ADVERTISEMENT

ആധുനിക ജീവിതത്തിന്റെ മുഖമുദ്രയായ ഫാഷൻ രംഗത്ത് സിദ്ധികളും വൈഭവങ്ങളും കൊണ്ട് വിസ്‌മയങ്ങൾ വിരിയിച്ച് ഉയരങ്ങളിലെത്താൻ ആഗ്രഹിക്കുന്ന യുവജനങ്ങളെ ശാസ്‌ത്രീയമായി ശീലിപ്പിക്കുന്ന ശ്രേഷ്‌ഠ സ്‌ഥാപനമാണ് എൻഐഎഫ്‌ടി (National Institute of Fashion Technology, NIFT Campus, Hauz Khas, Near Gulmohar Park , New Delhi - 110 016; പ്രവേശനം സംബന്ധിച്ച ഫോൺ: 011-40849650; ui.research@nift.ac.in; വെബ്: www.nift.ac.in).

കണ്ണൂരടക്കം 18 ക്യാംപസുകളിലെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഡിസംബർ 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീ 3000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 1500 രൂപ. 5000 രൂപ ലേറ്റ് ഫീ കൂടിയടച്ച് ജനുവരി ആദ്യവാരം വരെ അപേക്ഷിക്കാം. ജനുവരി മൂന്നാം വാരം അ‍ഡ്മിറ്റ് കാർഡ് സൈറ്റിൽ വരും.

 

പ്രോഗ്രാമുകൾ

 

എ) ബാച്‌ലർ ഓഫ് ഡിസൈൻ (ബിഡിസ്): (4 വർഷം, ഫാഷൻ / ലെതർ / അക്‌സസറി / ടെക്സ്റ്റൈൽ / നിറ്റ് വെയർ ഡിസൈൻ / ഫാഷൻ കമ്യൂണിക്കേഷൻ. യോഗ്യത പ്ലസ്‌ടു.

 

ബി) ബാച്‌ലർ ഓഫ് ഫാഷൻ ടെക്‌നോളജി (ബിഎഫ്ടെക്): 4 വർഷം. മാത്‌സും ഫിസിക്സും അടങ്ങിയ പ്ലസ്‌ടു വേണം.

 

സി) മാസ്റ്റർ ഓഫ് ഡിസൈൻ (എംഡിസ്): 2 വർഷം; സർവകലാശാലാ ബിരുദം, അഥവാ എൻഐഡിയിൽ നിന്നോ എൻഐഎഫ്‌ടിയിൽ നിന്നോ ലഭിച്ച 3 വർഷത്തിൽ കുറയാത്ത ഡിപ്ലോമയാണു പ്രവേശനയോഗ്യത. ഡിസൈന്റെ അടിസ്‌ഥാനപാഠങ്ങൾ അറിഞ്ഞിരിക്കണം. ഇവ കോഴ്‌സിൽ പഠിപ്പിക്കില്ല.

 

ഡി) മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ് (എംഎഫ്എം): 2 വർഷം; സർവകലാശാലാ ബിരുദം അഥവാ എൻഐഎഫ്‌ടിയിൽ നിന്നോ എൻഐഡിയിൽ നിന്നോ ലഭിച്ച 3 വർഷത്തിൽ കുറയാത്ത ഡിപ്ലോമ.

 

ഇ) മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി (എംഎഫ്ടെക്): 2 വർഷം; എൻഐഎഫ്ടിയിലെ ബിഎഫ് ടെക്‌ അഥവാ ഏതെങ്കിലും ബിടെക്.

 

ഫൈനൽ ഇയർ കുട്ടികൾക്കും അപേക്ഷിക്കാം; 2023 സെപ്റ്റംബർ 30ന് അകം യോഗ്യത തെളിയിച്ചാൽ മതി. മിനിമം മാർക്ക് വ്യവസ്ഥയില്ല. ബാച്‌ലർ പ്രോഗ്രാമുകളിലെ അപേക്ഷകരുടെ പ്രായം 2023 ഓഗസ്റ്റ് ഒന്നിന് 24ൽ കുറവായിരിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 5 വയസ്സുവരെ കൂടുതലാകാം. മാസ്റ്റർ ബിരുദ പ്രോഗ്രാമുകൾക്ക് പ്രായപരിധിയില്ല. എല്ലാ പ്രോഗ്രാമുകളിലും കേന്ദ്ര സർക്കാർ‌ മാനദണ്ഡപ്രകാരം സംവരണമുണ്ട്.

