ADVERTISEMENT

എപ്പോഴാണ് നമുക്കു ശുഭാപ്തിവിശ്വാസം നഷ്ടപ്പെടുന്നത്? എന്തുകൊണ്ടാണതു കൈവിട്ടു പോകുന്നത്? ചിലർക്ക് എളുപ്പത്തിൽ അതു കൈമോശം വരും. മറ്റു ചിലർ കുറച്ചുകൂടി പിടിച്ചു നിൽക്കും. ജീവിതത്തിൽ നിരാശ അനുഭവിക്കാത്തവരായി ആരുമില്ല. ആശിച്ചതിനു വിപരീതമായ അനുഭവങ്ങൾ ഉണ്ടാകുമ്പോഴാണു നിരാശ ജനിക്കുക. നിരാശ ഉണ്ടാകാതിരിക്കണമെങ്കിൽ ആശയില്ലാതിരിക്കുകയാണു നല്ലതെന്ന് ആശ്വസിക്കാൻ ആർക്കും സാധിക്കില്ല. ആശകളില്ലെങ്കിൽ ജീവിതത്തിന് അർഥമോ ആവേശമോ ഇല്ലല്ലോ? ഓരോ വ്യക്തിയുടെയും ആശകളിൽ നിന്നാണു നേട്ടങ്ങളെല്ലാം രൂപം കൊള്ളുന്നത്. വീടു വയ്ക്കണമെന്ന് ഒരാൾ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഒരു വീട് നിർമിക്കപ്പെടുന്നത്. ജോലി വേണമെന്ന ആഗ്രഹത്തിൽ നിന്നാണ് ഒരാൾ ജോലിയിൽ എത്തിച്ചേരുന്നത്. ആഗ്രഹങ്ങൾ ജീവിതവിജയത്തിന് ആവശ്യം, അല്ല അനിവാര്യം. അവ അത്യാഗ്രഹങ്ങളും ദുരാഗ്രഹങ്ങളുമായി മാറാതെ ജാഗ്രത പുലർത്തണമെന്നു മാത്രം. 

 

ആഗ്രഹിച്ചതെല്ലാം എല്ലാവർക്കും എപ്പോഴും കിട്ടില്ല. ചിലപ്പോൾ വൈകി കിട്ടും. അല്ലെങ്കിൽ ആഗ്രഹിച്ചതിൽ നിന്നു വ്യത്യസ്തമായതു കിട്ടും. ആശിച്ചതൊന്നും കിട്ടാതെയും പോകാം. (പക്ഷേ, അപ്പോഴും ജീവിതം മറ്റെന്തൊക്കെയോ തരും). അപ്പോഴൊക്കെ നിരാശയുണ്ടാവുന്നതു സ്വാഭാവികം. ആഗ്രഹങ്ങൾ അത്യാഗ്രഹങ്ങളായി മാറരുതെന്നപോലെ പ്രധാനമാണ്, നിരാശകൾ നിരാശാബോധവും വിപരീതവിചാരങ്ങളുമായി മാറാതെ നോക്കേണ്ടത്; അഥവാ ശുഭാപ്തിവിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത്. 

 

