ADVERTISEMENT

സ്മാർട്‌ കാർഡ്, സ്മാർട് ഫോൺ, സ്മാർട് ടിവി അങ്ങനെ ചുറ്റുമുള്ളതെല്ലാം സ്മാർട്ടാകുമ്പോൾ നമുക്കു മാത്രമായിട്ടെങ്ങനെ മാറി നിൽക്കാൻ പറ്റും? നിങ്ങൾ വിദ്യാർഥിയോ ഉദ്യോഗസ്ഥരോ ബിസിനസുകാരോ ആകട്ടെ, ആ മേഖലയിൽ സ്മാർട്‌ ആണോ എന്നു ചോദിച്ചാൽ അതെ എന്നാകും ഭൂരിപക്ഷത്തിന്റെയും ഉത്തരം. ഹാർഡ് വർക്ക് ചെയ്യുന്നവരെല്ലാം സ്മാർട്ടാണെന്ന പൊതുധാരണയാണ് അതിനു കാരണം. ആ ധാരണ തിരുത്തുക തന്നെ വേണം. ഹാർഡ് വർക്കും സ്മാർട്‌ വർക്കും തമ്മിൽ വ്യത്യാസമുണ്ട്. ഒരാൾ നിശ്ചയിക്കപ്പെട്ട ഒരു ജോലി കഠിനാധ്വാനത്തിലൂടെയും പരമ്പരാഗത മാർഗങ്ങൾ അവലംബിച്ചും ധാരാളം സമയം ചെലവഴിച്ചും പൂർത്തിയാക്കുമ്പോൾ അതിനെ ഹാർഡ് വർക്ക് എന്നു വിളിക്കാം. അതേ ജോലി പ്ലാനിങ്ങിലൂെടയും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും ഏറ്റവും കുറഞ്ഞ സമയമെടുത്തു പെയ്തു തീർക്കുമ്പോൾ അതിനെ സ്മാർട്‌ വർക്ക് എന്നു വിളിക്കാം. ഇതിൽ ഏതാണു മികച്ചതെന്ന് ചോദിച്ചാൽ സംശയമില്ലാതെ പറയാം സ്മാർട്‌‌വർക്ക് എന്ന്.

 

ശരിയായ രീതിയിൽ, ഏറ്റവും കുറഞ്ഞ സമയത്തിൽ‌, ലഭ്യമായ നൂതനസാങ്കേതിക വിദ്യകൾ പരമാവധി ഉപയോഗിച്ച് ജോലി കാര്യക്ഷമമായി പൂർത്തിയാക്കുന്നതിനെയാണ് ‘സ്മാർട്‌നെസ്’ എന്നു വിളിക്കുന്നത്. ഒരാളുടെ കാര്യക്ഷമതയോ ഉൽപാദനക്ഷമതയോ പരിഗണിക്കാതെ, ജോലി ചെയ്യുന്ന സമയത്തെ മാത്രം അടിസ്ഥാനമാക്കി മികവ് വിലയിരുത്തുന്ന രീതിക്ക് മാറ്റം വരണം. ജോലി ചെയ്തു എന്ന് വരുത്തിത്തീർക്കുന്ന സമയത്തേക്കാളുപരി, നിശ്ചിതസമയത്ത് എത്രമാത്രം ജോലി കാര്യക്ഷമമായി ചെയ്തുതീർത്തു എന്നതാണ് വിലയിരുത്തേണ്ടത്.

 

‘വർക്ക് ഫ്രം ഹോം’ എന്ന പുതിയ രീതിക്കു ലഭിച്ച സ്വീകാര്യത ഒരു ഉദാഹരണമാണ്. ഏൽപിച്ച ജോലി എവിടെയെന്നോ എപ്പോഴെന്നോ എന്നതിലുപരി എങ്ങനെ പൂർത്തിയാക്കി എന്നതാണ് പ്രധാനം. ജോലിക്കാർക്ക് അനുയോജ്യമായ ജോലിസമയം, വർക്ക് ഫ്രം ഹോം തുടങ്ങിയ പുതിയ ക്രമീകരണങ്ങൾ അവരുടെ കാര്യക്ഷമത വർധിപ്പിച്ചതായി പുതിയ പഠനങ്ങൾ തെളിയിച്ചു കഴിഞ്ഞു. ക്രിയാത്മകമായും ഏറ്റവും ഉചിതമായ രീതിയിലും ഉൽപാദനക്ഷമത ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നതാണ് നല്ലത്. ഹാർഡ് വർക്കിൽ ഒരാൾ കാലഹരണപ്പെട്ട സാങ്കേതിക വിദ്യയും പഴയ ചിന്താഗതിയുമായി ദീർഘനേരം ജോലിചെയ്ത് ലക്ഷ്യം നേടുന്നു. ഇവിടെ ലക്ഷ്യത്തിനു മാത്രമേ പ്രാധാന്യം കൊടുക്കുന്നുള്ളൂ. അധ്വാനത്തിന് വിലകൽപിക്കുന്നില്ല.

