വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹം? കുട്ടികൾ സ്ഥിരം കേൾക്കുന്ന ഒരു ചോദ്യമാണിത്. അധ്യാപകർ ഇതു ചോദിച്ചു തുടങ്ങും മുൻപേ പലരും ഗമയുള്ള പല ജോലികളുടെ പേരും മനസ്സിലോർത്തുവയ്ക്കും. ഗൗരവമൊട്ടും ചോരാതെ പറയുകയും ചെയ്യും. എന്നാൽ അത്തരമൊരു ചോദ്യത്തിനു മുന്നിൽ ഉത്തരം മുട്ടിപ്പോയ ഒരു ദിവസത്തെക്കുറിച്ചുള്ള ഓർമകളാണ് ഗുരുസ്മൃതി എന്ന പംക്തിയിലൂടെ അധ്യാപികയായ ഷാമിന സുരേഷ് പങ്കുവയ്ക്കുന്നത്. എന്തുത്തരം പറയണമെന്ന് അന്തിച്ചു നിന്നപ്പോൾ തനിക്ക് ഏറ്റവും ഇണങ്ങുന്ന ജോലി നിർദേശിച്ച പ്രിയപ്പെട്ട ഗുരുവിനെപ്പറ്റി ഷാമിന പറയുന്നതിങ്ങനെ:
ജീവിതയാത്രയിൽ നാം നിധി പോലെ സൂക്ഷിക്കുന്ന ചില വ്യക്തികൾ ഉണ്ടാവും. അവരെക്കുറിച്ചുള്ള ചിന്തകൾ പോലും മനസ്സിന് ഏറെ സന്തോഷവും സമാധാനവും പകരും. ഒരു മഹത് വ്യക്തിത്വത്തെ ഞാനും ഹൃദയത്തിൽ ഏറ്റിയിട്ടുണ്ട്.
ഇന്ന് ഭാരതീയ വിദ്യാമന്ദിരം എന്നറിയപ്പെടുന്ന എയ്ഡ്ഡ് യുപി സ്കൂളിൽ ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്നു. അന്ന് ഞങ്ങളെ സാമൂഹികപാഠം പഠിപ്പിക്കുവാൻ പ്രദീപ് എന്ന പുതിയ അധ്യാപകൻ എത്തി. കുറച്ചു ദിവസം കൊണ്ടു തന്നെ ഞങ്ങൾക്ക് പ്രിയങ്കരനായി അദ്ദേഹം. സാർ രസകരമായ രീതിയിൽ ഓരോ പാഠഭാഗവും ഞങ്ങളെ പഠിപ്പിക്കുമായിരുന്നു. ഒപ്പം ജീവിത മൂല്യങ്ങൾക്കു പ്രാധാന്യം നൽകുന്ന നല്ല ഉപദേശങ്ങളും നൽകും. അധ്യാപകൻ, വിദ്യാർഥികൾ എന്ന വേർതിരിവ് ഒരിക്കലും സാറിന്റെ ക്ലാസ്സുകളിൽ അനുഭവപ്പെട്ടിരുന്നില്ല. അത്രമാത്രം ഞങ്ങളിൽ ഒരാളായി ഞങ്ങൾക്കിടയിലേക്ക് ഇറങ്ങി വരാൻ സാറിനു സാധിച്ചു.
ഒരു ദിവസം സാർ കുട്ടികളോട് ആരാകാനാണ് ആഗ്രഹം എന്ന് ചോദിച്ചു. വ്യത്യസ്തമായ ആഗ്രഹങ്ങളായിരുന്നു ഓരോ കുട്ടിയും പറഞ്ഞത്. എന്റെ ഊഴം എത്താറായപ്പോൾ ഞാൻ ഭയന്നു. ആരാവണം എന്ന ലക്ഷ്യം അന്നൊന്നും എനിക്ക് ഇല്ലായിരുന്നു. ക്ലാസ്സിൽ ഫസ്റ്റ് ഞാൻ ആയിരുന്നു. അതുകൊണ്ടുതന്നെ എന്തെങ്കിലും വലിയ ആഗ്രഹം ഞാൻ പറയുമെന്ന് സാർ പ്രതീക്ഷിച്ചിട്ടുണ്ടാവാം.
