മനുഷ്യന്റെ ഏറ്റവും വലിയ പോരായ്മ എന്ത്? ഉത്തരം അറിഞ്ഞാൽ നിങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാം
Mail This Article
ഗുരുവിനോട് രാജാവ് തന്റെ ആഗ്രഹം ഉണർത്തിച്ചു: എനിക്കു ദൈവത്തെ കാണണം. ഗുരു പറഞ്ഞു: ഉറപ്പായിട്ടും കാണിക്കാം. അങ്ങയെ സ്വയം പരിചയപ്പെടുത്തുന്ന ഒരു കുറിപ്പ് തരിക. അതു ദൈവത്തെ കാണിച്ച് അനുവാദം വാങ്ങണം. രാജാവ് തന്റെ പേരും വയസ്സും മേൽവിലാസവും സ്ഥാനവുമെഴുതി നൽകിയപ്പോൾ ഗുരു പറഞ്ഞു: ഇതു മുഴുവൻ തെറ്റാണ്. അങ്ങയുടെ പേരു മാറിയാൽ അങ്ങിൽ മാറ്റം വരുമോ?. രാജാവ് പറഞ്ഞു: ഒരു പേരിലെന്തിരിക്കുന്നു. പേരു മാറിയാലും ഞാൻ ഞാൻ തന്നെയായിരിക്കും. ഗുരു പറഞ്ഞു: എനിക്ക് ഒരു മാറ്റവുമുണ്ടാകില്ല. നിങ്ങൾക്കു വയസ്സ് നാൽപതാണ്. 50 വയസ്സായാൽ നിങ്ങൾ വേറൊരാളാകുമോ എന്ന ചോദ്യത്തിനും രാജാവ് ‘ഇല്ല’ എന്ന മറുപടി നൽകി. ഗുരു പറഞ്ഞു: താങ്കളുടെ പേരോ വയസ്സോ സ്ഥാനമോ അല്ല താങ്കൾ. ആദ്യം സ്വയം ആരാണെന്നു കണ്ടുപിടിക്ക്. എന്നിട്ട് ദൈവത്തെ അന്വേഷിച്ചിറങ്ങ്.
മനുഷ്യന്റെ ഏറ്റവും വലിയ പോരായ്മ സ്വയം അറിയാനുള്ള ആഗ്രഹമില്ലായ്മയും അപരാന്വേഷണത്തിനുള്ള അമിതാവേശവുമാണ്. മറ്റാരോ നൽകിയ പേരും പ്രത്യേകിച്ച് ഉത്തരവാദിത്വമൊന്നുമില്ലാതെ ആർജിച്ചെടുത്ത വയസ്സും ഇടയ്ക്കിടെ മാറുന്ന വിലാസവും സാഹചര്യങ്ങളുടെകൂടി സ്വാധീനംകൊണ്ടു ലഭിച്ച സ്ഥാനമാനങ്ങളും ഒത്തുചേരുന്നതാണ് സ്വന്തം അസ്തിത്വം എന്നു തെറ്റിദ്ധരിച്ച് സ്വന്തം വില തിരിച്ചറിയാതെ വിടപറയുന്നവരാണ് ഭൂരിഭാഗവും. പേരിനും തൊഴിലിനുമപ്പുറമുള്ള വ്യക്തിത്വമാണ് ഓരോരുത്തരെയും അവനവനാക്കുന്നത്. രണ്ടു ചിന്തകൾ നല്ലതാണ്. വിളിക്കാനൊരു പേരില്ലെങ്കിൽ പിന്നെ എന്തിന്റെ പേരിൽ ഞാനറിയപ്പെടും? കർമങ്ങൾ വിലയിരുത്തി സഹജീവികൾ ഒരു പേരിട്ടാൽ അതെന്തായിരിക്കും?
ഒരാൾ ആരാണ് എന്ന ചോദ്യത്തിന് അയാളുടെ പ്രകൃതവും പ്രവൃത്തിയുമായി ബന്ധമുണ്ട്. കാമ്പുള്ള വാക്കുകളും കർമങ്ങളും ഇല്ലാത്തവരെയാണ് ശരീരപ്രകൃതികൊണ്ടു വർണിക്കേണ്ടി വരുന്നത്. ബയോഡേറ്റയ്ക്കപ്പുറത്തേക്കു ജീവിക്കാൻ കഴിയുന്നവർക്ക് മാത്രമാണ് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാനാകുക. മാറ്റമുണ്ടാകുന്ന കാര്യങ്ങളും മാറ്റമുണ്ടാകരുതാത്ത കാര്യങ്ങളും ഉൾപ്പെടുന്നതാണ് ജീവിതം. ഉണ്ടാകുന്ന മാറ്റങ്ങൾ ക്രിയാത്മകവും വളർച്ചോന്മുഖവുമാകണം. പ്രായത്തിനനുസരിച്ച് രൂപത്തിനും ഭാവത്തിനും മാറ്റം വരാം. പക്ഷേ മൂല്യശേഖരത്തിനു മാറ്റം വരരുത്.
Content Summary : Why is self evaluation important for development?