ADVERTISEMENT

‘‘ നീ വല്യ വർത്തമാനമൊന്നും പറയണ്ട, തീരുമാനങ്ങളെടുക്കാൻ ഞങ്ങൾ മുതിർന്നവരുണ്ടിവിടെ’’

‘‘ നാണമില്ലേ നിനക്ക് കൊച്ചുകുട്ടികളെപ്പോലെ ഇങ്ങനെ കിടന്നു കരയാൻ, പോത്തുപോലെ വളർന്നല്ലോ’’

കൗമാരക്കാർ മിക്കവാറും കേൾക്കാറുള്ള ക്ലീഷേ കുറ്റപ്പെടുത്തലുകളാണ് ഇവ. ‘ഇല്ലത്തൂന്നു പുറപ്പെടുകയും ചെയ്തു, അമ്മാത്തൊട്ട് എത്തിയതുമില്ല’ എന്നു പറയുന്നതുപോലെ കുട്ടിയെന്ന പരിഗണന കിട്ടുകയുമില്ല, മുതിർന്നവരായി കണക്കാക്കപ്പെടുകയുമില്ല എന്ന ഘട്ടമാണ് കൗമാരം. താൻ കുട്ടിയാണോ മുതിർന്ന വ്യക്തിയാണോയെന്ന് സ്വയം സംശയം തോന്നുന്ന, വളരെ വിചിത്രമായി പെരുമാറുന്ന പ്രായം കൂടിയാണ് അത്. കൗമാരപ്രായത്തിലുള്ള കുട്ടികൾ പഠനത്തിൽ മാത്രമല്ല സൗഹൃദം അടക്കമുള്ള ബന്ധങ്ങളിലും പലതരം പ്രശ്നങ്ങൾ നേരിടാറുണ്ട്.  പ്രണയപ്പകയും ലഹരിയോടുള്ള ആസക്തിയും ലൈംഗിക ചൂഷണവുമൊക്കെ കൗമാരത്തിന്റെ മനോവീര്യം ചോർത്തുമ്പോൾ അവരെ കുറ്റപ്പെടുത്താതെ, പേരന്റിങ്ങിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി കൗമാരത്തെ നേർവഴി നടത്താനുള്ള മാർഗങ്ങളാണ് തേടേണ്ടതെന്നും അതിനുവേണ്ടി മാതാപിതാക്കളും അധ്യാപകരും സമൂഹവും ഒന്നിച്ചു നിൽക്കണമെന്നും ഓർമിപ്പിക്കുകയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജി. സൈലേഷ്യ. കൗമാരക്കാരെ അലട്ടുന്ന പ്രശ്നങ്ങളെക്കുറിച്ചും അതിനുള്ള പരിഹാര മാർഗങ്ങളെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോട് ഡോ. സൈലേഷ്യ സംസാരിക്കുന്നു.

 

∙ പ്രണയവും ബ്രേക്ക് അപ്പുമൊക്കെ വളരെ വേഗം നടക്കാൻ സാധ്യതയുള്ള കാലഘട്ടമാണ് കൗമാരം. അത്തരം സാഹചര്യങ്ങളിൽ കുട്ടികളെ സഹായിക്കാൻ എന്തൊക്കെ ചെയ്യാൻ പറ്റും?

Teenage Love
Representative Image. Photo Credit : theshots.co/Shutterstock

 

ചാഞ്ചാട്ടപ്രകൃതമുള്ളതുകൊണ്ടാണ് എളുപ്പം സ്വാധീനങ്ങൾക്കു വഴിപ്പെടുന്ന മാനസികാവസ്ഥ കൗമാരക്കാർക്കുള്ളത്. പ്രണയം സ്വാഭാവികമായ ഒരു പ്രക്രിയയാണ്. ഏതു പ്രായത്തിലും അതു സംഭവിക്കാം. ഒരു വിദ്യാർഥിയുടെ പ്രാഥമിക കടമ പഠിക്കുക എന്നുള്ളതാണ്. അതിനെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ളതാണ് പ്രണയമെങ്കിൽ അത് ഗുണം ചെയ്യില്ല. ചില പ്രണയങ്ങൾ മാനസികമായി ശക്തി പകരുകയും ധൈര്യം നൽകുകയുമൊക്കെ ചെയ്യാറുണ്ട്. പല കുട്ടികളിലും വളരെ ടോക്സിക് ആയ പ്രണയബന്ധങ്ങൾ കാണാറുണ്ട്. അത് അവരെ വല്ലാതെ തകർത്തു കളയും. ആത്മവിശ്വാസം പാടെ തകർന്ന്, തങ്ങൾ ഒന്നുമല്ല എന്ന മനോനിലയിലേക്കെത്തുകയും സ്വയം വെറുക്കുകയുമൊക്കെ ചെയ്യും. പ്രണയം എന്തു തരത്തിലുള്ളതാണ്, അത് നിങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ആ ബന്ധം തുടരണോ എന്നു തീരുമാനിക്കേണ്ടത്. 

