ADVERTISEMENT

സ്‌പോര്‍ട്‌സ് എൻജിനീയര്‍മാര്‍

 

1954 ലെ ഫുട്ബാള്‍ ലോകകപ്പ് ഫൈനല്‍ സ്വിറ്റ്‌സര്‍ലൻഡിലെ ബേണില്‍ നടക്കുന്നു. വിജയികളാകുമെന്നു കരുതപ്പെട്ടിരുന്ന ഹംഗറിയും പശ്ചിമ ജര്‍മനിയും തമ്മിൽ ഏറ്റുമുട്ടുന്നു. ഫൈനല്‍ ആരംഭിക്കുന്നതിനു മുമ്പു ചെയ്ത ചെറിയ മഴ നിമിത്തം കളിക്കളം ചെളിമയമായിരുന്നു. ആ സമയത്താണ് ജര്‍മന്‍ കളിക്കാരുടെ ബൂട്ടില്‍ നീളം കൂടിയ ആണികള്‍ ഉറപ്പിക്കാന്‍ കോച്ച് സെപ് ഹെര്‍ബെര്‍ഗര്‍ ആവശ്യപ്പെട്ടത്. നീളം കൂടിയ ആണികള്‍ ഉള്ള ബൂട്ടുകള്‍ ജര്‍മന്‍ കളിക്കാര്‍ക്ക് കളിക്കളത്തില്‍ കൂടുതല്‍ നിയന്ത്രണം നല്‍കി. രണ്ടു ഗോൾ പിന്നിലായിരുന്ന ജര്‍മനി 3-2 ന് വിജയിച്ച് അവരുടെ ആദ്യത്തെ ലോകകപ്പ് സ്വന്തമാക്കി. 

football-boot
Representative Image. Photo Credit: Pavel1964/istock

 

മിറക്കിള്‍ ഓഫ് ബേണ്‍ (ബേണിലെ അദ്ഭുതം) എന്നറിയപ്പെടുന്ന ആ ഫൈനലിലെ പ്രധാന അദ്ഭുതം അഡിഡാസിന്റെ സ്ഥാപകനായ അഡോള്‍ഫ് ആഡി ഡാസ്‌ലര്‍ കണ്ടുപിടിച്ച സ്‌ക്രൂ ഇന്‍ സ്റ്റഡായിരുന്നു. കളിക്കളത്തിന്റെ അവസ്ഥയ്ക്കനുസരിച്ച് ഊരാവുന്നതും, ഉറപ്പിക്കാവുന്നതുമായ വിവിധ നീളത്തിലുള്ള ആണികളായിരുന്നു അതിന്റെ പ്രത്യേകത. അതുപോലെ തന്നെ പശ്ചിമ ജര്‍മനിയുടെയും ഹാംബര്‍ഗറിന്റെയും ഇതിഹാസ താരമായിരുന്ന ഊവ് സീലര്‍ക്ക് കാലിലെ പരുക്കു മൂലം അകാലത്തില്‍ അവസാനിക്കുമായിരുന്ന ഫുട്‌ബോള്‍ കരിയര്‍ നീട്ടിക്കിട്ടിയത് അഡോള്‍ഫ് ഡാസ്‌ലര്‍ നിര്‍മിച്ചു നല്‍കിയ പ്രത്യേക ഷൂ നിമിത്തമാണ്.

 

ഈ രണ്ട് സന്ദര്‍ഭങ്ങളും കായികമേഖലയില്‍  എൻജിനീയറിങ്ങിന്റെ പ്രാധാന്യത്തിന് മികച്ച ഉദാഹരണങ്ങളാണ്. കളിക്കളത്തില്‍ കളിക്കാരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനു മാത്രമല്ല, കളിക്കളത്തില്‍നിന്നു പരുക്കു പറ്റാതിരിക്കാനും പരുക്ക് കായിക പ്രകടനത്തെ ബാധിക്കാതിരിക്കാനുമുള്ള കളിയുപകരണങ്ങളും സംരക്ഷണോപാധികളും രൂപകല്‍പന ചെയ്യുന്നതും, നിര്‍മിക്കുന്നതും പരിപാലിക്കുന്നതും സ്‌പോര്‍ട്‌സ് എൻജിനീയര്‍മാരാണ്. 

