ADVERTISEMENT

അധ്യാപകർക്കും സഹപാഠികൾക്കും ഇരട്ടപ്പേരിടുന്ന പതിവ് എല്ലാക്കാലത്തും വിദ്യാർഥികൾക്കുണ്ട്. ഒളിഞ്ഞും തെളിഞ്ഞും ഇരട്ടപ്പേര് ഉറക്കെ വിളിക്കുന്നതും ചീത്തവിളിയും ചുട്ടതല്ലും തിരിച്ചുകിട്ടുന്നതും പതിവുമാണ്. ഇരട്ടപ്പേരുവിളി സജീവമായിരുന്ന കാലത്തെക്കുറിച്ചും ലീല എന്ന അധ്യാപികയുടെ വേറിട്ട അധ്യാപന ശൈലിയെക്കുറിച്ചുമുള്ള ഓർമകളാണ് പി.സി അനിൽ കുമാർ ഗുരുസ്മൃതി എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുന്നത്. 

 

അമ്മച്ചി. ഇതൊരു ഇരട്ടപ്പേരാണ്. ചേപ്പാട് ക്രൈസ്റ്റ് കിങ് ഹൈസ്കൂളിൽ ഞങ്ങളുടെ പ്രഥമാധ്യാപിക ആയിരുന്ന ലീലാ കുമാരി ടീച്ചറിനെ വിളിച്ചിരുന്ന പേര്. അന്ന് അധ്യാപകർക്ക് ഇരട്ടപ്പേരിടുന്നതിൽ വിദഗ്ധരായ കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. പലപേരുകളും അവർക്ക് ജീവിതത്തിൽ സ്ഥിരം വിശേഷണമായി മാറുകയും ചെയ്തിട്ടുണ്ട്.

 

ലീല ടീച്ചർക്ക് കിട്ടിയ വിശേഷണം അന്ന് മോശമായ ഒരു സമ്പ്രദായത്തിന്റെ ഭാഗമായി തോന്നിയിരുന്നു എങ്കിലും ഇന്നോർക്കുമ്പോൾ ആ പേരിൽ ഒരു സ്നേഹം ഉണ്ടായിരുന്നു എന്നു തോന്നുന്നു. ഭദ്രകാളി എന്നോ രാക്ഷസി എന്നോ ഒന്നുമല്ലല്ലോ. അമ്മച്ചി എന്ന വിളിയിൽ അമ്മ എന്നതിനേക്കാൾ അടുപ്പവും സ്വാതന്ത്ര്യവും കൂടി ഉണ്ടല്ലോ (അന്ന് പരസ്യമായി ഈ പേര് വിളിക്കാൻ ആരും ധൈര്യപ്പെട്ടില്ല). കുലീന സൗന്ദര്യമുള്ള, ഒരു പുഞ്ചിരി എപ്പോഴും സൂക്ഷിക്കുന്ന, മൂക്കുത്തി അണിഞ്ഞ, അൻപത് വയസ്സിനു മേൽ പ്രായമുണ്ടായിരുന്ന ടീച്ചറെ കുട്ടികൾ അനുസരിച്ചു പോന്നു. ആകർഷകമായ വസ്ത്രധാരണം, ജാഡ തീരെ ഇല്ലാത്ത പ്രകൃതം. പക്ഷേ ഒരു നോട്ടത്തിൽപോലും ആജ്ഞാശക്തി പ്രകടമായിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞ കാലം. കുട്ടികളിൽ സമരവാസന ഒക്കെ ഉള്ള സമയം. ഉച്ച ഭക്ഷണസമയത്ത് കോമ്പൗണ്ടിനു വെളിയിൽ കുട്ടികൾ വിഹരിക്കും. ഊണ് കഴിക്കാൻ സ്കൂളിനു വടക്കു വശത്തുള്ള വാടക വീട്ടിലേക്ക് പോകുന്ന ടീച്ചർ അവിടെനിന്ന് ഇറങ്ങുന്നത് ദൂരെ നിന്നു കണ്ടാൽ മതി, യമണ്ടന്മാരായ കുട്ടികൾ വരെ ഓടി ക്ലാസ്സിൽ കയറും. വടി കൊണ്ട് അടിച്ചിട്ടോ ഒന്നുമല്ല ആ പേടി. അതങ്ങനെയാണ്. ചിലർക്ക് ഒരു നോട്ടം മതി. വല്ലാത്ത ഒരു പ്രഭാവം ആണ് ടീച്ചർക്ക്. സ്കൂളിന്റെ അച്ചടക്കം അവരുടെ കയ്യിൽ ഭദ്രമായിരുന്നു. 