ഇതെങ്ങനെ സാധിക്കും? ശുഭാപ്തിവിശ്വാസം കൈമോശം വരുന്നത്, ആഗ്രഹിച്ചതുപോലെ ഒന്നും ഒരിക്കലും നടക്കാൻ പോകുന്നില്ല എന്ന വിശ്വാസവും നിരാശയും മനസ്സിൽ വന്നു സ്ഥിരമായി നിറയുമ്പോഴാണ്. താൽക്കാലികമാ യുണ്ടാകുന്ന സങ്കടങ്ങൾ പരാജയബോധമായി. പ്രത്യാശയില്ലായ്മയായി സ്ഥിരമായി മനസ്സിൽ സ്ഥാനം പിടിക്കുന്നതാണു പ്രശ്നം. അതു സംഭവിക്കാതിരിക്കണമെങ്കിൽ നമുക്കുണ്ടായ നിരാശയും തിരിച്ചടിയും താൽക്കാലികമാണെന്ന് അംഗീകരിക്കണം. ഇതിനേക്കാൾ വലിയ നിരാശയും നഷ്ടങ്ങളും സംഭവിച്ചു വീണുപോയ പലരും എഴുന്നേറ്റു നടന്നു മുന്നേറിയിട്ടുണ്ട്. ഒന്നോ രണ്ടോ നിരാശാജനകമായ അനുഭവങ്ങൾ ഉണ്ടാകുമ്പോഴേക്കും ‘എല്ലാം തകർന്നു’ എന്നു തോന്നാതിരിക്കണം. 

 

ബോധപൂർവം ശ്രമിച്ചെങ്കിലേ ഈ മാനസികാവസ്ഥ കൈവരൂ. എല്ലാം തകർന്നിട്ടില്ലെന്നു വിശ്വസിക്കാൻ കഴിയണമെങ്കിൽ ജീവിതത്തിൽ വിശ്വാസമുണ്ടാകണം. ജീവിതത്തിന് ഒരു നേരുണ്ടെന്നും നീതിബോധമുണ്ടെന്നും ഗാഢമായി വിശ്വസിക്കണം. ഇതൊക്കെ പറയാൻ എളുപ്പമാണെങ്കിലും പ്രയോഗത്തിൽ വരുത്താൻ അത്ര എളുപ്പമല്ലെന്നറിയാം. പക്ഷേ, അത് അസാധ്യമല്ല. ചില ചിന്തകളെ മനസ്സിൽ കുടിയിരുത്താമെങ്കിൽ, അവയെ വിശ്വാസങ്ങളായി വളർത്തി ജീവിതത്തെ നയിക്കുമെങ്കിൽ എളുപ്പവുമാണ്. 

 

എന്തൊക്കെയാണ് ആ അടിസ്ഥാനപരമായ വിശ്വാസങ്ങൾ?

 

1. പരാജയപ്പെടാനല്ല നമ്മൾ ജനിച്ചത് എന്നു വിശ്വസിക്കുക. 

2. എല്ലാ പരാജയങ്ങളും താൽക്കാലിക തിരിച്ചടികളാണെന്ന് അംഗീകരിക്കുക. എല്ലാ ദിവസവും കാർമേഘം നിറ‍ഞ്ഞവയായിരിക്കില്ലെന്ന സത്യം മനസ്സിലാക്കുക. ഈ ലോകത്തു മാറാത്തതായി ഒന്നുമില്ല. മാറ്റങ്ങൾ ലോകനിയമമായതിനാൽ സങ്കടങ്ങൾ സന്തോഷമായി പരിണമിക്കാതിരിക്കില്ല. പിന്നെ എന്തിനാണു കൊടിയ നിരാശ?

 

ഒരു സങ്കടവും ശാശ്വതമല്ല. ഒരു രാത്രിയും പ്രഭാതത്തിലേക്കു മിഴി തുറക്കാതിരിക്കുന്നില്ല. മാറ്റങ്ങൾ നമുക്ക് അനുകൂലമാകും. നിരാശയുടെ കാർമേഘത്തിനപ്പുറം തെളിഞ്ഞ ആകാശം കാണാൻ കഴിയുന്നവർ ശുഭാപ്തിവിശ്വാസം കൊണ്ടു ജീവിതവിജയം നേടുന്നു. വിജയി പരിമിതികളിൽ സാധ്യതകൾ കാണുന്നു. പരാജിതർ സാധ്യതകളിൽ പരിമിതികൾ കാണുന്നു. എന്തു കാണുന്നു എന്ന് തീർച്ചയായും നമുക്കു സ്വയം തീരുമാനിക്കാം.

 

Content Summary : How to Be Optimistic In Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com