ADVERTISEMENT

പഠിക്കുന്നയാൾക്കും പഠിപ്പിക്കുന്നയാൾക്കും ഒരുപോലെ സന്തോഷവും സമാധാനവും കിട്ടുന്ന ഒരു കോഴ്സുണ്ട്. മനസ്സിന്റെയും ശരീരത്തിന്റെയും സ്വാസ്ഥ്യം ആഗ്രഹിക്കുന്നവർ രണ്ടാമതൊന്ന് ആലോചിക്കാതെ അതിനു ചേരാറുമുണ്ട്. ആ കോഴ്സിന്റെ പേരാണ് യോഗ. യോഗ പരിശീലിപ്പിക്കൽ ഒരു വരുമാനമാർഗമാക്കാവുന്നതിന്റെ സാധ്യതകളെപ്പറ്റി മനോരമ ഓൺലൈൻ വായനക്കാരോടു സംസാരിക്കുകയാണ് പ്രശസ്ത യോഗ പരിശീലക സുജിത്ര മേനോൻ. 

 

∙ യോഗയുടെ കരിയർ സാധ്യതകൾ

 

ആരോഗ്യമേഖലയിൽ ഒരുപാട് കരിയർ സാധ്യതകളുണ്ട്. ആരോഗ്യം മെച്ചപ്പെടുത്താനും അസുഖം വന്നാൽ ചികിൽസിക്കാനും അനവധി സ്ഥാപനങ്ങൾ ഇവിടെയുണ്ട്. കായികക്ഷമത വർധിപ്പിക്കാൻ ഒരുപാട് പരിശീലന സ്ഥാപനങ്ങളുമുണ്ട്. അതിൽപെടുന്നതാണ് യോഗ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങൾ. കോവിഡിനു ശേഷം മിക്കവരും പലതരം സമ്മർദങ്ങളിലാണ്. സമ്മർദം ലഘൂകരിക്കാനായി ആളുകളെ സഹായിക്കാൻ യോഗ പരിശീലകർക്കാകും. സമ്മർദത്തെ സ്വയം നിയന്ത്രിക്കാൻ കഴിയുന്നവർക്ക് മറ്റുള്ളവരിലേക്ക് സ്നേഹവും സമാധാനവും പകരാൻ സാധിക്കുമെന്നതിൽ സംശയം വേണ്ട. അങ്ങനെയുള്ളവർക്ക് തീർച്ചയായും ശോഭിക്കാൻ കഴിയുന്ന മേഖലയാണ് യോഗ പരിശീലനം. വലിയൊരു കരിയർ സാധ്യതയാണ് യോഗ തുറന്നു തരുന്നത്. എല്ലാവരിലും സമ്മർദവും ജീവിതശൈലീ രോഗങ്ങളും അധികരിച്ച ഈ കാലത്ത് ആശുപത്രികളിലുൾപ്പെടെ യോഗ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും യോഗ പരിശീലിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. സ്വന്തം ആരോഗ്യത്തെക്കുറിച്ച് ആശങ്കയുള്ളവർ വിശ്വസനീയമായ യോഗ പരിശീലകരെയും സ്ഥാപനങ്ങളെയും തേടി വരാറുണ്ട്.

 

∙യോഗ പരിശീലകർക്കു വേണ്ട ഗുണങ്ങൾ

 

യോഗ പരിശീലിപ്പിക്കുന്നയാൾക്ക് ആദ്യം വേണ്ടത് മുന്നിലിരിക്കുന്ന ആൾ നമ്മൾ തന്നെയാണ് എന്ന ബോധമാണ്. നമ്മുടെ ശരീരത്തിനും മനസ്സിനും നൽകുന്ന അതേ കരുതലും ശ്രദ്ധയും മുന്നിലിരിക്കുന്ന ഓരോരുത്തർക്കും നൽകാൻ കഴിയണം. പല തരത്തിലുള്ള, പല വ്യക്തിത്വമുള്ള, മാനസികാവസ്ഥകളിലുള്ള ആളുകളാണ് മുന്നിലിരിക്കുന്നതെന്ന ഓർമ വേണം. അവരോട് നല്ല രീതിയിൽ ഇടപെടുക എന്നതാണ് പ്രധാനം. വളരെ ക്ഷമയോടെ അവരുടെ അസുഖങ്ങൾ ചോദിച്ചറിഞ്ഞ്, അവരുടെ സമയത്തിനനുസരിച്ച് ക്ലാസ് നടത്താനുള്ള ക്ഷമയും മനസ്സും വേണം. അവരുടെ രോഗത്തെയും മനസ്സിനെയും കുറിച്ച് കൂടുതൽ അറിയുന്നത് പരിശീലനത്തിന് കൂടുതൽ ഗുണം ചെയ്യും. ഇത്തരം ഗുണങ്ങളൊക്കെ യോഗ അധ്യാപകർക്കു തീർച്ചയായും ഉണ്ടായിരിക്കണം. 

