ADVERTISEMENT

ഇലോൺ മസ്ക്... അധികം മുഖവുരകളൊന്നും വേണ്ട ആ പേരിന്. ആഗോള ധനികരിലെ വമ്പൻ സെലിബ്രിറ്റി. പരമ്പരാഗതമായുള്ള പണക്കാരുടെ രീതിയെല്ലാം മാറ്റി മറിച്ച് തന്റെ പെരുമാറ്റ വൈചിത്ര്യം കൊണ്ട് ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച നായകൻ. എന്നും അസാധാരണമായിരുന്ന വാക്കുകളും പ്രവൃത്തികളുമായിരുന്നു മസ്കിന് (Elon Musk). എന്നാൽ അതെല്ലാം ലോകം ഇഷ്ടപ്പെടുകയും ആഘോഷിക്കുകയും ചെയ്തു. തന്റെ സ്ഥാപനമായ സ്പേസ് എക്സിന്റെ (SpaceX) ഏറ്റവും കരുത്തുറ്റ റോക്കറ്റുകളിലൊന്നായ ഫാൽക്കൺ ഹെവി വിക്ഷേപിച്ചപ്പോൾ അതിനൊപ്പം തന്റെ മറ്റൊരു സ്ഥാപനമായ ടെസ്‌ലയുടെ (Tesla) റോഡ്സ്റ്റർ കാറു കൂടിയാണ് അയച്ചത്.

 

അരക്കിറുക്കെന്ന് ചിലരൊക്കെ കളിയാക്കിയപ്പോൾ മറ്റു ചിലർ വിലയിരുത്തിയത് വളരെ കൗശലക്കാരനായ ഒരു ബിസിനസുകാരന്റെ തന്ത്രമെന്നാണ്. ഒരേ സമയം തന്നെ സ്പേസ് എക്സിനെയും ടെസ്‌ല കമ്പനിയെയും ലോകമെങ്ങും ചിരപരിചിതമാക്കാൻ ഇതുകൊണ്ടു കഴി‍ഞ്ഞു. മാർവലിന്റെ അവഞ്ചേഴ്സ് കഥാപാത്രങ്ങളിലെ ഏറ്റവും ജനപ്രിയ നായകനായ ടോണി സ്റ്റാർക്കുമായി (അയൺ മാൻ - Iron Man) മസ്ക് നിരന്തരം ഉപമിക്കപ്പെട്ടിരുന്നു. എന്നാൽ ട്വിറ്ററിനെ (Twitter) ഏറ്റെടുക്കാൻ തുടങ്ങിയതു മുതൽ അദ്ദേഹത്തിന്റെ ജനപ്രീതി ഇടിയുന്നതായാണു കാണുന്നത്.

 

പടുത്തുയർത്തിയ ബിസിനസ് കരിയർ

Mass resignations and revolt greet Musk’s Twitter 2.0 plan
Elon Musk. Photo Credit : Hannibal Hanschke / Reuters

 

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ 1971 ജൂൺ 28നാണു മസ്ക് ജനിച്ചത്. പകൽ സ്വപ്നങ്ങളിൽ മുഴുകിയ ബാല്യം, മസ്കിനെ സ്കൂളിലെ മറ്റു വിദ്യാർഥികൾക്കിടയിൽ പരിഹാസപാത്രമാക്കി. മസ്കിന് എന്തോ കുഴപ്പമുണ്ടെന്നു കരുതി രക്ഷിതാക്കൾ വൈദ്യപരിശോധന വരെ നടത്തി. വായന ഒരു ശീലമാക്കി മാറ്റിയ മസ്ക് ഹൈസ്ക്കൂളെത്തിയപ്പോഴേക്കും പരിഹാസം കേട്ടു മടുത്തു. കൂടുതൽ ശുഭാപ്തിവിശ്വാസം നേടാനായി ഈ സമയത്ത് കരാട്ടെയും ഗുസ്തിയും പഠിച്ചു.

 

Mass resignations and revolt greet Musk’s Twitter 2.0 plan
Photo Credit : Kacper Pempel / Reuters

1989ൽ 18 വയസ്സുകാരൻ മസ്ക് ദക്ഷിണാഫ്രിക്കയിലെനിർബന്ധിത സൈനികസേവനത്തിൽ നിന്നു രക്ഷപ്പെടാൻ കാനഡയിലേക്കു ഡിഗ്രി പഠിക്കാനായി യാത്രയായി.1992ൽ മസ്ക് തന്റെ സ്വപ്നരാജ്യമായ യുഎസിൽ എത്തിച്ചേരുകയും അവിടെ പെൻസിൽവേനിയ സർവകലാശാലയിൽ പഠനം പൂർത്തിയാക്കുകയും ചെയ്തു. സ്റ്റാൻഫഡ് സർവകലാശാലയിൽ മസ്ക് പിഎച്ച്ഡി പഠനത്തിനു ചേർന്നു. അതേ സമയത്താണ് ലോകം ഇന്റർനെറ്റ് ബൂമിലേക്കു കടന്നത്. ചേർന്നതിനു രണ്ടു ദിവസം കഴിഞ്ഞു മസ്ക് പിഎച്ച്ഡി പഠനം ഉപേക്ഷിച്ചു. 1995ൽ, സഹോദരൻ കിംബലിനൊപ്പം തന്റെ ആദ്യ സംരംഭമായ സിപ്2 കോർപറേഷൻ തുടങ്ങി. ഈ കമ്പനിയെ പിന്നീടു കോംപാക് കംപ്യൂട്ടർ കോർപറേഷൻ ഏറ്റെടുത്തു. 

