ADVERTISEMENT

ഇക്കൊല്ലം ഡൽഹി സർവകലാശാലയിൽ പ്രവേശനം നേടിയ മലയാളി വിദ്യാർഥികളുടെ എണ്ണത്തിൽ 79% ഇടിവ്. ചൂണ്ടിക്കാട്ടാൻ ഒറ്റക്കാരണം മാത്രം- പന്ത്രണ്ടാം ക്ലാസ് മാർക്ക് നോക്കിയുള്ള പ്രവേശനരീതിക്കു പകരം സിയുഇടി-യുജി എന്ന പൊതുപ്രവേശനപരീക്ഷയുടെ കടന്നുവരവ്.  

 

∙എന്തുകൊണ്ട്  നമ്മൾ തോറ്റു?

 

ബോർഡ് പരീക്ഷകളിൽ വാരിക്കോരി മാർക്കു നൽകുന്ന രീതി മൂലം കട്ട് ഓഫ് മാർക്ക് കടമ്പ എളുപ്പം മറികടന്നു കേരളത്തിൽനിന്നു കൂടുതൽ പേർ പ്രവേശനം നേടിയിരുന്നു എന്നതു സത്യമാണ്. സിയുഇടി വന്നതോടെ ആ പഴുതടഞ്ഞു. സിയുഇടിയിലെ മൾട്ടിപ്പിൾ ചോയ്സ് പരീക്ഷാരീതി സിബിഎസ്ഇ വിദ്യാർഥികൾക്കു താരതമ്യേന എളുപ്പമായതാണു മറ്റൊരു കാരണം. കേരള സിലബസിൽ അത്തരം പരീക്ഷാരീതിയില്ല. സയൻസ് വിദ്യാർഥികൾക്ക് നീറ്റ്, ജെഇഇ, കീം എന്നിങ്ങനെ പല പ്രവേശനപരീക്ഷകളിലായി മൾട്ടിപ്പിൾ ചോയ്സ് രീതി മുൻപേ അറിയാമെങ്കിലും ഹ്യുമാനിറ്റീസ് സ്ട്രീമിലുള്ളവരുടെ കാര്യം അങ്ങനെയായിരുന്നില്ല.  സിയുഇടി നടപ്പായ ആദ്യവർഷമായതിനാൽ രാജ്യത്തെ മുൻനിര നഗരങ്ങളിലേതുപോലെ ഗൗരവത്തോടെയുള്ള തയാറെടുപ്പ് കേരളത്തിലുണ്ടായില്ലെന്ന പ്രശ്നവുമുണ്ട്. പരീക്ഷയുടെ സങ്കീർണ ഘടന സംബന്ധിച്ചുപോലും പലർക്കും വ്യക്തതയുണ്ടായില്ല. 

 

∙ഇനിവേണം  നല്ല സ്റ്റഡിപ്ലാൻ

 

ഇക്കൊല്ലം അപ്രതീക്ഷിത തിരിച്ചടിയുണ്ടായെങ്കിലും നിരാശപ്പെടേണ്ടതില്ല. നല്ല സ്റ്റഡി പ്ലാനുണ്ടെങ്കിൽ അടുത്തവർഷം വിജയം നേടാം. നിലവിലെ 12-ാം ക്ലാസ് പഠനത്തിനൊപ്പം തന്നെ സിയുഇടി പരിശീലനവും വേണം. ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.  

 

1. ഭാഷകൾ, സയൻസ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ഏതിലൊക്കെയാണ് പ്രവേശനം തേടുന്നതെന്ന് ആദ്യമേ തീരുമാനിച്ചുറപ്പിക്കണം. ഇതനുസരിച്ചാണ് എഴുതേണ്ട പേപ്പറുകൾ തീരുമാനിക്കേണ്ടത്. കഴിഞ്ഞവർഷത്തെ പരീക്ഷാഘടന അതീവ സങ്കീർണമായിരുന്നു. ഇക്കുറി അതേ രീതി തുടരുമോ, അതോ ലളിതമായ ഘടനയിലേക്കു മാറുമോയെന്നു വ്യക്തമല്ല. എങ്കിലും കഴിഞ്ഞവർഷത്തെ രീതി മനസ്സിലാക്കിവയ്ക്കുക. 

 

2. പഠിക്കാൻ ഉദ്ദേശിക്കുന്ന വിഷയം പോലെ തന്നെ പ്രധാനമാണ് സിയുഇടിയിലെ ജനറൽ പേപ്പറും. ഇതുസംബന്ധിച്ചു വ്യക്തമായ ധാരണയുണ്ടാക്കേണ്ടത് അനിവാര്യം. സിലബസും പരീക്ഷയും വിശദീകരിക്കുന്ന യുട്യൂബ് വിഡിയോകളും മറ്റും ശ്രദ്ധിക്കുന്നതും നന്ന്.

 

3. കഴിഞ്ഞവർഷത്തെ ചോദ്യക്കടലാസ് പരിശോധിച്ചാൽ ജനറൽ പേപ്പറിലെയും സബ്ജക്ട് പേപ്പറുകളിലെയും ചോദ്യരീതിയെക്കുറിച്ച് ഏകദേശധാരണ ലഭിക്കും. വാച്ചിൽ സമയം സെറ്റ് ചെയ്ത് ഈ ചോദ്യക്കടലാസ് ചെയ്തുശീലിക്കുക.

 

4. കേരളം, തമിഴ്നാട് തുടങ്ങിയ പുതുതലമുറ കേന്ദ്രസർവകലാശാലകൾ 2021 വരെയുള്ള വർഷങ്ങളിൽ 'സിയുസിഇടി' എന്ന പേരിൽ പൊതുപ്രവേശനപരീക്ഷ നടത്തിയിരുന്നു. ഈ ചോദ്യങ്ങളും ചെയ്തുശീലിക്കാം.  

