പഠനത്തിലെ ഏകാഗ്രത

HIGHLIGHTS
  • ഉറക്കം തൂങ്ങുമ്പോൾ പഠിക്കാൻ ശ്രമിക്കരുത്.
  • . ഒരേ വിഷയം തുടർച്ചയായി ഏറെ നേരം പഠിക്കരുത്.
7-tips-for-concentration
Representative Image. Photo Credit: Tomwang112/istock
SHARE

വെയിലത്തു വെറുതെയൊരു തീപ്പെട്ടിക്കൊള്ളി കുറേനേരം പിടിച്ചു നോക്കൂ. ഒന്നും സംഭവിക്കുന്നില്ല. ഇനി തീപ്പെട്ടിക്കൊള്ളിയിലെ മരുന്ന് കോൺവെക്‌സ് ലെൻസിന്റെ ഫോക്കസിൽ വരുന്ന വിധം സൂര്യനെതിരെ പിടിക്കൂ. രണ്ടു മിനിറ്റിനകം മരുന്നിന് തീപിടിക്കും. തീപിടിപ്പിക്കാനുള്ള ചൂടുണ്ടായിരുന്നെങ്കിലും താപകിരണങ്ങൾ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കാത്തതു കൊണ്ട് അവയ്‌ക്ക് കൊള്ളിയെ കത്തിക്കാൻ ആദ്യം കഴിഞ്ഞില്ല. ലെൻസിനു കീഴെ പിടിച്ചപ്പോഴാകട്ടെ, പലേടത്തേക്കും പോയിരുന്ന താപകിരണങ്ങളെ ലെൻസ് ഒന്നിപ്പിച്ച് മരുന്നിൽ കേന്ദ്രീകരിക്കാനിടയാക്കി. തീയുണ്ടാകുകയും ചെയ്തു.    

മനസ്സും ഏതാണ്ട് ഇതുപോലെയാണ്. പഠനമുൾപ്പെടെ ഏതു കാര്യം ചെയ്യുമ്പോഴും നമുക്ക് ഏകാഗ്രത പുലർത്തി, കാര്യക്ഷമത  ഉയർത്താം.  ചെയ്യുന്ന കാര്യത്തിൽ പരമാവധി ശ്രദ്ധിക്കുന്നതു ശീലമാക്കാം. പറയാനെളുപ്പം, നടപ്പാക്കാൻ പ്രയാസം എന്ന വിഭാഗത്തിൽപ്പെടും ഏകാഗ്രതയും. മനസ്സു ശാന്തമായിരിക്കുമ്പോൾ മാത്രമേ ഏകാഗ്രത പുലർത്താൻ കഴിയൂ. വലിയ ദുഃഖമോ മറ്റു വികാരങ്ങളോ നിലനിൽക്കുമ്പോൾ പഠനത്തിൽ ഏകാഗ്രത കൈവരിക്കാൻ പ്രയാസമാണ്.

ഏത്ര നേരം ഏകാഗ്രത നിലനിർത്താൻ കഴിയുമെന്നതും പ്രധാനം. നാലു വയസ്സായ കുട്ടിക്ക് ഒരുപക്ഷേ ഒരു മിനിറ്റിൽക്കൂടുതൽ ഒരേ കാര്യത്തിൽ ശ്രദ്ധ നിലനിർത്താൻ കഴിഞ്ഞില്ലെന്നു വരാം. മനസ്സ് മാറിമാറിപ്പോകാം. മുതിർന്ന കുട്ടിയാണെങ്കിലും ദീർഘനേരം ഏകാഗ്രത പുലർത്തുക ക്ലേശകരമാണ്. അര മണിക്കൂർ നിർത്താതെ ഒരു വിഷയം പഠിക്കുമ്പോൾ നമുക്കു മുഷിവു തോന്നാറില്ലേ? അത് സ്വാഭാവികമാണ്. തുടർന്നു പഠിക്കാൻ ശ്രമിക്കുന്നത് ഫലപ്രദമാവില്ല. ഒരുപക്ഷേ പരീക്ഷയ്ക്കു തൊട്ടുമുൻപുള്ള സമയത്ത് നമുക്ക് കൂടുതൽനേരം  ഏകാഗ്രത പുലർത്താനായേക്കാം. വിശേഷസാഹചര്യം ഗ്രഹിച്ച് മനസ്സു നമ്മെ സഹായിക്കുന്നതാകാം ഇതിനു കാരണം.

സാധാരണഗതിയിൽ, പഠനത്തിന് ചെറിയ ഇടവേളകൾ നൽകുകയാണു  വേണ്ടത്. അൽപനേരം പഠനത്തിന് ഇളവു കൊടുത്ത്, ഇടവേള കഴിഞ്ഞ് പഠനം പുനരാരംഭിക്കാം. അങ്ങനെയല്ല, ഇടവേള നൽകാൻ സമയമില്ല എന്നാണെങ്കിലോ? അതിനും വഴിയുണ്ട്. വിഷയം മാറി പഠിക്കുക. കുറെ നേരം കണക്കുകൂട്ടി മുഷിഞ്ഞെങ്കിൽ കെമിസ്ട്രിയിലെ പരീക്ഷണങ്ങളോ മലയാളത്തിലെ കവിതയോ പഠിക്കാം.