 

ഹെഡ്മിസ്ട്രസ്സ് ആയതിനാൽ അധികം ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നതായി കണ്ടിട്ടില്ല. എങ്കിലും ഓരോ ക്ലാസ്സിലും ഏതാനും പിരീഡുകൾ എങ്കിലും ടീച്ചർ വന്നിരിക്കും. ആ മണിക്കൂറുകൾ മാത്രം മതി ടീച്ചർ നമ്മെ അങ്ങോളം സ്വാധീനിക്കാൻ. ഒരു ടീച്ചർ എന്തായിരിക്കണം അല്ലെങ്കിൽ എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമ മാതൃക. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന മാതൃകാ അധ്യാപകരിൽ ഒരാൾ. ഇംഗ്ലിഷ് ആണ് ടീച്ചറിന്റെ വിഷയം. ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം. ഒരു ഒഴിവ് പിരീഡിൽ ടീച്ചർ ക്ലാസ്സിൽ വന്നു. ഇംഗ്ലിഷ് എങ്ങനെ പഠിക്കണം, എങ്ങനെ ഉച്ചരിക്കണം എന്നൊക്കെ ലളിതമായി ആമുഖം. പിന്നെ അതിനുള്ള മാർഗ്ഗങ്ങൾ പറഞ്ഞു തന്നു. നഴ്സറി റൈംസ് ചൊല്ലിപ്പഠിക്കുക എന്നതാണ് ആദ്യ പടിയായി നൽകിയ ഉപദേശം. മലയാളം മീഡിയത്തിൽ പഠിച്ചു വന്ന ഞങ്ങൾക്ക് അതൊക്കെ പുച്ഛമായിരുന്നു.

 

പക്ഷേ നല്ല ഈണത്തിൽ ഉച്ചാരണ ശുദ്ധിയോടെ twinkle twinkil, jack and Jill ഒക്കെ ടീച്ചർ പാടി പഠിപ്പിച്ചു. ക്രമേണ കഥാരൂപത്തിൽ ഉള്ള ചില കവിതകൾ won't you marry me oh soldier soldier , with musket pipe and drum എന്ന പദ്യം ഒക്കെ ഇംഗ്ലിഷ് ആദ്യം പഠിക്കുന്നവർക്ക് ഏറെ നല്ല മാർഗ്ഗങ്ങളാണ് എന്നും ടീച്ചർ പഠിപ്പിച്ചു. പിന്നെ ഒരിക്കൽ ടീച്ചർ ക്ലാസ്സിൽ വന്നു വോക്കാബുലറി മെച്ചപ്പെടുത്തുന്നതിന് ക്ലാസ്സ് എടുത്തു. ടീച്ചർ ബോർഡിൽ ഒരു വാക്ക് എഴുതി FATHER ഇതിലെ അക്ഷരങ്ങൾ മാത്രം ഉപയോഗിച്ച പരമാവധി വാക്കുകൾ ഉണ്ടാക്കുക. അർഥം കൂടി അറിയണം. ക്ലാസ്സ് തീർന്നു വീട്ടിൽ ചെന്നും എഴുതാം. ഇന്റർനെറ്റ് ഇല്ലാത്ത കാലമല്ലേ, ഡിക്‌ഷണറി പോലും വീടുകളിൽ അപൂർവം. ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടും 10,15 വാക്കുകൾ വരയേ എഴുതാൻ കഴിഞ്ഞുള്ളൂ. അടുത്ത ദിവസം ടീച്ചർ ബോർഡിൽ വാക്കുകൾ എഴുതാൻ തുടങ്ങി 10, 20, 40... തീരുന്നില്ല 150 നടുത്ത് വാക്കുകൾ ആണ് ടീച്ചർ അന്ന് പരിചയപ്പെടുത്തിയത്.

 

അന്ന് ഇത്തരം പഠന മാർഗ്ഗങ്ങൾ ഒന്നും സാർവത്രികമായി ഉപയോഗിച്ചു തുടങ്ങിയിട്ടില്ല എന്നോർക്കണം. വ്യത്യസ്തമായ ആകർഷകമായ രീതികൾ. പിൽക്കാലത്ത് മറ്റു കുട്ടികൾക്ക് ഞാൻ ഇത്തരം മാർഗ്ഗങ്ങൾ ഉപദേശിച്ചിട്ടുണ്ട്. കുട്ടികളുടെ നിലവാരം ഉയർത്തുന്നതിന് ടീച്ചർ നല്ല പ്രസിദ്ധീകരണങ്ങൾ പലതും വരുത്തിയിരുന്നു. കൂടാതെ ടീച്ചറിന്റെ വീട്ടിൽനിന്നു കൊണ്ടുവരുന്ന പ്രസിദ്ധീകരണങ്ങൾ കെട്ടുകളാക്കി ഓഫിസിൽ സൂക്ഷിച്ചിരുന്നു. തളിര്, യോജന തുടങ്ങിയ മാസികകൾ. ഫ്രീ പിരീഡുകൾ ഉള്ളപ്പോൾ ക്ലാസ്സ് ലീഡർ ഒന്നോ രണ്ടോ കെട്ടുകൾ ക്ലാസ്സിൽ കൊണ്ടുചെന്ന് വിതരണം ചെയ്യണം വായിച്ചതിനുശേഷം അതുപോലെ കെട്ടി കൊണ്ടുവയ്ക്കേണ്ടത് ലീഡറുടെ ഉത്തരവാദിത്തമാണ്. പക്ഷേ കുട്ടികൾ ടീച്ചറിന്റെ സ്വപ്നങ്ങൾ ഒക്കെ പൊളിച്ചു.