break-up
Representative Image. Photo Credit: Prostock-Studio/iStock

 

∙ ബ്രേക്ക്‌അപ് സംഭവിക്കുമ്പോൾ ചില കുട്ടികൾ പരിധി വിട്ട് പെരുമാറും. വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയിലേക്കുവരെ അതെത്താം. അത്തരം സാഹചര്യങ്ങളിൽ സമചിത്തതയോടെ പെരുമാറാൻ അവരെ എങ്ങനെ സഹായിക്കാനാകും?

 

friends
Representative Image. Photo Credit: molchanovdmitry/Shutterstock

ബ്രേക്ക് അപ് ഒരു നഷ്ടമാണ്. പ്രണയത്തകർച്ചയെ തലച്ചോർ ഒരു നഷ്ടമായാണ് പരിഗണിക്കുന്നത്. നമ്മുടെ ജീവിതത്തിലെ നഷ്ടങ്ങളോടു പൊരുത്തപ്പെടാനായി തലച്ചോറിന് ഒരു രീതിയുണ്ട്. ഏറെ പ്രിയപ്പെട്ട ഒരു വസ്തുവിന്റെ നഷ്ടം, പ്രിയപ്പെട്ടയാളിന്റെ മരണം, വർഷങ്ങളായി താമസിക്കുന്ന വീട് തകരുകയോ നഷ്ടമാകുകയോ ചെയ്യുക, സ്ഥലംമാറ്റമുണ്ടാകുമ്പോൾ പ്രിയപ്പെട്ടവരെ വിട്ട് പോകേണ്ടിവരിക, വിവാഹം കഴിച്ച് മറ്റൊരു വീട്ടിലേക്കു മാറേണ്ടി വരിക തുടങ്ങിയ സന്ദർഭങ്ങളെ നഷ്ടങ്ങളായാണ് പലരും കണക്കാക്കുന്നത്. പലപ്പോഴും ഇത്തരം നഷ്ടങ്ങളോടു പൊരുത്തപ്പെടാൻ തലച്ചോർ സ്വീകരിക്കുന്ന രീതി ഗ്രീഫ് റിയാക്‌ഷനാണ്. ഈ ഘട്ടത്തിൽ, ആദ്യം നഷ്ടങ്ങളെ ഉൾക്കൊള്ളാനോ അംഗീകരിക്കാനോ കഴിയില്ല. അങ്ങനെ സംഭവിച്ചിട്ടില്ല എന്നു വിശ്വസിക്കാനായിരിക്കും നമുക്ക് താൽപര്യം. ‘എനിക്കു വെറുതെ തോന്നുന്നതാണ്’ എന്നൊക്കെ കരുതി ആശ്വസിക്കാൻ ശ്രമിക്കും. ആ ഘട്ടം കഴിയുമ്പോൾ ദേഷ്യം വല്ലാതെ കൂടും. അതോടെ ബാർഗെയ്നിങ് എന്ന ഘട്ടത്തിലേക്കെത്തും. 

 

ഈ ഘട്ടത്തിൽ ദൈവവിശ്വാസം കുറയും, എന്തുകൊണ്ട് എനിക്കിങ്ങനെ സംഭവിച്ചു എന്ന് ദൈവത്തോടു ചോദിക്കും. ചുറ്റുമുള്ളവരോടെല്ലാം ദേഷ്യം തോന്നും. ഈ ഘട്ടത്തിലാണ് വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന തലത്തിലേക്കെത്തുന്നത്. വളരെ വ്യത്യസ്തമായ പെരുമാറ്റ രീതികളിലേക്കു കുട്ടികൾ പോകുന്ന ഘട്ടമാണിത്. ഇതിനു ശേഷമാണ് സംഭവിച്ച കാര്യങ്ങളെ അംഗീകരിക്കുന്ന മാനസിക നിലയിലേക്ക് അവരെത്തുന്നത്. ഈ സമയത്ത് ദേഷ്യത്തേക്കാൾ ദുഃഖമാണുണ്ടാകുക. അതിനു ശേഷം റെസല്യൂഷൻ എന്ന ഘട്ടത്തിലെത്തും. അവിടെയാണ് ജീവിതം പഴയ ഗതിയിലേക്കു തിരിച്ചു പോകുന്നത്. അപ്പോഴാണ് ഒരു വിഷമത്തിൽനിന്ന് ഒരാൾ പുറത്തു കടന്നു എന്നു പറയുന്നത്. ഈ ഘട്ടങ്ങളെല്ലാം വിഷാദത്തിനു തുല്യമായ ലക്ഷണങ്ങളാണ് ഒരു കുട്ടിയിൽ സൃഷ്ടിക്കുക. അതുകൊണ്ടാണ് പ്രണയത്തകർച്ചയോടനുബന്ധിച്ച് കുട്ടികളിൽ ഡിപ്രഷനും കാണുന്നത്. വിഷാദം കൈകാര്യം ചെയ്യുന്ന അതേ ഗൗരവത്തോടെ കുട്ടികളുടെ പ്രണയത്തകർച്ചയെയും കൈകാര്യം ചെയ്യുകയും ഇതുകൊണ്ട് ഒന്നും കഴിയുന്നില്ല എന്ന് അവരെ ബോധ്യപ്പെടുത്തുകയും വേണം. ഇത് ലോകത്തെ ആദ്യത്തെ സംഭവമല്ലെന്നും തികച്ചും സ്വാഭാവികമായ കാര്യമാണെന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കാം.

