ADVERTISEMENT

ഐഐടിയിൽ‌ പഠനം. ക്യാംപസ് പ്ലേസ്മെന്റിലൂടെ ഐഎസ്ആർഒയിൽ സയന്റിസ്റ്റായി ജോലി, 6 വർഷം തികയുംമുൻപ് 31–ാം വയസ്സിൽ ആ ജോലി ഉപേക്ഷിച്ച് റോക്കറ്റ് കമ്പനി തുടങ്ങുന്നു. എന്തിനാണീ ‘റിസ്ക്’ എന്ന് ഹൈദരാബാദ് സ്വദേശിയും സ്കൈറൂട്ട് എയ്റോസ്പേസ് സ്ഥാപകനുമായ പവൻ കുമാർ ചന്ദനയോടു ചോദിച്ചാൽ മറുപടി ഒന്നേയുള്ളൂ– ‘അടങ്ങാത്ത അഭിനിവേശം’. ഇന്ത്യയിൽ ഐഎസ്ആർഒ മാത്രമുണ്ടായിരുന്ന റോക്കറ്റ് വിക്ഷേപണരംഗം സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുത്തതിനു പിന്നാലെയാണ് തെലങ്കാന ആസ്ഥാനമായ സ്കൈറൂട്ടിന് ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം–എസ് വിക്ഷേപിക്കാനായത്. യുഎസിൽ ഇലോൺ മസ്കിന്റെ സ്പേസ്എക്സ് എന്ന സ്വകാര്യ വിക്ഷേപണ കമ്പനിക്കു സമാനമായതിനാൽ ‘ഇന്ത്യയുടെ സ്പേസ്എക്സ്’ എന്ന വിശേഷണവും സ്കൈറൂട്ടിനു വന്നുചേർന്നു. സ്പേസ് രംഗത്തേക്കു സ്വകാര്യമേഖല വന്നതോടെ കരിയർ സാധ്യതകൾ വൻതോതിൽ വർധിക്കുകയാണ്. പവൻ കുമാർ ചന്ദന ‘മനോരമ’യോടു സംസാരിക്കുന്നു.

 

‍∙ ആദ്യവിക്ഷേപണം തന്നെ വിജയം. എന്താണ് പറയാനുള്ളത്?

 

വളരെയധികം സന്തോഷമുണ്ട്. ഞങ്ങളുടെ കമ്പനിയെ സംബന്ധിച്ചും നമ്മുടെ രാജ്യത്തെ സംബന്ധിച്ചും ഇത് നാഴികക്കല്ലാണ്. ഞങ്ങൾ ഒരുപാട് ഇതിനായി അധ്വാനിച്ചു. കുറഞ്ഞ കാലയളവിൽ തന്നെ ആദ്യമിഷൻ തന്നെ വിജയമായതിൽ ഒരുപാട് അഭിമാനം. റോക്കറ്റ് 50 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ തന്നെ മിഷൻ വിജയമെന്നാണ് വിലയിരുത്തൽ. എങ്കിലും ഞങ്ങളുടെ പ്രതീക്ഷ 80 കിലോമീറ്റർ വരെ പോകുമെന്നായിരുന്നു. എന്നാൽ ആ കണക്കുകൂട്ടൽ തെറ്റിച്ച് 89.5 കിലോമീറ്റർ ദൂരമാണ് വിക്രം–എസ് സ‍ഞ്ചരിച്ചത്. ആദ്യ വിക്ഷേപണത്തിൽ തന്നെ തന്നെ ഇത്രയും വലിയ വിജയം നേടാനായതിന്റെ ആവേശം വളരെ വലുതാണ്.

 

∙ റോക്കറ്റകളോടുള്ള പ്രണയം?

 

കുട്ടിയായിരിക്കുമ്പോൾ തന്നെ റോക്കറ്റുകളോടായിരുന്നു ഇഷ്ടം. ഐഐടി ഖരഖ്പുറിലാണ് മെക്കാനിക്കൽ എൻജിനീയീറിങ് ചെയ്തത്. ബിടെക്, മാസ്റ്റേഴ്സ് പ്രോജക്റ്റകൾ ഐഐടിയിലെ ക്രയോജെനിക് എൻജിനീയറിങ് ലാബിലാണ് ചെയ്തത്. ഈ ലാബ് ഐഎസ്ആർഒയുമായി വളരെ ചേർന്നുപ്രവർത്തിക്കുന്നതാണ്. അന്നു മുതലേ ഐഎസ്ആർഒയിൽ ജോലി ചെയ്യണമെന്ന് തീവ്രമായ ആഗ്രഹമുണ്ടായിരുന്നു. തുടർന്നാണ് 2012ൽ ഐഐടിയിൽ ക്യാംപസ് റിക്രൂട്മെന്റിന് ഐഎസ്ആർഒ എത്തുന്നതും ജോലി കിട്ടുന്നതും. 6 വർഷം തിരുവനന്തപുരം വിഎസ്എസ്‍സിയിൽ ജിഎസ്എൽവി മാർക് 3 റോക്കറ്റിന്റെ ടീമിന്റെ ഭാഗമായിരുന്നു. അന്ന് ഞങ്ങളുടെ പ്രോജക്ട് ഡയറക്ടറാണ് ഇന്നത്തെ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. അദ്ദേഹമാണ് ഞങ്ങളുടെ ഏറ്റവും വലിയ ‘ഇൻസ്പിറേഷൻ’. 

