അപരന്റെ മുന്നിൽ തലകുനിക്കുന്നത് കുറച്ചിലായി കാണുന്നവരോട്; സ്വന്തം ബുദ്ധികൊണ്ടു മാത്രം ആരും ജയിച്ച ചരിത്രമില്ല

HIGHLIGHTS
  • ശിരസ്സ് കുനിക്കേണ്ട ചില സമയങ്ങളുണ്ട്.
  • കൊടുങ്കാറ്റിൽ പിടിച്ചുനിൽക്കുന്നത് താഴ്ന്നുകൊടുത്ത പുൽക്കൊടികളാണ്..
bow-your-head-in-front-of-elders
Representative Image. Photo Credit: Christin Lola/Shutterstock
SHARE

രാജാവ് പരിവാരങ്ങളുമായി സഞ്ചരിക്കുന്നതിനിടെ വഴിയിൽ സന്യാസിയെ കണ്ടു. കുതിരപ്പുറത്തുനിന്നിറങ്ങി സന്യാസിയുടെ കാൽക്കൽ ശിരസ്സ് നമിച്ചു കിടന്നു. കൊട്ടാരത്തിലെത്തിയപ്പോൾ മന്ത്രി രാജാവിനോടു ചോദിച്ചു: അങ്ങെന്തിനാണ് യാചകനെപ്പോലെ തോന്നിപ്പിച്ച ആ സന്യാസിയുടെ മുന്നിൽ ശിരസ്സ് കുനിച്ചത്. രാജാവ് ഒരു സഞ്ചി മന്ത്രിയുടെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു: ഇതിൽ നാലു വസ്തുക്കളുണ്ട്. ഇവ ചന്തയിൽ കൊണ്ടുപോയി വിൽക്കണം. ചന്തയിലെത്തിയ മന്ത്രി സഞ്ചി തുറന്നപ്പോൾ അദ്ഭുതപ്പെട്ടു. അതിനുള്ളിൽ കോഴിയുടെയും മീനിന്റെയും ആടിന്റെയും മനുഷ്യന്റെയും തലകൾ. മൂന്നു തലകളും ആളുകൾ വാങ്ങി. സൗജന്യമായി നൽകാമെന്നു പറഞ്ഞിട്ടും മനുഷ്യന്റെ തല ആരും വാങ്ങിയില്ല. തിരിച്ചെത്തി കാര്യങ്ങൾ വിശദീകരിച്ച മന്ത്രിയോടു രാജാവ് പറഞ്ഞു: ആർക്കും വേണ്ടാത്ത തല സന്യാസിയുടെ മുന്നിൽ കുനിയുന്നതിൽ എന്താണു തെറ്റ്. എന്നെ അദ്ദേഹം അനുഗ്രഹിച്ചിട്ടുണ്ടാകും. 

ശിരസ്സ് കുനിക്കേണ്ട ചില സമയങ്ങളുണ്ട്. അതു ചിലപ്പോൾ കിരീടധാരണത്തിനാകാം, ജീവൻ രക്ഷപ്പെടുത്താനാകാം. നിവർന്നുനിന്നു മാത്രം ആർക്കും ആയുസ്സ് ഫലപ്രദമായി പൂർത്തീകരിക്കാനാകില്ല. നിലവറകളുടെ വാതിലുകൾക്ക് ഉയരം കുറവായിരിക്കും. നിധിയെടുക്കാൻ തലകുനിച്ചേ മതിയാകൂ. സ്ഥാനംകൊണ്ടും പ്രായംകൊണ്ടും മുതിർന്നവർ മുന്നിലെത്തും. ആദരിക്കാൻ ശിരസ്സ് നമിക്കണം. അപമാനിതരാകുമ്പോഴാണ് തല കുനിയുന്നതെന്നും തല കുനിക്കുന്നത് അപമാനമാണെന്നുമുള്ള തെറ്റിദ്ധാരണ മാറുമ്പോഴാണ് വിനീതഹൃദയം സ്വന്തമാകുന്നത്. 

കൊടുങ്കാറ്റിൽ പിടിച്ചുനിൽക്കുന്നത് നേരെനിന്നു മത്സരിച്ച വൻമരങ്ങളല്ല, താഴ്ന്നുകൊടുത്ത പുൽക്കൊടികളാണ്. വേരോടെ പിഴുതെറിയപ്പെടുമെന്നു തിരിച്ചറിയുന്ന നിമിഷത്തിലെങ്കിലും സ്വയം ചാഞ്ഞുകൊടുത്താൽ ജീവനും ജീവിതവും തിരിച്ചുകിട്ടും. സ്വന്തം തലച്ചോറിന്റെ മികവുകൊണ്ടുമാത്രം വിജയശ്രീലാളിതരാകുന്ന ആരുമുണ്ടാകില്ല. ഒറ്റയ്ക്കു യുദ്ധം ജയിക്കുന്നവരും ഉണ്ടാകില്ല. പിന്നെന്തിനുവേണ്ടിയാണ് ഒരിക്കലും തലകുനിയരുതെന്നുള്ള ദുർവാശി. എത്ര പത്തിവിടർത്തി ആടിയാലും ഒരിക്കൽ തലതാഴ്ത്തി കിടക്കേണ്ടിവരും. അതിനുമുൻപു ശിരസ്സാവഹിച്ച കർമങ്ങളുടെ പേരിലായിരിക്കും ഒരാളുടെ ഓർമക്കുറിപ്പുകൾ രൂപപ്പെടുക.

Content Summary : Don't be embarrassed to bow your head in front of elders

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS