ADVERTISEMENT

സംസ്ഥാനത്തെ എൽപി, യുപി, ഹൈസ്കൂൾ തലങ്ങളിൽ അധ്യാപകരായി നിയമിക്കപ്പെടാനുളള യോഗ്യതാപരീക്ഷയായ കെ–ടെറ്റ് 4 കാറ്റഗറികളിലായാണു നടത്തുന്നത്. നവംബർ 26നും 27നുമായി അടുത്ത കെ–ടെറ്റ് പരീക്ഷ വരാനിരിക്കുന്നു. കെ–ടെറ്റിന്റെ അന്തിമ തയാറെടുപ്പിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്നു പരിശോധിക്കാം. 

 

 കാറ്റഗറി 1 

എൽപി ക്ലാസുകളിൽ പഠിപ്പിക്കാനുള്ള യോഗ്യതാപരീക്ഷയാണിത്. 45% മാർക്കോടെ പ്ലസ് ടുവും ടിടിസി/ഡിഎഡ്/ഡിഎൽഎഡ് ആണു പ്രാഥമിക യോഗ്യത. 

 

∙പ്രധാന വിഷയങ്ങളും മാർക്കും: ചൈൽഡ് സൈക്കോളജി, ഇംഗ്ലിഷ്, മലയാളം, പരിസ്ഥിതിശാസ്ത്രം, ഗണിതം (എല്ലാത്തിനും 30 മാർക്ക് വീതം). ഇങ്ങനെ ആകെ 150 മാർക്കിന്റേതാണു പരീക്ഷ. ഇതിൽ ജനറൽ കാറ്റഗറിയിലുളള ഉദ്യോഗാർഥികൾ 90 മാർക്കും ഒബിസി വിഭാഗക്കാരും പട്ടികജാതി/വർഗ വിഭാഗക്കാരും 82 മാർക്ക് വീതവും നേടണം. 

 

എങ്ങനെ പഠിക്കണം? 

മനശ്ശാസ്ത്രപഠനത്തിൽനിന്നുളള ആപ്ലിക്കേഷൻ രീതിയിലെ ചോദ്യങ്ങളാണു വിദ്യാഭ്യാസ മനശ്ശാസ്ത്ര വിഭാഗത്തിൽ ഉണ്ടാവുക. മനശ്ശാസ്ത്ര പഠനത്തോടൊപ്പം അവ പ്രായോഗിക തലത്തിൽ ചോദ്യമാകാനുളള സാധ്യതയും കാണണം. മുൻകാല ചോദ്യങ്ങളുടെ വിശകലനം ഒരുപാടു ഗുണകരമാവും. 

 

ഭാഷാവിഷയങ്ങളിൽ പരീക്ഷ എഴുതുന്നവർ രണ്ടു തരം ഭാഷയും കൈകാര്യം ചെയ്യേണ്ടതുണ്ട്. 20 മാർക്കിന് ഭാഷാപര വ്യാകരണത്തിലെയും 10 മാർക്കിന് അതതു ഭാഷാബോധനശാസ്ത്രത്തിലെയും ചോദ്യങ്ങളാണ്. അടുത്ത വിഷയം പരിസ്ഥിതിപഠനമാണ്. സിലബസിൽ തന്നിരിക്കുന്ന 14 ചാപ്റ്ററിന്റെകൂടെ 10 മാർക്കിന് ഇതിൽനിന്നുളള ബോധനശാസ്ത്രവും വരുന്നു. ഗണിതശാസ്ത്രത്തിൽ‌ ഗണിതത്തിൽനിന്ന് 20 മാർക്കും ബോധന ഗണിതശാസ്ത്രത്തി ൽനിന്നു 10 മാർക്കുമാണ്. മനശ്ശാസ്ത്രത്തിനും ബോധനശാസ്ത്രത്തിനുമായി 70 മാർക്ക് നേടാൻ ബുദ്ധിമുട്ടില്ല. പക്ഷേ, പൊതുവേ വിദ്യാർഥികൾ ബോധനശാസ്ത്രത്തിന് ഒട്ടും പ്രാധാന്യം നൽകാറില്ല എന്ന് എടുത്തുപറയേണ്ട കാര്യമാണ്. 

