മൂന്നിന് ഊന്നുവടി വച്ചാൽ ‘അ’; മിടുക്കരെയും തലതിരിഞ്ഞവരെയും മറക്കാത്ത ഉഷ ടീച്ചർ

HIGHLIGHTS
  • ടീച്ചറിന്റെ അധ്യാപന ശൈലി തികച്ചും വ്യത്യസ്തവും ആകർഷണീയവും അനുകരണീയവും ആയിരുന്നു.
  • ക്ലാസ്സിലെ കുട്ടികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതും ടീച്ചറെ വേറിട്ട്‌ നിർത്തിയിരുന്നു.
guru-smrithi-sony-m-thomas
സോണി.എം.തോമസ്
SHARE

എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ ഭാഷയും കണക്കുമൊക്കെ പഠിപ്പിക്കുന്നത് എളുപ്പമല്ല. കുട്ടികളുടെ ശ്രദ്ധ പതറാതിരിക്കാനും പഠിച്ചത് ഓർത്തിരിക്കാനും പല സൂത്രങ്ങളും പയറ്റേണ്ടി വരും. കണക്കിലൂടെയും പാട്ടിലൂടെയും ഹിന്ദിയും വ്യാകരണവും പഠിപ്പിച്ച ഉഷ എന്ന അധ്യാപികയെപ്പറ്റിയുള്ള ഓർമകൾ ഗുരുസ്മൃതിയില്‍ പങ്കുവയ്ക്കുകയാണ് അധ്യാപികയായ സോണി എം തോമസ്. പാട്ടും കളിചിരികളും മാത്രമല്ല നല്ല ചുട്ട ചൂരൽ കഷായത്തിന്റെ ഓർമകളും ഉഷ ടീച്ചറെക്കുറിച്ചോർക്കുമ്പോൾ മനസ്സിലെത്താറുണ്ടെന്ന് സോണി പറയുന്നു. 

വിദ്യാലയ അനുഭവങ്ങൾ എന്നും ഗൃഹാതുരുത്വം തുളുമ്പുന്നവയാണ്; ചില അധ്യാപകർ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം ഏറെ വിലപ്പെട്ടതും. വിദ്യാലയ ജീവിതാനുഭവങ്ങളിൽ ഏറ്റവും ഓർമിക്കപ്പെടുന്ന ഒരു അധ്യാപികയാണ് രാഷ്ട്ര ഭാഷയുടെ ആദ്യാക്ഷരം കുറിച്ചു തന്ന ഉഷ ടീച്ചർ. പലരും അത് സമ്മതിച്ചിട്ടുള്ളതുമാണ്. 1991-1993 കാലത്ത് കൊല്ലം ജില്ലയിലെ മുഖത്തല സെന്റ് ജൂഡ് ഹൈസ്കൂളിലെ ഞങ്ങളുടെ ഹിന്ദി അധ്യാപിക ആയിരുന്നു ഉഷ ടീച്ചർ.

ടീച്ചറിന്റെ അധ്യാപന ശൈലി തികച്ചും വ്യത്യസ്തവും ആകർഷണീയവും അനുകരണീയവും ആയിരുന്നു. ഒരു പുതിയ ഭാഷ പഠിക്കുമ്പോൾ ഏറ്റവും താൽപര്യം ഉണ്ടാകാൻ വേണ്ട എല്ലാ കാര്യങ്ങളും ടീച്ചർ ചെയ്തിരുന്നു. പ്രത്യേകിച്ച് അക്ഷരങ്ങൾ പഠിക്കുമ്പോൾ, വ്യാകരണം പഠിക്കുമ്പോൾ ഒക്കെ. 3 എന്ന അക്കത്തിന് ഒരു ഊന്നുവടി വച്ചാൽ ഹിന്ദിയിൽ ‘അ’ ആകും. ‘അ’യ്ക്കു വയസ്സായാൽ വീണ്ടും ഒരു ഊന്നുവടി വേണ്ടി വരും. അപ്പോൾ आ ആകുമെന്നും കർണ്ണന്റെ കുണ്ഡലം പോലെ ആണ് क എന്നും. ഉണ്ണിയപ്പക്കൊതിയൻ ആയ ഗണപതിക്ക് വായിൽ വച്ചു കൊടുത്ത ഉണ്ണിയപ്പം പോലെയാണ് ङ എന്നും ഒക്കെ പഠിപ്പിച്ചത് മറക്കാൻ കഴിയില്ല.

