ADVERTISEMENT

ചില ജോലികൾക്കു മിതമായി സംസാരിച്ചാൽ മതി. എന്നാൽ ഡോക്ടറായി ജോലി ചെയ്യുമ്പോൾ രോഗികളോട് സംസാരിക്കാതിരിക്കാൻ സാധിക്കുമോ? ഭാഷ തീരെ അറിയാത്ത സ്ഥലത്ത് ജോലി ചെയ്യേണ്ടി വരുമ്പോൾ എന്തെല്ലാം സംഭവിക്കാം? അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ്  ഗൈനക്കോളജിസ്റ്റ് ഡോ. നസ്നാ ഹുസൈൻ

കര്‍ണാടക ഹുബ്ലിയിൽ ഗൈനക്കോളജി പിജി ചെയ്യുന്ന സമയം. പുതിയ സ്ഥലം. പുതിയ ഭാഷ. കന്നഡ ഭാഷ സഹപ്രവർത്തകരിൽ നിന്നും പഠിച്ച് വരുന്നു. അടിസ്ഥാന വിവരങ്ങൾ ചോദിക്കാൻ അറിയാം. ഒന്നാം വർഷം ആദ്യ മാസം തന്നെ ലേബർ റൂം ഡ്യൂട്ടി ലഭിച്ചു. തിരക്കേറിയ ഡ്യൂട്ടി ആയതുകൊണ്ട് പെട്ടെന്ന് കേസ് ഹിസ്റ്ററി എടുക്കണം. അറിയാവുന്ന കന്നഡയിൽ പറ്റുന്ന പോലെയൊക്കെ കേസ് ഞാൻ എടുക്കുന്നുണ്ടായിരുന്നു. രോഗിയും ഞാനും മാത്രമായതു കൊണ്ടും മിക്കവരും പ്രസവ വേദന ആരംഭിച്ചു വരുന്നതു കൊണ്ടും എനിക്ക് കന്നഡ ഭാഷ അധികം ഉപയോഗിക്കേണ്ടി വരാറില്ല, പ്രസവവേദന സമയത്താണോ ഭാഷാ നൈപുണ്യം. പക്ഷേ തരക്കേടില്ലാത്ത കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നുണ്ടായിരുന്നു. 

ഗർഭിണികളുടെ ഹിസ്റ്ററി എടുക്കുമ്പോൾ ചോദിക്കുന്ന ഒരു ചോദ്യമാണ് – ഭർത്താവുമായി രക്തബന്ധമുണ്ടോ? 

ഞാൻ തുടക്കം മുതലേ എനിക്ക് അറിയാവുന്നതു പോലെ ഹിസ്റ്ററിയിൽ അതും ചോദിക്കുന്നുണ്ടായിരുന്നു. 

ചില ഗർഭിണികൾ എന്റെ ചോദ്യത്തിന് തുറിച്ചു നോട്ടം തരാറുണ്ടായിരുന്നു. ഞാൻ അതു വലിയ കാര്യമായി എടുത്തില്ല. അവർ ബന്ധുവിനെ ഒക്കെ കല്യാണം കഴിക്കുന്നതു വലിയ തെറ്റല്ല എന്നുള്ളതുകൊണ്ട് തരുന്ന നോട്ടം ആണെന്ന് കരുതി ഞാൻ ഇരുന്നു. 

ഞാൻ കന്നഡയിൽ ഹിസ്റ്ററി എടുക്കൽ കിടു ആണ് എന്ന് സ്വയം കരുതി, പിന്നെ ആളുകളുടെ മുന്നിൽ ചോദ്യങ്ങൾ ചോദിക്കാനും തുടങ്ങി. 

അങ്ങനെ ഇരിക്കേ ‘സ്ഥിരം ചോദ്യം’ ഞാൻ രോഗിയോട് ചോദിക്കുന്നതു കേട്ട  ഹൗസ് സർജൻ എന്നോട് ചോദിച്ചു – ചേച്ചി എന്നാ ഉദ്ദേശിക്കുന്നേ? 

ഞാൻ ആത്മവിശ്വാസത്തിൽ മറുപടി പറഞ്ഞു – ബന്ധത്തിൽ ഉള്ള ആളെയാണോ കല്യാണം കഴിച്ചത് എന്നാണ് ചോദിച്ചത്?

കന്നഡ നന്നായി അറിയുന്ന ഹൗസ് സർജൻ തന്നെ മറുപടി കേട്ട് എന്റെ കിളി പോയി.

ഞാൻ ഇതു വരെ ചോദിച്ചത് ഇങ്ങനെ –  ‘ചേച്ചി ബന്ധപ്പെട്ട ആളെ തന്നെയാണോ കല്യാണം കഴിച്ചത് എന്നാണ്?’

എന്റെ കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി. 

കുട്ടിയുടെ പിതൃത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന എന്റെ ‘ആ ചോദ്യത്തിൽ’ ഇതുവരെ അടി കിട്ടാഞ്ഞത് എന്റെ ഭാഗ്യം !

എന്തായാലും, ഒരു മാസത്തോളം ഞാൻ ഇങ്ങനെ ചോദിച്ചിട്ട് എന്നെ തല്ലാതിരുന്ന എല്ലാ  ഗർഭിണികളെയും ഞാൻ ഓർക്കുന്നു. ഇങ്ങ് കേരളത്തിൽ ആയിരുന്നേൽ ഞാൻ ഇപ്പോ ലേബർ റൂമിന്റെ ഭിത്തിയിൽ പടം ആയി ഇരുന്നേനെ.
 

work-experience-series-dr-nasna-hussain-memoir-author-image
ഡോ. നസ്നാ ഹുസൈൻ


പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും.

Content Summary : Career Work Experience Series - Dr. Nasna Hussain Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com