കാട്ടിൽ തലയെടുപ്പോടെനിന്ന രണ്ടു മരങ്ങളുണ്ടായിരുന്നു. അവിടെ രണ്ടു സിംഹങ്ങളും ജീവിച്ചിരുന്നു. അവ മൃഗങ്ങളെ കൊന്നുതിന്ന് ഈ മരങ്ങളുടെ ചുവട്ടിലാണ് അവശിഷ്ടങ്ങൾ ഉപേക്ഷിച്ചിരുന്നത്. അതുകൊണ്ട് ആ പ്രദേശം മുഴുവൻ ദുർഗന്ധമായിരുന്നു. ഒരു ദിവസം അവർ ഇറച്ചിയുമായി വന്നപ്പോൾ മരങ്ങൾ കാറ്റിന്റെ സഹായത്തോടെ തങ്ങളുടെ ചില്ലകൾ കുലുക്കി ശബ്ദമുണ്ടാക്കി. പല തവണ ഇതാവർത്തിച്ചപ്പോൾ സിംഹങ്ങൾ പേടിച്ച് കാടുപേക്ഷിച്ചു. സിംഹങ്ങൾ അപ്രത്യക്ഷരായെന്ന വാർത്ത തൊട്ടടുത്ത ഗ്രാമത്തിൽ പടർന്നു. മരംവെട്ടുകാർ കാട്ടിൽകയറി. ഒരുമിച്ചു നിൽക്കുന്ന രണ്ടു മരങ്ങൾ കണ്ട അവർ അന്നുതന്നെ അവ വെട്ടി താഴെയിട്ടു.
ആവാസവ്യവസ്ഥയുടെ ആധാരശില തങ്ങളാണെന്നു വിശ്വസിക്കുന്നവർ വരുത്തിവയ്ക്കുന്ന വിനകൾ ആത്മനാശത്തിനു മാത്രമല്ല, പൊതുദുരന്തത്തിനും കാരണമാകും. ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ ആത്മഹർഷത്തിനു മാത്രം നിലനിൽക്കുന്നവരാണ് മറ്റുള്ളവരുടെ അടിസ്ഥാനാവശ്യങ്ങൾപോലും നിഷേധിക്കുന്നത്. അത്തരക്കാർക്കു ചില മൂഢവിചാരങ്ങളുണ്ട്. കയ്യൂക്കുള്ളവർക്കു കയ്യടക്കാനുള്ളതാണ് ലോകം, കായബലമുള്ളവരുണ്ടെങ്കിൽ പിന്നെ ബലഹീനരുടെ ആവശ്യമില്ല, സ്വന്തം ദുരാഗ്രഹങ്ങൾക്കനുസരിച്ച് ഏതു വ്യവസ്ഥിതിയിലും മാറ്റംവരുത്താം... അങ്ങനെയങ്ങനെ.
ഒരാൾക്കുവേണ്ടി മാത്രമായി ഒന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഒന്നിനെ ഇല്ലാതാക്കിയാൽ ആ സ്ഥാനവും കൂടി ലഭിക്കുകയല്ല; ഉള്ളതുകൂടി ഇല്ലാതാകുകയാകും ഫലം. എല്ലാവരും തനിച്ചു ജീവിക്കാൻ ശ്രമിച്ചാൽ പിന്നെ മണ്ണിൽ ജീവനുണ്ടാകുകയില്ല. തൊട്ടടുത്തുള്ളവൻ നശിക്കുന്നതാണ് വംശനാശത്തിന്റെ തുടക്കമെന്നു തിരിച്ചറിയാനുള്ള സാമാന്യബോധത്തിൽ നിന്നാണ് സാമൂഹികസുരക്ഷ സാധ്യമാകുന്നത്. എല്ലാവർക്കും അവരുടേതായ ദൗത്യങ്ങളുണ്ട്. അതു മറ്റുള്ളവർക്ക് അജ്ഞാതമോ അപ്രസക്തമോ ആയിരിക്കും. എന്തെങ്കിലുമൊന്ന് നഷ്ടപ്പെടുമ്പോൾ മാത്രമാണ് അവയുടെ അനിഷേധ്യവേഷം എത്ര വലുതായിരുന്നുവെന്ന് മനസ്സിലാകുക.
Content Summary : Dont be greedy