ADVERTISEMENT

ഒരു ജോലിക്ക് അപേക്ഷ അയയ്ക്കാമെന്നു വിചാരിച്ചിരിക്കുമ്പോൾ ഒരു സ്നേഹിതൻ പറയുകയാണ്: ‘ആ ജോലിക്കു നമ്മളൊന്നും അപേക്ഷിച്ചിട്ട് ഒരു കാര്യവുമില്ല. അവർ ആളെയൊക്കെ കണ്ടു വച്ചിട്ടുണ്ട്. അപേക്ഷ ക്ഷണിക്കുന്നതൊക്കെ ഒരു പ്രഹസനം അത്രേയുള്ളൂ’.

 

‘നമ്മളൊന്നും അപേക്ഷിച്ചിട്ടു കാര്യമില്ല’ എന്ന സുഹൃത്തിന്റെ നിഗമനത്തിൽ, അപേക്ഷിക്കണ്ട എന്നു നാമങ്ങു തീരുമാനിക്കുന്നു. വലിയ ‘അറിവ്’ വിളമ്പിയ സുഹൃത്തിന് ഈ വിവരം എവിടെനിന്നു കിട്ടി? അയാളുടെ അറിവ് ആധികാരികമാണോ? പറഞ്ഞതിൽ വല്ല വാസ്തവവുമുണ്ടോ?...ഇതൊന്നും പരിശോധിക്കാതെയാണ് ആരോ പറഞ്ഞതു കേട്ടും വിശ്വസിച്ചും നമ്മൾ ഒരു പ്രധാന തീരുമാനം സ്വീകരിച്ചത്. ഒരുപക്ഷേ, ആ സ്ഥാപനം നമുക്കു വളരെ യോജിച്ചതായിരിക്കാം. അവിടെ നിയമനം നടത്തുന്നതു നീതിപൂർവകമായും ആയിരിക്കാം. 

 

എഴുതാൻ പോകുന്ന പരീക്ഷയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ, ഇന്റർവ്യൂവിനെക്കുറിച്ചുള്ള കിംവദന്തികൾ ഒന്നും നീതിപൂർവകമല്ലെന്ന വ്യാജപ്രചാരണങ്ങൾ....ഇവയെല്ലാം കേട്ടിട്ട് ‘ഞാൻ േമലിൽ ഈ പരീക്ഷയൊന്നും എഴുതുന്നില്ല’ എന്ന് ആരെങ്കിലും തീരുമാനിച്ചാൽ അയാളെ ‘മഠയൻ’ എന്നു വിളിക്കുന്നത് ഉചിതമായിരിക്കും. 

 

‘മേലിൽ’, ‘ഇനിയൊരിക്കലും’, ‘ഈ ജന്മത്തിൽ’, ‘ഒരു കാരണവശാലും’ തുടങ്ങിയ പദപ്രയോഗങ്ങൾ നമുക്കു സുപരിചിതമാണ്. എന്തെങ്കിലും വിവരം അറിയുമ്പോൾ, കേട്ടപാടേ ചില ഉറച്ച തീരുമാനങ്ങളിൽ എത്തിച്ചേരുന്ന ശീലം സാധാരണം. ഔദ്യോഗികരംഗത്ത് ഈ ശീലം വലിയ ദോഷം ചെയ്യും. നമുക്കു കിട്ടുന്ന വിവരങ്ങളിൽ നല്ലൊരു പങ്കും സ്വാർഥവിചാരങ്ങൾകൊണ്ട് അവതരിപ്പിക്കപ്പെടുന്നവയാണ്. അതൊന്നും അവസാനവാക്കല്ല. അവയിൽ പലതും നിറം പിടിപ്പിച്ച അഭിപ്രായങ്ങളായിരിക്കും. അവയിൽ നിന്നു സത്യം അരിച്ചെടുക്കാൻ തുനിയാതെ ആദ്യം കേട്ടതാണു മുഴുവൻ സത്യം എന്ന വിചാരത്താൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾ അപകടങ്ങളിലേ കലാശിക്കൂ. 

