ADVERTISEMENT

വർഷങ്ങളോളം ഒരേ ജോലിതന്നെ ചെയ്തു പരിചയവും ആത്മവിശ്വാസവും ആർജിച്ച ശേഷവും ജോലി മാറുന്നതിനെക്കുറിച്ചു ചിന്തിച്ചേക്കാം. അതിനുള്ള അനുയോജ്യ സാഹചര്യങ്ങളും ഉരുത്തിരിഞ്ഞേക്കാം. എന്നാൽ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയം പിന്നോട്ടുവലിക്കുന്നതുപോലെ തോന്നാം. ഒരേ ജോലിയിൽത്തന്നെ തുടർന്ന വർഷങ്ങളിൽ ചില താൽപര്യങ്ങളെ അവഗണിച്ചിട്ടുണ്ടാകും. അഭിരുചികളെ ശ്രദ്ധിക്കാതിരിന്നിട്ടുണ്ടാകും. ഒരിക്കൽ ഏറെ ആഗ്രഹിക്കുകയും എന്നാൽ പിന്നീട് അവഗണിക്കുകയും ചെയ്ത മേഖലയിലേക്ക് വീണ്ടും തിരിച്ചുവരാനുള്ള അവസരമായിരിക്കും ജോലി മാറ്റം. എന്നാൽ അതത്ര എളുപ്പമാണെന്നോ അനായാസമാണെന്നോ അല്ല ഉദ്ദേശിക്കുന്നത്. ഒരുപക്ഷേ, മുൻകൂട്ടി കാണാതിരുന്ന പല വെല്ലുവിളികളിലൂടെയും വീണ്ടും കടന്നുപോകേണ്ടിവരാം. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ മുന്നൊരുക്കവും അധ്വാനവും കഷ്ടപ്പാടും വേണ്ടിവന്നേക്കാം. അവയെക്കുറിച്ചു കൃത്യമായി മനസ്സിലാക്കിയാൽ മാത്രമേ ജോലി മാറാനും പുതിയ ജോലിയിൽ വിജയിക്കാനും സാധിക്കൂ.

 

അധിക വിദ്യാഭ്യാസവും പരിശീലനവും

 

ജോലി മാറാൻ ശ്രമിക്കുമ്പോഴായിരിക്കും അതിന് അധിക യോഗ്യത വേണമെന്നു മനസ്സിലാക്കുക. പുതിയ പരിശീലന കോഴ്‌സുകളിലൂടെ കടന്നുപോയാൽ മാത്രമേ പുതിയ ജോലിയിൽ തിളങ്ങാനാകൂ എന്നും തിരിച്ചറിയുന്നു. ചിലപ്പോൾ പുതിയൊരു ബിരുദം തന്നെ സ്വന്തമാക്കേണ്ടിവന്നേക്കാം. ബിരുദാനന്തര ബിരുദവും ഫെലോഷിപ്പോ ഡോക്ടറേറ്റോ വേണ്ടിവരുന്ന സന്ദർഭങ്ങളുമുണ്ട്. മറ്റു ചിലപ്പോൾ കൃത്യമായ ജോലിപരിചയമായിരിക്കും വേണ്ടത്. അപ്രന്റീസായിട്ടോ ട്രെയിനിയായോ പരിശീലനം തേടേണ്ടിയും വരാം. അധികമായി വേണ്ടിവരുന്ന വിദ്യാഭ്യാസ യോഗ്യതയ്ക്കും പരിചയത്തിനും വേണ്ടിവരുന്ന ചെലവ് ചില സ്ഥാപനങ്ങൾ ഏറ്റെടുക്കാറുണ്ട്. അവർ തന്നെ മുൻകയ്യെടുത്ത് പരിശീലനവും വിദ്യാഭ്യാസ യോഗ്യതയും സമ്പാദിക്കാൻ അവസരമുണ്ടാക്കാറുമുണ്ട്. ഇവയെല്ലാം ഓരോ സാഹചര്യത്തിലും സ്ഥലത്തും വ്യത്യാസപ്പെട്ടിരിക്കുന്നു.

 

 

വരുമാനം നഷ്ടമാകുമോ എന്ന ഭയം, പദവിയെക്കുറിച്ചുള്ള ആശങ്കകൾ

 

മധ്യവയസ്സിൽ ജോലി മാറുമ്പോഴുള്ള ഏറ്റവും വലിയ ഭീതി നിലവിലുള്ള വരുമാനം നഷ്ടപ്പെടുമോ എന്ന ഭയമായിരിക്കും. പലർക്കും കുടുംബം ഉണ്ടായിരിക്കും. ഒന്നിലേറെ അംഗങ്ങളുള്ള കുടുംബത്തിന്റെ സംരക്ഷണച്ചുമതല ഉണ്ടായിരിക്കും. വരുമാനം കുറയുകയോ നിലയ്ക്കുയോ ചെയ്താൽ ഒറ്റയ്ക്കല്ല കുടുംബവും അതിന്റെ പരിണത ഫലങ്ങൾ അനുഭവിക്കേണ്ടിവരും.

