ADVERTISEMENT

ഈ പംക്തിയിൽ ഇതുവരെ എഴുതിയതൊക്കെയും മനസ്സിനെ സംബന്ധിക്കുന്ന കാര്യങ്ങളായിരുന്നു. മനസ്സാണ് നമ്മുടെ വിധിയെ നിയന്ത്രിക്കുന്നതെന്നും മനസ്സിനെ നേർവഴിക്കു നയിച്ചാൽ വിജയപഥത്തിൽ എത്തുമെന്നും നിശ്ചയം.

 

കാണാൻ സാധിക്കുന്ന വസ്തുവല്ല മനസ്സ്. മസ്തിഷ്കം മാത്രമല്ല, നമ്മുടെ ചിന്തകളും മനോഭാവങ്ങളും വികാരങ്ങളും മൂല്യസങ്കൽപവുമെല്ലാം ചേർന്നൊരു സങ്കീർണപ്രതിഭാസമാണു മനസ്സ്. അതിന്റെ ശക്തി പൂർണമായി അളക്കാൻ സാധിക്കില്ല. ഇത്രയും കരുത്തുറ്റ ഉപകരണവുമായി ജനിച്ച ജീവി മനുഷ്യൻ മാത്രം. അതുകൊണ്ടാണു നമ്മൾ ഓരോരുത്തരും നമ്മുടെ ഭാഗ്യവിധാതാക്കളാകുന്നത്. മാനസികമായ ഉണർവുകൊണ്ടും ഇച്ഛാശക്തികൊണ്ടും മാത്രമേ ജീവിതവിജയം ഉറപ്പിക്കാനാകൂ. എന്നാൽ, മനസ്സു സജ്ജമാകമണെങ്കിൽ ശരീരം വേണ്ടേ? ദുർബലമായ ശരീരത്തിൽ തെളിച്ചമുള്ള മനസ്സ് എത്രകാലം പ്രവർത്തിക്കും?

ആത്മാന്വേഷണത്തിനുള്ള ദീർഘ യാത്രയിൽ ഉടലിനെ അവഗണിക്കുകയും സ്വയംപീഡകൾക്കു വിധേയമാക്കുകയും ചെയ്യുന്ന സംഘത്തോടൊപ്പം ശ്രീബുദ്ധൻ കുറേക്കാലം കഴിഞ്ഞിരുന്നു. പരിശീലനങ്ങൾക്കൊടുവിൽ അസ്ഥിപഞ്ജരമായ സിദ്ധാർഥ രാജകുമാരൻ മൃതപ്രായനായി. ആ മാർഗം എങ്ങുമെത്തിക്കില്ലെന്നു ബോധ്യപ്പെട്ട അദ്ദേഹം അതുപേക്ഷിച്ചു സ്വയം വഴിതേടുകയായിരുന്നു. ജ്ഞാനോദയത്തിനു ശേഷം ബുദ്ധൻ ഉപദേശിച്ചതു മധ്യമാർഗമാണ്. ഏതു പ്രവൃത്തിയിലും സന്തുലനം പാലിക്കാൻ അദ്ദേഹം നിർദേശിച്ചു. ഉടലിനെ നിലനിർത്താൻ മാത്രമായി അമിതഭക്ഷണം കഴിച്ചും സുഖാസക്തികളിൽ മുഴുകിയും മനസ്സിന്റെ ആരോഗ്യം അവഗണിക്കേണ്ടതില്ല. അതേസമയം, ശരീരത്തെ ഗൗനിക്കാതെ മനസ്സിന്റെ കാര്യം മാത്രം നോക്കിയാൽ മതിയെന്ന വിചാരവും ആപത്തു തന്നെ. 