 

∙ കൗമാരത്തിൽ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? 

drugs
Representative Image. Photo Credit: monticelllo/iStock

 

കൗമാരം ശരിക്കും ഒരു ഗാങ്ഏജ് (gangage) തന്നെയാണ്. നമ്മൾ ഏറ്റവും കാര്യമായി കേൾക്കുന്നത് ചുറ്റുമുള്ള സുഹൃത്തുക്കൾ പറയുന്നതാണ്. ആ പ്രായത്തിൽ നമുക്കു തോന്നുന്നത് നമ്മുടെ അച്ഛനും അമ്മയ്ക്കും ഒന്നും അറിയില്ല എന്നാണ്. അവരൊന്നും അത്ര പോരാ എന്ന് പല കൗമാരപ്രായക്കാർക്കും തോന്നാറുണ്ട്. ഒരു സമൂഹത്തിൽ പല തരം ആളുകൾ ഉണ്ട്. അതിൽ അധീശത്വം കാട്ടുന്ന (power hungry) ആളുകൾ ഉണ്ട്. അതായത്, ഒരാൾ മറ്റുള്ളവരെ ഭയങ്കരമായി കൺട്രോൾ ചെയ്യാൻ ശ്രമിക്കുന്ന അവസ്ഥ. ഒരു സുഹൃത്തിന് നമ്മൾ വേറെയാരോടും മിണ്ടുന്നത് ഇഷ്ടമല്ല. അപ്പോള്‍ അവർ നമ്മുടെ പഴ്സനൽ സ്പേസിന്റെ അതിർവരമ്പുകൾ ലംഘിക്കുകയും നമ്മളെ അവരുടെ അതിർവരമ്പിനുള്ളിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. മറ്റു ചില ആളുകൾ, അവർ പറയുന്നതു മാത്രമേ നമ്മൾ ചെയ്യാവൂ എന്നു നിബന്ധന വയ്ക്കും. ഇവയെ ഗെയിംസ് പീപ്പിൾ പ്ലേ (games people play) എന്നു പറയും. അങ്ങനെയൊരു പുസ്തകം തന്നെയുണ്ട്, എറിക് ബേൺ എഴുതിയത്. 

 

അധികാരം ഉപയോഗിച്ച് നമ്മുടെ മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിക്കുക, മറ്റുള്ളവരുമായി ഇടപഴകാൻ അനുവദിക്കാതിരിക്കുക, അവർ ചെയ്യുന്ന എല്ലാ മോശം കാര്യങ്ങളിലും, കുറ്റകൃത്യങ്ങളിൽ പോലും, ഭാഗമാകാന്‍ നമ്മെ നിർബന്ധിക്കുക– ഇങ്ങനെയുള്ള മൂന്ന് അവസരങ്ങളിലാണ് സുഹൃത്തുക്കൾ നല്ലതാണോ മോശമാണോ എന്ന് നമ്മൾ തിരിച്ചറിയേണ്ടത്. അതായത്, ഒരാൾ‌‍ മൂലം നമുക്ക് സ്ഥിരമായി പ്രശ്നങ്ങളും നഷ്ടങ്ങളുമുണ്ടാകുന്നു, വഴക്കു കേൾക്കേണ്ടിവരുന്നു, നെഗറ്റീവ് ചിന്തകൾ മാത്രം ഉണ്ടാകുന്നു എങ്കിൽ ആ സൗഹൃദത്തെപ്പറ്റി മാറിച്ചിന്തിക്കുവാൻ സമയമായി എന്നാണ് അർഥം. 

