കിടിലൻ ശമ്പളം, ആരാധിക്കുന്നവർക്കൊപ്പം ജോലി: ഫുട്ബോൾ പ്രേമികൾക്കിണങ്ങിയ അഞ്ച് സൂപ്പർ ജോലികളെക്കുറിച്ചറിയാം

Mail This Article
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനും കൂടുതല്‍ കാലം പരുക്കില്ലാതെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സഹായിക്കുന്ന വിദഗ്ധരാണ് ഹൈപെർഫോർമൻസ് കോച്ചുമാർ (ബയോമെക്കാനിക്സ് അഥവാ കൈനെസിയോളജി വിദഗ്ധർ), സ്പോർട്സ് ന്യൂട്രീഷ്യനിസ്റ്റുകൾ, സ്പോർട്സ് സൈക്കോളജിസ്റ്റുകൾ, സ്പോർട്സ് ഡോക്ടർമാർ, സ്പോർട്സ് ഫിസിയോതെറാപിസ്റ്റുകൾ എന്നിവർ. കളിക്കളത്തിലെ പൊസിഷനും ശാരീരിക ശേഷിയുമനുസരിച്ച് ഓരോ കളിക്കാരനും വേണ്ട ശാരീരിക പരിശീലനം ഹൈപെർഫോമൻസ് കോച്ച് നൽകുമ്പോൾ കളിക്കാർക്കാവശ്യമായ പോഷകസമൃദ്ധമായ മെനു നിർദ്ദേശിക്കുന്നയാളാണ് സ്പോർട്സ് ന്യൂട്രീഷ്യനിസ്റ്റ്.
∙ ബയോമെക്കാനിസ്റ്റ്

ഫുട്ബാള്‍ കളിയുടെ കാര്യം എടുക്കുകയാണെങ്കില്‍ ഓരോ സ്ഥാനത്തു കളിക്കുന്നവര്‍ക്കും വേണ്ട ഗുണങ്ങള്‍ വ്യത്യാസമാണ്. ഉദാഹരണത്തിന് ഒരു സ്‌ട്രൈക്കര്‍ക്ക് വേഗത, റിഫ്ലക്‌സ് എന്നീ ഗുണങ്ങള്‍ പ്രധാനമാണെങ്കില്‍ ഒരു ഡിഫൻഡര്‍ക്ക് ശാരീരിക കരുത്തും ഗോളിക്ക് ഫ്ലെക്‌സിബിലിറ്റിയുമാണ് പ്രധാനം. ഇങ്ങനെ ഓരോ കളിക്കാരനും അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രത്യേക വ്യായാമ പദ്ധതി തയാറാക്കി പിന്തുടര്‍ന്നാല്‍ മാത്രമേ അവര്‍ക്ക് ദീര്‍ഘകാലം, ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പറ്റുകയുള്ളൂ.
കളിയിലെ നൈപുണ്യവുമായി ബന്ധപ്പെട്ട് കോച്ച് നല്‍കുന്ന പൊതുവ്യായാമങ്ങള്‍ കൂടാതെയാണ് ഈ വ്യായാമങ്ങള്‍. അവ കളിക്കാരെ പരിശീലിപ്പിക്കുന്നത് ഹൈപെർഫോമൻസ് കോച്ച് ആണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍, വ്യായാമം, സ്‌പോര്‍ട്‌സ് എന്നിവയില്‍ ഭൗതിക ശാസ്ത്രത്തിന്റെ (ഫിസിക്‌സ്) പ്രസക്തിയെ പറ്റിയുള്ള പഠനമാണ് ബയോമെക്കാനിക്സ് അല്ലെങ്കില്‍ കൈനെസിയോളജി.

കായിക പ്രവര്‍ത്തനത്തിന്റെ ശാസ്ത്രീയ വിശകലനം വഴി, കായികതാരങ്ങൾക്ക് അവരുടെ കഴിവുകള്‍ വർധിപ്പിക്കുവാനും മികച്ച പ്രകടനം കാഴ്ചവയ്ക്കുവാനുമുള്ള വിലപ്പെട്ട നിർദേശങ്ങള്‍ നല്‍കാന്‍ ബയോമെക്കാനിസ്റ്റുകള്‍ക്ക് കഴിയുന്നു.