 

തെറ്റിദ്ധരിപ്പിക്കാനുള്ള ഈ കുടിലവാസനയെ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത് സമൂഹമാധ്യമങ്ങളാണ്. ‘ചോദിക്കാനും പറയാനും’ ആരുമില്ലാത്ത അവസ്ഥയാണല്ലോ അവിടെ? നിയമങ്ങളൊക്കെ ഉണ്ടെങ്കിലും തികച്ചും ദുരുദ്ദേശ്യത്തോടെ വ്യാജവിവരങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഇവയൊക്കെ കണ്ടും വായിച്ചും വികലവിശ്വാസങ്ങളിൽ എത്തിച്ചേരുന്നവരുടെ എണ്ണം കൂടി വരുന്നു. ഒരു വിവരത്തിന്റെയും കൃത്യത അറിയാൻ ആരും താൽപര്യം കാണിക്കാത്തതിനാൽ സങ്കോചമില്ലാതെ വ്യാജവാർത്തകൾ നിറഞ്ഞാടുന്നു. നമ്മളുടെ മനസ്സിനെ അവ കീഴടക്കിക്കൊണ്ടിരിക്കുന്നു. തെറ്റിദ്ധരിപ്പിക്കുന്ന ദൃശ്യങ്ങൾ, വ്യാജ സ്റ്റേറ്റ്മെന്റുകൾ, കുടിലമനസ്സോടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ.... എന്നിങ്ങനെ സകലമാലിന്യവും നിക്ഷേപിക്കുന്ന ഇടങ്ങളായി സമൂഹമാധ്യമങ്ങൾ മാറുമ്പോൾ, അവിടെ കണ്ടതു വച്ച് ആലോചനയില്ലാതെ വലിയ തീരുമാനങ്ങളെടുക്കുന്നത് ആത്മഹത്യാപരമായിരിക്കും. 

 

ഓരോ സൈറ്റിന്റെയും വിശ്വാസ്യത ഇന്റർനെറ്റ് വഴിതന്നെ കുറെയൊക്കെ കണ്ടുപിടിക്കാൻ സാധിക്കും. അതിനു മിനക്കെടാതെ ഒറ്റ നിമിഷം കൊണ്ടു നമ്മൾ എത്തിച്ചേരുന്ന നിഗമനങ്ങൾ വഴിതെറ്റിക്കുന്ന മാരീചന്മാരാണെന്നു തിരിച്ചറിയണം. ഇതുവഴി യഥാർഥ മിത്രങ്ങളെ നാം ചിലപ്പോൾ ശത്രുവാണെന്ന് ഉറപ്പിക്കും. വിശ്വസിക്കാൻ കൊള്ളുന്ന സ്ഥാപനങ്ങളെ അവഗണിക്കാൻ തുടങ്ങും. തുറന്നു കിടക്കുന്ന വാതിലുകൾ അടഞ്ഞു കിടക്കുകയാണെന്നു കരുതും. നീതിമാന്മാരെ അയോഗ്യരെന്നു നിരൂപിക്കും. 

 

ക്ഷിപ്രനിഗമനങ്ങളും തീരുമാനങ്ങളും അർഹമായ പലതും നഷ്ടപ്പെടുത്തും. ആഴത്തിലുള്ള ആലോചനയില്ലാതെ ഒരു തീരുമാനവും സ്വീകരിക്കാതിരിക്കുക. കേൾക്കുന്നതെല്ലാം അങ്ങനെതന്നെ വിശ്വസിക്കാതിരിക്കുക. യാഥാർഥ്യം മനസ്സിലാക്കാനുള്ള ക്ഷമാശീലം ബോധപൂർവം വളർത്തിയെടുക്കുക. പക്വവിചാരമില്ലാത്ത തിടുക്കം തികച്ചും അപകടകരം തന്നെ.

 

Content Summary : Don't take immature decisions under the influence of fake news - Vazhivilakku - Column By K.Jayakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com