sex-education
Representative Image. Photo Credit: one photo/Shutterstock

 

നേരേ മറിച്ച്, നല്ല സുഹൃത്ത് എന്നു പറയുമ്പോള്‍ത്തന്നെ നമ്മുടെ മനസ്സിൽ വരുന്നത് എല്ലാ നല്ല കാര്യങ്ങൾക്കും അവർ ഒപ്പമുണ്ടാകും എന്നായിരിക്കും. നമ്മൾ തെറ്റ് ചെയ്താൽ അത് തിരുത്തുന്നയാളാണ് നല്ല സുഹൃത്ത്. അതാണ് ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നു പറയുന്നത്. നമ്മള്‍ ചെയ്യുന്ന എല്ലാ തെറ്റുകളും നമുക്ക് മനസ്സിലാകണമെന്നില്ല. നമ്മളോട് അതു പറഞ്ഞു തരാൻ മറ്റേയാൾ തയാറാവണം. പറഞ്ഞു തരുമ്പോൾ അത് അവഹേളിക്കുന്നതുപോലെയാകരുത്. ‘നീയിത് ഇങ്ങനെ ചെയ്യുന്നത് നന്നായിരിക്കും. മറ്റേതാകുമ്പോൾ ഇന്ന ദോഷങ്ങൾ ഉണ്ട്’. എന്നു പറഞ്ഞ് വ്യക്തമാക്കിത്തരുന്ന, പ്രചോദനം നൽകുന്ന ആളാണ് നല്ല സുഹൃത്ത്. 

 

left-home
Representative Image. Photo Credit: Simone Hogan/Shutterstock

സുഹൃത്തുക്കളുടെ കാര്യത്തിൽ, നമുക്ക് അപകടം ഉണ്ടാക്കുന്നത്, നന്മ വരുത്തുന്നത് എന്നീ ലളിതമായ മാനദണ്ഡങ്ങൾ മാത്രം നോക്കിയാൽമതി.

 

∙ ലഹരിമരുന്ന് ഉപയോഗം വ്യാപകമാകുന്നതിനെപ്പറ്റി അടുത്തിടെ വാർത്തകൾ വരുന്നുണ്ട്. കൗമാരക്കാരായ മക്കളുള്ളവർക്ക് അത് ആധിയുണ്ടാക്കുന്നുണ്ട്. കുട്ടികൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞാൽ അല്ലെങ്കിൽ അവർ അതിലേക്കു പോകുന്നതു തടയാൻ എന്തു ചെയ്യണം?

 

bounderies
Representative Image. Photo Credit : Ariya J/Shutterstock

തലച്ചോറിന്റെ വളർച്ച പൂർത്തിയാകാത്ത അല്ലെങ്കിൽ പ്രായപൂർത്തിയാകാത്ത ഒരു കുട്ടി ലഹരിവസ്തുക്കൾ ഉപയോഗിച്ചു തുടങ്ങിയാൽ അത് അവരുടെ ജീവിതത്തെ മോശം രീതിയിൽ ബാധിക്കും. അതിന്റെ ആഘാതം നമുക്കു പറയാൻ പറ്റില്ല. പിന്നെ അവർക്ക് ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടാകില്ല,‌‌‌‌ കർമനിരതരാകാനുള്ള സാധ്യത പോലും അവിടെ അവസാനിക്കും. ഒരു കുട്ടി ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ്. ഒരു കുടുംബം തന്നെ ഇല്ലാതാക്കിക്കളയുന്ന രീതിയിലേക്ക് ലഹരിയുടെ േവരോട്ടം ഉണ്ടെങ്കിൽ, അത്തരം കാര്യങ്ങളിൽനിന്ന് അകന്നു നിൽക്കാൻ നമ്മുടെ കുട്ടികളെ പഠിപ്പിക്കുകയും കുടുംബാംഗങ്ങൾ‌ അവർക്കു മാതൃകയാകുകയും വേണം. 

 

അതേസമയം, നമ്മുടെ കുടുംബത്തിലോ അധ്യാപകരിലോ സമൂഹത്തിലോ ലഹരി ഉപയോഗത്തെ സാധാരണ കാര്യമായി കാണുന്ന പ്രവണതയാണെങ്കിൽ അതു കണ്ടുവളരുന്ന കുട്ടിയെ ലഹരിയുടെ ദോഷവശങ്ങളെപ്പറ്റി പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇപ്പോൾ പല മാതാപിതാക്കളും പറയുന്നത്, കുട്ടിക്ക് അങ്ങനെയൊരു ആവശ്യം തോന്നിയാൽ മാതാപിതാക്കളോടു പറയണം, അവരുടെ സഹായത്തോടെ കാര്യങ്ങൾ ചെയ്യണം എന്നാണ്. പക്ഷേ അതെത്രമാത്രം ഗുണം ചെയ്യുമെന്ന് എനിക്ക് സംശയമുണ്ട്. കാരണം ജനിതകപരമായി ആസക്തി വർധിക്കാനും ലഹരിക്ക് അടിമപ്പെടാനും സാധ്യതയുള്ള ചില ആളുകളുണ്ട്. അത്തരം കുട്ടികളെ നമ്മൾ ഇത്തരം കാര്യങ്ങളിൽ പ്രോത്സാഹിപ്പിക്കുന്നത് ഒരു ഷുവർ ഷോട്ട് അഡിക്‌ഷനിലേക്ക് വഴി വയ്ക്കും. 

