ഫാഷൻ ഡിസൈൻ പഠനമെന്നു കേട്ടാലുടൻ എൻഐഎഫ്ടി എന്നു പറയുന്നതു സാധാരണം. കണ്ണൂരടക്കം 17 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ ചുരുക്കം സീറ്റുകളിൽ പ്രവേശനം കിട്ടാൻ ദേശീയതലത്തിൽ ദശലക്ഷക്കണക്കിനു കുട്ടികൾ ആഗ്രഹിക്കുന്നു. ഈ സാഹചര്യത്തിൽ കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ നടത്തുന്ന 2 വർഷ FDGT (ഫാഷൻ ഡിസൈനിങ് & ഗാർമെന്റ് ടെക്നോളജി) പ്രോഗ്രാം ശ്രദ്ധേയമാകുന്നു.
42 സർക്കാർ സ്ഥാപനങ്ങളിലും 94 അംഗീകൃത സ്ഥാപനങ്ങളിലുമായി 3700 സീറ്റുകൾ. ഓരോ കേന്ദ്രത്തിലും കുറഞ്ഞത് 24 സീറ്റ്. എസ്എസ്എൽസി / തുല്യപരീക്ഷ ജയിച്ച് ഉപരിപഠനയോഗ്യത നേടിയവർക്ക് ഒക്ടോബർ 7 വരെ അപേക്ഷിക്കാം. പ്രായപരിധിയില്ല. വിഷയങ്ങൾക്കു നേടിയ ഗ്രേഡ് പോയിന്റ് നോക്കിയാണു റാങ്കിങ്. സംവരണക്രമം പാലിക്കും.
പ്രവേശനം 17ന്. ക്ലാസുകൾ 19നു തുടങ്ങും. പ്രോസ്പെക്ടസും ഓൺലൈൻ അപേക്ഷാസൗകര്യവും www.poly admission.org/gifd വെബ്‌സൈറ്റിലുണ്ട്. ആദ്യം 100 രൂപയടച്ച് പോർട്ടലിൽ റജിസ്റ്റർ ചെയ്യണം; പട്ടികവിഭാഗം 50 രൂപ. അപേക്ഷയ്ക്ക് സർക്കാർ സ്ഥാപനങ്ങിലേക്കും സ്വകാര്യ സ്ഥാപനങ്ങിലേക്കും വെവ്വേറെ ലിങ്കുകളുണ്ട്. ഒന്നിലേറെ സർക്കാർ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കാൻ പ്രത്യേക ഓപ്ഷനുകൾ നൽകണം. www.sitttrkerala.ac.in സൈറ്റിലും വിവരങ്ങളുണ്ട്.
6 ആഴ്ചത്തെ വ്യവസായ ഇന്റേൺഷിപ്പിലൂടെ പ്രായോഗികപ്രശ്നങ്ങളെ നേരിടാൻ പരിശീലനം ലഭിക്കും. കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് അടക്കം സോഫ്റ്റ് സ്കിൽസ് സ്വായത്തമാക്കാനും അവസരമുണ്ട്. ആദ്യവർഷ ഫീസുൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിൽ 605 രൂപയും സ്വകാര്യ സ്ഥാപനങ്ങളിൽ 15,346 രൂപയും പ്രവേശനസമയത്ത് അടയ്ക്കണം.
Content Summary : Fashion Designing Course After 10th