ഒന്നിലും ശ്രദ്ധിക്കാതെ, വെറുതേ മടിപിടിച്ചിരിക്കുന്നവരുണ്ട്. നിഷ്പ്രയോജനമായ കാര്യങ്ങളെപ്പറ്റി വിചാരിച്ച് നേരം കളയുന്നവർ. അവർക്ക് അതാണു സുഖമെന്നു തോന്നാം. പക്ഷേ അങ്ങനെ പകൽസ്വപ്നം കണ്ട് സമയം പാഴാക്കുന്നത് ശീലമാക്കിയവർക്കു ജീവിതത്തിൽ ഏറെയൊന്നും നേടാൻ കഴിയില്ല. ഉത്സാഹത്തോടെ പ്രവർത്തിക്കുനവരാണ് നേട്ടങ്ങൾ കൈവരിക്കുന്നത്. ഏകാഗ്രത മെച്ചമാക്കാൻ പല വഴികളുമുണ്ട്. മനസ്സു പതറിപ്പോകുന്നെങ്കിൽ, എന്തിനാണു പഠിക്കുന്നത്, പഠിച്ചാൽ കിട്ടുന്ന ഗുണങ്ങളെന്തെല്ലാം എന്ന മട്ടിൽ ചിന്തിച്ച് ലക്ഷ്യബോധം ശക്തമാക്കാം. പഠിക്കുന്നതുകൊണ്ട് പല പ്രയോജനങ്ങളുമുണ്ടെന്നും, പഠിച്ചില്ലെങ്കിൽ ജീവിതത്തിലെ  ഉയർച്ചയ്ക്കു തടസ്സം വരുമെന്നും ഓർക്കാം. ഇത്രയുമായാൽ ഏകാഗ്രതയോടെ പഠിക്കാനുള്ള മനഃസ്ഥിതി മെച്ചപ്പെടും.

പഠിക്കാനുള്ള അന്തരീക്ഷത്തിൽ ശബ്ദശല്യമുണ്ടെങ്കിൽ, അതില്ലാത്ത ശാന്തമായ സ്ഥലം കണ്ടെത്തി പഠിക്കുക. പുസ്തകം നോക്കി പഠിക്കുന്നതിനെക്കാൾ രസം ടിവിയിൽ ക്രിക്കറ്റ് കാണുന്നതോ കളിക്കുന്നതോ ആണെന്നു തോന്നുക സ്വാഭാവികം. അവ രണ്ടും വേണ്ടതു തന്നെ. പക്ഷേ അക്കാരണംകൊണ്ട് പഠിക്കാൻ നേരം കിട്ടാതെ വരരുത്. പഠിക്കാനിരിക്കുമ്പോൾ ടിവിയെയും കളിയെയും കുറിച്ചു ചിന്തിക്കേണ്ട. ഇതൊക്കെയായാലും മനസ്സ് അലഞ്ഞുതിരിഞ്ഞേക്കാം. അതു തടയാനായി, അൽപനേരം ഉറക്കെ വായിക്കുക, പുസ്തകത്തിലെ പ്രധാനഭാഗങ്ങൾ അടിവരയിടുക, പഠിച്ച ഭാഗം സ്വന്തം വാക്കുകളിൽ പറഞ്ഞു നോക്കുക മുതലായവയിൽ ഏർപ്പെടാം. ആവശ്യമെങ്കിൽ ചെറിയ ഇടവേള  എടുക്കുകയുമാകാം. ഇതിനുശേഷം ഏകാഗ്രതയോടെ പഠനം തുടരാം.

ഉറക്കം തൂങ്ങുമ്പോൾ പഠിക്കാൻ ശ്രമിക്കരുത്. വലിയ ക്ഷീണമോ തളർച്ചയോ ഉണ്ടെങ്കിലും പഠനത്തിൽനിന്നു വിട്ടുനിൽക്കണം. ഏകാഗ്രത പുലർത്താനാകാത്ത സമയങ്ങളാണ് ഇവയെല്ലാം. പഠിക്കാൻ ടൈംടേബിളുണ്ടാക്കി അതു പാലിക്കുക. ഒരേ വിഷയം തുടർച്ചയായി ഏറെ നേരം പഠിക്കാതെ വിഷയങ്ങൾ മാറിമാറി പഠിക്കുക. ഏതെങ്കിലും പ്രധാനപാഠങ്ങൾ ഇന്ന സമയത്തു തീർക്കുമെന്ന് നിശ്ചയിച്ചിട്ടു പഠനം തുടങ്ങുക (ഇതിന് ഡെഡ്‌ലൈൻ രീതി എന്നു പറയും)

ഞാൻ ഏകാഗ്രതയോടെ പഠിക്കുകതന്നെ ചെയ്യും എന്നുറച്ച് പഠിക്കാനിരിക്കുക.

Content Summary : How to Concentrate on Studies

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS