ADVERTISEMENT

മുൻ കണ്ണൂർ കലക്ടർ മിർ മുഹമ്മദ് അലിയുടെയും തൃശൂർ സ്വദേശി കവിത മേനോന്റെയും ഇപ്പോഴത്തെ ക്ലാസ്മേറ്റ്സ് ചില്ലറക്കാരല്ല! ഇക്വഡോറിന്റെ മുൻ വൈസ് പ്രസിഡന്റ്, യുക്രെയ്ന്റെ തലസ്ഥാനമായ കീവിലെ ഡപ്യൂട്ടി മേയർ, കോസ്റ്ററിക്കയുടെ വിദേശ വാണിജ്യകാര്യ മന്ത്രി, 5 യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ നിർണായക പങ്കുവഹിച്ച വ്യക്തിയടക്കം 60 രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരുണ്ട് പട്ടികയിൽ.

 

8 വർഷത്തെ സിവിൽ സർവീസ് ജീവിതത്തിനു ശേഷമാണ് ഒരു വർഷത്തെ അവധിയിൽ മിർ വീണ്ടും വിദ്യാർഥിയായത്. കവിതയാകട്ടെ ക്ലാസ്റൂമിലേക്ക് എത്തിയത് 2005 മുതലുള്ള ഫിനാൻസ് കരിയറിനു ശേഷവും. യുഎസിലെ പ്രശസ്തമായ ഹാർവഡ് സർവകലാശാലയുടെ കീഴിലെ കെന്നഡി സ്കൂളിലാണ് ഇവരെല്ലാം പബ്ലിക് അഡ്മിനിസ്ട്രേഷനിൽ (മിഡ് കരിയർ) മാസ്റ്റേഴ്സ് ചെയ്യുന്നത്. കരിയറിന്റെ മധ്യത്തിൽ ബിരുദാനന്തര ബിരുദം പഠിക്കാനുള്ള അവസരമാണ് ഈ കോഴ്സ്. മലയാള മനോരമ കരിയർ ഗുരു സംഘടിപ്പിച്ച വെബിനാറിൽ ഇരുവരും അവരുടെ ഹാർവഡ് അനുഭവങ്ങൾ പങ്കുവച്ചു.

 

 

 

60 രാജ്യം, 60 വീക്ഷണം

 

60 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഒപ്പമുള്ളതെന്നതിനാൽ ഒരേ വിഷയത്തിൽ 60 തരം വീക്ഷണം ലഭിക്കും. ആദ്യ ഒരു മാസം ബാച്ചിലുള്ള മൊത്തം 240 പേരും ഒരുമിച്ചാണ്. പിന്നീട് നൂറോളം ഉപവിഷയങ്ങളിൽ നമുക്ക് ഇഷ്ടമുള്ള ഉപകോഴ്സുകൾ തിരഞ്ഞെടുത്ത് മുന്നോട്ടു പോകാം. ഫിനാൻസ്, പൊളിറ്റിക്സ് ആൻഡ് പോളിസി, ലീഡർഷിപ് ഫ്രം ദ് ഇൻസൈഡ് ഔട്ട് തുടങ്ങിയവയാണ് മിർ എടുത്ത കോഴ്സുകൾ. കംപാരിറ്റീവ് പൊളിറ്റിക്സ്, റിസഷൻ (മാന്ദ്യം), ഗ്രോത്ത് ആൻഡ് മാക്രോ ഇക്കണോമിക് പോളിസി അടക്കമുള്ളവയാണ് കവിതയുടേത്. വിയോജിപ്പുണ്ടെങ്കിൽ പ്രഫസർമാരെ പോലും ചോദ്യം ചെയ്യുന്നതാണ് ഇവിടുത്തെ രീതി. പരീക്ഷയേക്കാൾ പ്രാമുഖ്യം വാരാന്ത്യ അസൈൻമെന്റുകൾക്കാണ്.

 

 

 

കോഴ്സുകൾ എങ്ങനെ?

 

7 വർഷമെങ്കിലും ഫുൾ ടൈം കരിയർ ചെയ്തവർക്കാണ് ഒരു  വർഷത്തെ മിഡ് കരിയർ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ പ്രവേശനം. അപേക്ഷിക്കുമ്പോൾ ലഘു ഉപന്യാസങ്ങളായാണ് അനുഭവപരിചയം അടക്കം മറുപടി നൽകേണ്ടത്. ഇതിനു പുറമേ അക്കാദമിക/പ്രഫഷനൽ രംഗത്ത് അപേക്ഷകരെ അറിയാവുന്നവർ റഫർ ചെയ്യണം. കെന്നഡി സ്കൂളിലെ മറ്റ് കോഴ്സുകൾക്ക് ജിആർഇ, ജിമാറ്റ് സ്കോർ ആവശ്യമാണെങ്കിലും മിഡ് കരിയർ കോഴ്സിന് നിർബന്ധമല്ല.