 

∙ മികച്ച യോഗാ പരിശീലന കേന്ദ്രം എങ്ങനെ കണ്ടെത്താം?

 

കേരളത്തിന്റെ എല്ലാ ഭാഗത്തും നിരവധി യോഗ പരിശീലന സ്ഥാപനങ്ങളുണ്ട്. എന്തു പുതിയ കാര്യത്തിനിറങ്ങിത്തിരിച്ചാലും അതിൽ മുൻപരിചയമുള്ളവരുടെ അഭിപ്രായങ്ങൾ നാം ആരായാറുണ്ട്. അത് തീർച്ചയായും യോഗാ പരിശീലനകേന്ദ്രം കണ്ടെത്തുന്ന കാര്യത്തിലും വേണം. അവിടെ നേരത്തേ പഠിച്ചിട്ടുള്ളവരിൽനിന്നും ഇപ്പോൾ പരിശീലിക്കുന്നവരിൽനിന്നും അഭിപ്രായങ്ങൾ ശേഖരിക്കണം. ആ സ്ഥാപനത്തിന്റെ സോഷ്യൽമീഡിയ ആക്റ്റിവിറ്റീസ്, അതിനു ലഭിക്കുന്ന റിവ്യൂ ഒക്കെ ശ്രദ്ധിക്കാം. ഇത്രയുമൊക്കെ മുന്നൊരുക്കങ്ങൾ ചെയ്താലും യോഗ പരിശീലിച്ചു നോക്കാതെ തീരുമാനത്തിലേക്ക് എത്തരുത്. യോഗ പരിശീലിപ്പിക്കുന്ന ആൾക്ക് എത്രമാത്രം ധ്യാനമുണ്ട്, എത്രത്തോളം അവർക്ക് നിങ്ങളെ ഹാൻഡിൽ ചെയ്യാൻ പറ്റും എന്നൊക്കെ അറിയാനായി ഒരു തവണ യോഗ ചെയ്തു നോക്കുന്നതിൽ തെറ്റില്ല. ഈ ആവശ്യവുമായി നേരിട്ടു തന്നെ യോഗ പരിശീലകരെ സമീപിക്കുകയും അവരുടെ അനുവാദത്തോടെ യോഗ ചെയ്തു തുടങ്ങുകയും അതിൽനിന്നു കിട്ടുന്ന സംതൃപ്തി അനുസരിച്ച് തുടരണോ വേണ്ടയോ എന്നു തീരുമാനിക്കുകയും ചെയ്യാം.

 

∙യോഗയും പഠനസാധ്യതകളും

 

എല്ലാ ജോലിയിലും അപ്ഡേഷൻ ആവശ്യമുള്ളതു പോലെ യോഗയിലും അപ്‍ഡേഷൻ ആവശ്യമുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഇന്നും ഞാൻ യോഗ അധ്യാപിക എന്നതിലുപരി യോഗ സ്റ്റുഡന്റ് ആണ്. ഇപ്പോഴും യോഗയുമായി ബന്ധപ്പെട്ട് നിരവധി കോഴ്സുകൾ ചെയ്യാറുണ്ട്. സമൂഹമാധ്യമങ്ങളിലൊക്കെ സജീവമായ യോഗ അധ്യാപകരുടെ പരിശീലന രീതിയോടു താൽപര്യം തോന്നിയാൽ അവരുടെ ക്ലാസുകളും വിഡിയോകളും കാണാറുണ്ട്. പരിചിതമില്ലാത്ത രോഗാവസ്ഥകളെക്കുറിച്ച് അറിയുമ്പോൾ അതിനെക്കുറിച്ച് പഠിക്കാൻ ശ്രമിക്കും. അതിലൊക്കെ അപ്പുറമാണ് സ്വയം പരിശീലനത്തിലൂടെ സ്വായത്തമാക്കുന്ന അറിവുകൾ. ഒരു ആസനം പഠിപ്പിക്കുന്നതിനു മുമ്പ് അതു ചെയ്തു നോക്കിയാൽ എന്തെല്ലാം ഗുണം കിട്ടും, ആർക്കൊക്കെ ചെയ്യാൻ പാടില്ല എന്നാക്കെ മനസ്സിലാക്കാം. അതുകൊണ്ട് തീർച്ചയായും അനുദിനം അപ്ഡേഷൻ ആവശ്യമുള്ള ഒരു മേഖലയാണ് യോഗ പരിശീലനം. ദിവസവും ഒരു നിശ്ചിത സമയം കൂടുതൽ അറിവ് നേടാനായി ഞാൻ മാറ്റിവയ്ക്കാറുണ്ട്. 

 

∙യോഗാധ്യാപനത്തിലെ വെല്ലുവിളികൾ

 

ഏറ്റവും കൂടുതൽ സമയവും പരിശ്രമവും വേണ്ടത് വൈറ്റ്കോളർ ജോലികൾക്കാണ് എന്നു ചിലരെങ്കിലും കരുതാറുണ്ട്. യോഗ പരിശീലകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സമയനിഷ്ഠ പാലിക്കുക എന്നതാണ്. ഞാൻ യോഗ പരിശീലിപ്പിക്കുന്നത് എന്റെ സ്വന്തം സ്ഥാപനത്തിലാണ്. അതുകൊണ്ടുതന്നെ രാവിലെ മുതൽ രാത്രി വരെയുള്ള സമയം മുഴുവൻ യോഗാ ക്ലാസുകൾക്കും അതിന് അനുബന്ധമായ കാര്യങ്ങൾക്കും വേണ്ടിയാണ് ഞാൻ ചെലവഴിക്കുന്നത്. 

 

ടൈം മാനേജ്മെന്റ് എന്നത് ഒട്ടും എളുപ്പമല്ല. ക്ലാസ്സെടുക്കണം, അപ്ഡേഷൻ ചെയ്യണം, റിവ്യൂസ് എടുക്കണം, അന്വേഷണങ്ങൾക്ക് മറുപടി പറയണം അങ്ങനെ അധിക സമയവും ഗാഡ്ജെറ്റ്സിലും ലാപ്ടോപ്പിലും ജോലി ചെയ്യണം. അതു വലിയൊരു വെല്ലുവിളിയായി എനിക്കു തോന്നിയിട്ടുണ്ട്. ഏതൊരു ജോലിയിലും സേവനത്തിലുമെന്നതുപോലെ യോഗപരിശീലകരുടെ അസറ്റ് എന്നു പറയുന്നത് സ്റ്റുഡന്റ്സ് തന്നെയാണ്. ചെറിയൊരു മോശം റിവ്യൂ മതി, അന്നോളം കഷ്ടപ്പെട്ടു നേടിയെടുത്ത സൽപേരു നഷ്ടപ്പെടാൻ. നല്ല കമന്റ്സ് കിട്ടാൻ വേണ്ടി മാത്രം കഷ്ടപ്പെടണമെന്നല്ല പറഞ്ഞു വരുന്നത്, ഈ വെല്ലുവിളിയെ അതിജീവിക്കാൻ കഴിയണം എന്നാണ്. യോഗാ അധ്യാപനത്തിൽ നൂറു ശതമാനം ആത്മാർഥതയും സത്യസന്ധതയും പുലർത്തുന്നതു കൊണ്ടാകാം, എന്റെ എട്ടുവർഷത്തെ കരിയറിൽ പോസിറ്റീവ് റിവ്യൂ മാത്രമാണ് ഇതുവരെ ലഭിച്ചത്. ഭാവിയിൽ നെഗറ്റീവ് റിവ്യൂസൊക്കെ വന്നെന്നു വരാം. പക്ഷേ അതും തരണം ചെയ്ത് മുന്നോട്ടു പോകാൻ സാധിക്കുമെന്ന് എനിക്കു പൂർണ വിശ്വാസം ഉണ്ട്. പോസിറ്റീവ് മാത്രമല്ലല്ല നെഗറ്റീവ് റിവ്യൂകളും വരാൻ സാധ്യതയേറെയുള്ള മേഖലയാണ് യോഗ അധ്യാപനം.

 

∙പണവും പ്രശസ്തിയും മാത്രം ലക്ഷ്യമിട്ട് യോഗയിലേക്ക് വരരുത്

 

ഒരുപാടു ജോലിസാധ്യതയുള്ള മേഖലയാണ് യോഗാ പരിശീലനം. ആശുപത്രികൾ, പരിശീലന സ്ഥാപനങ്ങൾ ഇവിടെയൊക്കെ ജോലി സാധ്യതകളുണ്ട്. യോഗ പരിശീലനം കരിയറായി തിരഞ്ഞെടുക്കുന്നവർക്ക് ആദ്യം വേണ്ടത് നൂറു ശതമാനം ഇതിൽ നിൽക്കാനുള്ള മനസ്സാണ്. അതൊട്ടും എളുപ്പമല്ല. പെട്ടെന്നൊരു ദിവസം യോഗാ അധ്യാപനത്തിലേക്കു തിരിഞ്ഞയാളല്ല ഞാൻ. ‘യോഗ വിത്ത് സുജിത്രാ മേനോൻ’ എന്ന സ്ഥാപനം എട്ടു വർഷത്തെ കഠിനാധ്വാനം കൊണ്ട് കെട്ടിപ്പടുത്തതാണ്. സ്ഥാപനം തുടങ്ങി ആദ്യ വർഷങ്ങളില്‍ സമ്മർദം എന്നെയും ബാധിച്ചിട്ടുണ്ട്. കാരണം ഞാൻ ഒറ്റയ്ക്കല്ല യോഗ തുടങ്ങിയത്. ഒരുപാട് പേരുടെ കീഴിലാണ് ജോലി ചെയ്തു കൊണ്ടിരുന്നത്. ഉറങ്ങാൻ പറ്റാത്ത സമയങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. ഭക്ഷണം ശരിക്ക് കഴിക്കാനോ ഇഷ്ടമുള്ള രീതിയിൽ ക്ലാസ്സെടുക്കാനോ സാധിച്ചിരുന്നില്ല. സ്വന്തമായി ഒരു സ്ഥാപനം തുടങ്ങിയപ്പോൾ ഒത്തിരി സാധ്യതകൾ തുറന്നു കിട്ടി. 

 

പണവും പ്രശസ്തിയും മാത്രം ലക്ഷ്യമിട്ട് ഈ കരിയറിലേക്കിറങ്ങിയാൽ ഒന്നും നേടാൻ കഴിയില്ല. ആദ്യം ഉണ്ടാകേണ്ടത് പൂർണമായും നമ്മളെ സമർപ്പിച്ചു ക്ലാസ്സെടുക്കാനുള്ള മനോഭാവമാണ്. പെട്ടെന്ന് ഒരു ദിവസം മുതൽ ക്ലാസെടുക്കാൻ ഒരിക്കലും സാധിക്കില്ല. ദീർഘകാലത്തെ പരിശ്രമത്തിലൂടെ മാത്രമേ നിലനിന്നു പോകാൻ സാധിക്കൂ. ഇവിടെ ഇഷ്ടം പോലെ യോഗാ അധ്യാപകരുണ്ട്. ആർക്കും എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന രീതിയുണ്ട്. അതായത് ഒരു വിരൽതുമ്പിൽ ഇപ്പോൾ നിങ്ങൾക്ക് യോഗാ ക്ലാസ്സുകൾ ലഭിക്കുന്നുണ്ട്. അതുകൊണ്ട് ഒട്ടും എളുപ്പമല്ല ഈ മേഖലയിൽ തുടരുക എന്നത്. കഴിവിന്റെ നൂറു ശതമാനവും അർപ്പിച്ച് ക്ലാസുകൾ തുടങ്ങുമ്പോൾ തീർച്ചയായും എല്ലാ തരത്തിലും ഉള്ള നിറവ് നമുക്കു ലഭിക്കും. താൽപര്യമുള്ള ആർക്കും വരാൻ കഴിയുന്ന, വലിയ സാധ്യതകളുള്ള മേഖലയാണ് യോഗ. അതിൽ ഒത്തിരി കോഴ്സുകൾ ഉണ്ട്. അതിൽ ഏതാണ് ഏറ്റവും യോജിച്ചതെന്നു നോക്കി തിരഞ്ഞെടുക്കുക. പിന്നെയുള്ളത് നമ്മുടെ അനുഭവസമ്പത്താണ്. ചില കാര്യങ്ങൾ അറിയാനായി, അല്ലെങ്കിൽ ഒരു യോഗോ പോസ്‌ച്ചറിലെത്താനായി വർഷങ്ങളെടുത്തെന്നു വരാം. 

