ADVERTISEMENT

പലകുട്ടികളും അവരുടെ ശരിയായ കഴിവുകൾ തിരിച്ചറിയുന്നത് അധ്യാപകരിലൂടെയാണ്. കുട്ടിക്കാലത്ത് മറ്റുള്ളവരുടെ മുന്നിൽ വച്ച് വഴക്കു പറഞ്ഞ അധ്യാപികയാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപിക എന്നു പറഞ്ഞുകൊണ്ടാണ് അജ്മൽ ജെ. ഗുരുസ്മൃതി എന്ന പംക്തിയിലൂടെ ഓർമകൾ പങ്കുവയ്ക്കുന്നത്.

 

കുട്ടിക്കാലത്ത് പലർക്കും പല ആഗ്രഹങ്ങളും ഉണ്ടാകും. എന്റെ ഓർമയിൽ എൽപി തലം മുതൽ അധ്യാപകർ പലപ്പോഴും ചോദിക്കുന്ന ചോദ്യമാണ് വലുതാകുമ്പോൾ നിങ്ങൾക്കാരാകണം എന്നത്. ഓരോ കുട്ടിയും ഓരോ ഉന്നത തലങ്ങളിൽ എത്തിച്ചേരണമെന്ന് പറഞ്ഞ കൂട്ടത്തിൽ ഞാനും പറഞ്ഞു ഒരു സാർ ആകണമെന്ന്. പക്ഷേ യുപി തലം വരെയും ഞാൻ കരുതിയത് വളരും വലുതാകും സാറാകും എന്നാണ്. ഹൈസ്കൂൾ തലം മുതലാണ് എന്റെ ഈ ധാരണയൊക്കെ തെറ്റാണെന്ന് ബോധ്യമായിത്തുടങ്ങിയത്. കല്ലറ ഗവ. വിഎച്ച്എസ്എസിലായിരുന്നു ഹൈസ്കൂൾ പഠനം. ഹൈസ്കൂൾ തലം മുതൽ പഠനം ഏറെ പ്രയാസമായി തോന്നിത്തുടങ്ങി. പതിയെപ്പതിയെ, അധ്യാപകനാകണമെന്ന ആഗ്രഹത്തിനു വിള്ളൽ വീണു. പത്താം തരത്തിൽ എന്റെ ക്ലാസ് ടീച്ചർ ആയിരുന്ന ജയശ്രീ ടീച്ചറിനെ ഈ അവസരത്തിൽ ഓർക്കുകയാണ്. പത്താംതരം ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് ക്ലാസ് പിടിഎ കൂടി. എന്റെ റിസൾട്ട് രക്ഷിതാവിനെ ടീച്ചർ അറിയിച്ചു.

 

മോൻ പഠനത്തിൽ വളരെ പിറകോട്ടാണ്. എല്ലാ വിഷയങ്ങൾക്കും വളരെ മോശം മാർക്കാണ്. ഇവനെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല. ഇവൻ പത്താം ക്ലാസ് പോലും പാസാവുകയില്ല. എന്തിനാണ് പഠിക്കാൻ വരുന്നത്. അങ്ങനെ നീണ്ടു ടീച്ചറിന്റെ പരാതി. മറ്റു കുട്ടികളുടെ രക്ഷിതാക്കൾക്കും സഹപാഠികൾക്കും മുന്നിൽ ആദ്യമായി ജീവിതത്തിൽ ഇളിഭ്യനായി തോന്നിയ നിമിഷം. പക്ഷേ, ഈ നിമിഷങ്ങൾ സമ്മാനിച്ച ടീച്ചറിനെയാണ് ഇന്നും എന്നും എപ്പോഴും എനിക്കിഷ്ടം. കാരണം അന്ന് ടീച്ചർ അങ്ങനെ പറഞ്ഞതുകൊണ്ട് ഞാൻ ഒരു കരയ്ക്കടുക്കാൻ ശ്രമിച്ചു. പിന്നീടുള്ള മൂന്നുമാസ കാലം നിർണായകം. പറ്റാവുന്നത്ര പഠിച്ചു. ഫുൾ എ പ്ലസ് ഒന്നും അക്കാലത്ത് വാങ്ങാൻ ആയില്ലെങ്കിലും പത്താം ക്ലാസ് പാസാകില്ല എന്ന് പറഞ്ഞിടത്ത് പാസ്മാർക്കോടെ പഠിച്ചിറങ്ങി. ടീച്ചറിനെ കണ്ടു. ടീച്ചറിനും സന്തോഷം. ജയശ്രീ ടീച്ചറിനോട് അന്നത്തെ ഉത്സാഹം കൊണ്ട്  ഞാൻ പറഞ്ഞു: ടീച്ചറെ എനിക്കും ഒരു സാർ ആകണം. ടീച്ചറും പറഞ്ഞു: നന്നായി വരട്ടെ. അപ്പോൾ, മുൻപ് വിള്ളൽ വീണുപോയ ആഗ്രഹം നികത്തിയെടുക്കാൻ ഒരു ഉൾവിളി.

 

ഇതേ സ്കൂളിൽ വീണ്ടും വൊക്കേഷനൽ ഹയർ സെക്കൻഡറിക്ക് അഡ്മിഷൻ ലഭിച്ചു. എന്റെ പഠനകാലത്ത് വിഎച്ച്എസ്ഇക്ക് അഡ്മിഷൻ ലഭിക്കുന്നത് എന്തോ മോശം കാര്യം പോലെയായിരുന്നു പൊതു ജനങ്ങൾക്ക്. ശരിക്കും ഇവിടെ നിന്നാണ് തുടക്കം. ആ മൂന്നു വ്യക്തിത്വങ്ങൾ– പ്രിൻസ് സാർ, നസീം സാർ, ബിജി ടീച്ചർ –ശരിക്കും എന്നിലൊരു അധ്യാപകന്റെ റോൾ ഉണ്ടെന്ന് തെളിയിക്കുന്നത്. അത് തെളിയിക്കുന്നതിനുള്ള അവസരങ്ങൾ പല പ്രോഗ്രാമുകളിലൂടെയും അവർ എനിക്ക് തന്നു. ഒപ്പം നിന്നു,നന്നായി പഠിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ തന്നു.ഹൈസ്കൂൾ തരത്തിൽ വെറുത്തു പോയ ഗണിതത്തെ വീണ്ടും എന്നിലേക്കടുപ്പിച്ചത് പ്രിൻസ് സാറായിരുന്നു. റിസൾട്ട് വന്നു. അക്കാലത്ത് സ്കൂൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മാർക്ക് നേടി പഠിച്ചിറങ്ങി. പലതും പറഞ്ഞു നടന്നവർക്കുള്ള ചുട്ട മറുപടി കൂടി ആയിരുന്നു ഇത്.

 

 ഇപ്പോഴാണ് ഒരു കാര്യം ബോധ്യമായത്. പലപ്പോഴും പിന്നിലേക്ക്  ആയുന്നവർക്ക് മുന്നിലേക്ക് ആയാൻ ഒരു കൈത്താങ്ങായി പ്രവർത്തിക്കാൻ അധ്യാപകൻ /അധ്യാപിക എങ്കിലും തയാറായാൽ അവൻ /അവൾ ജീവിതത്തിൽ എന്നെങ്കിലുമൊക്കെ ആരെങ്കിലുമൊക്കെ ആയിത്തീരും എന്നതിൽ ഒരു സംശയവുമില്ല.

 

പിന്നീട് പാങ്ങോട് മന്നാനിയ ആർട്സ് ആൻഡ് സയൻസ് കോളേജിൽ പോളിമർ കെമിസ്ട്രിക്ക് മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ചില്ലെങ്കിലും എന്റേതായ അലസത കാരണം കോഴ്സ് പാതി വഴിയിൽ ഉപേക്ഷിച്ചിറങ്ങുകയാണ് ചെയ്തത്. അതിൽ എന്നും ഖേദിക്കുന്നു. തുടർന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ സോഷ്യോളജിയിൽ ബിരുദം കരസ്ഥമാക്കി. ഇതിനിടയിൽ വഴിമാറി എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ് ഒക്കെ പഠിക്കാൻ പോയെങ്കിലും ജീവിതത്തിൽ ഒന്നുമായി തീരാനായില്ല. അപ്പോഴും ആഗ്രഹം ഒരു അധ്യാപകൻ ആകണം എന്നതാണ്. ഇതിനിടയിൽ  മുഴുനീള സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലിചെയ്തും സ്പെഷ്യൽ ട്യൂഷൻ സ്ഥാപനം ഒക്കെ നടത്തിയും മുന്നോട്ട് പോയി. ഇതൊന്നും കൊണ്ട് ഒന്നും ആകില്ല എന്ന് വീണ്ടുംVHSE യിലെ നസീം സാറിനെ ഒരു സാഹചര്യത്തിൽ കണ്ടു മുട്ടിയപ്പോൾ മനസ്സിലായി. 