 

കണ്ണൂരിൽ ഫാഷൻ / ടെക്സ്റ്റൈൽ / നിറ്റ് വെയർ ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ ബി‍ഡിസ് ബിരുദങ്ങൾ, അപ്പാരൽ പ്രൊഡക്‌ഷനിലെ ബിഎഫ്‌ടെക്, ഡിസൈൻ / ഫാഷൻ മാനേജ്മെന്റ് മാസ്റ്റർ ബിരുദങ്ങൾ എന്നിവ കണ്ണൂരിലുണ്ട്. ഓരോ കോഴ്സിനും 34 സീറ്റ്. കൂടാതെ കേരളത്തിൽ പാർക്കുന്നവർക്കായി ഓരോന്നിനും 7 സീറ്റ് കൂടുതല‌ും. എൻആർഐ / വിദേശികൾക്കു 3 സീറ്റ് വീതമുണ്ട്. NIFT, Dharmasala, Mangattuparamba, Kannur – 670 562, ഫോൺ: 9656440062; chandramouli.n@nift.ac.in.

 

എൻട്രൻസ് പരീക്ഷ 37 കേന്ദ്രങ്ങളിൽ

 

എല്ലാ പ്രോഗ്രാമുകൾക്കുമുള്ള എൻട്രൻസ് പരീക്ഷ ഫെബ്രുവരി 5ന് കൊച്ചി, കണ്ണൂർ, കോയമ്പത്തൂർ, ബെംഗളൂരു, ചെന്നൈ, മുംബൈ, ന്യൂഡൽഹി അടക്കം 37 കേന്ദ്രങ്ങളിൽ. പരീക്ഷാഫലം മാർച്ചിൽ വരും. സിറ്റുവേഷൻ ടെസ്റ്റും ഇന്റർവ്യൂവും ഏപ്രിലിൽ. 

 

അന്തിമ സിലക്‌ഷൻ ലിസ്റ്റ് മേയ് മാസം. സീറ്റ് അലൊക്കേഷൻ മേയ്–ജൂൺ മുതൽ. എൻആർഐ, വിദേശ വിഭാഗക്കാർക്ക് ഏപ്രിൽ 30 വരെ അപേക്ഷിക്കാം. ഇവർ എൻട്രൻസ് എഴുതേണ്ട. സാറ്റ്/ജിമാറ്റ്/ജിആർഇ സ്കോർ നോക്കി തിരഞ്ഞെടുക്കും. കൃത്യതീയതികളുൾപ്പെടുത്തിയ അറിയിപ്പ് പിന്നീട് സൈറ്റിൽ വരും.

 

ബി‍ഡിസ്, എംഡിസ് എന്നീ ഡിസൈൻ പ്രോഗ്രാമുകൾക്കുള്ള എഴുത്തുപരീക്ഷയിൽ ജനറൽ എബിലിറ്റി ടെസ്റ്റിനു (GAT) പുറമേ ക്രിയേറ്റിവ് എബിലിറ്റി ടെസ്റ്റും (CAT) ഉണ്ട്. എഴുത്തുപരീക്ഷയിൽ മികവുള്ള ബിഡിസ് പ്രോഗ്രാമുകാരെ സിറ്റുവേഷൻ ടെസ്റ്റിലേക്കു ക്ഷണിക്കും. ബിഎഫ്ടെക്കിന് ജനറൽ എബിലിറ്റി ടെസ്റ്റ് മാത്രം. 

 

എംഎഫ്എം, എംഎഫ്ടെക് പ്രോഗ്രാമുകൾക്ക് GAT, ഇന്റർവ്യൂ എന്നിവയുണ്ട്. ഒബ്ജക്ടീവ് ടെസ്റ്റുകളിൽ തെറ്റിനു മാർക്കു കുറയ്ക്കും. ബാച്‌ലർ പ്രോഗ്രാമുകൾക്കു 4 വർഷത്തേക്ക് 14 ലക്ഷം രൂപയോളം ഫീസ് വരും. താമസച്ചെലവ് പുറമേ.

 

എൻട്രൻസ് പരീക്ഷയുടെ ഉള്ളടക്കവും ശൈലിയൂം നന്നായി ഗ്രഹിച്ച് വിശേഷപരിശീലനം കഴിഞ്ഞ് പോകുന്നവർക്കാണ് സിലക്‌ഷൻ കിട്ടാറുള്ളത്. മാതൃകാചോദ്യങ്ങൾ സൈറ്റിലുണ്ട്. ചിത്രരചനാപാടവമുള്ളതു കൊണ്ടു മാത്രം ടെസ്‌റ്റ് ജയിച്ചുകയറുക പ്രയാസമാവാം. പഠിച്ചുയോഗ്യത നേടുന്നവർക്കെല്ലാം നല്ല നിയമനം ക്യാംപസ് റിക്രൂട്ട്മെന്റ് വഴി തന്നെ ലഭിക്കാറുണ്ട്.പരീക്ഷാഘടനയും അപേക്ഷാരീതിയുമടക്കം പൂർണവിവരങ്ങൾ വെബ്സൈറ്റിൽ.

 

Content Summary : Apply For NIFT Courses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com