 

കൂട്ടുകാർക്കൊപ്പം കുട്ടി ലഹരി ഉപയോഗിക്കുന്നുണ്ടെങ്കിൽ അവരുടെ ജീവിതത്തിന്റെ ദിശ മാറാൻ സാധ്യതയുള്ളതുകൊണ്ട് നമ്മൾ തീർച്ചയായിട്ടും അവരെ പറഞ്ഞു തിരുത്തണം. പക്ഷേ അതിനേക്കാളും പ്രധാനമായി, ഒരു സമൂഹം എന്നുള്ള രീതിയിൽ നമുക്ക് ചെയ്യാനുള്ളത് അവർക്കു ലഹരിവസ്തുക്കൾ ലഭ്യമാക്കാതിരിക്കുക എന്നതാണ്. ലഭ്യമാണെങ്കിൽ‌ അതുപയോഗിക്കാനുള്ള സാധ്യത കൂടുതലാണ്. അപ്പോൾ ലഭ്യത കുറയ്ക്കാനായി, ഉത്തരവാദിത്തമുള്ള ഒരു സമൂഹം എന്നനിലയിൽ നമുക്കെന്തു ചെയ്യാൻ പറ്റും എന്നാണ് ആലോചിക്കേണ്ടത്. അവിടെ സമൂഹവും സർക്കാരുമൊക്കെ ഒക്കെ പോളിസി െലവലിൽത്തന്നെ അത്തരം മാറ്റങ്ങളെപ്പറ്റി ചിന്തിക്കണം.

 

∙ ലൈംഗിക ചൂഷണ വാർത്തകൾ ദിനംപ്രതി പുറത്തുവരുന്നുണ്ട്. അതും പ്രായപൂർത്തിയെത്താത്ത പെൺകുട്ടികൾ ഗർഭിണികളാകുന്ന വാർത്തകൾ. സെക്സ് എജ്യുക്കേഷന്റെ അഭാവവും ഇതിനൊരു കാരണമല്ലേ?

 

എല്ലാവരും െസക്സ് എജ്യുക്കേഷന്റെ കാര്യം പറയുന്നുണ്ട്. അത് എത്രമാത്രം പ്രായോഗിക തലത്തിൽ സ്കൂളുകളിലൊക്കെ നടപ്പിലാകുന്നുണ്ട് എന്നുള്ളത് സംശയമാണ്. കാരണം ഇത്തരം കാര്യങ്ങൾ സംസാരിക്കാൻ പല അധ്യാപകർക്കും വിമുഖതയുണ്ട്. ഇത് വളരെ സാധാരണമായൊരു കാര്യമാണെന്നും വിശപ്പും ദാഹവും ഉറക്കവും ഒക്കെപ്പോലെ ഒരു ജൈവചോദനയാണ് ലൈംഗികത എന്നും പറഞ്ഞു കൊടുക്കാം. ഇത് ഒരു ഭയങ്കര ഭ്രമിപ്പിക്കുന്ന സംഗതി അല്ല, വളരെ സാധാരണമായ പ്രക്രിയയാണെന്ന് ആദ്യം കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം. പല പ്രായത്തിലുള്ള കുട്ടികൾക്ക് പല രീതിയിലുള്ള അറിവുകളായിരിക്കും ആവശ്യം. ആർത്തവം ഒക്കെ വന്നു തുടങ്ങിയ കുട്ടിയെ സംബന്ധിച്ചിടത്തോളം പ്രഗ്നന്‍സി ചാൻസൊക്കെ ഉള്ളപ്പോൾ നമ്മൾ അവരെ സുരക്ഷ എന്താണെന്നാണ് പഠിപ്പിക്കേണ്ടത്. അതുപോലെ ലൈംഗികബന്ധം വഴി പകരുന്ന രോഗങ്ങൾ ഒരുപാട് കുട്ടികളിൽ കാണുന്നുണ്ട്. ഇവിടെയൊക്കെ നമ്മൾ സുരക്ഷയെപ്പറ്റിയുള്ള കൃത്യമായ ധാരണ കൊടുക്കാത്തതുകൊണ്ട് തന്നെയാണ് മോശം കാര്യങ്ങൾ സംഭവിക്കുന്നത്. 