 

സിപ്2 കോർപറേഷൻ വിറ്റുകിട്ടിയ സമ്പത്തുപയോഗിച്ച് എക്സ്.കോം എന്ന കമ്പനി മസ്ക് തുടങ്ങി. പിന്നീടു പേയ്പാൽ എന്ന പേരിൽ പ്രശസ്തമായ ഈ കമ്പനി മസ്കിലെ വ്യവസായിയെ ശക്തനാക്കി. 2002ൽ ഈ കമ്പനി ഇബേ ഏറ്റെടുത്തു. തുടർന്നു മസ്ക് ബഹിരാകാശമേഖലയിലെ സംരംഭകത്വത്തിനായി സ്പേസ് എക്സ് കമ്പനി സ്ഥാപിച്ചു. ഹൈപ്പർ ലൂപ്പ്, ന്യൂറലിങ്ക്, ബോറിങ്, ടെസ്‌ല, സ്റ്റാർലിങ് തുടങ്ങിയ പ്രശസ്തമായ കമ്പനികളുടെ ഉടമയെന്ന നിലയിലേക്കുള്ള വളർച്ചയാണ് മസ്കിനെ കാത്തിരുന്നത്.

 

ഇടിയുന്ന ജനപ്രീതി

 

കഴിഞ്ഞ ദിവസം സാൻ ഫ്രാൻസിസ്കോയിലെ ട്വിറ്ററിന്റെ ഹെഡ്ക്വാർട്ടേഴ്സിന്റെ ഭിത്തിയിലേക്ക് തൊട്ടടുത്തുള്ള ബിൽഡിങ്ങിൽ നിന്നും ആരോ ഇലോൺ മസ്കിനെതിരായ സന്ദേശങ്ങൾ പ്രൊജക്ട് ചെയ്തു. ഇലോൺ മസ്ക് ഒരു വിഡ്ഢിയാണ്, മസ്കിന്റെ നരകത്തിലേക്ക് സ്വാഗതം തുടങ്ങിയ സന്ദേശങ്ങൾ ഹെഡ്ക്വാർട്ടേഴ്സിൽ തെളിഞ്ഞതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ലോകമെങ്ങും തരംഗമായി. ഒട്ടേറെ പേർ മസ്കിനോടുള്ള തങ്ങളുടെ വിമുഖത സമൂഹമാധ്യമങ്ങളിൽ പരസ്യമായി വെളിപ്പെടുത്തി. കഴിഞ്ഞ ഏഴുവർഷങ്ങളിൽ ഇലോൺ മസ്കിന്റെ പേരിന്റെ ഭാഗങ്ങൾ പലരും തങ്ങളുടെ കുട്ടികൾക്കിട്ടിരുന്നത് മസ്കിന്റെ ജനപ്രീതിക്ക് തെളിവായി കാണിക്കപ്പെട്ടിരുന്നു. ഈ പ്രവണത ഈ വർഷം വളരെയേറെ കുറഞ്ഞത് അദ്ദേഹത്തിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതിന്റെ തെളിവായാണു വ്യാഖ്യാനിക്കപ്പെടുന്നത്.

 

കഴിഞ്ഞ ദിവസങ്ങളിൽ തന്നോട് വിരുദ്ധ അഭിപ്രായം പുലർത്തിയ പലരെയും ഇലോൺ മസ്ക് പിരിച്ചുവിട്ടിരുന്നു. പൊതു ട്വീറ്റുകളിലൂടെയായിരുന്നു ഇത്. 7500 ജീവനക്കാരുണ്ടായിരുന്ന ട്വിറ്ററിന്റെ പകുതിപ്പേരെയും മസ്ക് പിരിച്ചുവിട്ടു. ട്വിറ്ററിന്റെ വർക് അറ്റ് ഹോം പോളിസിയിലും മസ്ക് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. എല്ലാ ജീവനക്കാരും ആഴ്ചയിൽ 40 മണിക്കൂറെങ്കിലും നിർബന്ധമായി ഓഫിസിൽ വരണമെന്ന് ഇടയ്ക്ക് മസ്ക് നിർദേശം നൽകിയിരുന്നു. പിന്നീട് നല്ല സംഭാവനകൾ നൽകുമെന്നു തൊട്ടുമുകളിലുള്ള ഉന്നത ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയാൽ വീട്ടിലിരുന്നു ജോലി ചെയ്യാമെന്ന് അറിയിച്ചു. തെറ്റായി സാക്ഷ്യപ്പെടുത്തിയ ആളുടെ ജോലി പോകുമെന്ന സന്ദേശം പിന്നാലെ മാനേജർമാർക്കും അയച്ചു. അതോടെ മൊത്തം ആശയക്കുഴപ്പമായി. ഇത്തരത്തിലുള്ള മസ്കിന്റെ ചെയ്തികളാണ് ഇപ്പോൾ വ്യാപക വിമർശനത്തിനിടവരുത്തിയത്. ടോണി സ്റ്റാർക് എന്ന നായകനായിരുന്ന അദ്ദേഹം ഇന്ന് ഹാരിപോട്ടറിലെ വില്ലനായ വോൾഡർമോർട്ടുമായി (Lord Voldemort) ഉപമിക്കപ്പെടുന്നു.

 

Content Summary : Elon Musk's metamorphic transformation from hero to villain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com