 

സാറിനോടൊത്തുള്ള ചെറിയ സംസാരവേളയിലാണ്  TTC കോഴ്സിനെ പറ്റി അറിയുന്നത്. TTC യുടെ പുതിയ വേർഷനായ D. EL. ED ന്റെ ആദ്യ ബാച്ചിൽ ചിതറ എ പി ആർ എമ്മിൽ അഡ്മിഷൻ നേടി. ഇവിടെയും മൂന്ന് ദൈവദൂതർ ഉണ്ടായിരുന്നു. എന്നെ നന്നായി പഠനത്തിലും ജീവിത പ്രയാസങ്ങളിലും മനസ്സറിഞ്ഞ് സഹായിച്ചവരും സഹകരിച്ചവരും  പ്രിയപ്പെട്ട രാധാകൃഷ്ണൻ സാർ, സിന്ധു ടീച്ചർ, ആസാദ് സാർ. ഇവിടെയും ഞാൻ അകറ്റിനിർത്താൻ ശ്രമിച്ച ഗണിതത്തെ വീണ്ടും വീണ്ടും ആവേശത്തോടെ പഠിക്കാൻ സാധിച്ചത് രാധാകൃഷ്ണൻ സാറിന്റെ സഹായത്താലായിരുന്നു. മുൻപൊന്നും വാങ്ങാൻ സാധിക്കാത്ത എ പ്ലസുകളോടുള്ള പക തീർത്തത് ഇവിടെയായിരുന്നു. ഓരോ സെമസ്റ്ററിലും അവയെണ്ണി തന്നെ വാങ്ങാൻ ശ്രമിച്ചു.

 

 ഇപ്പോൾ ജീവിതത്തിലെ ആ പഴയ ആഗ്രഹം പൂത്തുലഞ്ഞത് പോലെ തോന്നുന്നു. ഉടൻ വിളിക്കുന്ന പിഎസ് സി എൽപിഎസ്ടി ക്ക് അപേക്ഷ നൽകണം പരീക്ഷ എഴുതണം ജോലിയിൽ പ്രവേശിക്കണം എന്നൊക്കെ കരുതിയിരിക്കുമ്പോഴാണ് കൊറോണ വന്നു വീണത്. റിസൾട്ട് ഒക്കെ വരാൻ വൈകിയത് കാരണം അപേക്ഷ നൽകാനും സാധിച്ചില്ല. വീണ്ടും നിരാശ മാത്രം.വലിയൊരു അവസരം നഷ്ട്ടമായി.

 

പക്ഷേ കൊറോണാ പ്രതിസന്ധിയിൽ പോലും പിടിച്ചുനിൽക്കാൻ സാധിച്ചത് ഇക്കാലമത്രയും പഠിക്കാൻ പ്രേരണ തന്ന എന്റെ പ്രിയ അധ്യാപകരെ കൊണ്ട് മാത്രമാണ്. അധ്യാപക യോഗ്യതയെങ്കിലും നേടിയത് കൊണ്ട് മാത്രമാണ് ഈ പ്രതിസന്ധി കാലത്ത് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയെങ്കിലും ക്ലാസ് എടുക്കാൻ അവസരങ്ങൾ ലഭിച്ചത്.

 

എല്ലാവർക്കും തുല്യ അവസരവും പഠനനേട്ടവും ലഭ്യമാക്കണമെന്നതാണ് എന്റെ അധ്യാപന രീതിശാസ്ത്രമായി ഞാൻ കണക്കാക്കുന്നത് മുതയിൽ ഗവ എൽ പി എസ്, മങ്കാട് ഗവ യു പി എസ്, പെരുംകുളം എ എം എൽ പി എസ്, തൂറ്റിയ്ക്കൽ ഗവ യു പി എസ് എന്നീ വിദ്യാലയങ്ങളിൽ ഒരുപാട് ദൈവദൂതരായ മനുഷ്യർക്കൊപ്പം  അധ്യാപക പരിശീലനവും താൽക്കാലിക അധ്യാപനവും ഒക്കെ നടത്താൻ കഴിഞ്ഞു എന്നതാണ് ജീവിതത്തിലെ സന്തോഷം.

ഇപ്പോൾ തൂറ്റിയ്ക്കൽ ഗവ യു പി സ്കൂളിൽ പാർട്ട് ടൈം ഗസ്റ്റ്‌ അധ്യാപകനായി ജോലി ചെയ്തു വരുന്നു. ഇനി ഏതെങ്കിലും ഒരു സ്കൂളിൽ സ്ഥിരാധ്യാപകനായി ജോലിയിൽ പ്രവേശിക്കണം. വിദൂര വിദ്യാഭ്യാസത്തിലൂടെ സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം കൂടി നേടണമെന്നുണ്ട്.

 

 തീർച്ചയായും ജീവിതത്തിൽ എവിടെയെങ്കിലുമൊക്കെ ഒരു കരയ്ക്ക് അടുക്കാനുള്ള പല വഴികൾ കാട്ടിത്തരുന്നവരാണ് മിക്ക അധ്യാപകരും. അത് നാം അറിഞ്ഞു അടുപ്പിക്കണമെന്ന് മാത്രം. ഇനിയും വൈകാതെ എന്റെ ജയശ്രീ ടീച്ചറെ ഒന്ന് കാണണമെന്നുണ്ട്. ആ നല്ല നാളെക്കായി ഞാൻ കാത്തിരിക്കുന്നു.

 

Content Summary : Career Guru Smrithi Ajmal J Talks About his favorite teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com