ADVERTISEMENT

ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നത് ആർക്കും സഹിക്കാനാവില്ല. പക്ഷേ അത്തരമൊരു ശിക്ഷ ജീവിതത്തിൽ വലിയൊരു പാഠമാണ് തന്നെ പഠിപ്പിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് സലീം മിഹ്റാൻ ഗുരുസ്മൃതി എന്ന പംക്തിയിലൂടെ തന്റെ പ്രിയപ്പെട്ട അധ്യാപകനെ ഓർത്തെടുക്കുന്നത്. കുറ്റം ചെയ്യാതിരിക്കുന്നതുപോലെ പ്രധാനമാണ് സ്വന്തം ഉത്തരവാദിത്തം വൃത്തിയായി നടപ്പിലാക്കുന്നത് എന്നും തന്നെ പഠിപ്പിച്ച അധ്യാപകനെ ഓർത്തുകൊണ്ട് സലിം പറയുന്നതിങ്ങനെ... 

 

സാഹചര്യത്തിന്റെ സമ്മർദ്ദത്തിൽ ക്ലാസ് ലീഡറായി, (എതിർ സ്ഥാനാർഥികളുടെ നോമിനേഷൻ തള്ളിപ്പോയപ്പോൾ) വിലസാൻ കഴിഞ്ഞില്ലെങ്കിലും വിരളാതിരിക്കാനായല്ലോ എന്ന രീതിയിൽ പ്രവർത്തിക്കുന്ന കാലം. വയലിലും തോട്ടിലും ജീവിക്കുന്ന, ചെമ്മീനിന്റെ ശുദ്ധജല വകഭേദമായ ചെള്ളിയെന്ന മീനിനെപ്പോലെ മെലിഞ്ഞ് കൊലുന്ന് വളഞ്ഞ ഞാൻ ലീഡറായ ക്ലാസിൽ നാലും അഞ്ചും വയസ്സിന്റെ മൂപ്പധികമുള്ള മസിൽ ചെക്കന്മാരും അവർക്കൊത്ത സുന്ദരികളും പുറകിലെ ബെഞ്ചുകളെ ധന്യമാക്കിയിരുന്നു. അവർക്ക് അവരുടെ പാട്. എന്തോ ഭാഗ്യം കൊണ്ട് കാര്യമായ പങ്കപ്പാടില്ലാതെ ‍കാര്യങ്ങൾ മുന്നോട്ടു പോയി. സ്കൂൾ സ്റ്റോറിലെ ‘വലിയ കണക്ക്’ ചെയ്യുന്നതിനിടയിൽ പലപ്പോഴും ഏഴാം ക്ലാസ്സിലെ ‘ചെറിയ കണക്ക്’ മറന്നു പോകുന്ന കണക്ക് മാഷിന്റെ പിരീഡാണ് അടുത്തത്.

 

‘‘എടാ സലീമേ’’

 

പിൻബെഞ്ചിൽ നിന്നാണ്. താളത്തിലെ വിളി കേട്ടാൽ അറിയാം, അവർക്ക് എന്തോ പറയാനുണ്ടെന്ന്. ഇത്തിരി ഈർഷ്യയോടെ തിരിഞ്ഞുനോക്കി.

 

‘‘എടാ...നമ്മുടെ ........................ .അവിടെ സ്റ്റോറിൽത്തന്നെ ഉണ്ടോ?. ഇന്നിനി വരില്ലേ എന്നൊന്ന് നോക്കി വാടാ’’

 

അവൻ അദ്ദേഹത്തെ വിളിക്കാൻ പ്രയോഗിച്ച പദം കേട്ട് ഞാൻ തല കുനിച്ചു. വിദ്യ നൽകുന്ന ഗുരുവിന് ശിഷ്യൻ പതിച്ച് നൽകിയ ബഹുമതിപ്പേര്. സത്യത്തിൽ അവന്റെ മുഖത്തിനാണ് ആ പദം കൂടുതൽ യോജിക്കുക എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. മുതിർന്നവരുടെ വാക്കുകളെ കൽപനയായിത്തന്നെ കാണണം എന്നതാണ് ആരോഗ്യമുള്ള വളർച്ചയ്ക്ക് ഉത്തമം എന്ന തിരിച്ചറിവുള്ള ഞാൻ പതുക്കെ പുറത്തിറങ്ങി. മാഷ് എന്തേ വരാത്തത് എന്നറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. പഠിക്കാൻ വന്നവർക്ക് ഒരു ദിവസം മുടങ്ങുന്ന ആശങ്കയും അല്ലാത്തവർക്ക് സ്വതന്ത്രമായി കളിക്കാനുള്ള സന്തോഷവും.

