ADVERTISEMENT

യുവാവ് എന്നും ആശ്രമം വൃത്തിയാക്കാനെത്തുമായിരുന്നു. ഒരുദിവസം സന്യാസി ചോദിച്ചു: താങ്കളെന്തിനാണ് കൂലിയില്ലാതെ വേല ചെയ്യുന്നത്. അയാൾ പറഞ്ഞു: അങ്ങ് എന്നെ അനുഗ്രഹിച്ചാൽ എനിക്കു ധാരാളം സമ്പത്ത് വന്നുചേരും. സന്യാസിയുടെ അനുഗ്രഹത്താൽ സമ്പന്നനായ അയാൾ ആശ്രമത്തിലേക്കു വരാതായി. വർഷങ്ങൾക്കുശേഷം അവിടെത്തിയ അയാളോടു സന്യാസി ചോദിച്ചു: എന്താണിപ്പോൾ വന്നത്? അയാൾ പറഞ്ഞു: സമ്പത്തുണ്ടെങ്കിലും എനിക്കു മനസ്സമാധാനമില്ല. നിങ്ങൾ ചോദിച്ചതേ എനിക്കു നൽകാൻ കഴിയൂ എന്നറിയിച്ച സന്യാസിയോട് അയാൾ പറഞ്ഞു: ഞാൻ എത്രനാൾ വേണമെങ്കിലും ഇവിടെ ജോലി ചെയ്യാം. എനിക്കു മറ്റൊന്നും വേണ്ട, സമാധാനം മതി. 

 

സ്വത്ത്, സമ്പാദ്യം, സ്ഥിരനിക്ഷേപം തുടങ്ങിയവ മാത്രമായി അനുഗ്രഹങ്ങളുടെ ചുരുക്കപ്പട്ടിക പുറത്തിറങ്ങുന്നതുകൊണ്ട് പലരും തങ്ങൾക്കുള്ള യഥാർഥ അനുഗ്രഹങ്ങൾ തിരിച്ചറിയാൻ കഴിയാതെ പോകുന്നുണ്ട്. ഉള്ളതു മാത്രമല്ല; ഇല്ലാത്തതും നേട്ടങ്ങളാണ്. മാരകരോഗങ്ങളൊന്നും ഇല്ലാത്തത് അനുഗ്രഹമാണ്. ദുരന്തങ്ങളില്ലാത്തതും മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ടാത്തതും ജീവിതവിജയം തന്നെയാണ്. വിശപ്പറിയാതെ ജീവിക്കാൻ കഴിയുന്നതും കയറിക്കിടക്കാൻ ഒരിടമുള്ളതും നന്മയാണ്. അനുഗ്രഹാപേക്ഷകളിൽ എപ്പോഴും താരതമ്യം ഒളിഞ്ഞുകിടപ്പുണ്ടാകും. ചുറ്റുപാടുമുള്ളവരുടെ സമ്പത്തും ആരോഗ്യവും തൊഴിലുമായി അവയ്ക്കു ബന്ധമുണ്ടാകും. അവർക്കൊപ്പമെങ്കിലുമെത്താനുള്ള തൃഷ്ണയാണ് പല പ്രാർഥനകളുടെയും ചേതോവികാരം. 

 

അനുഗ്രഹങ്ങൾ തേടിയുള്ള പ്രയാണത്തിനിടെ രണ്ടു പ്രശ്നങ്ങൾ സംഭവിക്കുന്നുണ്ട്. ഒന്ന്, ഇല്ലാത്തവ കൂട്ടിച്ചേർക്കാനുള്ള ഉദ്യമത്തിനിടെ ഉള്ളവ ഉപയോഗരഹിതമാകുന്നു. രണ്ട്, അനുഗ്രഹങ്ങളെല്ലാം ആഡംബരവുമായി ബന്ധപ്പെട്ടു കിടക്കുമ്പോൾ അടിസ്ഥാനാവശ്യം മറക്കുന്നു. സമ്പത്തുള്ളവൻ മാത്രം ജീവിതവിജയിയായി പ്രഖ്യാപിക്കപ്പെടുന്ന ദുരാചാരം നിലനിൽക്കുന്നിടത്തോളം കാലം പ്രധാന പരിഗണന പണത്തിനു മാത്രമേ കിട്ടൂ. പ്രാഥമികാവശ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തേണ്ട ഗൗരവമായ കാര്യങ്ങളിലൊന്നു മനസ്സമാധാനമാണ്. അറിവും തൊഴിലും പണവും സമ്പാദിക്കുന്നതിനു വേണ്ടതിനെക്കാൾ കൃത്യതയാർന്ന പരിശീലനം സന്തോഷമാർജിക്കുന്ന കാര്യത്തിൽ നൽകണം. ഇല്ലെങ്കിൽ നേടിയതെല്ലാം ആർക്കും ഉപകരിക്കാതെ നഷ്ടപ്പെടും.

 

Content Summary : Daily Motivation - Is being rich is equal to successful?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com