ADVERTISEMENT

അമേരിക്കൻ തൊഴിൽവിപണി സങ്കീർണഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ചില തൊഴിൽമേഖലകളിൽ ജീവനക്കാരുടെ ക്ഷാമം തുടരുമ്പോൾതന്നെ മറ്റു ചില മേഖലകളിൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഐടി രംഗത്തെ കൂട്ടപ്പിരിച്ചുവിടലിൽ ജോലി നഷ്ടപ്പെട്ടവരിലേറെയും ഉയർന്ന ശമ്പളം വാങ്ങിയിരുന്ന സോഫ്റ്റ്‍വെയർ എൻജിനീയർമാരാണ്. മെറ്റ, ട്വിറ്റർ, ആമസോൺ, ഗൂഗിൾ തുടങ്ങി ലോകത്തിലെ ഒന്നാംനിര കമ്പനികൾ പോലും സാമ്പത്തികമാന്ദ്യത്തെ നേരിടാൻ ആയിരക്കണക്കിനാളുകളെ പിരിച്ചുവിടുന്നു. അതേസമയം, ഫാക്ടറികളിലും റസ്റ്ററന്റുകളിലും ജീവനക്കാരുടെ ക്ഷാമം രൂക്ഷമാണ്. വെൽഡറോ ഇലക്‌ട്രിഷ്യനോ ട്രക്ക് ഡ്രൈവറോ ഷെഫോ ആണെങ്കിൽ അവസരങ്ങൾ കൈനിറയെ. പഠിച്ചു ഡിഗ്രി വാങ്ങിയവർക്കു ജോലി പോകുന്നു. കൈത്തൊഴിൽ കൊണ്ടു ജീവിക്കുന്നവരെ കൊത്തിക്കൊണ്ടുപോകുന്നു. എന്തു പ്രതിഭാസമാണിത് ? സാമ്പത്തികശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ലോകം വൈറ്റ്കോളർ മാന്ദ്യത്തിലേക്കു പ്രവേശിച്ചുകഴിഞ്ഞു. 2023ലും വൈറ്റ്കോളർ േമഖലയിലെ പിരിച്ചുവിടൽ തുടരാനാണു സാധ്യത. തൊഴിലവസരങ്ങൾ കുറയുകയും ചെയ്യും. അതേസമയം, ബ്ലൂകോളർ ജീവനക്കാർക്കു ദൗർലഭ്യമുള്ളതിനാൽ അവർക്ക് അവസരങ്ങൾ വർധിക്കും.

chef-career-clarkandcompany-istock-photo-com
Representative Image. Photo Credit : ClarkandCompany / Shutterstock.com

വൈറ്റ്കോളർ vs ബ്ലൂകോളർ

ക്ലറിക്കൽ, അഡ്മിനിസ്ട്രേറ്റീവ്, മാനേജ്മെന്റ് തലങ്ങളിൽ ജോലി ചെയ്യുന്ന ഓഫിസ് ജീവനക്കാരെയാണ് വൈറ്റ്കോളർ ജീവനക്കാരെന്നു പൊതുവേ പറയുന്നത്; കൈത്തൊഴിൽ അറിയുന്നവരും കായികാധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവരും ബ്ലൂകോളറും. ഈ വേർതിരിവ് മറികടക്കുകയാണ് ഇപ്പോഴത്തെ സങ്കീർണ സാഹചര്യത്തെ നേരിടാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം. 2018-19 കാലത്ത് ബ്ലൂകോളർ ജീവനക്കാർക്കു വൈറ്റ്കോളർ വിദ്യാഭ്യാസം നൽകണമെന്ന് യുഎസ് കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ വൈറ്റ്കോളർ ജീവനക്കാർ ബ്ലൂകോളർ വിദ്യാഭ്യാസം നേടേണ്ട സമയമാണ്. കൈത്തൊഴിലുകൾ അഭ്യസിക്കുക, നൈപുണ്യപരിശീലനം നേടുക, സിവിയിലെ സ്‍കിൽസ് കോളം നിരന്തരം അപ്‍ഡേറ്റ് ചെയ്യുക.

welder-career-kerkezd-istock-photo-com
epresentative Image. Photo Credit : Kerkez / Shutterstock.com

അപ്സ്കില്ലിങ്ങിന്റെ കാലം

പഠിച്ചത് എന്തായാലും അതുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ നൈപുണ്യങ്ങൾ (skills) നേടിയെടുക്കുക എന്നതാണ് ഈ പ്രതിസന്ധികാലത്തെ മറികടക്കാനുള്ള ഏകമാർഗം. പല സ്ഥാപനങ്ങളും എൽ ആൻഡ് ഡി (ലേണിങ് ആൻഡ് ഡവലപ്‍മെന്റ്) പരമപ്രധാനമായി കണക്കാക്കി ജീവനക്കാർക്കു നൈപുണ്യ പരിശീലനം (upskilling) നൽകുന്നു. ജീവനക്കാരെ പിരിച്ചുവിട്ടു പുതിയവരെ നിയമിക്കുന്നതിനെക്കാൾ ലാഭകരമാണിത്.