വ്യവസായ സംരംഭങ്ങൾ വളർത്തി പിന്നെയും പുതിയ കീഴടക്കലുകൾക്കും ദിഗ്‌വിജയങ്ങൾക്കും കോപ്പു കൂട്ടുന്നവരുടെ മനസ്സ് എപ്പോഴും സംഘർഷഭരിതമായിരിക്കും. സംഘർഷഭരിതമായ മനസ്സ് ഉടലിനെ ക്ഷീണിപ്പിച്ചുകൊണ്ടേയിരിക്കും. എത്രയും പെട്ടെന്ന് എല്ലാം നേടിയെടുക്കാനുള്ള ധൃതിയിൽ സ്വന്തം ആരോഗ്യം മോശമാകുന്നത് അറിയില്ല. അനാരോഗ്യം മൂർച്ഛിച്ചു രോഗാവസ്ഥയിലെത്തുമ്പോഴേ നിരന്തരമായി ശരീരത്തെ അവഗണിച്ചതിന്റെ ഭവിഷ്യത്ത് ബോധ്യമാകൂ. അപ്പോൾ വൈകിപ്പോയിട്ടുണ്ടാകും. കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പത്തും സൗഭാഗ്യങ്ങളും ആസ്വദിക്കാനാകാതെ ചികിത്സയിലും പരാധീനതകളിലും കഴിയേണ്ടി വരുന്നത് ജീവിത്തിൽ ഈ സന്തുലിതാവസ്ഥ പാലിക്കാത്തതുകൊണ്ടാണ്. ഈ ബാലൻസ് ചെറുപ്പത്തിൽ തന്നെ ശീലിക്കണം. 

പരീക്ഷാസമയത്ത് ഉറക്കമിളച്ചില്ലെങ്കിൽ കുറ്റബോധം തോന്നുന്ന ചിലരെ എനിക്കറിയാം. വാസ്തവത്തിൽ ഉറങ്ങിയില്ലെങ്കിലാണു കുറ്റബോധമുണ്ടാകേണ്ടത്! ‘ഊണും ഉറക്കവും’ ചെറിയ കാര്യമല്ല. ശരീരത്തിന്റെ അവകാശങ്ങളാണവ. സംഗീതോപകരണം വായിക്കുന്നവർ കച്ചേരിക്കു മുൻപു ശ്രദ്ധയോടെ ശ്രുതി ചേർക്കുന്നതു കണ്ടിട്ടില്ലേ? അങ്ങനെ ചെയ്തില്ലെങ്കിൽ അതിൽ നിന്ന് അപശ്രുതിയേ ഉയരൂ. ഇതേപോലെ, ജീവിതത്തിലെ സകല അവസ്ഥകളും തരണം ചെയ്യാൻ ആരോഗ്യമുള്ള ശരീരം കൂടിയേ തീരൂ. 

 

പരീക്ഷയ്ക്കും അഭിമുഖത്തിനും തയാറാകുമ്പോൾ ആഹാരവും ഉറക്കവും വ്യായാമവും അവഗണിക്കാനുള്ള പ്രവണതയിൽ നിന്നു ജാഗ്രതയോടെ കരകയറണം. മിതമായ ഭക്ഷണം, മിതമായ ഉറക്കം, മിതമായ വ്യായാമം എന്നിവ നിർബന്ധമാക്കണം. മിതമായി ആഹാരം കഴിച്ചും തലേന്നാൾ മിതമായി ഉറങ്ങിയും സാമാന്യം വ്യായാമം ചെയ്തും പങ്കെടുക്കുന്ന അഭിമുഖവും എഴുതുന്ന പരീക്ഷയും, ‘ഊണും ഉറക്കവുമില്ലാതെ’ ചെയ്യുന്നതിനേക്കാൾ വളരെ മികച്ചതായിരിക്കും. ശരീരം എന്ന അദ്ഭുതയന്ത്രത്തെ ശ്രദ്ധിക്കുന്നില്ലെങ്കിൽ വണ്ടി വഴിയിൽ ബ്രേക്ഡൗൺ ആവുക തന്നെ ചെയ്യും. എന്നാൽ, വലിയ നേട്ടങ്ങളിലേക്കു കുതിക്കാൻ ചെറിയൊരു ശ്രദ്ധ മതിതാനും.

 

Content Summary : Don't sacrifice food, sleep, and exercise for exams and interviews

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com