 

5. പ്ലസ്ടു പരീക്ഷ കഴിഞ്ഞ് സിയുഇടി പരീക്ഷയ്ക്കു മുൻപ് രണ്ടോ മൂന്നോ മാസം സമയം കിട്ടിയേക്കാം. ഈ സമയം അവസാനഘട്ട ക്രാഷ് പരിശീലനത്തിനും റിവിഷനും വേണ്ടി മാറ്റിവയ്ക്കുക.

 

∙ അധ്യാപകർക്കും ഏറെ ചെയ്യാനുണ്ട്

 

1. സിയുഇടി സംബന്ധിച്ച് സ്കൂൾ തലത്തിൽ വിദ്യാർഥികൾക്കു മാർഗനിർദേശം നൽകേണ്ടത് അനിവാര്യം. ഡൽഹി സർവകലാശാലയിലെ കോളജുകൾ, ഹൈദരാബാദ്, പോണ്ടിച്ചേരി സർവകലാശാലകൾ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് പോലെയുള്ള മറ്റു പ്രധാന സ്ഥാപനങ്ങളും അവിടെ പഠിക്കാവുന്ന കോഴ്സുകളും സംബന്ധിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അവബോധം പകർന്നുനൽകാൻ അധ്യാപകർ ശ്രദ്ധിക്കേണ്ടതുണ്ട്.

 

2. സ്കൂൾ തല ഒരുക്കങ്ങളുടെ കാര്യത്തിൽ ഹയർ സെക്കൻഡറി വകുപ്പിനു കീഴിലുള്ള കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെല്ലിന് ഇപ്പോഴേ ഇടപെടാനാകും.  

 

3. സെൽ കഴിഞ്ഞവർഷം മലപ്പുറത്ത് ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് ഓഫ്‌ലൈൻ പരിശീലനം നൽകിയിരുന്നു. സിയുഇടിയിൽ മറ്റു ജില്ലകളെ അപേക്ഷിച്ച് മലപ്പുറം ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. ഈ മാതൃക എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചാൽ ഇത്തവണ ഏറെമാറ്റം പ്രതീക്ഷിക്കാം.

 

4. വിവിധ ജില്ലകളിൽനിന്നുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കിയുള്ള ഓൺലൈൻ പരിശീലനവും സെൽ കഴിഞ്ഞവർഷം ചെറിയ തോതിൽ നടത്തിയിരുന്നു. ഇതിന്റെ വിപുല മാതൃക ഇക്കൊല്ലം നടപ്പാക്കാവുന്നതാണ്. പരമാവധി മോക്ക് ടെസ്റ്റുകളും വേണം.

 

5. കഴിഞ്ഞതവണ ജനറൽ പേപ്പർ എഴുതിയ ഒട്ടേറെപ്പേർ പിന്നീട് സബ്ജക്ട് പേപ്പർ എഴുതിയില്ല. സിയുഇടിയുടെ പ്രാധാന്യം സംബന്ധിച്ച് രക്ഷിതാക്കൾക്കും വ്യക്തമായ മാർഗനിർദേശങ്ങൾ നൽകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്.

 

∙പൊതുസമൂഹത്തിനും ചെയ്യാനേറെ

 

തദ്ദേശസ്ഥാപനങ്ങൾക്കും ജനപ്രതിനിധികൾക്കും എന്തുചെയ്യാനാകുമെന്നതിന് മലപ്പുറം നഗരസഭയുടെ ഇടപെടൽ മാതൃകയാണ്. കഴിഞ്ഞവർഷം നഗരസഭാ പരിധിയിലെ 5 സ്കൂളുകളിലായി 240 വിദ്യാർഥികൾക്ക് അധികൃതർ സ്വകാര്യ ഏജൻസിയുമായി ചേർന്നു സൗജന്യ പരിശീലനം നൽകി. 120 പേർ പരീക്ഷയെഴുതി. 31 പേർക്കു ഡൽഹി കോളജുകളിൽ പ്രവേശനം ലഭിച്ചു; മറ്റു 33 പേർക്ക് ഇതര കേന്ദ്ര സർവകലാശാലകളിലും. ഇത്തവണ ചിലയിടങ്ങളിലെങ്കിലും സമാന തയാറെടുപ്പ് ഇപ്പോഴേ ആരംഭിച്ചിട്ടുണ്ടെന്നത് പ്രതീക്ഷാജനകമായ കാര്യം.

 

 

സിയുഇടിയിലെ ഏതാണ്ട് മുപ്പതിലേറെ വിഷയങ്ങളിൽ  പ്രത്യേകം ക്ലാസുകൾ നൽകുന്നത് ഇത്തവണ പരിഗണനയിലുണ്ട്. പരിശീലനപദ്ധതി തയാറാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.  അപേക്ഷാ സമർപ്പണം മുതൽ വിദ്യാർഥികൾക്കു വേണ്ടി ഹെൽപ് ഡെസ്ക്കും പ്രവർത്തിച്ചുതുടങ്ങും. സെൽ കഴിഞ്ഞവർഷം തയാറാക്കിയ വിഡിയോകൾ യുട്യൂബിൽ ഇപ്പോഴും ലഭ്യമാണ്.  

 

- പി.എം.അസീം,  സംസ്ഥാന കോ–ഓർഡിനേറ്റർ,കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെൽ, ഹയർ സെക്കൻഡറി വകുപ്പ്

 

Content Summary : How to Prepare for CUET Examinations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com