 

‘‘സാർ’’

 

ഭയവും വിധേയത്വവും കലർന്ന മൃദുവായ ശബ്ദം കേട്ട് വലിയ ലഡ്ജർ ബുക്കിലെ അക്കങ്ങളിൽനിന്ന് മാഷ് തല ഉയർത്തി. എന്താണ് കാര്യമെന്ന് പുരികമുയർത്തിയുള്ള ചോദ്യവും.

 

‘‘സാർ...ഈ പിരിയഡ് ഏഴ് ഡി’’

 

‘‘ഏ’’

 

മൂക്കിന്റെ അറ്റത്തോടടുപ്പിച്ച് വച്ച കണ്ണടച്ചില്ലിന്റെ മുകളിലൂടെ എന്നെയൊന്ന് തറച്ച് നോക്കി അമർത്തിയ മൂളലിൽ സാറിന്റെ ചോദ്യം വീണ്ടും. 

 

‘‘ഏഴ് ഡി. ഈ പിരിയഡ്...മാത്‌സ്’’ ഞാൻ പറഞ്ഞൊപ്പിച്ചു.

 

ചുവരിൽ പതിച്ച ചെറിയ ടൈംടേബിളിൽ ഒന്ന് നോക്കി ഉറപ്പാക്കി മാഷ് പറഞ്ഞു, ‘‘ആ ശരി, ആരും കളിക്കരുതെന്ന് പറയൂ. ഞാനിതാ വരുന്നു.’’ കേട്ടപാടെ സ്റ്റോറിന്റെ വലിയ പടികൾ ചവിട്ടി തിരിച്ചിറങ്ങി. ക്ലാസ്സിൽ മടങ്ങിയെത്തിയ ഞാൻ അമ്പരന്നു. വഴി മാറി വേറെ ക്ലാസ്സിൽ എത്തിയോ എന്നായി ശങ്ക. ഒരു വശത്ത് താളമേളങ്ങളോടെ ഗാനമേള. മറു വശത്ത് ചമയങ്ങളും അലങ്കാരവെളിച്ചങ്ങളുമില്ലാത്ത ഒപ്പന. മുൻബെഞ്ചുകളിലെ അപൂർവം ചിലർ പുസ്തകത്താളുകളിൽ മുഖം പൂഴ്ത്തി.

 

മാഷിന്റെ നിർദ്ദേശം ഞാൻ പ്രഖ്യാപിച്ചത് പൂരപ്പറമ്പിൽ ഇല വീണ പ്രതീതി പോലുമുണ്ടാക്കിയില്ല. കടമ തീർത്ത ആശ്വാസത്തോടെ ഞാനിരിക്കുമ്പോൾ ഒരു നിഴൽ വാതിൽ കടന്ന് വന്നു. നിഴലിന് പുറകിൽ മാഷും. മാഷിന്റെ കർണ്ണ–നയനേന്ദ്രിയങ്ങൾ ലൈവായി ക്ലാസ്സിന്റെ അവസ്ഥ മനസ്സിലാക്കിയല്ലോ എന്നായി ആശ്വാസം. വേട്ടക്കാരനെ കണ്ട മുയൽക്കൂട്ടം കണക്കെ ഡസ്കിന്റെ മുകളിലും ക്ലാസിന്റെ മൂലകളിലുമായിരുന്നവർ തൽസ്ഥാനങ്ങളിലേക്ക് കുതിച്ചു. ഇപ്പോൾ സർവം ശാന്തം. തളം കെട്ടി നിന്ന നിശ്ശബ്ദതയെ ഭജ്ഞിച്ച് മാഷിന്റെ ശബ്ദം മുഴങ്ങി.