 

 കാറ്റഗറി 2 

യുപി വിഭാഗത്തിലേക്കുളള യോഗ്യതാപരീക്ഷയാണിത്. ബിഎ/ബികോം/ബിഎസ്‌സി+ടിടിസി/ഡിഎഡ്/ഡിഎൽഎഡ്/ബിഎഡ് ആണു യോഗ്യത. 

∙പ്രധാന വിഷയങ്ങളും മാർക്കും: ശിശു മനശ്ശാസ്ത്രം (30 മാർക്ക്), സയൻസ്+മാത്തമാറ്റിക്സ് അല്ലെങ്കിൽ സോഷ്യൽ സയൻസ് (60 മാർക്ക്), ഭാഷ (മലയാളം/ഇംഗ്ലിഷ്–30 മാർക്ക് വീതം). ഈ കാറ്റഗറിയിലും 150 മാർക്കിനാണു ചോദ്യങ്ങൾ. 

 

എങ്ങനെ പഠിക്കണം? 

ശിശു മനശ്ശാസ്ത്രം തിയററ്റിക്കലായും പ്രായോഗികതലത്തിലും അറിഞ്ഞിരിക്കുന്നതിനോടൊപ്പം അതതു വിഷയത്തിലും ശാസ്ത്രത്തിലും അറിവുംനേടേണ്ടതുണ്ട്. ഈ വിഭാഗത്തിലെ ഉദ്യോഗാർഥികളും 2 ഭാഷയും കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇതിൽ core subject പ്രധാനമായും 5 മുതൽ 8 വരെ ക്ലാസുകളിലെ എസ്‌സിഇആർടി സിലബസ് അടിസ്ഥാനമാക്കിയുളളതാണ്. എന്നിരുന്നാലും ചോദ്യങ്ങൾ കഠിനനിലവാരം പുലർത്തുന്നതും ഹയർ സെക്കൻഡറി തലം വരെയുളള ഭാഗങ്ങൾ വരുന്നതും കാണാറുണ്ട്. ഇവിടെയും മനശ്ശാസ്ത്രത്തിനും ബോധനശാസ്ത്രത്തിനും വേണ്ടത്ര പ്രാധാന്യം കൊടുത്തു പഠിക്കണം. 

 

  കാറ്റഗറി 3 

ഹൈസ്കൂൾ ക്ലാസുകളിലെ അധ്യാപകർക്കു യോഗ്യത നിർണയിക്കാനുള്ള പരീക്ഷ. 45% മാർക്കോടെ ബിഎ/ബികോം/ബിഎസ്‌സിയും അതേ വിഷയത്തിൽ ബിഎഡുമാണു യോഗ്യത. കേരള സർക്കാർ/പരീക്ഷാ ബോർഡ്/സർവകലാശാലകൾ അംഗീകരിച്ച, അധ്യാപന ഡിപ്ലോമ/ഡിഗ്രി ഉളളവർക്കും അപേക്ഷിക്കാം. 

 

∙പ്രധാന വിഷയങ്ങളും മാർക്കും: കൗമാര മനശ്ശാസ്ത്ര പഠനം, അധ്യാപന അഭിരുചി, പഠനസിദ്ധാന്തങ്ങൾ, ഭാഷ (മലയാളം/ഇംഗ്ലിഷ്), വിഷയാധിഷ്ഠിത ചോദ്യങ്ങൾ+ബോധനശാസ്ത്രം. (ആദ്യ 3 വിഭാഗങ്ങളും ചേർത്തു 30 മാർക്ക്, നാലാം വിഭാഗത്തിനു 30 മാർക്ക്, അവസാന വിഭാഗത്തിന് 80 മാർക്ക് വീതം). 

 

എങ്ങനെ പഠിക്കണം? 