 

ഓരോ ലോകകപ്പിനുമുള്ള പുതിയ പന്ത് അഡിഡാസ് എന്ന കമ്പനിക്കു വേണ്ടി രൂപകൽപന ചെയ്യുന്നത് ബ്രിട്ടനിലെ ലൊബെറോ യൂണിവേഴ്‌സിറ്റിയിലെ സ്‌പോര്‍ട്‌സ് എൻജിനീയര്‍മാരാണ്. അത് നിര്‍മിക്കുന്നത് പാക്കിസ്ഥാനിലും. അതുപോലെ പല പ്രമുഖ ടീമുകള്‍ക്കും അവരുടെ കളിക്കാരുടെ പാദങ്ങള്‍ക്കനുസരിച്ച് ബൂട്ടുകള്‍ രൂപകൽപന ചെയ്ത്, നിര്‍മിക്കുന്ന സ്‌പോര്‍ട്‌സ് എൻജിനീയര്‍മാരുണ്ട്. കളിക്കളങ്ങളുടെയും കളിക്കോപ്പുകളുടെയും രൂപകൽപന, നിര്‍മാണം, പരിപാലനം എന്നിവ നിര്‍വഹിക്കുന്നവരാണ് സ്‌പോര്‍ട്‌സ് എൻജിനീയര്‍മാര്‍.

 

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഫുട്‌ബോള്‍ കളിക്കളത്തില്‍ ടെക്‌നോളജി ഉപയോഗിക്കുന്നതില്‍ വിമുഖരായിരുന്നു കളിക്കാരും സംഘാടകരും മറ്റും. എന്നാല്‍ ഇന്ന് പന്ത് ഗോള്‍ലൈന്‍ കടന്നോ എന്ന് നിര്‍ണയിക്കുന്ന ഗോള്‍ലൈന്‍ ടെക്‌നോളജി, ഓഫ്‌സൈഡ് നിര്‍ണയിക്കുന്ന സെമി ഓട്ടമേറ്റഡ് ഓഫ്‌സൈഡ് ടെക്‌നോളജി എന്നിവയും ഫുട്‌ബോളില്‍ എൻജിനീയര്‍മാരുടെ പ്രാധാന്യം വർധിപ്പിക്കുന്നു.

 

ടെലിവിഷന്റെയും തത്സമയ സംപ്രേഷണത്തിന്റെയും ആവിര്‍ഭാവമാണ് ഫുട്‌ബോളടക്കമുളള കായിക വിനോദങ്ങളെ സമ്പന്നമാക്കിയതും കളിക്കാരെ സെലിബ്രിറ്റികളാക്കിയതും. പതിനായിരക്കണക്കിനു കാണികള്‍ സ്റ്റേഡിയത്തിലിരുന്നു കണ്ടിരുന്ന കളികള്‍ തത്സമയം ലോകത്തിന്റെ ഏതു കോണിലിരുന്നും കാണുക സാധ്യമായി. കളികള്‍ അതിന്റെ തനിമ ചോരാതെ ലോകമെമ്പാടുമുള്ള കാണികളിലേക്കെത്തിക്കുന്നവരാണ് ബ്രോഡ്കാസ്റ്റിങ് എൻജിനീയര്‍മാര്‍. അവരുടെ കീഴില്‍ ക്യാമറാമാൻമാർ, ഗ്രാഫിക്കല്‍ ഡിസൈനർമാർ എന്നിവരടക്കമുള്ള ഒട്ടേറെ വിദഗ്ധര്‍ പ്രവര്‍ത്തിക്കുന്നു.

 