സാറിന്റെ ചോദ്യത്തിന് പെട്ടെന്ന് എനിക്ക് ഉത്തരം പറയുവാൻ സാധിച്ചില്ല. അന്നാണ് ജീവിതത്തിൽ ആദ്യമായി ഒരു അധ്യാപകൻ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാൻ കഴിയാതെ ഞാൻ ചിന്തിച്ചു നിന്നു പോയത്.
‘‘താൻ നന്നായി പഠിക്കുമല്ലോ എന്നിട്ടും ഇതുവരെ ആരാകണമെന്ന് തീരുമാനിച്ചിട്ടില്ലേ’’ എന്ന് സാർ എന്നോട് ചോദിച്ചു.
പിന്നീട് എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് സാർ പറഞ്ഞു. ‘‘വിദ്യാർഥികളുടെ മനസ്സറിയുന്ന ഒരു നല്ല അധ്യാപികയാവാൻ തനിക്കു കഴിയുമെന്ന് എന്റെ മനസ്സു പറയുന്നു’’ എന്ന്. ആ വാക്കുകൾ എന്റെ ഹൃദയത്തിന്റെ ഭിത്തിയിൽ ഞാൻ എഴുതി വെച്ചു. അന്നുവരെ എന്റെ ചിന്തയുടെ ഒരു കോണിൽ പോലും അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നതല്ല. ലക്ഷ്യബോധം ഇല്ലാതിരുന്ന എന്റെ മനസ്സിൽ അധ്യാപികയാവണം എന്ന ആഗ്രഹത്തിന്റെ വിത്ത് മുളപ്പിച്ചത് പ്രദീപ് സാർ ആയിരുന്നു.
പിന്നീട് ഉള്ള ഓരോ ദിനവും ആ ആഗ്രഹത്തെ നെഞ്ചിലേറ്റിയായിരുന്നു എന്റെ യാത്ര. സാർ ജോലിചെയ്യുന്ന അതേ സ്കൂളിൽ സാറിനൊപ്പം ഒരു സഹ അധ്യാപികയായി ജോലി ചെയ്യണം. അതെന്റെ ഒരു വലിയ മോഹം തന്നെയായിരുന്നു.
മാതാപിതാക്കൾ എന്നെ ഒരു വക്കീൽ ആയി കാണാനാണ് ആഗ്രഹിക്കുന്നതെന്നു പ്ലസ്ടു പഠനകാലത്തു ഞാൻ തിരിച്ചറിഞ്ഞു. എന്റെ ആഗ്രഹം അറിഞ്ഞപ്പോൾ അവർ ആ ആഗ്രഹത്തിനൊപ്പം നിന്നു.
ഞാൻ മംഗളം ബിഎഡ് കോളേജിൽ 5 വർഷക്കാലം അധ്യാപികയായി ജോലി ചെയ്തപ്പോൾ എന്റെ വിദ്യാർഥികളെ ഞാൻ പഠിച്ച എയ്ഡ്ഡ് യുപി. സ്കൂളിൽ ടീച്ചിങ് പ്രാക്ടീസിന് കൊണ്ടു പോയി. എന്റെ വിദ്യാർഥികൾക്ക് പ്രദീപ് സാറിനോടൊപ്പം ഒരേ സ്റ്റാഫ് റൂമിൽ അധ്യാപകരായി ഇരിക്കാനുള്ള ഭാഗ്യം കിട്ടി.
അതിൽ ഒരു വിദ്യാർഥി ഞാനായിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി. ജീവിത യാത്രയിൽ പല രംഗത്തും സാറിനോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം എനിക്ക് കിട്ടി. ഞാൻ 14 വർഷക്കാലമായി അധ്യാപികയായി തുടരുമ്പോളും 26 വർഷക്കാലമായി ഞാൻ കണ്ട സ്വപ്നം നെഞ്ചിലേറ്റുന്നു. സാറിന്റെ പ്രവചനം പോലെ ഒരു അധ്യാപികയാകാൻ എനിക്ക് കഴിഞ്ഞു. എന്നാൽ എന്റെ സ്വപ്നമാണ് ഒരു ദിവസം എങ്കിലും സാറിനൊപ്പം സഹ അധ്യാപികയായി ജോലിചെയ്യണം എന്നുള്ളത്. അതിനുള്ള കാത്തിരിപ്പാണ് ഓരോ ദിനവും.
Content Summary : Career Gurusmrithi Shamina Talks About Her Favorite Teacher