 

ഓരോ പുസ്തകവും കയ്യിൽ കിട്ടുന്ന മഹാന്മാർ അവരുടെ സർഗ്ഗ സൃഷ്ടികൾ അവയിൽ കോറിയിടും. ബാത്ത്റൂം സാഹിത്യത്തെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും രചനകളും. മിടുക്കന്മാരും മണ്ടന്മാരും എല്ലാം ഇതിൽ പങ്കാളികളാണ്. അന്ന് ഓൾപ്രമോഷനില്ല. ഏതു ക്ലാസ്സിലും പിൻ ബെഞ്ചിൽ വർഷങ്ങളുടെ സർവീസ് ഉള്ള അണ്ണന്മാർ ഉണ്ടാകും. മീശ വളർന്ന ഒരു സഹപാഠിയെ കുട്ടികൾ അച്ഛൻ എന്നാണ് വിളിച്ചിരുന്നത്. അച്ചോ എന്ന് വിളിക്കുമ്പോൾ അവൻ തിരിഞ്ഞുനിന്ന് ‘അച്ഛൻ നിന്റെ തന്ത’ എന്ന് പറയുന്നതും രസമുള്ള ഓർമ.

 

മുൻ ബഞ്ച് രണ്ടും പഠിപ്പിസ്റ്റ് വിഭാഗം കയ്യടക്കും. മൂന്നാം ബഞ്ച് വിഭാഗമാണ് ഞങ്ങൾ. അതിനു പുറകിൽ കാർന്നോന്മാരുടെ സ്ഥാനം. അവരാണ് അന്നത്തെ ലൈംഗിക വിജ്ഞാനകോശം. മുൻ ബെഞ്ചിൽ ഉള്ള മിടുക്കന്മാർ എന്ന് അഭിമാനിക്കുന്ന മണ്ടന്മാർ എംബിബിഎസിനു പഠിക്കുന്ന അനാട്ടമി ഒക്കെ അന്നു തന്നെ ഈ ചേട്ടന്മാർക്ക് ഹൃദിസ്ഥമായിരുന്നു. ഇവരും ഞങ്ങൾക്ക് ഗുരുസ്ഥാനീയർ ആണ്. ഈ ഗുരുക്കന്മാർ ആണ് ഈ പുസ്തകങ്ങളിലും തങ്ങളുടെ സംഭാവനകൾ ഏറെയും എഴുതി ചേർത്തത്. ഞങ്ങളും അത്ര നല്ല പുള്ളകൾ അല്ല. എങ്കിലും അറിവുകൾ പരിമിതം ആയിരുന്നല്ലോ അതുകൊണ്ട് ഇന്നത്തെപ്പോലെ വായനക്കാർ മാത്രം. അവസാനം അധ്യാപകരുടെ ശ്രദ്ധയിൽ ഇത് പെട്ടു. അങ്ങനെ ആ പ്രസിദ്ധീകരണങ്ങൾ അത്രയും അഗ്നിക്ക് ഇരയാക്കേണ്ടി വന്നു. അങ്ങനെ ടീച്ചറിന്റെ ആ സ്വപ്ന പദ്ധതി തകർന്നുപോയി. ടീച്ചർ വിചാരിച്ചാൽ ഒന്നും ഞങ്ങളെ  നന്നാക്കാൻ പറ്റില്ല എന്ന് ഞങ്ങൾ തെളിയിച്ചു.

 

ടീച്ചറിന്റെ ഒരു ഫോട്ടോ പോലും എന്റെ കയ്യിൽ ഇല്ല. അന്ന് ഗ്രൂപ്പ് ഫോട്ടോ ഒന്നും ഇല്ലായിരുന്നു. എസ്എസ്എൽസി ബുക്കിലെ ഒരു ഒപ്പ് മാത്രം ഉണ്ട്. ആരുടെ എങ്കിലും കൈവശം ഫോട്ടോ ഉണ്ടെങ്കിൽ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു. തിരുവനന്തപുരത്ത് പട്ടത്തിനടുത്തെവിടെയോ ആണ് ടീച്ചർ ഇപ്പോൾ ഉള്ളതെന്ന് അറിയാം. മകൻ ഡോക്ടർ ആണ് എന്നും പറഞ്ഞു കേട്ടു. കൃത്യമായി എവിടെ എന്നറിഞ്ഞിരുന്നെങ്കിൽ ഒന്നു കാണണം.

അധ്യാപകൻ എന്തായിരിക്കണം എന്നത് എന്നെ പഠിപ്പിച്ചവരിൽ ഏറ്റവും ഒന്നാമത്തെ മാതൃക ആയി ലീലാ കുമാരി ടീച്ചറെ ഞാൻ കാണുന്നു. ആ പാദങ്ങളിൽ നമസ്കരിക്കുന്നു.

 

Content Summary : Career Gurusmrithi Anil Kumar P C Talks about his favorite teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com