 

‘‘ഒരേ കാര്യം ചെയ്ത് വ്യത്യസ്ത ഫലങ്ങൾ പ്രതീക്ഷിക്കുന്നത് ഭ്രാന്താണെ’’ ന്ന് പ്രശസ്ത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞിട്ടുണ്ട്. ഹാർഡ് വർക്കിൽനിന്ന് സ്മാർട്‌ വർക്കിലേക്കു മാറാൻ ചില എളുപ്പവഴികളുണ്ട്.

 

1. ഒരു കാര്യം ചെയ്യാൻ തുടങ്ങുമ്പോൾത്തന്നെ അതിന്റെ ലക്ഷ്യം നിശ്ചയിച്ചിരിക്കണം. ഉദാഹരണത്തിന്, നമ്മൾ രാവിലെ എട്ടുമണിക്ക് ഒരു സ്ഥലത്ത് പോകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ‘കൃത്യസമയത്ത് ഇറങ്ങുക’ എന്ന ലക്ഷ്യം നേടുന്നതിനു വേണ്ട മുന്നൊരുക്കങ്ങൾ നടത്തണം എങ്കിലേ കൃത്യസമയത്ത് പുറപ്പെടുക എന്ന ലക്ഷ്യം നേടാനാകൂ. എപ്പോൾ എഴുന്നേൽക്കണം, എപ്പോൾ പ്രഭാതഭക്ഷണം കഴിക്കണം, അങ്ങനെ എല്ലാം മുൻകൂട്ടി തീരുമാനിക്കണം. 

 

2. നമ്മുടെ ചുറ്റുപാടുകളും സാങ്കേതികവിദ്യയും പരമാവധി പ്രയോജനപ്പെടുത്തുക. അധ്യാപകരും വിദ്യാർഥികളും സ്മാർട്‌ ക്ലാസുകളുടെ പരമാവധി സാധ്യത പ്രയോജനപ്പെടുത്തുക. ഇന്റർനെറ്റിന്റെ അനന്തസാധ്യതകൾ ബിസിനസുകാർക്കും പ്രയോജനപ്പെടുത്താവുന്നതാണ്.

 

3. ‘‘തുടക്കം നന്നായാൽ പകുതിയായി’’ എന്നാണല്ലോ പറയാറ്. നമുക്ക് ചെയ്യാനുള്ള കാര്യം എങ്ങനെയെങ്കിലും തുടങ്ങിയാൽ പോരാ. തുടങ്ങുന്നതിനു മുൻപ് രണ്ടുവട്ടം ആലോചിക്കണം. തുടങ്ങിക്കഴിഞ്ഞാൽ പിന്നെ മനസ്സു മാറാൻ പാടില്ല. തീരുമാനവുമായി മുന്നോട്ടുപോവുക.

 

4. ഒരേസമയം പല കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് ആർജിക്കണം. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ വീട്ടമ്മമാർക്ക് റേഡിയോയിലെ വാർത്തകൾ കേൾക്കാം, സംഗീതം ആസ്വദിക്കാം. അതേപോലെ ഓരോരുത്തരുടെയും കർമമണ്ഡലങ്ങളിൽ ഇതുപോലുള്ള കാര്യങ്ങൾ കണ്ടെത്തുക.

 

5. മറ്റുള്ളവരെക്കൊണ്ട് കാര്യങ്ങൾ ചെയ്യിക്കാൻ പഠിക്കണം. സ്വന്തമായി എല്ലാം ചെയ്യുന്നതിനേക്കാളുപരി മറ്റുള്ളവരെക്കൊണ്ട് കാര്യങ്ങൾ ചെയ്യിക്കാൻ കഴിവുള്ളവരാണ് കൂടുതൽ വളർച്ച നേടുക.