ഉദ്യോഗാർഥികൾ കൗമാരമനശ്ശാസ്ത്രത്തിലും പഠനസിദ്ധാന്തത്തിലും അധ്യാപന അഭിരുചിയിലും പ്രാവീണ്യം നേടണം. ഈ വിഭാഗത്തിനു 40 മാർക്കാണുളളത്. ഏതെങ്കിലും ഒരു ഭാഷ തിരഞ്ഞെടുക്കാം. അതിൽ 10 മാർക്കിനു ബോധനശാസ്ത്രവും വരാം. വിഷയാടിസ്ഥാനത്തിലുളള ചോദ്യങ്ങൾ 80 മാർക്കിനാണ്. അതിൽ ബോധനശാസ്ത്രവും ഉൾപ്പെടുന്നു. ഡിഗ്രി വരെ പഠിച്ച പാഠഭാഗങ്ങൾ ഉൾപ്പെടുന്നവയാണു വിഷയാധിഷ്ഠിത ചോദ്യങ്ങൾ. Core Subjectനു പ്രാധാന്യം കൊടുക്കുന്നതിനോടൊപ്പം മനശ്ശാസ്ത്രത്തിനും ഭാഷയ്ക്കും പ്രത്യേക പരിഗണന നൽകാനും ശ്രദ്ധിക്കണം. 

 

 കാറ്റഗറി 4

 

യുപി തലം വരെയുളള അറബി/ഹിന്ദി/സംസ്കൃതം/ഉറുദു സ്പെഷ്യൽ അധ്യാപകർ, കായികാധ്യാപകർ, ഹൈസ്കൂൾ തലം വരെയുള്ള ആർട് & ക്രാഫ്റ്റ് അധ്യാപകർ എന്നിവർക്കായുള്ള യോഗ്യതാ പരീക്ഷയാണിത്. സർക്കാർ/പരീക്ഷാ ബോർഡ്/എൻസിടിഇ/സർവകലാശാലകൾ അംഗീകരിച്ച ഡിപ്ലോമ സർട്ടിഫിക്കറ്റ്, ഡിഗ്രി ഇൻ ടീച്ചിങ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. 

 

∙പ്രധാന വിഷയങ്ങളും മാർക്കും: ശിശുവികസനം/ബോധനശാസ്ത്രം (30 മാർക്ക്), അധ്യാപന അഭിരുചി. ഭാഷ (ഇംഗ്ലിഷ്/മലയാളം–40 മാർക്ക്), വിഷയാധഷ്ഠിത ചോദ്യങ്ങൾ (ബോധശാസ്ത്രം ഉൾപ്പെടെ) (80 മാർക്ക്). 

 

എങ്ങനെ പഠിക്കണം? 

ലഘുവായ മനശ്ശാസ്ത്ര ചോദ്യങ്ങളാണു പൊതുവെ വരിക എന്നത് ഈ പരീക്ഷയുടെ പ്രത്യേകതയാണ്. ഭാഷയിലെ കാര്യക്ഷമത അളക്കലാണു രണ്ടാം ഭാഗം. പിന്നീടുള്ളതു വിഷയത്തിലെ അറിവാണ്. 

 

 

കെ–ടെറ്റ് തയാറെടുപ്പിന് അറിഞ്ഞിരിക്കേണ്ടത്

 

∙സിലബസ് വ്യക്തമായി മനസ്സിലാക്കണം 

∙എഴുതാൻ പോകുന്ന കാറ്റഗറിയിൽ ഏതൊക്കെ വിഭാഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിവു വേണം

∙ഏതൊക്കെ വിഷയങ്ങളുടെ ബോധനശാസ്ത്രം പഠിക്കണമെന്നു മനസ്സിലാക്കണം  

∙മനശ്ശാസ്ത്ര സിദ്ധാന്തങ്ങൾ പഠിക്കുന്നതിനൊപ്പം പ്രായോഗികതലത്തിൽ വരാൻ സാധ്യതയുളള ചോദ്യങ്ങൾ മുൻകൂട്ടിക്കാണണം

∙മുൻകാല ചോദ്യ പേപ്പറുകൾ വിശകലനം ചെയ്യണം

∙Core വിഷയത്തിൽ പഠിക്കാനുളള ഭാഗങ്ങൾ വ്യക്തതയോടെ വായിച്ചു വയ്ക്കണം.

 

പ്രത്യേകം ഓർക്കാൻ 

കെ–ടെറ്റ് പരീക്ഷയ്ക്കു നെഗറ്റീവ് മാർക്കില്ല. അതിനാൽ പഠിക്കുന്ന കാര്യങ്ങൾ വ്യക്തമായി പഠിച്ചാൽ അധ്യാപക മാനദണ്ഡ പരീക്ഷ നമ്മുടെ കയ്യിൽ ഭദ്രമാകും.

 

Content Summary : KTET Preparation 2022: Tips, Strategy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com