 

ഫുൾ ബ്രൈറ്റ് നെഹ്റു മാസ്റ്റേഴ്സ് ഫെലോഷിപ് നേടിയാണ് മിർ ഹാർവഡിലെത്തിയത്. 2024 ഓഗസ്റ്റിൽ തുടങ്ങുന്ന കോഴ്സുകൾക്കായി 2023 നവംബർ മുതൽ 2024 ജനുവരി വരെയുള്ള സമയത്ത് സർവകലാശാലയിൽ അപേക്ഷ നൽകണം. ഏപ്രിലിൽ അഡ്മിഷൻ കിട്ടിയോ എന്നു അറിയാം. ‍‍മേയിൽ തന്നെ ഫുൾബ്രൈറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ടാൽ ഓഗസ്റ്റിൽ അഭിമുഖത്തിനു വിളിക്കും. സെപ്റ്റംബറിൽ ഫലമറിയാം. ഇതെല്ലാം റെഡിയെങ്കിൽ വീസ നടപടികൾ പൂർത്തിയാക്കി ഓഗസ്റ്റിൽ കോഴ്സിൽ ചേരാം. പുറത്തുള്ള സ്കോളർഷിപ്പുകൾ പോലെ തന്നെ ഹാർവഡ് നൽകുന്ന സ്കോളർഷിപ്പുകളുമുണ്ട്.

 

 

സ്വപ്ന സർവകലാശാലയായ ഹാർവഡ്. ഇവിടെ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ നൽകുന്ന മിഡ് കരിയർ കോഴ്സിനെക്കുറിച്ച് മലയാള മനോരമ നടത്തിയ വെബിനാറിൽ ചർച്ച ചെയ്യപ്പെട്ട കാര്യങ്ങൾ

 

ശ്രദ്ധിക്കാൻ

 

ട്രയൽ നോക്കാം

മിഡ്കരിയർ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ ഇക്കൊല്ലം സമയം കുറവാണെങ്കിലും, ഹാർവഡ് കെന്നഡി സ്കൂൾ വെബ്സൈറ്റിലെ അഡ്മിഷൻ ഫോം തുറന്ന് ഉപന്യാസങ്ങളുടെ രീതി മനസ്സിലാക്കാം.

 

റെസ്യൂമെ

പഠിച്ച സ്ഥാപനങ്ങൾ, കിട്ടിയ മാർക്ക് തുടങ്ങിയ വിവരങ്ങളിൽ മാത്രമായി ചുരുക്കാതെ പങ്കെടുത്ത ഓരോ ചെറിയ ട്രെയ്നിങ് പ്രോഗ്രാമുകളിൽ നിന്നും ലഭിച്ച നൈപുണ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തുക.

 

സർട്ടിഫിക്കേഷൻ

വിദേശ ഭാഷകൾ പഠിക്കുമ്പോൾ അതിന്റെ അടിസ്ഥാന സർട്ടിഫിക്കേഷൻ കൂടി സ്വന്തമാക്കുക.

 

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തിനു പുറമേ കല,കായിക, സന്നദ്ധ സേവന മേഖലകളിൽ പ്രവർത്തിക്കുക. ഉപന്യാസങ്ങൾക്ക് ആഴം കൂടുകയും വൈവിധ്യം നിറഞ്ഞ അനുഭവപരിചയം സർവകലാശാലയ്ക്ക് ബോധ്യപ്പെടുകയും ചെയ്യും.

 

എഴുതുക: 

പഠിക്കുന്ന കാലത്തു തന്നെ ചെറിയ പ്രസിദ്ധീകരണങ്ങൾ, ബ്ലോഗുകൾ തുടങ്ങിവയിൽ എഴുതുക. സർവകലാശാലകൾ അക്കാദമിക ശേഷി പരിശോധിക്കുന്നത് എഴുത്തിലൂടെ കൂടിയാണ്.

 

വിവരങ്ങൾ ഹാർവഡ് കെന്നഡി സ്കൂളിലെ അഡ്മിഷൻ: bit.ly/hksadmission

ഫുൾബ്രൈറ്റ് ഫെലോഷിപ്പ്: www.usief.org.in

 

Content Summary : To Learn Everything There Is to Know About Harvard University's Mid-Career Master of Public Administration 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com