 

∙ അന്ന് പ്രോജക്റ്റ് ഡയറക്ടറും പിന്നീട് വിഎസ്എസ്‍സി ഡയറക്ടറുമായ ഡോ.സോമനാഥ് തന്നെയാണ് ഈ പദ്ധതിയിലും നിങ്ങളെ ഐഎസ്ആർഒ ചെയർമാൻ എന്ന നിലയിൽ സഹായിച്ചത്. ലോഞ്ചിനായി ഐഎസ്ആർഒയിലേക്ക് വീണ്ടും എത്തിയ അനുഭവമെങ്ങനെ?

 

സ്വന്തം വീട്ടിലേക്ക് തിരിച്ചുവരുന്നതുപോലെയായിരുന്നു അത്. ഡോ.സോമനാഥിനൊപ്പം വീണ്ടും പ്രവർത്തിക്കാനായത് യാദൃശ്ചികമാണ്. ലോഞ്ച് നടന്ന ശ്രീഹരിക്കോട്ടയിൽ പണ്ട് മാർക് 3 റോക്കറ്റിന്റെ ലോഞ്ചിനായി ഞാൻ മാസങ്ങളോളം താമസിച്ചിട്ടുണ്ട്. അതേ സ്ഥലത്തേക്കാണ് എന്റെ സ്വന്തം കമ്പനിയുടെ ലോഞ്ചിനായി വീണ്ടുമെത്തിയത്. അവിടെയുള്ളവർക്ക് എന്നെയും, എനിക്ക് അവരെയും നല്ല പരിചയമാണ്.

 

∙ ഐഎസ്ആർഒയിലെ സുരക്ഷിതമായ ജോലി വിട്ടിട്ട് സ്വന്തം കമ്പനി, അതും സ്പേസ് മേഖല സ്വകാര്യമേഖലയ്ക്ക്  സർക്കാർ തുറന്നുകൊടുക്കുന്നതിനും മുൻപ്. കാരണം?

 

രാജ്യാന്തര രംഗത്ത് സ്വകാര്യ സ്പേസ് സംരംഭങ്ങളുടെ സാധ്യത മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. ഈ രംഗം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുമെന്ന് എല്ലാവർക്കും വ്യക്തമായിരുന്നു. എന്നാൽ എപ്പോഴെന്നു മാത്രമറിയില്ലായിരുന്നു. സർക്കാർ അനുമതി കിട്ടുമോ, ആരെങ്കിലും ഫണ്ട് തരുമോ എന്നതടക്കമുള്ള ചോദ്യങ്ങളും മനസ്സിലുണ്ടായിരുന്നു.

 

2018ൽ സർക്കാർ നയം പോലുമില്ലാതിരിക്കുമ്പോൾ ഇത്രയും നല്ലൊരു ജോലി വിട്ടിട്ട് കമ്പനി തുടങ്ങുന്ന കാര്യം പറഞ്ഞപ്പോൾ മാതാപിതാക്കൾ ആദ്യം അമ്പരുന്നു. വീണ്ടും ഞാൻ എല്ലാം ഒന്നിൽ നിന്ന് തുടങ്ങേണ്ടി വരുമല്ലോ എന്നതാണ് അവരെ ആശങ്കപ്പെടുത്തിയത്. കമ്പനികൾ വന്നാലേ സർക്കാർ നയവുമുണ്ടാകൂ എന്ന തിയറിയുടെ അടിസ്ഥാനത്തിലാണ് കമ്പനി തുടങ്ങിയത്. എന്നിലവർ വിശ്വാസമർപ്പിച്ചു.

 

∙ ഐഎസ്ആർഒ സ്വകാര്യ ഉപഗ്രഹങ്ങളും വിക്ഷേപിക്കുമ്പോ‍ൾ എന്തിനാണ് സ്വകാര്യ റോക്കറ്റുകൾ?