 

വൈകാരിക സ്ഥിരതയില്ലാത്ത കുട്ടികൾക്ക് പല കാര്യങ്ങളും പരീക്ഷിച്ചു നോക്കാനുള്ള പ്രവണത കൂടുതലായിരിക്കും. അങ്ങനെയുള്ള കുട്ടികൾ എടുത്തു ചാടി ഇത്തരം കാര്യങ്ങളിലേക്കു നീങ്ങാറുണ്ട്. ചിലപ്പോൾ അവർക്ക് ധാരണയൊക്കെ ഉണ്ടാകും. പക്ഷേ വിവേകം ഉപയോഗിക്കുന്നതിൽനിന്ന് എടുത്തുചാട്ടം അവരെ തടസ്സപ്പെടുത്തും. നമ്മള്‍ കഴിക്കുന്ന പല ഭക്ഷണത്തിൽ നിന്നുള്ള വസ്തുക്കളും ഇത്തരം കാര്യങ്ങളിൽ വികാരപരമായ തീവ്രത കുട്ടികളിൽ കൂട്ടാനും എടുത്തുചാട്ടം വർധിക്കാനും കാരണമാകാറുണ്ട്. പല ഏരിയകളിൽനിന്നു സെക്‌ഷ്വാലിറ്റിയെ നോക്കിക്കാണണം. അവബോധം കൊടുത്തതു കൊണ്ടു മാത്രമായില്ല. ഭക്ഷണത്തിന്റെ നിലവാരം, വ്യക്തിത്വത്തിന്റെ പ്രത്യേകത, കുടുംബത്തിൽ കാണുന്നത്, ഫോണിലൂടെ അവരിലേക്കെത്തിക്കൊണ്ടിരിക്കുന്ന കണ്ടന്റ് ഇവയെല്ലാം അവരെ സ്വാധീനിക്കും. മീഡിയ എത്രമാത്രം സെന്‍സിബിളായി വേണം കാര്യങ്ങള്‍ പറയാൻ, എന്തു കാര്യങ്ങളില്‍ സെൻസിറ്റൈസ് ചെയ്യണം അങ്ങനെ പല കോണിൽ നിന്ന് ഒരുമിച്ചുള്ള സമീപനം കൊണ്ടു മാത്രമേ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കൂ. ചൂഷണങ്ങൾക്കിരയാകുന്ന കുട്ടികളിൽ അതിനെ തുടർന്ന് അടുത്ത മാനസികപ്രശ്നങ്ങൾ തുടങ്ങും. അങ്ങനെ വരുമ്പോൾ സമൂഹത്തിൽ പ്രൊഡക്റ്റീവ് ആകേണ്ട ഒരു ആളെയാണ് നമുക്ക് നഷ്ടപ്പെടുന്നത്. അവസാനം കുടുംബത്തിന്റെ നഷ്ടമായി ഒതുങ്ങുമെങ്കിൽപോലും, എത്ര കുട്ടികളാണ് പലകാരണങ്ങളാൽ വീട്ടിൽനിന്ന്  പുറപ്പെട്ടു പോകുന്നത്. ഇതൊക്കെ നമ്മൾ കൊടുക്കുന്ന ഇൻപുട്ടിന്റെ അടിസ്ഥാനത്തിലല്ലേ അവർ ചെയ്യുന്നത്. 

 

∙ കുട്ടികൾ ഒറ്റയ്ക്കും കൂട്ടമായും പുറപ്പെട്ടു പോകുന്നുണ്ട്. അതും സമൂഹമാധ്യമങ്ങളിൽ ഏതാനും ദിവസം മുമ്പൊക്കെ മാത്രം പരിചയപ്പെട്ട അപരിചിതരോടൊപ്പം. അപരിചിതരുമായി അടുപ്പമുണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?. 

 

ഒന്നു രണ്ടു കാര്യങ്ങൾ അതിനോടു ചേർത്തു പറയേണ്ടതുണ്ട്. അതായത്, ഒരു കുട്ടിക്ക് എന്തുകൊണ്ടാണ് വീട്ടിൽനിന്നു പോകണമെന്ന് തോന്നുന്നത്? ആ വീടിന്റെ അന്തരീക്ഷം, അവിടെയുള്ളവരുടെ പെരുമാറ്റം, അതിനൊക്കെ അതിൽ പങ്കുണ്ട്. പല രക്ഷിതാക്കളും പറയും ഞാൻ എന്റെ കുട്ടിയെ ഒരു കാര്യത്തിലും നിർബന്ധിക്കില്ല എന്ന്. പക്ഷേ നിർബന്ധിക്കില്ല എന്നുള്ളത് അവർ തെറ്റായി മനസ്സിലാക്കിയിരിക്കുന്നു എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. കാരണം ചില കുട്ടികളോടു സംസാരിച്ചപ്പോൾ, മാതാപിതാക്കളിൽനിന്നും അധ്യാപകരിൽനിന്നും പല രീതിയിലുള്ള സമ്മർദ്ദങ്ങൾ ഉണ്ടാകുന്നതായി മനസ്സിലായിട്ടുണ്ട്. ചിലപ്പോൾ മാതാപിതാക്കൾക്കോ അധ്യാപകർക്കോ ഇല്ലാത്ത ഒരു പ്രശ്നം മറ്റൊരു ബന്ധുവിന് കാണും. ബന്ധുവിന്റെ ഭാഗത്തുനിന്നോ മുതിർന്നവരുടെ ഭാഗത്തുനിന്നോ പല തരത്തിലുള്ള സമ്മർദ്ദങ്ങൾ അനുഭവിക്കുന്ന കുട്ടികളുണ്ട്. എന്തുകൊണ്ട് ഒരു കുട്ടിക്ക് വീട്ടിലേക്കു വന്ന് സ്വസ്ഥമായിട്ട്, ‘ഇതാണ് എന്റെ ലോകം’ എന്നു പറഞ്ഞ് ഇരിക്കാൻ സാധിക്കുന്നില്ല, ചുറ്റുമുള്ളവരെ സ്നേഹിക്കാൻ സാധിക്കുന്നില്ല, എന്തുകൊണ്ട് അവര്‍ അപരിചിതരെ സ്നേഹിക്കാൻ തുനിഞ്ഞിറങ്ങുന്നു എന്നതൊക്കെ ചിന്തിക്കേണ്ട വിഷയമാണ്. 

 

ഈ അരക്ഷിതാവസ്ഥ ഒഴിവാക്കി, സുരക്ഷിതത്വബോധത്തിലൂന്നിയ സമീപനം മാതാപിതാക്കൾ കുട്ടികളോടു കാണിക്കണം. വ്യക്തമായ എജ്യുക്കേറ്റിങ് വിഡിയോകൾ ഇതിനെയൊക്കെ പറ്റി ലഭ്യമാണ്. അതു കാണാൻ അവസരം നൽകാം. സമൂഹമാധ്യമങ്ങളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ, പ്രത്യേകിച്ച് അപരിചിതരോട് ഇടപഴകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞു കൊടുക്കാം. കുട്ടികളിൽ പലരും അവരുടെ മോശം ഫോട്ടോകളൊക്കെ ഷെയർ െചയ്യാറുണ്ട്. അവ പല ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെട്ടതിനെ തുടർന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച കുട്ടികളുണ്ട്. അതുകൊണ്ട് ടെക്നോളജിയുടെ സാധ്യതകളും അപകടങ്ങളും അവരെ പറഞ്ഞു മനസ്സിലാക്കണം. അത് ചെയ്യാതെ, പേരന്റിങ്ങിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താതെ, കുട്ടികളെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. 

 

മാനസികാരോഗ്യത്തിന് പ്രാധാന്യം കൊടുത്താണ് കുട്ടികളെ വളർത്തുന്നതെങ്കിൽ, അവർ ആത്മവിശ്വാസത്തോടെയാണ് വളരുന്നതെങ്കിൽ ഇതിന്റെയൊന്നും ആവശ്യം വരുന്നില്ല. അവർക്ക് വ്യക്തമായ ലക്ഷ്യവും കാഴ്ചപ്പാടും അതിർത്തികളും ഉണ്ടായിരിക്കും. ‘ഞാൻ ഇന്നത് ചെയ്യും, ഇന്നത് ചെയ്യില്ല’ എന്നുള്ള ധാരണയിൽ നമ്മുടെ കുട്ടികൾ വളരുന്നുണ്ടോ എന്നു നോക്കുക. അത്തരം ചോദ്യങ്ങൾ അവരോട് ചോദിക്കുക. ഇത്തരം സാഹചര്യങ്ങൾ വരുകയാണെങ്കിൽ എന്തു സംഭവിക്കുമെന്ന് അവരോടു തുറന്നു ചോദിക്കാം. അച്ഛനു സുഖമില്ല എന്നുപറഞ്ഞ് ഒരാൾ ഒരു കുട്ടിയെ കൂട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ, വീട്ടുകാർ പറഞ്ഞ കോഡ് വേഡ് എന്താണെന്ന് അയാളോട് കുട്ടി ചോദിച്ച സംഭവമൊക്കെ പ്രസക്തമാകുന്നത് ഇവിടെയാണ്. അതുപോലെയുള്ള കമ്യൂണിക്കേഷൻ ഒരു വീട്ടിൽ നടക്കണം. സെക്സ് എജ്യുക്കേഷൻ പോയിട്ട് ആ വാക്കു പോലും പറയാൻ പല മാതാപിതാക്കൾക്കും അധ്യാപകർക്കും ബുദ്ധിമുട്ടാണ്. പക്ഷേ നല്ല രീതിയിൽ ഇതെല്ലാം കൈകാര്യം ചെയ്യുന്ന പേരന്റ്സും അധ്യാപകരും ഉണ്ട്. അത് നമുക്ക് തള്ളിക്കളയാനും പറ്റില്ല. പക്ഷേ ഇതിനൊരു generalizability വരണം. എല്ലാവരും ഒരുപോലെ അവർക്കെന്തു ചെയ്യാൻ പറ്റും എന്ന ഒരു generalizability വരുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ നമുക്ക് തടയാം.

