ADVERTISEMENT

കേരളത്തിലെ ഹയർ സെക്കൻഡറി, വിഎച്ച്‌എസ്‌ഇ ബോ‍ർഡുകൾ ഈ വർഷം നടത്തിയ 12–ാം ക്ലാസ് പരീക്ഷകളിൽ 80–ാം പെർസെന്റൈലിൽ കൂടുതൽ വരുന്നതിനുവേണ്ട മാർക്കു നേടി, റഗുലർ ബിരുദ കോഴ്സിലെ ഒന്നാം വർഷ ക്ലാസിൽ ചേർന്നു പഠിക്കുന്നവരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ‘സെൻട്രൽ സെക്‌ടർ സ്‌കോളർഷിപ് 2022–23’ നൽകും (പരീക്ഷ ജയിച്ചവരിൽ ആദ്യത്തെ 20% പേരിൽപ്പെടണം).

 

അപേക്ഷകരുടെ പ്രായം: 18–25.  കുടുംബ വാർഷികവരുമാനം നാലര ലക്ഷം രൂപ കവിയരുത്. കറസ്പോണ്ടൻസ് / ഡിസ്റ്റൻസ് / ഡിപ്ലോമ കോഴ്സുകാരും മറ്റേതെങ്കിലും സ്കോളർഷിപ് കിട്ടുന്നവരും അപേക്ഷിക്കേണ്ട.

www.scholarships.gov.in എന്ന ദേശീയ പോർട്ടലിൽ റജിസ്റ്റർ ചെയ്ത് ഓൺലൈൻ അപേക്ഷ ഈ മാസം 31 വരെ നൽകാം. അപേക്ഷയുടെ പ്രിന്റ്, വരുമാന/ യോഗ്യത/ ജാതി സർട്ടിഫിക്കറ്റുകൾ, പ്രിൻസിപ്പൽ നൽകിയ പ്രവേശന റിപ്പോർട്ട് എന്നിവ, അപേക്ഷിച്ച് 5 ദിവസത്തിനകം കോളജിൽ നൽകണം. നേരത്തേ കിട്ടിയിരുന്ന സ്കോളർഷിപ് പുതുക്കാനും ഇപ്പോൾ അപേക്ഷിക്കാം. പുതുക്കുന്നതിന് വരുമാന സർട്ടിഫിക്കറ്റ് വേണ്ട.

 

ദേശീയതലത്തിൽ ആകെ 82,000 സ്കോളർഷിപ്പുകളുള്ളത് നിർദിഷ്ട മാനദണ്ഡപ്രകാരം ഓരോ സംസ്ഥാനത്തിനും വകയിരുത്തിയിട്ടുണ്ട്. കേരളത്തിന്റെ വിഹിതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമായി വീതിക്കും. പട്ടികജാതി / വർഗ, പിന്നാക്ക, വിഭാഗക്കാർക്ക് യഥാക്രമം 15 / 7.5 / 27 ശതമാനം സ്കോളർഷിപ്പുകൾ നീക്കിവച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് 5 ശതമാനവും.

 

https://scholarships.gov.in എന്ന ദേശീയ പോർട്ടലിലും, പദ്ധതി കേരളത്തിൽ നടപ്പാക്കുന്ന കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പിന്റെ www.dcescholarship.kerala.gov.in എന്ന സൈറ്റിലെ Notification ലിങ്കിലും വിവരങ്ങളുണ്ട്.  സംശയ പരിഹാരത്തിന് ഫോൺ : 011-0120 – 6619540 / 0471-2306580, helpdesk@nsp.gov.in. സിബിഎസ്ഇ, ഐഎസ്‌സി യോഗ്യത നേടിയവർക്കും ഈ സ്കോളർഷിപ്പിന് അർഹതയുണ്ട്. ദേശീയ പോർട്ടലിലും കോളജുകളിലും വിവരങ്ങൾ ലഭിക്കും.

 

അഞ്ച് വർഷം വരെ സഹായം; വർഷംതോറും പുതുക്കണം 

 

അഞ്ച് വർഷം വരെ സഹായം കിട്ടും. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങൾക്ക് 3:3:1 അനുപാതത്തിൽ സ്കോളർഷിപ്പുകൾ വീതിക്കും. ബിരുദതലത്തിൽ 12,000 രൂപ, ബിരുദാനന്തര തലത്തിൽ 20,000 രൂപ എന്ന ക്രമത്തിലാണു വാർഷിക സ്കോളർഷിപ്. 

 

വർഷംതോറും സ്കോളർഷിപ് പുതുക്കണം. 75% ഹാജരും വാർഷിക പരീക്ഷയിൽ 50% മാർക്കും ഉണ്ടെങ്കിലേ ഇതനുവദിക്കൂ. വിദ്യാർഥിയുടെ പേരിൽ ആധാർ ലിങ്ക് ചെയ്ത സേവിങ്സ് ബാങ്ക് അക്കൗണ്ട് വേണം. കേന്ദ്രത്തിൽനിന്ന് അക്കൗണ്ടിലേക്കു േനരിട്ടു തുക അടയ്ക്കും.

 

Content Summary :  Apply For Central Sector Scheme of Scholarship 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com