 

പുതിയ വിദ്യാഭ്യാസ യോഗ്യത നേടാനും അധിക ജോലി പരിചയം സമ്പാദിക്കാനും ശ്രമിക്കുമ്പോൾ കൂടുതൽ തുക  ചലവഴിക്കേണ്ടിവന്നേക്കാം. ഇതും, സാമ്പത്തിക ഭദ്രതയ്ക്കു ഭീഷണിയാണ്. പുതിയ ജോലിയിൽ ചേരുമ്പോൾ നേരത്തെ വഹിച്ചിരുന്ന പദവിക്കു പകരം താരതമ്യേന ആദ്യഘട്ടത്തിലെ പദവികളായിരിക്കും ലഭിക്കുക. നേരത്തേയുള്ള പദവിയുമായി താരതമ്യം ചെയ്തുനോക്കുമ്പോൾ ഇത് അപര്യാപ്തമായി തോന്നാം. ഇതിൽനിന്നുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളെ തരണം ചെയ്യേണ്ടിവരും. പുതിയ സ്ഥാപനങ്ങൾ ആദ്യഘട്ടത്തിൽ ശമ്പളം ഗണ്യമായി കുറയ്ക്കാറുമുണ്ട്. കഴിവു തെളിയിച്ച ശേഷം മാത്രം വേതനം കൂട്ടിത്തരാനായിരിക്കും മേലധികാരികളുടെ പദ്ധതി. അത്രയും കാലം പരാതികളില്ലാതെയും എല്ലാ ചെലവുകളും നോക്കിനടത്തിയും മുന്നോട്ടുപോകാൻ കഴിവുള്ളവർക്കു മാത്രമേ പിടിച്ചുനിൽക്കാൻ കഴിയൂ.

 

ആത്മവിശ്വസം വർധിക്കുന്നു

 

മധ്യവയസ്സിലെ എല്ലാ ജോലിമാറ്റങ്ങളും പ്രതികൂലമോ ദോഷകരമോ ആണെന്നു പറയാനാകില്ല. പല ജോലിമാറ്റങ്ങളും വ്യക്തികളുടെ ആത്മവിശ്വാസം കൂട്ടുകയും സ്വന്തം കഴിവിലുള്ള വിശ്വാസം വർധിപ്പിക്കുകയുമാണു ചെയ്യുന്നത്. സ്‌ട്രെസ്സ് കുറയുന്നു എന്നത് മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. മിക്കവർക്കും നേരത്തേയുണ്ടായിരുന്ന ജോലിയിലുണ്ടായിരിന്നതേക്കാൾ വരുമാനം വർധിക്കുന്നു. കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ കൂടുതൽ സമയവും സാഹചര്യങ്ങളും ലഭിക്കുന്നതായും അനുഭവപ്പെടാറുണ്ട്. ചിലപ്പോൾ ഒരു ഹോബിയെ വിപുലമാക്കുന്നതുപോലെ മാത്രമേ പുതിയ ജോലി അനുഭവപ്പെടൂ. ഇത്തരം സാഹചര്യങ്ങളിൽ പുതിയ ജോലി പൂർണമായി ആസ്വദിക്കാൻ കഴിയും. ഇത് ശാരീരികമായും മാനസികമായും വ്യക്തികളെ മെച്ചപ്പെടുത്തുന്നു. കൂടുതൽ ആത്മവിശ്വാസമുള്ളവരും ഊർജവും ഉഷാറും ഉള്ളവരുമായി മാറുകയും ചെയ്യുന്നു. നേരത്തേ തന്നെ ജോലി മാറാമായിരുന്നു എന്നുപോലും തോന്നാം.

 

വിരമിച്ചതിനുശേഷമുള്ള ഫണ്ട്

 

കൃത്യമായ മുന്നോരുക്കത്തോടെ റിട്ടയർമെന്‌റ് ഫണ്ടുകളിൽ നിക്ഷേപം നടത്തിയാൽ ഏതു ജോലി മാറ്റത്തെയും ആത്മവിശ്വാസത്തോടെ നേരിടാൻ കഴിയും. വിരമിച്ചതിനുശേഷം വരുമാനം ഇല്ലാതാകുമോ എന്ന ഭീതി പലരെയും വേട്ടയാടുന്നുണ്ടാകും. പുതിയ സ്ഥാപനത്തിലേക്കു മാറുമ്പോൾ നേരത്തെയുണ്ടായിരുന്ന പദ്ധതി തുടരാൻ ചിലർ അനുവദിച്ചേക്കും. മറ്റുചിലർ ഇത് അനുവദിക്കാത്ത സാഹചര്യവും ഉണ്ടാകാം. ചിലപ്പോൾ പുതിയ പദ്ധതികളിൽ ചേരേണ്ടിവന്നേക്കാം. റിട്ടയർമെന്‌റ് പ്ലാനുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു വിദഗ്ധന്റെ സഹായത്തോടെ ഇത്തരം കാര്യങ്ങൾ കൂടി പരിഗണിച്ച ശേഷവും ജോലി മാറുകയോ ജോലി മാറുന്നതിനെക്കുറിച്ച് ആലോചിക്കുകയോ ആണ് നല്ലത്.

 

Content Summary :How to reduce career change risk in 4 Simple Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com