 

∙ ബന്ധങ്ങളിൽ അതിർവരമ്പുകൾ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

 

എല്ലാ ബന്ധങ്ങൾക്കും അതിർവരമ്പ് ആവശ്യമാണ്. അതിപരിചയം മൂലം ആദരവു കുറയും എന്നു പറയാറുണ്ടല്ലോ. അതുകൊണ്ട് എല്ലാത്തിനും ഒരു അതിർത്തി വയ്ക്കുന്നത് നല്ലതാണ്. നമ്മുടെ പഴ്സനൽ സ്പേസിനെ സംരക്ഷിക്കാനാണ് ആ അതിർത്തി. വ്യക്തിപരവും സാമ്പത്തികവും ലൈംഗികപരവും സാമൂഹികവും വൈകാരികവുമൊക്കെയായ (എന്തെല്ലാം വികാരങ്ങൾ നമ്മൾ മറ്റൊരാളിന്റെ മുന്നിൽ പ്രകടിപ്പിക്കും, മറച്ചുവയ്ക്കും എന്നുള്ളത്) അതിർവരമ്പുകൾ ഉണ്ടായിരിക്കുക എന്നതു പ്രധാനമാണ്. 

 

നമ്മൾ ഇത്തരം അതിർ‌വരമ്പുകൾ നിശ്ചയിക്കുമ്പോൾ ചുറ്റുമുള്ളവർ അതൃപ്തരാകുന്നുണ്ടെങ്കിൽ, അവർ നമുക്കുചുറ്റും നിൽക്കാൻ അർഹരല്ല എന്നു മനസ്സിലാക്കണം. കാരണം അതുവരെ അവർ നമ്മുടെ അതിർത്തി ലംഘിച്ചുകൊണ്ടിരിക്കുകയായിരുന്നു. നമ്മള്‍ പറ്റില്ല എന്നു പറയുമ്പോൾ അവർക്കത് ഉൾക്കൊള്ളാനാവുന്നില്ലെങ്കിൽ ആ ബന്ധം ഏതൊക്കെയോ രീതിയില്‍ നമുക്കു ടോക്സിക് അല്ലെങ്കിൽ അബ്യൂസീവ് ആയിരുന്നു എന്നു തിരിച്ചറിയണം. അതിർത്തി എന്നത് നമ്മൾ ഒരിക്കൽ സെറ്റ് ചെയ്തതു കൊണ്ടു മാത്രം സ്ഥിരമായി നിൽക്കില്ല. അത് ഇന്നു പറഞ്ഞതല്ലേ, നാളെ ചിലപ്പോൾ അങ്ങനെയാവില്ല എന്നു വിചാരിച്ച് ചില കാര്യങ്ങൾക്കു വേണ്ടി നമ്മുടെയടുത്ത് ആവർത്തിച്ചു ശ്രമിക്കുന്നവരുണ്ടാകും. അപ്പോൾ അതിർവരമ്പ് ഒരിക്കൽ നിശ്ചയിച്ചാൽ പോരാ, അത് നിലനിർത്താനുള്ള മാർഗങ്ങളും നമ്മള്‍ സുസ്ഥിരമായി പാലിച്ചെങ്കിൽ മാത്രമേ  നമ്മുടെ പഴ്സനൽ സ്പേസിനെ, നമ്മുടെ വെൽബീയിങ്ങിനെ സംരക്ഷിക്കാൻ സാധിക്കൂ.

 

Content Summary : Save teens from drugs and toxic relationships and make them aware of the importance of sex education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com