ബയോളജിക്കല്‍ സയന്‍സിലുള്ള ബിരുദത്തോടൊപ്പം ബയോമെക്കാനിക്‌സിലോ എക്‌സര്‍സൈസ് സയന്‍സിലോ ഉള്ള സ്‌പെഷലൈസേഷനാണ് ബയോമെക്കാനിസ്റ്റാവാനുള്ള അടിസ്ഥാന യോഗ്യത. കായിക ഗവേഷണ കേന്ദ്രങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍, വലിയ സ്‌പോര്‍ട്‌സ് അക്കാദമികള്‍ എന്നിവിടങ്ങളിലാണ് ബയോമെക്കാനിസ്റ്റിന്റെ സേവനം പ്രധാനമായും ഉപയോഗിക്കുന്നത്.
∙ ന്യൂട്രീഷ്യനിസ്റ്റ്
ഒരു കായികതാരം ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് സംബന്ധിച്ചുള്ള ഗവേഷണം, ആസൂത്രണം എന്നിവയ്ക്കു മേല്‍നോട്ടം വഹിക്കുന്നത് സ്പോർട്സ് ന്യൂട്രീഷ്യനിസ്റ്റാണ്. കായിക താരങ്ങളുടെ പ്രകടനമികവ് വർധിപ്പിക്കുന്നതിന് ട്രെയിനിങ് സമയത്തും മത്സരസമയത്തും മറ്റു സമയങ്ങളിലും എന്തു കഴിക്കണം, എന്തു കുടിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് സ്‌പോര്‍ട്‌സ് ന്യൂട്രീഷ്യനിസ്റ്റാണ്.

ന്യൂട്രീഷ്യന്‍ അനുബന്ധ മേഖലയിലുള്ള ബിരുദമാണ് സ്‌പോര്‍ട്‌സ് ന്യൂട്രീഷ്യനിസ്റ്റാവാനുള്ള അടിസ്ഥാന യോഗ്യത. കായിക മേഖലയിലുള്ള താത്പര്യവും നിരന്തരമായി പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാനുള്ള മനസ്സും ഒരു മികച്ച സ്‌പോര്‍ട്‌സ് ന്യൂട്രീഷ്യനിസ്റ്റാവാനുള്ള പ്രധാന ഗുണങ്ങളാണ്. കളിക്കാര്‍, ടീമുകള്‍, അക്കാദമികള്‍ എന്നിവിടങ്ങളിലാണ് സ്‌പോട്‌സ് ന്യൂട്രീഷ്യനിസ്റ്റുകൾ/ ഡയറ്റീഷ്യന്മാര്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.
∙ സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റ്
അര്‍ജന്റീനയ്ക്കു വേണ്ടി കളിക്കുമ്പോള്‍ കളി തുടങ്ങുന്നതിനു മുമ്പ് ഇരുപതു പ്രാവശ്യം മെസ്സി ടോയലറ്റില്‍ പോകുന്നുവെന്ന മറഡോണയുടെ വെളിപ്പെടുത്തല്‍ ഓര്‍മിക്കുക. ഇത് എല്ലാ കളിക്കാരും അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദത്തിന് ഉദാഹരണമാണ്. മറ്റ് തൊഴില്‍ മേഖലകളെ അപേക്ഷിച്ച് ഏറ്റവുമധികം മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന തൊഴില്‍മേഖലയാണ് കായികതാരങ്ങളുടേത്. പതിനായിരക്കണക്കിന് ആരാധകര്‍ നേരിട്ടും കോടിക്കണക്കിന് ആരാധകര്‍ ടെലിവിഷനിലൂടെയും തത്സമയം കാണാന്‍ പോകുന്ന പ്രകടനം കായിക താരങ്ങളിലുണ്ടാക്കുന്ന മാനസിക സംഘര്‍ഷം ചെറുതല്ല. റീടേക്കുകളില്ലാത്ത ഈ പ്രകടനത്തെ പലപ്പോഴും മാനസിക സംഘര്‍ഷം നെഗറ്റീവായി ബാധിക്കാറുണ്ട്. കൂടാതെ കായികതാരങ്ങളുടെ പ്രകടനത്തെ വിലയിരുത്തി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍, മറ്റ് വിമര്‍ശനങ്ങള്‍ എന്നിവയെല്ലാം തന്നെ കായിക താരങ്ങളെ മാനസികമായി ശല്യം ചെയ്യാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് മാനസിക കരുത്ത് നല്‍കി അവരെ മികച്ച പ്രകടനത്തിന് തയാറെടുക്കാന്‍ സഹായിക്കുന്നവരാണ് സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റുകള്‍.
