണ് എല്ലാ ടീച്ചര്‍മാരും പ്രാഥമിക ആവശ്യങ്ങള്‍ക്കായി വരിക. റോഡിന് തൊട്ടപ്പുറത്തായിരുന്നു ഞങ്ങളുടെ വീടും. പനിയായിരുന്ന എനിക്കുവേണ്ടി ഉമ്മ പൊടിയരി വാങ്ങാനാണ് വെല്ലിപ്പയുടെ വീട്ടിലെത്തിയത്. അരി മടിയിലിട്ട് വീട്ടിലേക്കു വരുമ്പോഴാണ് ഉമ്മയുടെ കാലിന് തരിപ്പ് വന്ന് അവിടെത്തന്നെ വീണതും മരിച്ചതും. ആ കാര്യത്തെക്കുറിച്ചൊന്നും വലിയ ഓര്‍മയില്ലെങ്കിലും വെല്ലിമ്മ എന്നെ കാണുമ്പോഴൊക്കെ ‘‘എന്റെ ആമിനൂന്റെ മോനാ’’ എന്നു പറയുന്നത് നല്ല ഓർമയുണ്ട്.

 

അകാലത്തിലുള്ള എന്റെ ഉമ്മയുടെ വേർപാടിനെക്കുറിച്ചൊക്കെ നന്നായി അറിയുന്നവരായിരുന്നു അന്നത്തെ ചന്ദ്രവല്ലി ടീച്ചറും ലക്ഷ്മി ടീച്ചറും മാധുരിക്കുട്ടി ടീച്ചറും. ഉമ്മയുടെ പെട്ടെന്നുള്ള വേർപാടിൽനിന്ന് എന്നെ കരകയറ്റാനാകണം ഒന്നാം ക്ലാസിൽ‌ ചേർക്കേണ്ട പ്രായമായിട്ടില്ലെങ്കിലും സഹോദരിക്കൊപ്പം സ്കൂളിലെത്തിയിരുന്ന നാലുവയസ്സുകാരനായ എന്നെ അവർ ഒന്നാം ക്ലാസിലിരിക്കാൻ അനുവദിച്ചത്. ഒരു അധ്യാപികയുടെ വാത്സല്യത്തേക്കാളുപരി അമ്മയുടെ സ്നേഹമായിരുന്നു ലക്ഷ്മിക്കുട്ടി ടീച്ചറിൽനിന്ന് എനിക്ക് ലഭിച്ചത്.

 

കാലമേറെ കഴിഞ്ഞെങ്കിലും ഇന്നും ഒരു അമ്മയുടെ സ്ഥാനത്താണ് ലക്ഷ്മിക്കുട്ടി ടീച്ചറിനെ ഞാൻ കാണുന്നത്. അധ്യാപക ദിനമെത്തുമ്പോൾ എന്റെ മനസ്സിലേക്കെത്തുന്ന ആദ്യത്തെ മുഖം ലക്ഷ്മിക്കുട്ടി ടീച്ചറിന്റേതാണ്. പലപ്പോഴും ടീച്ചറിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു ചിത്രം പോലും കിട്ടിയതുമില്ല. എന്നാലും വലിയ കണ്ണടയുമായി ചിരിച്ചു നിൽക്കുന്ന ആ മുഖം ഇന്നും മായാതെ മനസ്സിലുണ്ട്...

 

പ്രിയ വായനക്കാരേ, അധ്യാപകരെക്കുറിച്ചുള്ള ഉള്ളു തൊടുന്ന അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. ഓർമക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ ‘ഗുരുസ്മൃതി’ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും.

 

Content Summary : Career Gurusmrithi Series - Sainudheen Padoor Talks About His Favorite Teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com