ने को से का के की में पर केलिए എന്ന് ഇന്നും മറക്കാതെ പാടാൻ കഴിയുന്നത് ടീച്ചറിന്റെ അധ്യാപന കലയുടെ ഒരു റിസൾട്ട് മാത്രം ആണ്.  सक ഉം चूक ഉം ചേരുമ്പോൾ ने യും को യും പാടില്ല എന്ന് പാടി പഠിപ്പിച്ചത് ഇന്റഗ്രേഷൻ മെതേഡ് പോലെ ഉള്ള വല്യ കാര്യങ്ങളൊക്കെ വരുന്നതിനും എത്രയോ കാലം മുൻപ് ആണ്.

guru-smrithi-usha-teacher
ഉഷ ടീച്ചർ

അധ്യാപനത്തെ ഒരു കലയായി നെഞ്ചിലേറ്റി ഒരു ഉത്തമ തലമുറയെ വാർത്തെടുക്കാൻ ഞങ്ങളെപ്പോലെയുള്ള അധ്യാപകർക്ക് ഉഷ ടീച്ചറെപ്പോലെയുള്ളവർ നൽകിയ ഊർജവും ആവേശവും കരുത്തും ചെറുതല്ല,  അത് വാക്കുകൾക്ക് അതീതമാണ്.

വിദ്യാഭ്യാസ രീതിയിൽ സമൂലമായ മാറ്റം ഉണ്ടായിട്ടുണ്ട്. അന്നൊക്കെ കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കുന്നവരായിരുന്നു അധ്യാപകർ. അക്കാര്യത്തിൽ ഉഷ ടീച്ചറും വിഭിന്നമല്ല. തുടർച്ചയായ 7 അടികൾ അതും കനം കുറഞ്ഞ ചൂരൽ കൊണ്ട്. ചിലപ്പോൾ ചൂരൽ വരെ ഒടിഞ്ഞു പോകുമായിരുന്നു. ചൂരലോ, നമ്മൾ പിരിവിട്ടു വാങ്ങുന്നതും. ക്രോധം മൂലം വിറകൊണ്ട കവിളുകളും ഉന്തിവരുന്ന നയനങ്ങളും അടിയെപ്പോലെ തന്നെ ഞങ്ങളിൽ ഭയം ജനിപ്പിക്കുന്നവയായിരുന്നു. പക്ഷേ അതിൽ ഒക്കെയും ഒരു സ്നേഹം ഉണ്ടായിരുന്നു. ക്ലാസ്സിലെ കുട്ടികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതും ടീച്ചറെ വേറിട്ട്‌ നിർത്തിയിരുന്നു.

അടുത്ത സമയത്ത് ടീച്ചറിന്റെ ഫോൺ നമ്പർ അന്വേഷിച്ച് കണ്ടെത്തി വിളിച്ച് പേരും വർഷവും പറഞ്ഞപ്പോൾ ക്ലാസ്സിലെ മിടുക്കരുടെ മാത്രമല്ല ഏറ്റവും കൂടുതൽ അടി വാങ്ങിയ കുരുത്തക്കേടിന്റെ കേന്ദ്രബിന്ദുവിന്റെ പേരു വരെ എടുത്തു ചോദിച്ചു ടീച്ചർ.

ഒരു അധ്യാപകന്റെ ഏറ്റവും വലിയ ഭാഗ്യവും സുകൃതവുമാണ് വിദ്യാർഥികളുടെ മനസ്സുകളിൽ ജീവിക്കുക എന്നത്. അതിൽ ഉഷ ടീച്ചർക്കും ആനന്ദിക്കാം. എന്നും ടീച്ചർ ഞങ്ങളുടെ മനസ്സുകളിൽ ഉണ്ടായിരിക്കും. പ്രൗഢിയോടെ തന്നെ... സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിറകുടമായി.

Content Summary : Career Gurusmrithi  Sony M Thomas Talks About Her Favorite Teacher

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}