സ്വന്തമായി നൈപുണ്യപരിശീലനം നേടാൻ യുട്യൂബ് മുതൽ പ്രമുഖ കമ്പനികളുടെ സൗജന്യ നൈപുണ്യപരിശീലന പ്ലാറ്റ്ഫോമുകളെ വരെ ആശ്രയിക്കാം. അഡോബി ക്യാപ്റ്റിവേറ്റ് (elearning.adobe.com), ഗൂഗിൾ ഡിജിറ്റൽ ഗാരിജ് (learndigital.withgoogle.com), ലിങ്ക്ഡ്ഇൻ ലേണിങ് തുടങ്ങിയവ ഉദാഹരണം.

truck-driver-career-Claudiad-istock-photo-com
Representative Image. Photo Credit : Claudiad / Shutterstock.com

അധ്യാപകരുടെ ഉദാഹരണം

അപ്സ്കില്ലിങ്ങിന് ലളിതമായൊരു ഉദാഹരണം പറയാം. പഠനത്തിനു ക്ലാസ് മുറിയും ബ്ലാക്ക് ബോർഡും എന്ന കാഴ്ചപ്പാടിനെ കോവിഡ് കാലം തിരുത്തി. ഏതെങ്കിലും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഓൺലൈൻ ക്ലാസെടുക്കാൻ എല്ലാവരും പഠിച്ചു. എന്നാൽ അതിനപ്പുറം സ്ലൈഡ്, അനിമേഷൻ സാധ്യതകളും മറ്റും ഉപയോഗിക്കാൻ കൂടി പഠിച്ചാൽ അധ്യാപകർക്കു ഡിജിറ്റൽ എജ്യുക്കേറ്റർമാരായി മാറാം. സ്കൂളിൽനിന്നു വിരമിച്ചാൽ‌ കൂടുതൽ വിശാലമായ വിദ്യാർഥിസമൂഹത്തിന് ഓൺലൈനിൽ ക്ലാസെടുക്കാം. സാങ്കേതിക നൈപുണ്യത്തിനു കൂടുതൽ സാധ്യതയുള്ള മറ്റു തൊഴിൽരംഗങ്ങളിൽ ഇതിലേറെ അവസരങ്ങളുണ്ട്.

career-layoff-job-loss-andreypopov-istock-photo-com
Representative Image. Photo Credit : AndreyPopov / Shutterstock.com

ഇന്ത്യൻ ഐടി നൽകുന്ന സൂചനകൾ

ഐടി രംഗത്തെ മാന്ദ്യം നേരിട്ടു ബാധിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആറു മാസമായി ഇന്ത്യൻ ഐടി രംഗത്തും തൊഴിലവസരങ്ങളിൽ തുടർച്ചയായി ഇടിവാണ്. രാജ്യത്തെ വൈറ്റ്കോളർ തൊഴിൽ വിപണിയിൽ ഐടി ജീവനക്കാരുടെ എണ്ണം 3 വർഷത്തിനിടെ ആദ്യമായി 50 ശതമാനത്തിൽ താഴെയെത്തി. പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിലും ഐടി കമ്പനികൾ കരുതലോടെ നീങ്ങുന്നു. ഇതു ക്യാംപസ് പ്ലേസ്‍മെന്റുകളെയും ബാധിക്കുന്നുണ്ട്. കമ്പനികൾ നൽകുന്ന വാർഷിക പാക്കേജും ഇടിഞ്ഞിട്ടുണ്ട്.

linkedin-ceo-ryan-roslansky
Ryan Roslansky. Photo Credit : https://twitter.com/ryros

‘‘ഇനിയുള്ള വർഷങ്ങളിൽ തൊഴിൽവിപണിയിൽ ബിരുദത്തെക്കാൾ നൈപുണ്യത്തിനാണു പ്രാധാന്യം. അനുദിനം നവീകരിക്കുന്ന നൈപുണ്യമികവാകും തൊഴിലാളിയുടെ മൂല്യം നിർണയിക്കുക. പുതുതായി ജോലി തേടുന്നവരുടെ കാര്യത്തിൽ മാത്രമല്ല, നിലവിലെ ജോലിയിൽ തുടരുന്നവർക്കും പിടിച്ചുനിൽക്കാനുള്ള വഴി നൈപുണ്യവികസനമാണ്. നൈപുണ്യപരിശീലനം നേടി അതു ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ അപ്ഡേറ്റ് ചെയ്യുന്ന സോഫ്റ്റ്‍വെയർ എൻജിനീയർമാർക്കു മറ്റുള്ളവരെക്കാൾ മറുപടികൾ ലഭിക്കുന്നുണ്ട്.’’ 

– റയാൻ റോസ്‍ലാൻസ്‍കി, സിഇഒ, ലിങ്ക്ഡ്ഇൻ

Content Summary : The importance of upskilling during economic downturn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com