അടുത്ത ഗ്രാമത്തിലേക്കു കുതിരപ്പുറത്തു സഞ്ചരിക്കുകയാണയാൾ. വനത്തിലെത്തിയപ്പോൾ ക്ഷീണംകൊണ്ടു മരത്തണലിൽ കിടന്നുറങ്ങി. എഴുന്നേറ്റപ്പോൾ കുതിരയെ കാണാനില്ല. കുതിരയുടെ കാലടിപ്പാട് കണ്ട് അതു പിന്തുടർന്നപ്പോൾ അടുത്ത ഗ്രാമത്തിലെ ആരോ കുതിരയെ മോഷ്ടിച്ചതാണെന്ന് അയാൾക്കു മനസ്സിലായി. അയാൾ ആ ഗ്രാമത്തിലെത്തി ഉറക്കെ വിളിച്ചു പറഞ്ഞു: എന്റെ കുതിരയെ എടുത്തത് ആരാണെങ്കിലും തിരിച്ചുതരിക. ഇല്ലെങ്കിൽ കഴിഞ്ഞ തവണ ചെയ്തതുപോലെ ഞാൻ ചെയ്യും. ആക്രോശംകേട്ടുവന്ന ആളുകളുടെ കൂടെ മോഷ്ടാവും ഉണ്ടായിരുന്നു. ഭയന്നുപോയ അയാൾ കുതിരയെ തിരിച്ചുനൽകി. ആൾക്കൂട്ടം പിരിഞ്ഞപ്പോൾ കള്ളൻ ചോദിച്ചു: കഴിഞ്ഞ തവണ കുതിരയെ നഷ്ടപ്പെട്ടപ്പോൾ താങ്കൾ എന്താണു ചെയ്തത്. അയാൾ പറഞ്ഞു: ഞാൻ പുതിയൊരു കുതിരയെ വാങ്ങി.
ചിലർ നഷ്ടങ്ങളിൽ തകരും, ചിലർ തളിർക്കും. തകരുന്നവർ വ്യാകുലപ്പെടുന്നതു നഷ്ടത്തിന്റെ ആധിക്യത്തെക്കുറിച്ചും തിരിച്ചുപിടിക്കാനാകാത്ത പഴയ നേട്ടങ്ങളെക്കുറിച്ചും ഓർത്തായിരിക്കും. തളിർക്കുന്നവർ ചിന്തിക്കുന്നതു താൽക്കാലിക വേദന എങ്ങനെ മറികടക്കാമെന്നും തുല്യമൂല്യമുള്ളതോ അതിനെക്കാൾ മികച്ചതോ ആയ മറ്റൊന്നിനെ എങ്ങനെ സ്വന്തമാക്കാമെന്നും ആയിരിക്കും. വിലാപകാവ്യങ്ങൾക്കിടയിൽനിന്നു വിജയഭേരി മുഴങ്ങില്ല. ഓരോ നഷ്ടത്തിന്റെ പിന്നിലും അപക്വമായ എന്തെങ്കിലും പ്രവൃത്തിയുണ്ടാകും. അവയെ കണ്ടെത്താനും ആവർത്തിക്കാതിരിക്കാനുമുള്ള തീരുമാനം ഒരുവശത്ത് ഉണ്ടാകണം. സംഭവിച്ച നഷ്ടത്തിനു പകരമോ പരിഹാരമോ കണ്ടെത്താനുള്ള വിചിന്തനം മറുവശത്ത് ഉണ്ടാകണം.
കോട്ടങ്ങളല്ല ആരെയും തകർക്കുന്നത്; കോട്ടങ്ങളോടു പ്രതികരിക്കുന്ന രീതിയാണ്. ആർക്കും ഒരിക്കലും എല്ലാം നഷ്ടമാകാറില്ല. ആകെയുള്ളതിന്റെ കുറച്ചുഭാഗം മാത്രമാണ് ഒലിച്ചുപോകുന്നത്. എന്തെങ്കിലും ഇല്ലാതാകുമ്പോൾ എല്ലാം ഇല്ലാതായി എന്ന അബദ്ധധാരണ ആത്മവിശ്വാസം കെടുത്തും. എല്ലാം നഷ്ടമായാലും ആത്മധൈര്യം അവശേഷിക്കുന്നുണ്ടെങ്കിൽ പതിന്മടങ്ങായി എല്ലാം തിരിച്ചെത്തും.
Content Summary : How to come to terms with losing