ADVERTISEMENT

ഏതൊരു ഒാഫിസിലും ആദ്യമായി ഒരാൾ കയറി ചെല്ലുമ്പോൾ മനസിൽ ഒരു ചോദ്യമുയരും– ഇവിടെ എന്റെ സംശയം ആരോട് ചോദിക്കും? ഏതൊരു സർക്കാർ ഒാഫിസിലും കാണും വരുന്നവരെ സഹായിക്കുന്ന സദാസന്നദ്ധനായി നിൽക്കുന്ന ഒരാൾ. അങ്ങനെയൊരു ജീവനക്കാരനെക്കുറിച്ചാണ് സെക്രട്ടറിയേറ്റിൽ നിയമ വകുപ്പിൽ സെക്‌ഷൻ ഓഫിസറായി ജോലി ചെയ്യുന്ന എം.പി. മനോജ്‌ പങ്കുവയ്ക്കുന്നത്.

 

ഇരുപത് വർഷം മുൻപുള്ള രസരകരമായ സംഭവമാണ്. സെക്രട്ടറിയേറ്റ് സർവീസിൽ വരുന്നതിനു മുൻപ് വെളിയനാട് ഗ്രാമ വികസന വകുപ്പിൽ ബ്ലോക്ക്‌ ഓഫിസിൽ ജോലി ചെയ്തിരുന്ന സമയം. ബ്ലോക്ക്‌ ഓഫിസിൽ അന്ന് ശുദ്ധ ഹൃദയനായ പാർട്ട്‌ ടൈം സ്വീപ്പറുണ്ടായിരുന്നു. ബ്ലോക്ക്‌ ഓഫിസ് രാവിലെ തന്നെ സിആർഎസ്പി, ഐആർഡിപി, ഐഎവൈ ഇങ്ങനെയുള്ള പദ്ധതി ഗുണഭോക്താക്കളെക്കൊണ്ട് നിറയും. ഇവരിൽ ഓരോരുത്തരുടെയും ആവശ്യം ചോദിച്ചറിഞ്ഞു ബന്ധപ്പെട്ട ഓഫിസർമാരുടെ അടുത്ത് എത്തിക്കുക എന്നത് ഒരു പുണ്യ പ്രവർത്തി കൂടി ഈ പാർട്ട്‌ ടൈം സ്വീപ്പർ ചേട്ടൻ ശിരസാ വഹിച്ചു പോന്നിരുന്നു.

 

‘ചേട്ടാ ഐആർഡി ആപ്പീസർ ഇന്നുണ്ടോ’? എന്ന ചോദ്യം കേൾക്കണ്ട മാത്ര ചേട്ടന്റെ മറുപടി ‘‘പിന്നേ... ദോ ഈ ഇടനാഴിയിൽ നടുക്ക് കാണുന്ന വലത്തോട്ടുള്ള വാതിൽ കേറിയാ കാണുന്ന ചില്ല് കൂട്ടിന് താഴെ മൂന്നാമത്തെ കസേരയിൽ സർ ഇരിപ്പുണ്ട്’’ മറുപടി സൂക്ഷം.... 

ചേട്ടാ വനിതാ വികസന ആപ്പീസർ വന്നില്യോ? അടുത്ത ചോദ്യം... ‘‘ങാ... എം എസ് വരുമ്പോ ഇത്തിരി വൈകും... അവരങ് കുറ്റൂരു നിന്നല്യോ വരുന്നേ’’? 

ഓണാട്ട് കര സ്ലാങ്ങിൽ ചേട്ടൻ ഇങ്ങനെ ഓരോരുത്തരെ മാനേജ് ചെയ്തു പോകുമ്പോ പെട്ടെന്ന് ഒരു കാർന്നോരുടെ ചോദ്യം... ‘ബീഡിയോണ്ടോ’?

പെട്ടെന്ന് ചേട്ടൻ ഒന്ന് അന്തിച്ചു... സാധാരണ ഇത്തരം ചില്ലറ ഉപകാരത്തിന് ആളുകൾ ചേട്ടന് ബീഡിയോ ചായയോ വാങ്ങി കൊടുക്കാറാണ് പതിവ്... ഇതിപ്പം സംഗതി നേരെ തിരിഞ്ഞല്ലോ കർത്താവേ എന്ന് മനസ്സിൽ തോന്നിയെങ്കിലും മുഖം മുഷിയാതെ ചേട്ടൻ പറഞ്ഞു ‘‘ബീഡിയില്ല... ചെറിയ പനാമ ഉണ്ട് ഒരെണ്ണം തരാം...’’

ഇത് കേട്ടതും കണ്ണ് തള്ളിയത് കാർന്നോർക്കാ... 

 

Career Work Experience Series - Manoj M P Memoir
എം.പി. മനോജ്‌

കാരണമെന്താണെന്ന് വച്ചാൽ കാർന്നൊരു ചോദിച്ചത് ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് ഓഫീസർ അഥവാ ബിഡിഒ ഉണ്ടോ എന്നാണ് കാർന്നൊരു ചോദിച്ചത്.

നമ്മുടെ ചേട്ടൻ കേട്ടത് ബീഡിയുണ്ടോ എന്നും... ബീഡി ഇല്ലാത്ത സാഹചര്യത്തിൽ ഉദാര മനസ്ക്കനായ ചേട്ടൻ ചെറിയ പനാമ ഒരെണ്ണം ഉള്ളത് കൊടുക്കാം എന്ന് വിചാരിച്ചു.. അത്ര തന്നെ... 

കാർന്നൊരു ‘‘ബീഡിയല്ലേടാ...ചോദിച്ചേ ബീഡിയോ ബീഡിയോ’’ എന്ന് ഉറക്കെ അലറിയപ്പോ അവിടെ നിന്ന എല്ലാവർക്കും ഒപ്പം ചിരിച്ച ചിരിയുടെ മിച്ചം ഇന്നും എന്റെ മനസ്സിൽ ഇങ്ങനെ കിടക്കുന്നു..

 

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com