 

‘‘സലീം, സ്റ്റോറിൽ പോയി വടി തരാൻ പറയ്’’.

 

തുടിക്കുന്ന ഉള്ളവുമായി ഞാൻ പുറത്തേക്കൊടി. കിതപ്പോടെ സ്റ്റോറിലെത്തി വടി തേടി. കൈയിൽ ചൂരലാണല്ലോ എന്ന ഗമയിൽ വടിയെ തഴുകി വേഗത്തിൽ തിരിച്ച് നടന്നു. മാഷ് നേരിൽ എല്ലാം കണ്ടതല്ലേ. ഇനി മാഷ് ശരിയാക്കും കാര്യങ്ങൾ എന്നുറപ്പിച്ച് മാഷിന്റെ കൈയിൽ വടി കൊടുത്തു. സീറ്റിലേക്ക് ഇരിക്കാൻ തിരിഞ്ഞ എന്നെ പുറകിൽ നിന്ന് മാഷ് വിളിച്ചു. കാര്യമറിയാത്ത ഉത്കണ്ഠയോടെ മാഷിന്റെ മുഖത്തേക്കുറ്റു നോക്കി അടുത്തെത്തിയ എന്റെ കയ്യിൽ പിടിച്ച് കുട്ടികൾക്ക് അഭിമുഖമായി തിരിച്ച് നിർത്തി എന്റെ ചന്തിയിൽ രണ്ട് കനത്ത അടി നൽകി മാഷ്.

 

ക്ലാസ്സ് ഒന്നടങ്കം ഞെട്ടിപ്പോയി. ചിലരുടെയെങ്കിലും ഉള്ളം വിങ്ങി കണ്ണുകൾ നിറഞ്ഞു. കടുത്ത കുറ്റം ചെയ്ത് കനത്ത ശിക്ഷ ഏറ്റു വാങ്ങിയതിന്റെ തീക്ഷ്ണതയിൽ നിൽക്കുന്ന അപരാധി കണക്കെ നിറഞ്ഞ് തുളുമ്പിയ നയനങ്ങളുമായി തല കുനിച്ച് നിന്ന എന്നെ ചേർത്ത് പിടിച്ച് എന്നോടായി, അല്ല.. ക്ലാസ്സിനോടായി മാഷ് പറഞ്ഞു,

 

‘‘ഒരു ക്ലാസ്സിന്റെ ഉത്തരവാദിത്തം ലീഡർക്കാണ്.  ലീഡർ ക്ലാസ്സ് നിയന്ത്രിക്കുകയും അടക്കി നിർത്തുകയും വേണം. ഏറ്റെടുത്ത ഉത്തരവാദിത്തത്തിൽ നിഷ്ക്രിയത്വം കാണിച്ചാൽ ശിക്ഷയും ലീഡർക്കായിരിക്കും’’.

 

തുളുമ്പി നിന്നിരുന്ന എന്റെ നയനങ്ങൾ നിറഞ്ഞൊഴുകി. അടിയുടെ വേദനയിൽ അറിയാതെ മാഷിനോട് തോന്നിയ ഈർഷ്യ കണ്ണീരിലൂടെ ഒലിച്ചു പോയി. സകലകലാവല്ലഭർ എന്നറിയപ്പെടുന്ന എന്റെ ബെഞ്ചിലെ അഞ്ചു പേരും മറ്റു കൂട്ടുകാരും എന്റെ ദുഃഖത്തിൽ പങ്കു ചേർന്നു. കണക്കു മാഷ് എന്നെ അടിയിലൂടെ പഠിപ്പിച്ച പ്രസ്തുത പാഠം മറക്കാതെ, വിസ്മരിക്കാതെ ഒരു തത്വമായി ഇന്നും ജീവിതത്തിൽ കൂടെ കൂട്ടുന്നു. എന്നും കൂടെയുണ്ടാവണേ എന്ന് ആശിക്കുന്നു. തികഞ്ഞ അഭിമാനത്തോടെ തന്നെ.

 

Content Summary : Career Gurusmrithi Salim Mihran Talks About His Favorite Teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com