 

∙യോഗ നല്‍കുന്ന സംതൃപ്തി 

 

യോഗ പരിശീലിക്കുന്നതിലും പരിശീലിപ്പിക്കുന്നതിലും നല്ല സംതൃപ്തിയുണ്ട്. ഞാനൊരു അധ്യാപിക ആയിട്ടല്ല യോഗയിലേക്കു വന്നത്. വല്ലാത്ത ഒരു മാനസികാവസ്ഥയിലുള്ള സമയത്താണ് മൂന്നു ദിവസത്തെ യോഗാ കോഴ്സ് ചെയ്തത്. അത് എന്നിൽ വളരെയേറെ മാറ്റങ്ങളുണ്ടാക്കി. പിന്നീടാണ് ഞാനതിലേക്കു പൂർണമായും ഇറങ്ങിത്തിരിക്കുന്നത്. മെന്റലി ഫിറ്റാകാൻ പല കോഴ്സുകൾ ചെയ്തു. അതൊന്നും ശരിയായില്ല. ആരാണ് ഒരു ഫിറ്റ് ബോഡി ആഗ്രഹിക്കാത്തത് അല്ലെങ്കിൽ സംതൃപ്തിയോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കാത്തത്. യോഗയിലേക്ക് വന്നപ്പോൾ ആ സംതൃപ്തി എനിക്ക് കിട്ടുന്നുണ്ട്. ആരോഗ്യം എന്നു പറയുമ്പോൾ നമ്മുടെ ശാരീരികാരോഗ്യം മാത്രമല്ല മനസ്സിന്റെ ആരോഗ്യവും അതിൽപ്പെടും. നമ്മൾ മാത്രം ആരോഗ്യത്തോെട ഇരുന്നാൽ പോരല്ലോ, നമ്മുടെ ചുറ്റുമുള്ളവരും ആരോഗ്യമായിരിക്കുമ്പോഴേ നമുക്കും ഈ ലോകത്ത് സുഖമായി ജീവിക്കാൻ സാധിക്കൂ. വളരെ സംതൃപ്തി ലഭിക്കുന്ന ഒരു ജോലിയാണ് അല്ലെങ്കിൽ ഒരു പാഷനാണ് എനിക്കു യോഗ. പല തരത്തിലുള്ള ആളുകൾ വന്ന് അവരുടെ പ്രശ്നങ്ങൾ മാറി എന്നു പറയുമ്പോൾ സന്തോഷം തോന്നാറുണ്ട്. എന്റെ വെയ്റ്റ് കുറ‍ഞ്ഞു, ഞാനിപ്പോൾ സന്തോഷിക്കാൻ തുടങ്ങി, ഞാൻ എന്നെത്തന്നെ സ്നേഹിക്കാൻ തുടങ്ങി എന്നിങ്ങനെയുള്ള റിവ്യൂസ് കേൾക്കുമ്പോൾ, നമ്മൾ കാരണം അവരുടെ ജീവിതം മാറി എന്നു കേൾക്കുമ്പോൾ അതിലും വലിയ സന്തോഷം വേറെ എന്താണുള്ളത്. അതുകൊണ്ടുതന്നെ ഈ ജോലിയിൽ പൂർണ തൃപ്തയാണ്.

 

Content Summary : Way To Go -  Yoga Trainer Sujithra Menon Talks About Career Opportunities in Yoga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com