എതിരാളികളുടെ സമ്മര്‍ദ്ദ തന്ത്രങ്ങളെയും അവരുടെ ആരാധകരുടെ കൂക്കിവിളികളെയും അതിജീവിച്ച് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കളിക്കാരെ പ്രാപ്തരാക്കാൻ സ്പോര്‍ട്‌സ് സൈക്കോളജിസ്റ്റുകള്‍ക്ക് കഴിയണം. പ്രകടനവുമായി ബന്ധപ്പെട്ട ഉത്കണ്ഠകള്‍ ദൂരീകരിക്കുക, പരുക്കില്‍നിന്ന് മോചിതരാകാനുള്ള ആത്മവിശ്വാസം നല്‍കുക, ടീമില്‍ തിരികെയെത്താനുള്ള മാനസിക കരുത്ത് നല്‍കുക, കുടുംബ പ്രശ്‌നങ്ങള്‍, വ്യക്തിഗത പ്രശ്‌നങ്ങള്‍ തുടങ്ങിയവ പരിഹരിക്കുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റുകള്‍ ചെയ്യുന്നു. ടീമിനങ്ങളില്‍ ഒരു ടീമിലെ കളിക്കാര്‍ തമ്മില്‍ മികച്ച ബന്ധം നിലനിര്‍ത്തുന്നതിനാവശ്യമായ കാര്യങ്ങളും സൈക്കോളജിസ്റ്റിന് ചെയ്യാനുണ്ട്. അങ്ങനെ ഒരു ടീമിനെ അല്ലെങ്കില്‍ കളിക്കാരനെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള മാനസികാവസ്ഥയിലേക്ക് എത്തിക്കുകയാണ് ഒരു സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റിന്റെ ദൗത്യം.
സൈക്കോളജി ബിരുദം കൂടാതെ സ്‌പോര്‍ട്‌സിലും സ്‌പോര്‍ട്‌സ് മാനേജ്‌മെന്റിലുമുള്ള അറിവ് ഒരു സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റായി വിജയിക്കാന്‍ അത്യാവശ്യമാണ്.
∙ സ്‌പോര്‍ട്‌സ് തെറാപിസ്റ്റ്
കായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫിസിയോ തെറാപിസ്റ്റുകളാണ് സ്‌പോര്‍ട്‌സ് തെറാപിസ്റ്റുകള്‍, സ്‌പോര്‍ട്‌സ് ഫിസിയോ എന്നീ പേരിലാണ് അറിയപ്പെടുന്നത്. എങ്ങനെ പരുക്കു പറ്റാതെ പരിശീലിനത്തിലേര്‍പ്പെടാമെന്നും മത്സരിക്കാമെന്നും ഉപദേശിക്കുന്നത് സ്‌പോര്‍ട്‌സ് തെറാപിസ്റ്റുകളാണ്. കായികതാരങ്ങള്‍ക്ക് പരുക്കേല്‍ക്കുമ്പോള്‍ അവരുടെ ചികില്‍സയിലും റീഹാബിലിറ്റേഷനിലും ഇവര്‍ പ്രധാന പങ്ക് വഹിക്കുന്നു.
കായികതാരങ്ങള്‍ക്ക് പരുക്കേല്‍ക്കാതെ നോക്കുകയും പരുക്കേറ്റ താരങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ണമായും ഫിറ്റായി കളിയിലേക്ക് തിരിച്ചുവരുന്നത് ഉറപ്പാക്കുകയുമാണ് സ്‌പോര്‍ട്‌സ് തെറാപ്പിസ്റ്റിന്റെ പ്രധാന ഉത്തരവാദിത്തങ്ങള്‍. സ്‌പോര്‍ട്‌സ് ടീമുകളുടെ പ്രവര്‍ത്തനത്തില്‍ വളരെ പ്രധാന പങ്കാണ് സ്‌പോര്‍ട്‌സ് തെറാപിസ്റ്റുകള്‍ക്കുള്ളത്. അവരുടെ കായിക പരിശീലനം, വ്യായാമം, മത്സരം എന്നിങ്ങനെ എല്ലാ സമയത്തും സ്‌പോര്‍ട്‌സ് തെറാപിസ്റ്റിന്റെ സാന്നിധ്യം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. കായികരംഗത്ത് വർധിച്ചുവരുന്ന മത്സരവും പ്രഫഷനലിസവും കൊണ്ട്, പല കായികതാരങ്ങളും പരുക്കിന്റെ പിടിയിലാകാറുണ്ട്. അതുകൊണ്ട് ഇന്നത്തെ സാഹചര്യത്തിൽ ഒരു സ്പോർട്സ് ഫിസിയോതെറാപ്പിസ്റ്റിന്റെ പങ്ക് കൂടുതൽ പ്രാധാന്യമർഹിക്കുന്നു.
സ്‌പോര്‍ട്‌സ് ടീമുകള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, അക്കാദമികള്‍, ആശുപത്രികള്‍, ജിമ്മുകള്‍ എന്നിങ്ങനെ നിരവധിയിടങ്ങളില്‍ സ്‌പോര്‍ട്‌സ് തെറാപിസ്റ്റുകള്‍ക്ക് അവസരങ്ങളുണ്ട്. കായിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരുക്കുകളുടെ പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മെഡിക്കല്‍ പ്രഫഷനലുകളാണ് സ്‌പോര്‍ട്‌സ് ഡോക്ടര്‍മാര്‍. ഇവര്‍ പ്രധാനമായും സന്ധികള്‍, അസ്ഥികള്‍, പേശികള്‍ എന്നിവയുടെ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒരാള്‍ക്ക് എംബിബിഎസിനു ശേഷം സ്‌പോര്‍ട്‌സ് മെഡിസിനില്‍ സ്‌പെഷലൈസ് ചെയ്യാവുന്നതാണ്.
എവിടെ പഠിക്കാം?
വിവിധ സ്‌പോര്‍ട്‌സ് സയന്‍സ് വിഷയങ്ങള്‍ താഴെ പറയുന്ന സ്ഥാപനങ്ങളില്‍ പഠിക്കാം.
1. ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ച്, ചെന്നൈ
2. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ, മണിപ്പാൽ
3. നാഷനൽ സ്പോർട്സ് യൂണിവേഴ്സിറ്റി, ഇംഫാൽ
കേരളത്തില്‍ സ്‌പോര്‍ട്‌സ് ആൻഡ് മാനേജ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്‌പോര്‍ട്‌സ് സൈക്കോളജി പഠിക്കാം.
(ആലപ്പുഴയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജിയുടെ ഡയറക്ടറാണ് ലേഖിക. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് വിദഗ്ധയും മികച്ച കായിക പുസ്തകത്തിനുള്ള കേരള സ്‌പോര്‍ട്‌സ് കൗണ്‍സിൽ പുരസ്കാരം നേടിയ ‘ഒരു ഫുട്‌ബോള്‍ ഭ്രാന്തന്റെ ഡയറി’ എന്ന പുസ്തകത്തിന്റെ സഹരചയിതാവുമാണ്).
(തുടരും)
Content Summary : 5 highest paying job in the sports industry