 

സ്പേസ് രംഗവുമായി ബന്ധപ്പെട്ട രാജ്യാന്തര വിപണിയിൽ ഒരു ശതമാനം മാത്രമാണ് ഇന്ത്യയുടെ വിഹിതം. അത് ഐഎസ്ആർഒ മാത്രമാണ് ചെയ്യുന്നതും. സ്വകാര്യ ഉപഗ്രഹങ്ങൾ അയച്ചുതുടങ്ങിയെങ്കിലും സർക്കാർ സ്ഥാപനമെന്ന നിലയിൽ സ്വന്തം നിലയിലുള്ള ഉപഗ്രഹങ്ങൾക്കാണ് പ്രാമുഖ്യം. ഒരു വർഷം ശരാശരി 6 ലോഞ്ചുകൾ മാത്രമേ ഐഎസ്ആർഒ നടത്തുന്നുള്ളൂ. സ്വകാര്യ റോക്കറ്റുകൾ വരുന്നതോടെ ഇന്ത്യയുടെ വിപണി വിഹിതം 10 ശതമാനമെങ്കിലുമായി വർധിപ്പിക്കാനാവും.

 

∙ എന്താണ് ഇനിയുള്ള പ്ലാൻ?

 

വിക്രം–എസ് സബ് ഓർബിറ്റൽ (ഉപ–ഭ്രമണപഥ) റോക്കറ്റ് ആയിരുന്നു. ഒരു വർഷത്തിനുള്ളിൽ വിക്രം–1 എന്ന ഓർബിറ്റൽ റോക്കറ്റ് വിക്ഷേപിക്കും. പ്രതിമാസം ഒന്നോ രണ്ടോ വിക്ഷേപണങ്ങൾ നടന്നാൽ കമ്പനി ലാഭത്തിലാകും. 5 വർഷത്തിനുള്ളിൽ പുനരുപയോഗിക്കാവുന്ന (റീയൂസബിൾ) റോക്കറ്റുകൾ വിക്ഷേപിക്കാമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഗവേഷണം പ്രാരംഭഘട്ടത്തിലാണ്.

 

∙ സ്പേസ് കരിയർ തിരഞ്ഞെടുക്കുന്നവരോട്?

 

വെല്ലുവിളി നിറഞ്ഞതും, അതേ സമയം ഒട്ടേറെ പ്രശംസ ലഭിക്കാവുന്നതുമായ മേഖലയാണിത്. വിക്രം–എസ് ലോഞ്ചിന്റെ അന്ന് 200 പേരുള്ള ഞങ്ങളുടെ ടീമാണല്ലോ എല്ലാ മാധ്യമങ്ങളിലും നിറഞ്ഞുനിന്നത്. യുഎസി ലെയോ യൂറോപ്പിലോ കമ്പനികൾ ഒരു ലോഞ്ചിനായി ചെലവഴിക്കുന്നതിന്റെ ഏകദേശം പകുതിയോളം മാത്രമേ ഞങ്ങൾക്ക് ആയിട്ടുള്ളൂ. ചെലവിലെ ഈ കുറവ് ഇന്ത്യയ്ക്ക് സ്പേസ് രംഗത്ത് മുതൽക്കൂട്ടാകും. വെല്ലുവിളികൾ ഏറ്റെടുക്കാൻ തയാറുള്ളവർക്ക് കടന്നുവരാവുന്ന മേഖലയാണിത്.

 

∙ ഇന്ത്യയിലെ സ്പേസ്എക്സ് എന്നും ഇന്ത്യയിലെ ഇലോൺ മസ്ക് എന്നും വിശേഷിപ്പിക്കുന്നവരോട്?

 

ഞങ്ങളെ പോലെയുള്ളവർക്ക് ഇലോൺ മസ്ക് എന്നും ഒരു ഇൻസ്പിറേഷനാണ്. അത് പറയുമ്പോഴും നമുക്ക് നമ്മുടേതായ ഐഡന്റിറ്റി ആവശ്യമാണ്. ഇന്ത്യയുടെ സ്പേസ്എക്സ് നിമിഷമെന്നു വിളിക്കുന്നതിനേക്കാൾ, ഇന്ത്യയുടെ സ്കൈറൂട്ട് നിമിഷം എന്ന് വിളിക്കുന്നതാണ് എനിക്ക് ഇഷ്ടം.

 

Content Summary : Pawan Kumar Chandana Co-Founder - Skyroot Aerospace Share His Success Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com