പരമ്പരാഗതമായി മെക്കാനിക്കല്‍ എൻജിനീയര്‍മാര്‍ മാത്രമായിരുന്നു പ്രധാനമായും സ്‌പോര്‍ട്‌സ് എൻജിനീയറിങ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുതെങ്കില്‍ ഇന്ന് ഏത് എൻജിനീയറിങ് ശാഖക്കാര്‍ക്കും സ്‌പോര്‍ട്‌സ് എൻജിനീയറിങ്ങില്‍ സ്‌പെഷലൈസ് ചെയ്യാം. കളിക്കളങ്ങളുടെ രൂപകൽപന, നിര്‍മാണം, പരിപാലനം (സിവില്‍/ ആര്‍ക്കിടെക്ചര്‍/ കംപ്യൂട്ടര്‍ സയന്‍സ് സ്പെഷലൈസേഷൻ ഉള്ളവർക്ക്), കളിയുപകരണങ്ങളുടെ രൂപകല്പന, നിര്‍മാണം, പരിപാലനം (മെക്കാനിക്കല്‍/ കംപ്യൂട്ടര്‍ സയന്‍സ്/ കെമിക്കല്‍ സ്പെഷലൈസേഷൻ ഉള്ളവർക്ക്), സ്‌പോര്‍ട്‌സ് അപ്പാരല്‍സ് (ടെക്‌സ്റ്റൈല്‍സ്/ കംപ്യൂട്ടര്‍ സയന്‍സ്/ കെമിക്കല്‍ സ്പെഷലൈസേഷൻ ഉള്ളവർക്ക്), സ്‌പോര്‍ട്‌സ് ലൈറ്റിങ്, സ്‌പോര്‍ട്‌സ് അക്കൗസ്റ്റിക്‌സ്, സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റിങ്, സ്‌പോര്‍ട്‌സ് ടെക്‌നോളജി (ഇലക്ട്രോണ്ക്‌സ്/ ഇലക്ട്രിക്കല്‍സ്/ കംപ്യൂട്ടര്‍ സയന്‍സ് സ്പെഷലൈസേഷൻ ഉള്ളവർക്ക്), സ്‌പോര്‍ട്‌സ് വാഹനങ്ങള്‍ (ഓട്ടമൊബീല്‍/ കംപ്യൂട്ടര്‍ സയന്‍സ് സ്പെഷലൈസേഷൻ ഉള്ളവർക്ക്) എന്നിങ്ങനെ നിരവധി മേഖലകളില്‍ എൻജിനീയര്‍മാര്‍ക്ക് അവസരമുണ്ട്. വിവിധ കായികവിനോദങ്ങളെ കുറിച്ചുള്ള അവഗാഹവും ബയോമിമിക്രി, സ്‌പോര്‍ട്‌സ് ഏസ്‌തെറ്റിക്‌സ് (സൗന്ദര്യശാസ്ത്രം) എന്നിവയിലുള്ള അറിവും സ്‌പോര്‍ട്‌സ് എൻജിനീയറിങ് രംഗത്ത് വിജയിക്കാനാവശ്യമായ ഘടകങ്ങളാണ്. 

 

ബ്രിട്ടനിലെ ലോബറോ യൂണിവേഴ്‌സിറ്റി, ഷെഫീല്‍ഡ് ഹലാം യൂണിവേഴ്‌സിറ്റി, ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ സ്‌പോര്‍ട്‌സ് എൻജിനീയറിങ് ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് ചേരാം. ഇന്ത്യയില്‍ എറണാകുളം, ട്രിച്ചി എന്നിവിടങ്ങളിലെ സ്‌പോര്‍ട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിരുദാനന്തര സ്‌പോര്‍ട്‌സ് എൻജിനീയറിങ് ഡിപ്ലോമയ്ക്കും തമിഴ്‌നാട് കായിക സര്‍വകലാശാലയില്‍ സ്‌പോര്‍ട്‌സ് ടെക്‌നോളജി ബിരുദാനന്തരബിരുദ കോഴ്‌സിനും ചേരാവുന്നതാണ്. 

 

ഇന്ത്യയിലെ സ്ഥിതി

 

ലോകത്ത് കോടിക്കണക്കിനു രൂപ വരുമാനവും ലക്ഷക്കണക്കിനു തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന വ്യവസായമാണ് ഫുട്‌ബോള്‍. എന്നാല്‍ നമ്മുടെ നാട്ടില്‍ ഫുട്‌ബോള്‍ ഇന്നും അതിന്റെ ബാലാരിഷ്ടതകള്‍ മറികടന്നിട്ടില്ല. 7 കോടി മാത്രം ജനസംഖ്യയുള്ള യുകെയില്‍ 90 ലധികം പ്രഫഷനല്‍ ഫുട്‌ബോള്‍ ക്ലബുകളുള്ളപ്പോള്‍ 140 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ 25 ല്‍ താഴെയാണ് പ്രഫഷനല്‍ ഫുട്‌ബോള്‍ ക്ലബുകള്‍. (യുകെയില്‍ വിവിധ തലത്തിലുള്ള 21 ലീഗുകളിലായി അയ്യായിരത്തിലധികം ക്ലബുകളുണ്ട്). എന്നാല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആവിര്‍ഭാവത്തിനു ശേഷം ഉയര്‍ന്നു വന്നിട്ടുള്ള ഫുട്‌ബോള്‍ അക്കാദമികള്‍ ശുഭ സൂചകമാണ്. 

 

(ആലപ്പുഴയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജിയുടെ ഡയറക്ടറാണ് ലേഖിക. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് വിദഗ്ധയും മികച്ച കായിക പുസ്തകത്തിനുള്ള കേരള സ്‌പോര്‍ട്‌സ് കൗണ്‍സിൽ പുരസ്കാരം നേടിയ ‘ഒരു ഫുട്‌ബോള്‍ ഭ്രാന്തന്റെ ഡയറി’ എന്ന പുസ്തകത്തിന്റെ സഹരചയിതാവുമാണ്.)

 

(അവസാനിച്ചു)

 

 

Content Summary : Career in Sports Engineering 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com