 

6. ഒരു കാര്യം ചെയ്യുമ്പോൾ അനുബന്ധ കാര്യങ്ങളഉം ചെയ്യാനുള്ള സാധ്യത പരിശോധിക്കണം. ഒരു കർഷകൻ കാർഷിക ഉൽപന്നത്തിന്റെ വില അന്വേഷിക്കാൻ രണ്ടു ജോലിക്കാരെ മാർക്കറ്റിലേക്കയച്ചു. അതിൽ ഒന്നാമൻ വിലയോടൊപ്പം എപ്പോൾ മാർക്കറ്റ് തുറക്കും? എത്ര കിലോ എടുക്കും? എന്താണ് മാനദണ്ഡങ്ങൾ ഇവയെല്ലാം ചോദിച്ചറിഞ്ഞു. രണ്ടാമൻ വില മാത്രം ചോദിച്ച് തിരിച്ചുപോന്നു. ഇതിൽനിന്ന് ഒന്നാമന്റെ സ്മാർട്‌നെസ് നമുക്ക് തിരിച്ചറിയാം . 

 

7. ജോലിയിൽ സ്പീഡ് കണ്ടെത്തണം. വേഗം എപ്പോഴും സ്മാർട്‌നെസിനെ നിർണയിക്കുന്ന ഘടകമാണ്. 

 

8. പരമ്പരാഗതരീതിയിലേ ചെയ്യൂ എന്നു നിർബന്ധം പിടിക്കാതെ പുതിയ സാങ്കേതികവിദ്യയും ശൈലിയും പരീക്ഷിക്കുക.

 

9. ഏതു കാര്യം ചെയ്യുമ്പോഴും സന്തോഷകരമായി ചെയ്യുവാൻ പരമാവധി ശ്രമിക്കുക. ഉദാഹരണത്തിന് വ്യായാമത്തിന്റെ ഭാഗമായി നടക്കാൻ തീരുമാനിക്കുന്ന പലരും അധികം താമസിയാതെ മടുപ്പ് തോന്നി നിർത്തുന്നതായി കാണാറുണ്ട്. എന്നാൽ മടുപ്പ് ഒഴിവാക്കാനായി രണ്ടോ മൂന്നോ സുഹൃത്തുക്കളെക്കൂട്ടി നടക്കാൻ ശ്രമിച്ചാൽ വ്യായാമം രസകരമാക്കാം.

 

10. മോട്ടിവേഷൻ ക്ലാസ്സുകളിലും ട്രെയിനിങുകളിലും പങ്കെടുക്കാൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കരുത്. 

 

ഒരു കർഷകൻ രണ്ട് തൊഴിലാളികളെ മരം വെട്ടാൻ ഏൽപിച്ചു. ഒന്നാമൻ പത്തു ദിവസം കൊണ്ട് പത്തു മരം വെട്ടിയപ്പോൾ രണ്ടാമൻ അഞ്ചു ദിവസം കൊണ്ട് അതിന്റെ ഇരട്ടി മരം വെട്ടി. ഇവിടെ ഹാർഡ് വർക്ക് ചെയ്തത് ഒന്നാമനാണെങ്കിലും വിജയം നേടിയത് സ്മാർട്‌ വർക്കറായ രണ്ടാമനാണ്. രണ്ടാമന് കൂടുതൽ മരം വെട്ടാൻ സാധിച്ചതിനു കാരണം അദ്ദേഹം സമയാസമയങ്ങളിൽ മഴുവിന് മൂർച്ചകൂട്ടുകയും ആവശ്യത്തിന് വിശ്രമിച്ച് ജോലി ചെയ്യുകയും ചെയ്തതുകൊണ്ടാണ്. ഒന്നാമൻ ആകട്ടെ മഴുവിന് മൂർച്ച കൂട്ടുന്ന സമയംകൂടി ലാഭിച്ച് ജോലി ചെയ്തു. മരംവെട്ടുകാരൻ പണിയായുധത്തിന് മൂർച്ച കൂട്ടുന്നതു പോലെയാണ് അധ്യാപകർ അറിവിന്റെ കാര്യത്തിൽ അപ്ഡേറ്റ് ചെയ്യുക എന്നതും അതേപോലെ ഏതു മേഖലയിലുള്ളവരും ട്രെയിനിങ്ങിലും മറ്റും പങ്കെടുക്കുന്നതും.

 

പലരും ഹാർഡ് വർക്ക് ചെയ്യുന്നതായി കാണാം. എന്നാൽ നേട്ടം കൊയ്യുന്നത് സ്മാർട്‌ വർക്കേഴ്സാണെന്നതിൽ സംശയമില്ല. അതിനാൽ വിദ്യാർഥികൾ, അധ്യാപകർ, ബിസിനസുകാർ തുടങ്ങി ഏതു മേഖലയിൽ പ്രവർത്തിക്കുന്നവരും കൂടുതൽ സ്മാർട്ടാകുകയും കാര്യക്ഷമതയുള്ളവരാകുകയും അങ്ങനെ വിജയം നേടുകയും ചെയ്യുക.

 

Content Summary : Smart Work vs Hard Work: Which One Should You Prioritize

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com